പാക് സ്വാതന്ത്ര്യ ദിനാഘോഷ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ; രണ്ട് കൗമാരക്കാർ അറസ്റ്റിൽ
Wednesday, August 16, 2023 10:38 PM IST
മുംബൈ: മുംബൈയിൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച രണ്ട് കൗമാരക്കാർ അറസ്റ്റിൽ. കൊളാബയിൽ നിന്നുള്ള 19 വയസുകാരായ രണ്ട് കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്.
പാക് പതാകയുടെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. യുവ ബിസിനസുകാരന്റെ പരാതിയിലാണ് അറസ്റ്റ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് വിദ്യാർഥികളെ പിടികൂടിയത്. രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ഗൂഡലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണ് വിദ്യാർഥികൾക്കെതിരായ ആരോപണം.
151-ാം വകുപ്പ് പ്രകാരമാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടിഎസ് വിദ്യാർഥികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.