കേരള മുൻ താരം ഭാസ്കരൻ അന്തരിച്ചു
Sunday, November 22, 2020 11:32 PM IST
ടെക്സസ്: കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരമായ ഡോ. സി.കെ. ഭാസ്കരൻ (79) അന്തരിച്ചു. കേരളത്തിൽനിന്ന് ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച താരമാണു സി.കെ. ഭാസ്കരൻ എന്ന ചന്ദ്രോത്ത് കല്യാടൻ ഭാസ്കരൻ. സിലോണിനെതിരെ 1965ലായിരുന്നു അനൗദ്യോഗികമായ ആ മത്സരം.
തലശേരിക്കാരനായ ഭാസ്കരൻ 1957 മുതൽ 1966 വരെ കേരള ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 16-ാം വയസിലായിരുന്നു ഈ വലംകൈ മീഡിയം പേസർ കേരളത്തിനായി അരങ്ങേറിയത്. 1966 മുതൽ 1969 വരെ മദ്രാസിനായും കളിച്ചു. എംബിബിഎസ് പാസായ ഭാസ്കരൻ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം അമേരിക്കയിലായിരുന്നു. ഭാസ്കരന്റെ സഹോദരൻ സി.കെ. വിജയനും കേരളത്തിന്റെ മുൻ താരമായിരുന്നു.