"കാഷ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം': ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി
വെബ് ഡെസ്ക്
Sunday, January 29, 2023 4:56 PM IST
കൊച്ചി: ബിബിസിക്കെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്ത്. കാഷ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.
ബിബിസി നൽകിയ ഭൂപടങ്ങൾ സഹിതമാണ് അനിൽ ആന്റണിയുടെ ട്വീറ്റ്. കോൺഗ്രസിന് കൂടെ നിർത്താൻ പറ്റിയ മാധ്യമമാണ് ബിബിസിയെന്നും അനിൽ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചിരുന്നു.