ഇന്ത്യ ചാന്പ്യൻ...
Sunday, September 10, 2023 11:15 PM IST
തിംഫു (ഭൂട്ടാൻ): സാഫ് അണ്ടർ 16 ആണ്‍കുട്ടികളുടെ ഫുട്ബോളിൽ ഇന്ത്യക്കു കിരീടം. ഫൈനലിൽ 2-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ചാന്പ്യന്മാരായത്. ഇന്ത്യക്കുവേണ്ടി ഭരത് (8’), ലെവിസ് സാങ്മിൻലും (73’) എന്നിവർ ഗോൾ സ്വന്തമാക്കി.
ഇതോടെ കൗമാര സാഫ് ചാന്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കിയതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി. ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. 2013, 2017, 2019, 2022 വർഷങ്ങളിലാണു മുന്‍പ് ഇന്ത്യ കൗമാര സാഫ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
2023 സാഫ് അണ്ടർ 16 ചാന്പ്യൻഷിപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇന്ത്യ കപ്പിൽ മുത്തംവച്ചത് എന്നതും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു (1-0) ജയം. സെമിയിൽ ഇന്ത്യ 8-0ന് മാലിദ്വീപിനെ കീഴടക്കിയതാണു ടൂർണമെന്റിലെ ഏറ്റവും വലിയ ജയം.