എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
Thursday, September 12, 2024 7:11 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ശിപാര്‍ശ. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി.
അഞ്ച് കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ഡിജിപിയുടെ ശിപാര്‍ശ.അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ കെട്ടിടനിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ശിപാര്‍ശ നല്‍കിയത്. ഡിജിപിയുടെ ശിപാർശ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും.
സാന്പത്തിക ആരോപണങ്ങളായതിനാൽ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു. പി.വി.അൻവർ എംഎൽഎയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്.
അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കാനായി നോട്ടീസ് നൽകും.