പാത്രക്കടവ് ഇക്കോ ടൂറിസം പദ്ധതി: വിദഗ്ധസംഘം ഇന്നെത്തും
Monday, September 17, 2012 5:06 PM IST
മണ്ണാര്‍ക്കാട്: സൈലന്റ്വാലി കരുതല്‍മേഖലയോടു ചേര്‍ന്നുകിടക്കുന്ന പാത്രക്കടവ് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിന് വിദഗ്ധസംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഇന്നുരാവിലെ പത്തിന് എംഎല്‍എ എന്‍.ഷംസുദീന്റെ നേതൃത്വത്തില്‍ ടൂറിസംവകുപ്പ് വിദഗ്ധരാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരപ്പാടം, മൈലാംമ്പാടം പ്രദേശത്തുകൂടി പാത്രക്കടവില്‍ എത്തിച്ചേരുന്ന വിധത്തിലായിക്കും പദ്ധതി ആവിഷ്കരിക്കുക. സൈലന്റ്വാലിയുടെ ഭംഗി ആസ്വദിക്കത്തക്ക രീതിയിലായിരിക്കും പദ്ധതി വിഭാവനം ചെയ്യുക. കരുതല്‍ മേഖലയായതിനാല്‍ വിനോദ സഞ്ചാരികളുടെ വരവ് ദോഷകരമാകുമോ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പഠനം നടത്തുക.

വര്‍ഷങ്ങള്‍ക്കുമുമ്പ് പാത്രക്കടവ് വെള്ളച്ചാട്ടത്തില്‍ ജലവൈദ്യുതിപദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. സൈലന്റ്വാലി മലനിരകളുടെ താഴ്വരയില്‍ പാലരുവി തീര്‍ത്തുള്ള പാത്രക്കടവ് വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. ഇത് സാധാരണക്കാര്‍ക്കുകൂടി ആസ്വദിക്കാവുന്ന രൂപത്തിലാണ് ഇക്കോ ടൂറിസംപദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പിലായാല്‍ പാത്രക്കടവ് വെള്ളച്ചാട്ടം, സൈലന്റ്വാലി എന്നിവ ജനങ്ങള്‍ക്ക് ഏറെ ഭംഗിയോടെ കാണാന്‍ കഴിയും.

ഇക്കോ ടൂറിസം വരുന്നതോടെ പാലക്കാട് ജില്ല ടൂറിസം ഭൂപടത്തില്‍ മുന്നേറുകയും അമ്പതോളംപേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലും ലഭ്യമാകും. ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ പാത്രക്കടവില്‍ ആധുനിക ടൂറിസംപദ്ധതികള്‍ തുടങ്ങാനും സര്‍ക്കാരിന് കഴിയും. എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രാദേശിക രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളുമുണ്ടാകും.