ശനിയാഴ്ചയ്ക്കു മുന്പേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി
Tuesday, March 21, 2023 9:02 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു സ്കൂൾ വിദ്യാർഥികൾക്കു ഈ മാസം 25-നു മുന്പേ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കുട്ടികൾക്കുള്ള അഞ്ചു കിലോ അരിയുടെ വിതരണം ആരംഭിച്ചു.
സംസ്ഥാനത്ത് 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തി. 3000 കോടി രൂപ സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനു സർക്കാർ ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.
2015-ൽ പാഠപുസ്തകം മാറിയതിന്റെ ഭാഗമായി കെട്ടികിടക്കുന്ന പുസ്തകങ്ങളുടെ പേരിൽ ഒരുദ്യോഗസ്ഥനും ഒരധ്യാപകനും നടപടി നേരിടേണ്ടി വരില്ല. പുസ്തകങ്ങൾ തിരിച്ചെടുക്കുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ വേഗത്തിൽ പൂർത്തിയാക്കി പുസ്തകങ്ങൾ തിരിച്ചു വിളിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.