കോഴിക്കൂട്ടിലെ വലകുടുക്കി; പുലി ചത്തത് ഹൃദയസ്തംഭനം മൂലം
Sunday, January 29, 2023 1:31 PM IST
പാലക്കാട്: മണ്ണാർകാട് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയസ്തംഭനം മൂലം. പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. കൂട്ടിൽ കുടുങ്ങിയതിന്റെ ആഘാതം മരണകാരണമായെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു.
ആറ് മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ഈ അവസ്ഥയിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. മണ്ണാർകാട്ടെ വനംവകുപ്പിന്റെ ഓഫീസിലാണ് പുലിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തിയത്. നാല് വയസ് പ്രായമുള്ള ആൺ പുലിയാണ് ചത്തത്.
കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. പുലർച്ചെ രണ്ടിന് കോഴിയുടെ ബഹളം കേട്ട് ഫിലിപ്പ് നോക്കി യപ്പോഴാണ് പുലി കുടുങ്ങിയ വിവരം അറിയുന്നത്. കോഴിക്കൂട്ടിലെ ഇരുമ്പ് വലയിലാണ് പുലി കുടുങ്ങിയത്. വലയിൽ കുടുങ്ങി പുലിയുടെ കാലിനു പരിക്കേറ്റിരുന്നു.