പൊന്നാനിയില്‍ 350 പവന് കവര്‍ന്ന സംഭവം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് പോലീസ്
Monday, April 15, 2024 8:41 AM IST
മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നു. സമീപകാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ പട്ടികയും പോലീസ് ശേഖരിക്കുന്നുണ്ട്.
കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഒന്നില്‍ അധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രവാസിയായ പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇവര്‍ വിദേശത്താണ് താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പുറകുവശത്തെ ഗ്രില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്.
പിന്നീട് വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോളാണ് അലമാരയടക്കം തുറന്നുകിടക്കുന്നതായി കണ്ടത്. പിന്നീട് ബന്ധുക്കള്‍ എത്തി രാജീവിനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വില വരുന്ന 350 പവൻ സ്വര്‍ണം മോഷണം പോയതായി അറിയുന്നത്.