അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണം; ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്നും അൻവർ
Monday, September 9, 2024 3:16 PM IST
മലപ്പുറം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പി.വി.അൻവർ എംഎൽഎ. സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരെന്നും അജിത്കുമാറിന്റെ ഇനിയുള്ള നീക്കങ്ങള്‍ ഇന്റലിജന്‍സിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
സർക്കാർ വിചാരിക്കുന്നതിലും അപ്പുറമാണ് എഡിജിപി ചെയ്ത കാര്യങ്ങൾ. കേരളം സത്യം അറിയാന്‍ കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഒരു സര്‍ക്കാരിനെ ഒരു മുന്നണിയെ ഒരു പാര്‍ട്ടിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള കേസുകള്‍. സത്യവിരുദ്ധമായി ചില കേസുകള്‍ ക്ലോസ് ചെയ്തു.
മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്നൊരു ഉദ്യോഗസ്ഥനെ എഡിജിപി ഫോൺ ചോർത്താൻ ഉപയോഗിച്ചെന്നും അൻവർ ആരോപിച്ചു. മോഹന്‍ദാസ് അഞ്ചുകൊല്ലമാണ് മലപ്പുറം വിജിലന്‍സ് യൂണിറ്റിലുണ്ടായിരുന്നത്. ഇതിന് ശേഷം മലപ്പുറം ജില്ലാ പോലീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി.
മലപ്പുറം ജില്ലാ പോലീസിലുണ്ടായിരുന്ന മോഹന്‍ദാസിനെ ഒരു ഉത്തരവുമില്ലാതെ എസ്. സുജിത് ദാസ് വിജിലന്‍സില്‍ നിലനിര്‍ത്തിക്കൊണ്ട് മൂന്നിലധികം വര്‍ഷം സൈബര്‍ ഇന്റര്‍സെപ്ഷന്‍ നടത്തി. മോഹന്‍ദാസിന്റെ ജോലി ജില്ലാ പോലീസിലാണ്. വിജിലന്‍സിന്റെ ഒരു ഓര്‍ഡര്‍ പോലും ഇല്ലാതെയാണ് ഇത്തരത്തിൽ ജോലി ചെയ്യിച്ചിട്ടുള്ളതെന്നും അന്‍വര്‍ പറഞ്ഞു.