മുണ്ടക്കൈ ദുരന്തത്തിന് കാരണം മഴ: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Sunday, August 11, 2024 5:20 PM IST
കോഴിക്കോട് : മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് വൻ ദുരന്തം സംഭവിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ട്രിഗറിംഗ് ഫാക്ടർ കനത്ത മഴ തന്നെയാണെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലേത് ഉൾപ്പടെ വെള്ളരിമലിയും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം ആഴ്ച മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്.
ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ പെയ്തിറങ്ങിയത് 372.6 മില്ലീമീറ്റർ മഴയാണ്. തെറ്റമലയിൽ 409 മില്ലിമീറ്റർ മഴയും. സമീപപ്രദേശങ്ങളിലെല്ലാം കനത്ത മഴ പെയ്തു. കുതിർന്ന് കിടന്ന പ്രദേശത്ത് അധികമായി മഴ പെയ്തപ്പോൾ മർദ്ദം താങ്ങാനായില്ല.
അതാണ് ഉരുൾപൊട്ടലിനിടയാക്കിയതെന്നാണ് ജിഎസ്ഐ കണ്ടെത്തൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കിലോമീറ്റർ ദൂരത്തേക്ക് ഒഴുകിയെത്തി. ദ്രുതഗതിയിൽ അവശിഷ്ടങ്ങൾ ഒഴുകിയപ്പോൾ പുന്നപ്പുഴയുടെ ഗതി മാറി.
അങ്ങനെ മുണ്ടക്കൈയും ചൂരൽമലയും ശവപ്പറമ്പായി മാറിയെന്നാണ് റിപ്പോർട്ട്. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവ് അഞ്ചു മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഇതെല്ലാം ഉരുൾപൊട്ടാനും ആഘാതം കൂട്ടാനും കാരണമായി.
2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിഎസ്ഐ പഠനം നടത്തിയിരുന്നു. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവിടുത്തെ ഉയർന്ന മലമ്പ്രദേശങ്ങൾ അതീവ ഉരുൾപൊട്ടൽ സാധ്യത പട്ടികയിൽപ്പെടുത്തിയിരുന്നു.
ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിനുശേഷമായിരിക്കും മുണ്ടൈക്കെയും ചൂരൽമലയിലെയും ദുരന്തത്തിന്റെ പൂർണ ചിത്രം തെളിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോർട്ടിൽ വ്യക്തമാകും.