ഉജ്വല ഫ്രീകിക്കോ ചതിയോ? തർക്കം മുറുകുന്നു
Friday, March 3, 2023 10:53 PM IST
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ എലിമിനേറ്റർ പോരാട്ടത്തിൽ സുനിൽ ഛേത്രി നേടിയ ഗോളിനെച്ചൊല്ലി കളിക്കളത്തിലും സാമൂഹ്യമാധ്യമങ്ങളിലും വാക്പോര്. റഫറി വിസിൽ മുഴക്കുന്നതിനു മുൻപ് ബംഗളൂരു ഫ്രീകിക്ക് എടുത്തെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചപ്പോൾ നിയമം അനുവദിക്കുന്ന രീതിയിൽ "ക്വിക് ഫ്രീകിക്ക്' ആണ് തൊടുത്തതെന്ന് ബിഎഫ്സി പ്രതികരിച്ചു.
തന്റെ 25 വർഷത്തെ ഫുട്ബോൾ ജീവിതത്തിനിടെ കളിക്കളത്തിൽ ഇത്തരം സംഭവങ്ങൾ(ബഹിഷ്കരണ പ്രതിഷേധം) കണ്ടിട്ടില്ലെന്ന് സുനിൽ ഛേത്രി പ്രതികരിച്ചു. റഫറി ക്രിസ്റ്റൽ ജോൺ കിക്കെടുക്കാൻ അനുമതി നൽകിയെന്നാണ് ബിഎഫ്സി ഭാഷ്യം.
എന്നാൽ ഇത് ശരിയല്ലെന്നും റഫറി ഡിഫൻസ് ലൈൻ മാർക്ക് ചെയ്യാൻ മാജിക് സ്പ്രേ എടുക്കുന്ന വേളയിലാണ് ഗോളെന്നും വിഡീയോ ദൃശ്യം ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതികരിച്ചു.
ക്വിക് ഫ്രീ കിക്ക് എന്നാൽ പ്രതിരോധ മതിൽ തയാറാകുന്നതിന് മുമ്പുള്ള ഷോട്ട് ആണെന്നും ഇത്തരത്തിൽ ഗോൾ നേടിയ സാക്ഷാൽ ലയണൽ മെസിക്ക് മഞ്ഞക്കാർഡ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ പറഞ്ഞു.