റിക്കാർഡ് പോസ്റ്റിലാക്കി മെസീയൻ ഫ്രീകിക്ക്; പനാമ കടന്ന് അർജന്റീന
Friday, March 24, 2023 5:01 PM IST
ബുവേനോസ് ആരീസ്: ലോകകിരീട നേട്ടത്തിന്റെ അലയൊടുങ്ങും മുൻപേ ലയണൽ മെസിയുടെ ഇടംകാൽ വീണ്ടുമൊരു റിക്കാർഡ് കൂടി പോസ്റ്റിലാക്കിയിരിക്കുന്നു. പ്രഫഷണൽ ഫുട്ബോളിൽ 800 ഗോൾ എന്ന നാഴികക്കല്ല് അർജന്റീന നായകൻ പിന്നിട്ടു.
പനമായ്ക്കെതിരായ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജന്റീന ജയിച്ചുകയറിയ മത്സരത്തിലാണ് മെസിയുടെ റിക്കാർഡ് നേട്ടം. കളിയുടെ അവസാന നിമിഷം ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസി 800 എന്ന മാന്ത്രിക സഖ്യയിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ (507+118 = 830) മാത്രമാണ് മെസിക്ക് മുന്നിലുള്ളത്.
രാജ്യാന്തര ഫുട്ബോളിൽ 100 എന്ന മാജിക് സംഖ്യയിലേക്കുള്ള അകലവും മെസി ഒറ്റ ഗോളായി കുറച്ചു. അർജന്റീന കുപ്പായത്തിൽ ലിയോയുടെ ഗോൾ നേട്ടം 99 ആയി. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും (120 ഗോൾ), ഇറാന്റെ അലി ദേയിയും (109 ഗോൾ) മാത്രമാണ് രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ചത്.
ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അർജന്റീന പനാമയെ മറികടന്നത്. കളിയുടെ ഇരുപകുതികളിലായി പലതവണ ലക്ഷ്യം കാണാതിരുന്ന മെസീയൻ ഫ്രീകിക്കാണ് രണ്ട് ഗോളും കൊണ്ടുവന്നത്. 78 ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് പനാമയുടെ പ്രതിരോധം ഉലച്ചു. പോസ്റ്റിൽ തട്ടിത്തെറിച്ച പന്ത് തിയോഗോ അല്‍മാഡ ഗോളിലേക്ക് തട്ടിയിടുകയായിരുന്നു.
ഇതിഹാസം വീണ്ടും റിക്കാർഡ് കുറിക്കുന്നതു കാണാൻ ഇടികൂടി ടിക്കറ്റെടുത്ത ആൽബിസെലസ്റ്റെ ആരാധകരുടെ കാത്തിരിപ്പ് 89 മിനിറ്റുവരെ നീണ്ടു. ഒടുവിൽ നീലക്കടലിളക്കി ആ ഇടംകാൽ കവിത രചിച്ചു. കളിതീരാൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കെ പലതവണ ലക്ഷ്യം കാണാതെ പോയ മഴവിൽകിക്ക് പനാമ ഗോൾ കീപ്പറെ മറികടന്ന് വലയിൽ.