യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് : ഒരാൾക്കൂടി അറസ്റ്റിൽ
Friday, January 12, 2024 8:56 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. വ്യാജ തിരിച്ചറിയൽ കാർഡ് നിര്‍മിക്കാനുള്ള ആപ്പ് നിര്‍മിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്.
തിരുവനന്തപുരം മ്യൂസിയം പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ജയ്സനെ സഹായിച്ചത് രാകേഷാണെന്നും സിആര്‍ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതെന്നും പോലീസ് പറഞ്ഞു.
കേസിൽ നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭിവിക്രം,ഫെനി, ബിനിൽ ബിനു, വികാസ് കൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടിരുന്നു.