കണ്ണുണ്ടായാൽപോര..! പുറത്താക്കലിനെ വിമർശിച്ച് ഗിൽ
Sunday, June 11, 2023 1:30 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിലെ വിവാദ പുറത്താകലിനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. കാമറൂണ്‍ ഗ്രീൻ ക്യാച്ച് എടുക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഗിൽ പ്രതിഷേധം അറിയിച്ചത്.
ചിത്രത്തിനൊപ്പം രണ്ട് ലെൻസുകളുടേയും കണ്ണ്പൊത്തിപ്പിടിച്ചിരിക്കുന്നതിന്റെയും ഇമോജികളാണ് ഗിൽ ചേർത്തിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച ചിത്രം ഇതിനകം വൈറലായി.
എട്ടാം ഓവറിൽ സ്കോട്ട് ബോലണ്ടിന്റെ പന്തിലാണ് ഗിൽ പുറത്തായത്. ഗള്ളിയിൽ കാമറൂണ്‍ ക്യാച്ച് എടുക്കുകയായിരുന്നു. പന്ത് മൈതാനത്ത് ഉരസിയതായി സംശയം തോന്നിയതിനെ തുടർന്ന് തേർഡ് അമ്പയറാണ് തീരുമാനം എടുത്തത്. ക്യാച്ച് എടുക്കുന്നതിനിടെ ഗ്രീനിന്റെ കൈയും പന്തും മൈതാനത്ത് ഉരസുന്നത് റീപ്ലേയിൽ കാണാമായിരുന്നു. എങ്കിലും തേർഡ് അന്പയറിന്റെ വിധി ഗില്ലിന് എതിരായി. അവിശ്വസനീയതയോടെയാണ് ഗിൽ ക്രീസ് വിട്ടത്. നിരാശയോടെ രോഹിത് ശർമ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.