ആണവ ക്രൂസ് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ; അതീവ ജാഗ്രതയിൽ ദക്ഷിണ കൊറിയ
Monday, March 13, 2023 10:54 AM IST
സീയൂൾ: യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം അടുത്തദിവസം ആരംഭിക്കാനിരിക്കെ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. തന്ത്രപ്രധാനമായ രണ്ട് ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.
കൊറിയൻ അന്തര്‍വാഹിനി ബേസിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചത്. കടലിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് മിസൈലുകൾ 1,500 കിലോമീറ്റർ (932 മൈൽ) സഞ്ചരിച്ചതായി കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം അതീവ ജാഗ്രതയിലാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. യുഎസ് രഹസ്യന്വേഷണ ഏൻജസിയുമായി സാഹചര്യം വിശകലനം ചെയ്യുകയാണെന്നും ദക്ഷിണകൊറിയ അറിയിച്ചു.
"ഫ്രീഡം ഷീൽഡ് 23' എന്ന് വിളിക്കപ്പെടുന്ന സംയുക്ത സൈനിക അഭ്യാസം ദക്ഷിണ കൊറിയൻ-അമേരിക്കൻ സൈനികർ തിങ്കളാഴ്ച ആരംഭിക്കും. സൈനിക അഭ്യാസം 11 ദിവസം നീളും.