ADVERTISEMENT
ADVERTISEMENT
3
Wednesday
September 2025
3:14 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Dark
Light
Special News
ADVERTISEMENT
കേരളത്തിന്റെ രാഷ്ട്രീയബോധം മാറണം
കേരളത്തിലെ ഒരു യുവ എംഎൽഎയെക്കുറിച്ചുയർന്ന ലൈംഗിക ആരോപണങ്ങളും അതിനെക്കുറിച്ചുള്ള ചർച്ചകളും മാധ്യമങ്ങൾ കൊണ്ടാടുകയാണ്. അന്ധമായ കക്ഷിരാഷ്ട്രീയ ചിന്തയും അടുത്തു വരുന്ന തെരഞ്ഞെടുപ്പുമാണ് ഈ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഇതിന്റെ അവസാനം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലൈംഗിക സംസ്കാരവും നന്നാകില്ല, രാഷ്ട്രീയവും നന്നാകില്ല. ഈ ലൈംഗിക സദാചാര, കക്ഷിരാഷ്ട്രീയ ചർച്ചകൾപ്പുറം കേരളം ഒന്നായി ചിന്തിക്കേണ്ട വിഷയം, കേരളത്തിലെ ഭാവി രാഷ്ട്രീയക്കാർ ആരായിരിക്കണം, രാഷ്ട്രീയം എന്തായിരിക്കണം എന്നതാണ്. കേരളത്തിലെ മോശം സാമ്പത്തികസ്ഥിതിയിൽ ജീവിക്കാൻ ഇവിടത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അവസരം തേടി നമ്മുടെ വിദ്യാർഥികളും അഭ്യസ്തവിദ്യരും മറുനാടുകളിലേക്കു പോകുന്നു. അവിടങ്ങളിലെ പ്രധാന സംരംഭകരായി വിജയിക്കുകയും ചെയ്യുന്നു. കൂടാതെ, അവിടത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളെ നയിക്കുന്നു. ഇതൊന്നും ഇവിടെ സാധ്യമാക്കാൻ കെൽപ്പില്ലാതെ നമ്മുടെ രാഷ്ട്രീയം വെറും വിവാദവ്യവസായത്തിൽ ഏർപ്പെട്ടു സമയം പാഴാക്കുകയാണ്. മൊണ്ടെക് സിംഗ് അലുവാലിയ എം.എസ്. സ്വാമിനാഥനെക്കുറിച്ചെഴുതിയ ഓർമക്കുറിപ്പിൽ പറയുന്നത് ഹരിതവിപ്ലവം നടപ്പാക്കാൻ അദ്ദേഹത്തിന് ഏറ്റവും തടസം നേരിട്ടത് രാഷ്ട്രീയക്കാരിൽ നിന്നാണെന്നാണ്. അതിന്റെ പ്രധാന കാരണം അവരുടെ അജ്ഞതയായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നിർഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയ ഉപബോധത്തിൽ ഇപ്പോഴും സമരങ്ങളും അക്രമങ്ങളും ടിയർ ഗാസും പോലീസ് ബാരിക്കേഡുകളും കൈയൂക്കും നിയമലംഘനവും രാഷ്ട്രീയ പ്രസംഗങ്ങളും ചർച്ചകളും ഒക്കെയാണ് രാഷ്ട്രീയനേതൃത്വത്തിൽ എത്താനുള്ള യോഗ്യതകൾ. ഈ യുവ എംഎൽഎയും നമ്മുടെ രാഷ്ട്രീയ ‘ഭാവനാലോക’ത്തിന്റെ പൂർണ ഉത്പന്നമാണ്. ഹീറോ ആണ്. ഇതിനുത്തരവാദി അദ്ദേഹം മാത്രമല്ല, നമ്മൾ പൊതുവായി വച്ചുപുലർത്തുന്ന രാഷ്ട്രീയ ധാരണകളും നമ്മളുമാണ്. ഇപ്പോഴും ഭരണത്തിന്റെ പല മേഖലകളെക്കുറിച്ചുമുള്ള അറിവും വൈദഗ്ധ്യവും രാഷ്ട്രീയക്കാർക്ക് അന്യമാണ്. ജനകീയതയും ജനപ്രിയതയും ഒക്കെയാണ് യോഗ്യതകൾ. ഈ അടുത്ത കാലത്ത് രാഷ്ട്രീയ നേതൃത്വത്തിലേക്കുവന്ന എല്ലാ പാർട്ടിയിലും പെട്ട യുവനേതാക്കൾ ഇത്തരക്കാരാണ്. ഇപ്പോഴത്തെ തലമുതിർന്ന നേതാക്കളിൽനിന്നു മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല. സ്വതന്ത്ര ഇന്ത്യയിൽ നമ്മൾ നമ്മെ ഭരിക്കുന്നിടത്ത് ബ്രിട്ടീഷുകാർക്കെതിരേ നടത്തിയ സമരമുറകൾക്കും അക്രമത്തിനും നിയമലംഘനത്തിനും സ്ഥാനമില്ലെന്ന് അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും നമ്മൾ സ്വാതന്ത്ര്യസമര ഹാംഗ് ഓവറിലാണ്. നാം നമുക്കെതിരേതന്നെ സമരം ചെയ്തുകൊണ്ടേയിരിക്കുന്നു. കൊടിവച്ച കാറും പോലീസ് ജീപ്പുകളും അംഗരക്ഷകരും പ്രോട്ടോകോളുകളും മാത്രമായി ഭരണം മാറുന്നു. ജനവും ഇതുകണ്ട് കൈയടിക്കുന്നു. ഇത്ര മനോഹരമായ പ്രകൃതിവിഭവങ്ങളുള്ള, ഇത്ര ഉയർന്ന സാമൂഹിക സൂചികകളുള്ള കേരളം അടിക്കടി മുരടിക്കുന്നു. ഒരു പ്രശ്നത്തിനെങ്കിലും ശാസ്ത്രീയമായ പരിഹാരം കാണാൻ കഴിയാത്തവിധം ഭരണസംവിധാനം അധഃപതിച്ചിരിക്കുന്നു. ഈ യുവ എംഎൽഎയുടെ പരാജയം കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധത്തെയും ഉപബോധത്തെയും പുനഃക്രമീകരിക്കാൻ ഉപയോഗിക്കണം. അറിവും കഴിവും കൃത്യമായ യോഗ്യതയും ഉള്ളവർ ഒരു നിശ്ചിത കാലയളവിൽ സേവനം ചെയ്ത് വേതനംപറ്റി പിരിയുന്ന ജനസേവകരായി രാഷ്ട്രീയക്കാരെ മാറ്റിയെടുക്കാൻ, അത്തരം ആളുകളെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യാൻ കേരളത്തിന്റെ പൊതുബോധം രൂപപ്പെടേണ്ടതുണ്ട്. ടെക്നോക്രാറ്റുകളും കൃഷി വിദഗ്ധരും നയ രൂപകർത്താക്കളും ഇക്കണോമിസ്റ്റുകളും ആരോഗ്യ വിദഗ്ധരും എന്ജിനിയർമാരും ബിസിനസുകാരും പരിസ്ഥിതി വിദഗ്ധരും സത്യസന്ധരായ പൊതുപ്രവർത്തകരും ഒക്കെ ഇക്കൂട്ടത്തിൽ പെടും. നമുക്ക് വേണ്ടത് വെറും രാഷ്ട്രീയബോധമല്ല, മറിച്ച്, ഉയർന്ന ജനാധിപത്യബോധമാണ്.
-ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി ചങ്ങനാശേരി
കേരള യൂണിവേഴ്സിറ്റി: കുട്ടികൾക്കുണ്ടാക്കിയ നഷ്ടം എന്നു പരിഹരിക്കാനാകും?
കേരള യൂണിവേഴ്സിറ്റിയിൽ അരങ്ങേറുന്ന ഏറ്റവും നാശകരമായ രാഷ്ട്രീയപോരാട്ടവും വ്യർഥമായ ഈഗോ ക്ലാഷും സുപ്രീം കോടതി ഇടപെടേണ്ട അവസ്ഥ വരെയെത്തി. ഇനിയെങ്കിലും ഇതിന് പരിഹാരമാകുമോ എന്നറിയില്ല. ഈ ഭരണ സ്തംഭനം കുട്ടികൾക്കുണ്ടാക്കിയ നഷ്ടവും, അതിലുപരി ഒരു യൂണിവേഴ്സിറ്റി എന്ന നിലയിലെ വിശ്വാസ്യതയുടെ ഇടിവും എന്നു പരിഹരിക്കാനാകും. ജനങ്ങൾ യൂണിവേഴ്സിറ്റി ഭരിക്കാൻ ഏല്പിച്ചവർ എന്ത് ഐഡിയോളജിയുടെ പേരിലായാലും ഇങ്ങനെ നശീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. വ്യക്തിതാത്പര്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കും ഐഡിയോളജിയുടെ പേര് ഉപയോഗിക്കുന്നേയുള്ളൂ എന്ന് കരുതണം. ഇത്തരം പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു പരിഹരിക്കാൻ പറ്റാത്തവർ ഈ ഭരണസംവിധാനത്തിന് യോജിച്ചവരല്ലെന്ന് അവർതന്നെ തെളിയിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി വരുന്ന സുപ്രീംകോടതി ജസ്റ്റീസിന്റെ സിറ്റിംഗ് ഫീസായ മൂന്ന് ലക്ഷം ഉൾപ്പെടെ, യൂണിവേഴ്സിറ്റിക്കുണ്ടായ നഷ്ടം ഇതിനു കാരണക്കാരായവരിൽനിന്ന് ഈടാക്കണം. സാധാരണക്കാരുടെ നികുതിപ്പണം ഇതിനായി ഉപയോഗിക്കുന്നത് ധാർമികമല്ല. വേലിയെതന്നെ വിളവ് തിന്നാൻ അനുവദിക്കരുത്. ഏത് ഭരണ സംവിധാനത്തിലേക്കും ഇടിച്ചുകയറാനുള്ളവരുടെ തിരക്ക് കൂടുതലാണ്. പക്ഷേ, കയറിക്കഴിഞ്ഞ് ആരും ഉത്തരവാദിത്വമുള്ളവരായി കാണുന്നില്ല. അധികാരം അവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളും മാത്രമല്ല, ഉത്തരവാദിത്വവും അതു നിറവേറ്റാനുള്ള പ്രാപ്തിയും കൂടിയാണെന്ന് ബോധ്യപ്പെടുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. മാലാഖമാർ കാലു ചവിട്ടാൻ മടിക്കുന്നിടത്ത്, മറ്റുള്ളവർ (വിഡ്ഢികൾ )തള്ളിക്കയറുന്നു എന്നുള്ള കവി അലക്സാണ്ടർ പോപ്പിന്റെ വാക്കുകൾ എത്രയോ പ്രസക്തം.
-പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, വാഴപ്പള്ളി ചങ്ങനാശേരി
ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധത
വിദ്യാഭ്യാസരംഗം അതിവേഗം നവീകരിക്കപ്പെടുകയും അന്താരാഷ്ട്രവത്കരിക്കപ്പെടുകയും നിർമിതബുദ്ധിപോലെയുള്ള പരീക്ഷണങ്ങളെ നേരിടാൻ തക്കവണ്ണം സജ്ജമാക്കപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോഴും മാർക്ക്, വെയിറ്റേജ് തുടങ്ങി വളരെ നാമമാത്രമായ സാങ്കേതിക ചർച്ചകളിൽ മാത്രം ഒതുങ്ങുന്നത് അതീവ ദുഃഖകരമാണ്. നമ്മുടെ യുവജനത പഠനത്തിനും ജോലിക്കുമായി മറ്റു രാജ്യങ്ങൾ തേടിപ്പോകുന്ന അവസ്ഥ അതിന്റെ മൂർധന്യത്തിൽ എത്തിനിൽകുമ്പോഴാണ് ഇതു സംഭവിക്കുന്നത് എന്ന് ഓർക്കണം. സർക്കാരും കോടതിയും വിദ്യാഭ്യാസവകുപ്പും മാനേജ്മെന്റും എല്ലാം വിദ്യാർഥിവിരുദ്ധ ദിശയിലാണ് നീങ്ങുന്നതെന്ന് പറയേണ്ടിവരുന്നു. അല്ലെങ്കിൽ പരീക്ഷയും കഴിഞ്ഞ്, റാങ്ക് ലിസ്റ്റ് ആയി അഡ്മിഷൻ സമയമാകുമ്പോൾ എന്തുകൊണ്ടാണ് കോടതികളും മറ്റും സജീവമായി രംഗത്തു വരുന്നത്. ലോകത്തെവിടെയും കാണാത്ത വിദ്യാർഥിവിരുദ്ധതയാണ് ഇത്. ഒരു നാടിന്റെതന്നെ ഭാവിയുടെ നശീകരണമാണിത്. വിദ്യാർഥികളുടെ അവകാശം, മാതാപിതാക്കളുടെ ആകാംക്ഷ, അധ്യാപകരുടെ മാനം ഇതിനൊന്നും വിലയില്ലാതാക്കുന്ന നിലപാടാണിത്. ഒരു നാടിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനതയ്ക്കുള്ള പങ്കും അതിന് അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒന്നും നമുക്കിപ്പോഴും മനസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. പടിക്കൽ കലമുടയ്ക്കുന്ന ഈ രീതി മാറേണ്ടതുണ്ട്. സ്വാതന്ത്ര്യം കിട്ടി ഇത്രയും നാൾ കഴിഞ്ഞിട്ടും, ഇത്രയും സാങ്കേതികവിദ്യ വികസിച്ചിട്ടും ഈവക കാര്യങ്ങളിൽ കൃത്യമായ ഒരു വ്യവസ്ഥ രൂപീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തീർത്തും ലജ്ജാകരമാണ്. കോടതിയായാലും സർക്കാരായാലും തലേദിവസം കാര്യങ്ങൾ തീരുമാനിച്ച് വിദ്യാർഥികളെ വഴിയാധാരമാക്കുന്ന പതിവ് ഉപേക്ഷിച്ച്, ഈ വക കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ഒരു സംവിധാനം ഉണ്ടാക്കണം. “തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന് പറയുന്നതുപോലെ ഭാവിയിലെങ്കിലും സർക്കാരും കോടതിയും ഇത്തരത്തിൽ പ്രവർത്തിക്കാതിരിക്കാൻ, ഇവരെല്ലാം ഉൾപ്പെടുന്ന ഒരു സംവിധാനത്തിൽ, മറ്റു വിദഗ്ധരെയും കൂട്ടി ഇതിനെല്ലാം ഒരു പരിഹാരമുണ്ടാക്കേണ്ടത് ആവശ്യമാണ്. ഓരോ വർഷവും ഇത് കോടതിയും സർക്കാരും തമ്മിലുള്ള ചക്കളത്തി പോരാകുന്നത് തീർത്തും അപലപനീയമാണ്. പ്രത്യേകിച്ച്, കേരളംപോലെ സാക്ഷരതയുള്ള സംസ്ഥാനത്തിന് ഇത് തീർത്തും നാണക്കേടാണ്.
-പ്രഫ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി
അധികാരികളുടെ അടിയന്തരശ്രദ്ധയ്ക്ക്?
കൊച്ചി നിയോജകമണ്ഡലം എംഎൽഎ കെ.ജെ. മാക്സി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എന്.എസ്.കെ. ഉമേഷ് എന്നിവരുടെ ശ്രദ്ധയ്ക്ക്: 1) ചെറിയകടവു വരെയുള്ള കടൽഭിത്തി പണി നടക്കുമ്പോൾതന്നെ സിഎംഎസ് മുതൽ വെളി വരെയുള്ള ഇടങ്ങളിലെ പൊളിഞ്ഞുകിടക്കുന്ന കല്ലുകൾ കടൽഭിത്തികളിൽ എടുത്തുവച്ച് വിടവുകൾ നികത്തി കടലിന്റെ രൂക്ഷത കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിനുള്ള നിർദേശം കൊടുക്കുമോ? ഇല്ലെങ്കിൽ അടുത്ത കാലവർഷത്തിന് അവിടങ്ങളിലെ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടിവരും. നിങ്ങൾ അവരെ ആ ദുരന്തത്തിന് വിട്ടുകൊടുക്കുമോ? 2) ഇനിയുള്ള ഭാഗത്തെ കടൽഭിത്തി പണിയാനുള്ള പദ്ധതിയിടലും പണം വകയിരുത്തലും ചെയ്യാൻ ഇതിനിടയിൽ നിങ്ങൾ മുന്നോട്ടുവരുമോ? അതോ, ഇനിയും സമരങ്ങളും പ്രതിഷേധങ്ങളും ശാപങ്ങളുമായി തീരദേശജനത ഇറങ്ങിയാലേ അതു പരിഗണിക്കുകയുള്ളൂ എന്നാണോ? 3) തീരസംരക്ഷണ കാര്യത്തിലുള്ള പോർട്ട് ട്രസ്റ്റിന്റെയും എൽഎൻജിയുടെയും ഉത്തരവാദിത്വം നിറവേറ്റാൻ അവരെ നിങ്ങൾ നിർബന്ധിക്കുമോ, ബോധ്യപ്പെടുത്തുമോ? 4) 592 കി.മീ. വരുന്ന കേരളതീരം കൃത്യമായും സമയബന്ധിതമായും ശാശ്വതമായും സംരക്ഷിക്കാൻ, കടമെടുത്തു മുടിയുന്ന ഒരു സർക്കാരിനെക്കൊണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്. ഫണ്ട് സമൃദ്ധമായുള്ള കേന്ദ്രത്തിനുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്താൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല? കേന്ദ്രമന്ത്രി ജോർജ് കുര്യനെപ്പോലുള്ളവരുടെ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലേക്ക് എന്തുകൊണ്ട് നിങ്ങൾ ക്ഷണിക്കുന്നില്ല? പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ എംപിമാരോട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
-ഫാ. ജോഷി മയ്യാറ്റിൽ
അധികാരികളുടെ അടിയന്തരശ്രദ്ധയ്ക്ക്
കൊച്ചി നിയോജകമണ്ഡലം എംഎൽഎ കെ.ജെ. മാക്സി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എന്.എസ്.കെ. ഉമേഷ് എന്നിവരുടെ ശ്രദ്ധയ്ക്ക്: 1) ചെറിയകടവു വരെയുള്ള കടൽഭിത്തി പണി നടക്കുമ്പോൾതന്നെ സിഎംഎസ് മുതൽ വെളി വരെയുള്ള ഇടങ്ങളിലെ പൊളിഞ്ഞുകിടക്കുന്ന കല്ലുകൾ കടൽഭിത്തികളിൽ എടുത്തുവച്ച് വിടവുകൾ നികത്തി കടലിന്റെ രൂക്ഷത കുറയ്ക്കാനുള്ള ശ്രമങ്ങളും നടക്കുമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിനുള്ള നിർദേശം കൊടുക്കുമോ? ഇല്ലെങ്കിൽ അടുത്ത കാലവർഷത്തിന് അവിടങ്ങളിലെ ജനം ചെളിയിലും വെള്ളത്തിലും ഇഴയേണ്ടിവരും. നിങ്ങൾ അവരെ ആ ദുരന്തത്തിന് വിട്ടുകൊടുക്കുമോ? 2) ഇനിയുള്ള ഭാഗത്തെ കടൽഭിത്തി പണിയാനുള്ള പദ്ധതിയിടലും പണം വകയിരുത്തലും ചെയ്യാൻ ഇതിനിടയിൽ നിങ്ങൾ മുന്നോട്ടുവരുമോ? അതോ, ഇനിയും സമരങ്ങളും പ്രതിഷേധങ്ങളും ശാപങ്ങളുമായി തീരദേശജനത ഇറങ്ങിയാലേ അതു പരിഗണിക്കുകയുള്ളൂ എന്നാണോ? 3) തീരസംരക്ഷണ കാര്യത്തിലുള്ള പോർട്ട് ട്രസ്റ്റിന്റെയും എൽഎൻജിയുടെയും ഉത്തരവാദിത്വം നിറവേറ്റാൻ അവരെ നിങ്ങൾ നിർബന്ധിക്കുമോ, ബോധ്യപ്പെടുത്തുമോ? 4) 592 കി.മീ. വരുന്ന കേരളതീരം കൃത്യമായും സമയബന്ധിതമായും ശാശ്വതമായും സംരക്ഷിക്കാൻ, കടമെടുത്തു മുടിയുന്ന ഒരു സർക്കാരിനെക്കൊണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്. ഫണ്ട് സമൃദ്ധമായുള്ള കേന്ദ്രത്തിനുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്താൻ എന്തുകൊണ്ട് സർക്കാർ ശ്രമിക്കുന്നില്ല? കേന്ദ്രമന്ത്രി ജോർജ് കുര്യനെപ്പോലുള്ളവരുടെ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലേക്ക് എന്തുകൊണ്ട് നിങ്ങൾ ക്ഷണിക്കുന്നില്ല? പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ എംപിമാരോട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
-ഫാ. ജോഷി മയ്യാറ്റിൽ
മാറ്റുവിൻ ചട്ടങ്ങളെ
2023ൽ കേരളനിയമസഭ പാസാക്കിയെടുത്ത ഭൂമി പതിച്ചുകൊടുക്കൽ നിയമഭേദഗതി ബിൽ എന്തിനായിരുന്നു? ഇപ്പോഴെങ്കിലും ഇക്കാര്യം കേരളം ചർച്ച ചെയ്യേണ്ടതാണ്. 1957ലെ സർക്കാർ ഭൂപരിഷ്കരണ നിയമത്തിന് തുടക്കമിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ കഴിഞ്ഞില്ല. എന്നാൽ 1960 ലെ സർക്കാർ ഭൂപതിവു ചട്ടങ്ങളുണ്ടാക്കി. സാഹചര്യങ്ങൾ മാറിയപ്പോൾ വീണ്ടും ഭേദഗതികളുണ്ടായി. 2023ലെ ഭേദഗതി പ്രാവർത്തികമാക്കാൻ ഇതുവരെ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. അക്കാലത്തുതന്നെ നിയമസഭയിൽ വിമർശനമുണ്ടായപ്പോൾ അത് ചട്ടങ്ങളുണ്ടാക്കുന്പോൾ പരിഹരിക്കുമെന്നാണ് പറഞ്ഞത്. ഈ ഭേദഗതിയിലൂടെ പഴയ നിയമത്തിനും ചട്ടങ്ങൾക്കും പ്രസക്തിയില്ലായെന്ന് കൃത്യമായി പറയുന്നുണ്ട്. കൂടാതെ ഈ നിയമഭേദഗതിയിൽ ഭൂസംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ കഴിയുംവിധം സർക്കാരിന് പൂർണ അധികാരങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ എന്തിനാണ് ചട്ടങ്ങൾ എന്ന ഭീകരനെ പേടിക്കുന്നത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും ഭരിച്ച മദിരാശിയുടെയും തിരുവിതാംകൂറിന്റെയെല്ലാം ഭാഗമായിരുന്ന കേരളത്തിൽ ഭൂസംബന്ധമായ വ്യവസ്ഥകളിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്വം കേരള സർക്കാരിന് വന്നുചേർന്നു. അതുപ്രകാരമാണ് നിയമങ്ങളും ചട്ടഭേദഗതികളുമുണ്ടായത്. ഒരുപക്ഷത്ത് രാജാക്കന്മാരും ജന്മിമാരും ബ്യൂറോക്രാറ്റുകളും നാട്ടുപ്രമാണിമാരും സാധാരണക്കാരായ ജനങ്ങളെ ചൂഷണ വിധേയമാക്കി നികുതി അടിച്ചേൽപ്പിച്ചു. ജന്മിമാരാകട്ടെ അധികലാഭം കൊയ്തെടുത്തു. നിരവധി ദുരനുഭവങ്ങൾ കൈവശക്കാർ നേരിട്ടു. ദുരിതപൂർണമായ ഈ സാഹചര്യത്തിൽ അതിനെ അതിജീവിക്കാനാണ് കേരള സർക്കാർ കേരള ഭൂപരിഷ്കരണ നിയമമുണ്ടാക്കിയത്. അതോടെ ജന്മിത്തം അവസാനിപ്പിച്ചു. എന്നാൽ പിന്നെയും ഓരോ സന്ദർഭത്തിലും നിയമത്തിന്റെയോ ചട്ടങ്ങളുടെയോ പേരിൽ പോയകാലത്തുണ്ടായ ദുരനുഭവങ്ങളെ പുനഃപ്രതിഷ്ഠിക്കാൻ ശ്രമിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണ്. ഭൂപ്രശ്നങ്ങളിൽ പലതിനും തുടക്കമിട്ട ഇടുക്കി ജില്ലയിലെ ബൈസൻവാലി, ആനവരട്ടി, കെഡിഎച്ച് മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ, ആനവിലാസം, വെള്ളത്തൂവൽ, വട്ടവട എന്നീ എട്ടു വില്ലേജുകളിൽ റവന്യു ഡിവിഷണൽ ഓഫീസർ നിർമാണനിരോധനം ഏർപ്പെടുത്തി. ബൈസൻവാലിയിൽ ഗ്രാമപഞ്ചായത്തംഗം ലാലി ജോർജ് മുൻകൈയെടുത്ത് ഒരു അങ്കണവാടി നിർമിക്കാനാരംഭിച്ച കാലത്താണ് നിരോധനം. അവർ ഒരു പൊതുസേവക എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ ഇതിനുമുന്പും പലതരത്തിലുള്ള ഭൂപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഭൂമികൈവശം വച്ചകാലം മുതൽ സ്ഥിരാവകാശ രേഖ ലഭ്യമാക്കിയത് സ്വാഭാവികമാണ്. ഭൂമിയുടെ വ്യത്യസ്ത പേരിലുള്ള പട്ടയങ്ങളുണ്ട്. ആയതിനെ പൂർണമായ അർഥത്തിൽ കാണാനും കേരളത്തിൽ ഒറ്റ പട്ടയ രേഖ എന്ന നിലയിൽ ചിന്തിക്കാനും കഴിയേണ്ടത് ജനപക്ഷ സർക്കാരുകളുടെ കർത്തവ്യമാണ്. അല്ലാതെ ഒരുപറ്റം ഉദ്യോഗസ്ഥരുടെ കൈയിൽ ഏൽപ്പിച്ച് ഏതോ കാലത്തുണ്ടായ രേഖ നോക്കി ആർക്കും പിടികിട്ടാത്ത ചട്ടങ്ങളുണ്ടാക്കി എങ്ങനെയും വ്യഖ്യാനിക്കാവുന്ന തടിതപ്പലല്ല വേണ്ടത്. ഈ ഒളിച്ചുകളി അവസാനിപ്പിച്ചേ തീരൂ തയാറായ ചട്ടങ്ങളെങ്ങനെയാണെന്ന് നോക്കാം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പിഴചുമത്തുമെന്നാണ്. ജനങ്ങൾ അവർക്ക് അർഹതപ്പെട്ട ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കുന്നു. ആയതിന് അധികൃതർ നിർദേശിക്കുന്ന ഭൂവില, സബ്ഡിവിഷൻ ചാർജ്, വൃക്ഷവില എന്നിവയൊക്കെ അടച്ചു പട്ടയമെടുക്കുന്നു. ജന്മാവകാശമായ ഭൂമിയാണെങ്കിൽ 1970 നു ശേഷം കുടിയാൻ കൈവശം വച്ച ഭൂമി കൈവശക്കാരന്റേതായി കണക്കാക്കിയും അപേക്ഷകൾക്കു വിധേയമായി ക്രയസർട്ടിഫിക്കറ്റ് നൽകിയും അവകാശം ക്രമവത്കരിക്കുന്നു. ഇതിൽ പല നാട്ടിലും പല രീതികൾ നടപ്പിലാക്കിയിട്ടുണ്ട്. പട്ടയത്തിൽതന്നെ മുറിക്കാൻ പാടില്ലാത്ത ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പട്ടയം നൽകിയത് അന്തിയുറങ്ങി ജീവിക്കാനും ജീവനോപാധികൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ്. ഭൂമിയുടെ നോക്കിയിരിപ്പുകാരായി നികുതി നൽകി സംരക്ഷിച്ച് പോരാൻ മാത്രമല്ല. ലാലി ജോർജ് നൽകിയ കേസിൽ ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് സമയബന്ധിതമായി കൃത്യമായ മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥരോ സർക്കാരിന്റെ അഭിഭാഷകരോ തയാറായില്ല. അതിനാൽ പട്ടയഭൂമി നൽകുന്പോഴുള്ള അവസ്ഥ കോടതി തിരക്കി. അതിൽ ചിലയിടങ്ങളിൽ കൃഷിക്കായിട്ടാണ് പട്ടയം നൽകിയതെന്ന കണ്ടെത്തലുണ്ടായി. അതിനെതുടർന്ന് ഒരു ഭൂമിയിൽ വീട് അടക്കമുള്ള നിർമിതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകണമെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതിൽ കൃഷി എന്ന് കണ്ടാൽ അനുമതി നൽകേണ്ട എന്നും വിധിച്ചു. ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ നിലനിന്നില്ല. ഇതിനെ മറികടക്കാനും ഇനിയും ഇതുപോലെയുള്ള വിധികൾ ഉണ്ടാകാതിരിക്കാനുംവേണ്ടിയാണ് 2023 ലെ നിർദിഷ്ട ബിൽ ഐകകണ്ഠ്യേന പാസാക്കിയത്. എന്തുകൊണ്ടിത് നടപ്പിൽ വരുത്താൻ മടിക്കുന്നു? 1500 ചതുരശ്രഅടി വരെയുള്ള വീടിനും മറ്റും പിഴയില്ല. ബാക്കിയുള്ളവരെല്ലാം പിഴയടക്കണം പോലും. കാലങ്ങളായി കൈവശംവച്ചും പോക്കുവരവ് നടത്തിയും നികുതിയടച്ചും ജീവനോപാധികളുണ്ടാക്കിയ മനുഷ്യർക്ക് എന്തിനാണ് പിഴ? കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം കേരളക്കരയിലെ ജനങ്ങൾ ആവേശത്തോടെ ഏറ്റുവാങ്ങിയതാന്നെ കാര്യം മറക്കരുത്. കേരളമൊരു ചെറിയ സംസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരം ഈ ചെറിയ സംസ്ഥാനത്ത് 3,34,06,061 ജനങ്ങളാണുള്ളത്. ഇവരിൽ 5,40,000 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിൽ ആരെല്ലാമാണ് പിഴ ഏറ്റുവാങ്ങേണ്ടവർ. സർക്കാർ വെളിപ്പെടുത്തുകതന്നെ വേണം. ഇതിൽ ചെറുകിടക്കാർ, കർഷക തൊഴിലാളികൾ, ഇടത്തരം കർഷകർ, 15 ഏക്കർ വരെ കർഷകർ, അതിനു മുകളിലുള്ള എസ്റ്റേറ്റ് ഉടമകൾ, ലക്ഷങ്ങൾ ശന്പളം പറ്റുന്ന സർക്കാർ ജീവനക്കാർ, കോടികളുടെ ആസ്തികളുള്ള വ്യാപാരി-വ്യവസായികൾ ഇവരുടെയെല്ലാം കണക്കെടുക്കാൻ പറ്റുമോ? ഇവിടെയാണ് ഒരു പൊതുനിയമത്തിന്റെ ആവശ്യകത. 3000 ചതുരശ്ര അടി വീടിന് കൊടുത്ത ഫീസ് കൂടാതെ ആഡംബരനികുതി കൊടുക്കുന്ന കേരളത്തിൽ 1500 ച.അടിക്കു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തുമോ? ക്രമവത്കരണത്തിന്റെ പേരു പറഞ്ഞുകൊണ്ട് ജനങ്ങളുടെമേൽ അധികപിഴ അടിച്ചേൽപ്പിക്കരുത്. അത് അനീതിയാണ്.
കെ.ജെ. ദേവസ്യ
അവരും മനുഷ്യരല്ലേ?
2025 ജൂൺ 19ന് ദീപികയുടെ ‘തമസ്കരണത്തിന്റെ അനീതി’ എന്ന എഡിറ്റോറിയൽ വായിച്ചപ്പോൾ ആഫ്രിക്കയിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറി എന്ന നിലയിൽ ഒരു പ്രതികരണം അനിവാര്യമെന്നു തോന്നി. ഈ വിഷയം ഉയർത്തുന്ന ചില ചിന്തകളാണീ കുറിപ്പിനാധാരം. ലോകത്തിലെതന്നെ ഏറ്റവും നവീന ഗണമാണ് ആഫ്രിക്കയിലെ ക്രൈസ്തവർ. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുമടങ്ങുന്ന ക്രിസ്തീയ സഭകൾ മറ്റു ഭൂഖണ്ഡങ്ങളേക്കാൾ ക്രൈസ്തവ അംഗസംഖ്യയുള്ള ഭൂഖണ്ഡമായി മാറിയിട്ട് അധിക കാലമായില്ല. നൂറു വർഷങ്ങൾക്കു മുന്പ് വെറും 20 ലക്ഷം മാത്രമായിരുന്ന ആഫ്രിക്കയിലെ കത്തോലിക്കർ 230 ലക്ഷത്തോളമായി വളർന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ പ്രത്യാശയുടെ വിളക്കായി വത്തിക്കാൻ ആഫ്രിക്കയെ വിശേഷിപ്പിച്ചിരിക്കുന്നു. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഇന്ന് ഏറ്റവുമധികം കടന്നുവരുന്നവരും ആഫ്രിക്കയിൽനിന്നാണ്. പരന്പരാഗത ഗോത്രവിഭാഗങ്ങളിൽനിന്നുമാണ് ക്രിസ്തുവിനെയും ക്രൈസ്തവ സഭകളെയും അറിഞ്ഞവർ വിശ്വാസത്തിലേക്കു കടന്നുവന്നത്. മറ്റു മതവിശ്വാസങ്ങളിലുള്ളവരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ല. എന്നാൽ, തങ്ങൾക്കൊപ്പമല്ലെങ്കിൽ മറ്റാർക്കുമൊപ്പം ഉണ്ടാവരുതെന്ന ഇടുങ്ങിയ ചിന്താഗതിയിൽനിന്നാവാം ആഫ്രിക്കയിൽ ഈയടുത്ത കാലങ്ങളിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധമുള്ള ഖേദകരമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. ഞങ്ങൾ ശുശ്രൂഷ ചെയ്യുന്ന ടാൻസാനിയ, മലാവി പോലെയുള്ള രാജ്യങ്ങളിൽ വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം നിലനിൽക്കുന്പോഴും നൈജീരിയ, സോമാലിയ തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ കൃത്യമായി ആവിഷ്കരിക്കപ്പെടുന്നു. ബൊക്കൊ ഹറാം, ഐഎസ്ഐസ്, അൽക്വയ്ദ, ഫുലാനി ജിഹാദിസ്റ്റുകൾ എന്നിങ്ങനെ ഇസ്ലാമിക് തീവ്രസംഘടനകൾ പുലർത്തുന്ന അസഹിഷ്ണുത ക്രൈസ്തവ വിശ്വാസത്തിനുമേൽ കരിനിഴൽ വീഴ്ത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ശിരഛേദം ചെയ്തും വെട്ടിനുറുക്കിയും കൊലചെയ്യപ്പെട്ടവർ, മതം മാറാൻ നിർബന്ധിതമായവർ, വിലപേശലിനോ ലൈംഗിക അടിമകളാക്കുന്നതിനോവേണ്ടി തട്ടിക്കൊണ്ടു പോകപ്പെട്ടവർ നിരവധിയാണ്. വംശീയമായ ശുദ്ധികലശം എന്ന പേരിലാണ് തീവ്രസംഘടനകൾ ഈ പ്രവൃത്തികൾ നടപ്പിലാക്കുന്നത്. ആഫ്രിക്കൻ വൻകരയിൽതന്നെ ഏറ്റവുമധികം വംശഹത്യ നടത്തുന്ന രാജ്യമാണ് നൈജീരിയ. ഓരോ വർഷവും ആയിരക്കണക്കിന് ക്രൈസ്തവർ അവിടെ കൊലചെയ്യപ്പെടുന്നുണ്ട്. അവർക്കുവേണ്ടിയുള്ള സഭയുടെ രോദനം അന്താരാഷ്ട്ര മാധ്യമങ്ങളിലോ ലോകപ്രതിനിധി സഭകളിലോ കേൾക്കാറില്ല. ചരിത്രത്തിലുടനീളം യുദ്ധങ്ങളും ആക്രമണങ്ങളും വംശഹത്യകളും നടന്നിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും ഇത്രമാത്രം ശക്തമായിട്ടുള്ള ഈ ആധുനിക കാലഘട്ടത്തിലും വംശഹത്യകളും വംശീയ കലാപങ്ങളും തുടരുന്നത് തികച്ചും അപലപനീയമാണ്. ഒരു യുദ്ധവും അതേതു രാജ്യമായാലും ഏതു മത-രാഷ്ട്രീയ സംവിധാനത്തിനുമെതിരേ ആയാലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. ഇസ്രയേൽ-ഇറാൻ യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവും ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നങ്ങളുമെല്ലാം ലോകശ്രദ്ധയിലിടം പിടിക്കുന്നു. മിസൈലുകളുടെ എണ്ണവും വണ്ണവും മരണസംഖ്യയും വാർത്താമാധ്യമങ്ങളിൽ നിരന്തരം ചർച്ചയാവുന്നു. എന്നാൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചുകൊണ്ടിരിക്കുന്നവർ അറിയാഞ്ഞിട്ടോ അഥവാ ബോധപൂർവം അവഗണിച്ചതുകൊണ്ടോ വാർത്തകളിലെവിടെയും ഇടംപിടിക്കാതെപോയ കഥകളേറെ. വാർത്തകളിലിടം പിടിക്കാനുള്ള യോഗ്യതയില്ലാത്തവരാണോ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊലചെയ്യപ്പെടുന്ന ക്രൈസ്തവർ? പലസ്തീനുവേണ്ടിയും ഇറാനുവേണ്ടിയും ശബ്ദിക്കുന്ന മതനിരപേക്ഷരായ കേരള രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ ഈ ക്രൂരകൊലപാതകങ്ങൾ കാണാതെപോകുന്നതെന്തേ? ഇതാണോ തുല്യനീതി? ഇതാണോ മതനിരപേക്ഷത?
-ഫാ. ജോബി മുട്ടത്തിൽ ടാൻസാനിയ
മത്സ്യമേഖലയിലെ ആശങ്കയകറ്റണം
എം. ജോണ്സണ് റോച്ച്
മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനിയുടെ എൽസ3 എന്ന (എംഎസ്സി എൽസ3) ലൈബീരിയന് രജിസ്ട്രേഷനുള്ള ചരക്കുകപ്പൽ 643 കണ്ടെയ്നറുകളുമായി മുങ്ങിയത് തീരദേശങ്ങളിൽ ഭയവും മത്സ്യത്തൊഴിലാളികളിൽ ആശങ്കയും ഉയർത്തിയിരിക്കുകയാണ്. കപ്പലിൽ 84.44 ടണ് ഡീസലും 367.1 ടണ് ഫർണസ് ഓയിലുമുണ്ടായിരുന്നു. കപ്പൽ പ്രവർത്തിപ്പിച്ചശേഷം ഉണ്ടാകുന്ന ഉപോത്പന്നമാണ് ഫർണസ് ഓയിൽ. 13 കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായാണ് വിവരം. അതിൽ 12 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ആണെന്നു പറയുന്നു. ഇത് കടൽവെള്ളവുമായി ചേർന്നാൽ അസെറ്റലിൻ എന്ന അപകടകരമായ വാതകമായി മാറും. ശേഷിക്കുന്ന മറ്റൊന്നിൽ എന്താണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അതും അപകടകരമായ രാസവസ്തുവാണെങ്കിൽ പ്രശ്നം ഗുരുതരമായിരിക്കും. കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ മത്സ്യസന്പത്തിനു സൃഷ്ടിക്കാവുന്ന പരിസ്ഥിതി ആഘാതം വളരെ വലുതായിരിക്കും. ഇതു മണ്ണിൽ കലർന്നാൽ ഭൂഗർഭജലമുൾപ്പെടെ മലിനീകരിക്കപ്പെടും. സമുദ്രജീവികൾക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണി ഉയർത്തും. ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെയും ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതെയും ഈ പ്രശ്നം കൈകാര്യം ചെയ്യണം. ഡീസൽ പാളി കടൽവെള്ളത്തിനു മീതെ നിന്നാൽ സൂര്യപ്രകാശം കടലിലേക്കു കടക്കുന്നതിനും തടസമുണ്ടാകുന്നു. അങ്ങനെ വരുന്പോൾ പല സൂക്ഷ്മജീവികൾക്കും ജീവഹാനി സംഭവിക്കും. സമുദ്രം പുറത്തുവിടുന്ന ഓക്സിജനും തടസം സംഭവിക്കും. അത് കരയിലെ എല്ലാ ജീവികളെയും ബാധിക്കും. കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ പരന്നാൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുമെന്നുള്ള ആശങ്ക നിലനിൽക്കുന്നു. കപ്പൽ കണ്ടെയ്നറുകളുമായാണ് താഴ്ന്നിരിക്കുകയാണ്. ഏതുവിധമെങ്കിലും ഹാനികരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്തി എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ ജീവജാലങ്ങൾ ഭക്ഷിക്കും. അതു പല രീതിയിൽ നമ്മുടെ ശരീരത്തിൽ എത്തിച്ചേരും. ഇപ്പോൾ കടലൊഴുക്ക് തെക്കോട്ടായതിനാൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരമേഖലകളിൽ പുറത്തുചാടിയ കണ്ടെയ്നറുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ ഒഴുകുന്ന കണ്ടെയ്നറുകൾ മറ്റു യാനങ്ങളിൽ ചെന്നിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. കണ്ടെയ്നറുകളും അതിനുള്ളിലെ വസ്തുക്കളും തിരുവനന്തപുരം ജില്ലയുടെ വർക്കല മുതൽ പൂന്തുറ വരെയുള്ള ഭാഗങ്ങളുടെ തീരത്ത് എത്തിയിട്ടുണ്ട്. കണ്ടെയ്നറുകൾ തീരത്തടിഞ്ഞതിനാൽ കരയെയും പൊതുജനങ്ങളെയും ബാധിക്കും. കണ്ടെയ്നറുകളിൽനിന്നു പുറത്തുവന്ന തെർമോകോൾ ശക്തിക്കുളങ്ങര തീരത്ത് വൻതോതിൽ അടിഞ്ഞിട്ടുണ്ട്. തീരമണഞ്ഞ വസ്തുക്കൾ തിരകളിൽ അടിക്കുന്പോൾ വീണ്ടും കടലിലേക്കുതന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് മത്സ്യം ആഹാരമാക്കാനാണു സാധ്യത. അങ്ങനെ മത്സ്യം ഭക്ഷിക്കുന്ന മനുഷ്യരെയും ഇത് ബാധിക്കും. പ്ലാസിക് പരലുകൾ ഈ തീരദേശത്തിൽ അടിഞ്ഞുകൂടുന്നു. വെള്ളത്തിൽ കലരുന്ന രാസവസ്തുക്കൾ മത്സ്യസന്പത്ത് നശിപ്പിക്കാൻ കാരണമാകും. ഭക്ഷണത്തിൽ വിഷാംശം കലരുന്നതിനാൽ മത്സ്യങ്ങളുടെ കോശങ്ങളെ ബാധിക്കും. തുടർന്ന് മത്സ്യങ്ങളുടെ ഉത്പാദനക്ഷമതയെ ബാധിക്കും. കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കളുടെ അംശങ്ങൾ, ഞണ്ടുകൾ, ചെമ്മീൻ ഉൾപ്പെടെയുള്ള പുറന്തോടുള്ള മത്സ്യങ്ങളിൽ പറ്റിപ്പിടിക്കും. ഈ വിഷാംശങ്ങൾ മത്സ്യങ്ങളെ നേരിട്ട് ബാധിക്കുന്നതിനൊപ്പം അവയുടെ ആവാസവ്യവസ്ഥയെയും ജീവിതചംക്രമണത്തെയും തകരാറിലാക്കുകയും ചെയ്യും. കപ്പലോടെ മുങ്ങിയ കണ്ടെയ്നറുകളുടെ പുറംചട്ട നശിച്ചോ, പൊട്ടിയോ എപ്പോൾ വേണമെങ്കിലും അതിലെ ഉള്ളിലെ വസ്തുക്കൾ പുറന്തള്ളപ്പെടാം. അതിനാൽ കണ്ടെയ്നറുകളെ എന്തു വൈദഗ്ധ്യം ഉപയോഗിച്ചും നീക്കം ചെയ്യേണ്ടിയിരിക്കുന്നു. കപ്പൽ ഉയർത്തിയെടുക്കാമെന്ന വളരെ പ്രയാസകരമായ പദ്ധതിക്കായി കന്പനി മുതിരുമെന്ന് തോന്നുന്നില്ല. കപ്പലിനു സാങ്കേതികതകരാർ സംഭവിച്ചതാണെന്നാണ് കപ്പിത്താൻ പറയുന്നത്. കണ്ടെയ്നറുകൾ ലോഡ് ചെയ്തതിലുള്ള പിഴവും തള്ളിക്കളയാനാവില്ല. പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനാവാതെ കണ്ടെയ്നറുകൾ കപ്പലിൽനിന്നു വെള്ളത്തിലേക്ക് പതിച്ചതിനാൽ കപ്പലിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടതുമാകാം. അത് എന്തുതന്നെയായാലും കപ്പൽ കണ്ടെയ്നറുകൾ സഹിതം കടലിന്റെ താഴെത്തട്ടിൽ കിടക്കുന്നത് അപകടങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. കപ്പൽ ഉയർത്തുന്ന ഘട്ടത്തിൽ ഇന്ധനം ചോരാനിടയുണ്ട്. ഇത് കടലിലെ ജീവികളെ ബാധിക്കും. അതുകൊണ്ട് വിദഗ്ധരുടെ ഉപദേശമനുസരിച്ചേ ഈ ജോലി ചെയ്യാനാവൂ. വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. നിവർത്തിയെടുക്കുകയെന്നത് ഭീമമായ പണച്ചെലവും ദീർഘമായ നടപടിക്രമങ്ങളുമാണ്. മത്സ്യബന്ധനമേഖലയും തീരദേശവാസികളും എത്തിയിരിക്കുന്ന അപകടകരമായ ഈ സാഹചര്യത്തിൽനിന്ന് രക്ഷിക്കാനുള്ള പരിഹാര മാർഗങ്ങൾ അടിയന്തരമായി സർക്കാർ സ്വീകരിക്കണം.
പ്ലസ് ടു പരീക്ഷകളുടെ നിലവാരം ഉയർത്തലിന്റെ നന്മകൾ
രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളിലെ ചോദ്യങ്ങളുടെ കാഠിന്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളാണ് ഇപ്പോൾ കേരളത്തിലെന്പാടും. വിദ്യാർഥികളുടെ പഠനനിലവാരം കോവിഡിന് ശേഷം തകർച്ചയുടെ പടുകുഴിയിലേക്ക് പതിച്ചു എന്ന വിലാപം അധ്യാപകർക്കിടയിലും വിദ്യാഭ്യാസ വിദഗ്ധർക്കിടയിലും പൊതുസമൂഹത്തിലും കുറച്ചുകാലമായി മുഴങ്ങിക്കേൾക്കാറുണ്ടായിരുന്നല്ലോ. ചോദ്യപേപ്പറുകളിലും മൂല്യനിർണയത്തിലും ഉദാരവത്കരണം ആരംഭിച്ചതോടുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരം താഴേക്ക് പതിക്കാൻ തുടങ്ങിയതെന്ന കാര്യം നിസ്തർക്കമാണ്. അങ്ങനെയാണ് അക്ഷരങ്ങൾ അറിയാത്തവരും കൂട്ടാനും കുറയ്ക്കാനുംപോലും അറിയാത്തവരുമായ കുട്ടികൾ പ്ലസ് വണ്ണിലേക്ക് കടന്നുവരാൻ ആരംഭിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് പരീക്ഷാ സന്പ്രദായത്തിൽ കൊണ്ടുവന്ന പുതിയ മാറ്റം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നത്. (പരീക്ഷകളുടെ നിലവാരം ഉയർത്താൻ തീരുമാനിച്ച കാര്യം അധ്യാപകരെയും വിദ്യാർഥികളെയും വേണ്ടത്ര ഗൗരവത്തോടെ മുൻകൂട്ടി അറിയിച്ചില്ലെന്ന ആരോപണം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.) ഒടുവിൽ ചർച്ചകൾ ശരിയായ ദിക്കിലേക്ക് എത്തിച്ചേരുന്നു. യുപി, ഹൈസ്കൂൾ ക്ലാസുകളിൽ ഓൾപ്രമോഷനില്ല എന്ന തീരുമാനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമാകട്ടെ. പരീക്ഷകൾ നല്ല നിലവാരത്തിൽതന്നെ നടക്കട്ടെ. ആവർത്തനചോദ്യങ്ങൾ ഒഴിവാകട്ടെ. പ്രധാനപ്പെട്ട ഭാഗങ്ങൾ, അപ്രധാന ഭാഗങ്ങൾ എന്നിവ നോക്കാതെ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങൾ വരട്ടെ. ആപ്ലിക്കേഷൻ ലെവൽ ചോദ്യങ്ങൾ ഉണ്ടാകട്ടെ. മൂല്യനിർണയം കർശനമായിത്തന്നെ നടക്കട്ടെ. മോഡറേഷനുകളും മാർക്ക്ദാനങ്ങളുമില്ലെന്നാകട്ടെ. ഇങ്ങനെയൊക്കെ വരുന്പോൾ ഇതര സിലബസുകാരെപ്പോലെതന്നെ എൻസിഇആർടി സിലബസ് മുഴുവനും പഠിപ്പിക്കാൻ അധ്യാപകർ തയാറാവും. സിലബസ് പൂർണമായും പഠിക്കാൻ കുട്ടികളും നിർബന്ധിതരാകും. എൻട്രൻസ് പരീക്ഷയുടെ മാർക്ക് ഏകീകരണത്തിൽ സ്റ്റേറ്റ് സിലബസ് പുറകിൽ പോകാതിരിക്കും. നമ്മുടെ സംസ്ഥാനത്തുനിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ പോകുന്ന കുട്ടികൾ അവിടെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടാതിരിക്കും. മറ്റു സിലബസുകളിൽനിന്ന് സ്റ്റേറ്റ് സിലബസിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് പുനരാരംഭിക്കും. സയൻസ് ബാച്ചുകളിലെ ഓൾ പാസിനടുത്തുള്ള വിജയശതമാനം കണ്ടു ഭ്രമിച്ച് അഭിരുചിയോ താത്പര്യമോ ഇല്ലാതിരുന്നിട്ടും സയൻസിൽ ചേർന്നിരുന്ന കുറെയധികം കുട്ടികൾ എങ്കിലും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ ചേരാൻ തയാറാകും. സ്റ്റേറ്റ് സിലബസിൽ പ്ലസ് ടു ബാച്ച് തോൽവികൾ ഇല്ലെന്നാകും. നമ്മുടെ യുവാക്കളുടെ ബൗദ്ധിക ശേഷിയും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമാണ് മലയാളികൾക്ക് ലോകത്തെന്പാടും കടന്നുചെല്ലാനും ചെന്ന ഇടങ്ങളിലെല്ലാം മേധാവിത്വം പുലർത്താനും സാഹചര്യമൊരുക്കിയത്. വിദ്യാഭ്യാസം, അതിലാണ് കേരളത്തിന്റെ ഭാവി. അടുത്ത തലമുറയ്ക്ക് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിൽ വിവിധ സിലബസുകൾക്കിടയിലുള്ള തരംതിരിവ് ഒഴിവാക്കപ്പെടട്ടെ. എല്ലാം ശുഭമാകട്ടെ.
-രാജേഷ് കെ. മൂന്നിലവ്
മയക്കുമരുന്ന് - നിയമം - ഭരണകൂടം
49 വർഷമായി കേരളത്തിലെ സ്കൂൾ, കോളജ്, ജയിലുകൾ, തെരുവുകൾ എന്നിവിടങ്ങളിലായി മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തിനെതിരേ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലാകാരനാണ് ഞാൻ. എന്റെ അനുഭവത്തിൽ ഭരണകൂടവും നിയമവും ഒന്നിക്കാതെ ഇതിന് മാറ്റമുണ്ടാകില്ല. ആദ്യം ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യം എടുത്തുകളയുക. ഇത്തരം കേസുകളിൽ സ്വാധീനം ഉപയോഗിച്ച് സ്റ്റേഷൻ ജാമ്യം ഉറപ്പാക്കുന്നു. അവിടെ അഴിമതി തെളിയുന്നു. നിയമം പൊളിച്ചെഴുതുക. രണ്ടാമതായി ജനങ്ങളുടെ പക്ഷത്തുള്ള ഒരു സർക്കാർ വേണം. ഇത് രണ്ടുംകൂടി ചേർന്നാൽ കുട്ടികളുടെ ഭാവി നന്നാക്കാൻ കഴിയും. പത്തുവർഷം മുന്പ് ഞാൻ സ്കൂളുകളിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ മാജിക് ഷോയിൽനിന്ന് ലഹരിക്കെതിരേയുള്ള ഭാഗം ഒഴിവാക്കിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഞാൻ പരിപാടി അവതരിപ്പിച്ച തിരുവനന്തപുരത്തെ ഒരു സ്കൂളിലെ എട്ടാംക്ലാസ് കുട്ടിയുടെ പോക്കറ്റിൽനിന്നു ലഹരിവസ്തു പിടിച്ചെടുത്തു. ഹെഡ്മാസ്റ്റർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി ടിസി കൊടുത്തുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഹെഡ്മാസ്റ്റർക്ക് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രമാണ്. അധ്യാപകരോ രക്ഷിതാക്കളോ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല ഇത്. നിയമവും ഭരണകൂടവും ഒന്നിക്കണം. ലഹരിക്കെതിരേ പ്രവർത്തിക്കുന്നവർക്ക് നിയമസംരക്ഷണവും ഉറപ്പുവരുത്തണം. ഭരണസിരാകേന്ദ്രവുമായി ബന്ധമുള്ള നേതാക്കന്മാർക്ക് ഇതിന്റെ നിർമാണകേന്ദ്രം ഉണ്ടെന്ന് അറിയുന്നു. ഇത് അവർക്ക് വ്യവസായമാണ്. ഇതിന്റെ ഉത്പാദനം വർധിപ്പിക്കുകയെന്നത് അവരുടെ ലക്ഷ്യവും. ഇതിൽ എരിഞ്ഞമരുന്നത് യുവതലമുറയും. എവിടെ അവസാനിപ്പിക്കണമെന്ന് ഒരു ധാരണയും ഇല്ല. ലഹരി ഉപയോഗിക്കാത്ത കുഞ്ഞുങ്ങളേ, നിങ്ങൾ ഭാഗ്യവാന്മാർ.
- മജീഷ്യൻ നാഥ്
മനുഷ്യാവകാശങ്ങളില്ലാതെ, പാവം കർഷകൻ
എല്ലാ മനുഷ്യരും തുല്യസൃഷ്ടികളും അവകാശങ്ങളുടെ രാജാക്കന്മാരുമാണെന്ന് മനുഷ്യാവകാശനയം വ്യക്തമാക്കുന്നു. ഭൂമി, ശുദ്ധജലം, വായു എന്നിവയ്ക്കുള്ള അവകാശം, ജോലിചെയ്ത് അന്തസായി ജീവിക്കാനുള്ള അവകാശം ഇങ്ങനെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നതാണു മനുഷ്യാവകാശനയം. എന്നാൽ, വിലപ്പെട്ട മനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ സാധിക്കാതെ മനുഷ്യാകൃതിയിൽ ജീവിക്കുന്ന വിഭാഗമാണ് മലയോരകർഷകർ. യുദ്ധാനന്തര ക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരവും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുന്പോൾ തമിഴ് ഭൂരിപക്ഷ പ്രദേശമായി തമിഴ്നാടിനോടു കൂടിച്ചേർക്കപ്പെടാതിരിക്കാൻവേണ്ടി ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതിപ്രകാരവും അന്നത്തെ തിരുവിതാംകൂർ സർക്കാർ മധ്യകേരളത്തിൽനിന്ന് ഇടുക്കിയിലേക്കുള്ള കുടിയേറ്റം സാന്പത്തിക സഹായത്തോടെ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം മലബാറിലേക്കുള്ള കുടിയേറ്റത്തിനും പ്രോത്സാഹനം നൽകി. തമിഴ് ഭൂരിപക്ഷ പ്രദേശമായി ഇടുക്കി തമിഴ്നാടിനോടു കൂട്ടിച്ചേർക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ ഇന്നെന്താകുമായിരുന്നു. നമുക്കിന്ന് ഇടുക്കി അണക്കെട്ടുണ്ടാകുമായിരുന്നോ? സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അന്നത്തെ കാടൻ അന്തരീക്ഷത്തിൽ കുടിയേറ്റക്കാർ മഹാമാരികളെയും വന്യമൃഗങ്ങളെയും സഹിച്ച് ജീവിച്ചതിന്റെ, ഏറുമാടങ്ങളിൽ ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയതിന്റെ എല്ലാം വേദനിക്കുന്ന ഓർമകൾ ഇടുക്കി നൽകുന്ന ഐശ്വര്യത്തിന്റെ പുറകിൽ മറഞ്ഞിരിപ്പില്ലേ? വസ്തുതാപരമായി വിലയിരുത്തിയാൽ ഇവിടെ അതിക്രമം കാണിച്ചതു കർഷകരല്ല, വനംവകുപ്പാണെന്നു കാണാൻ സാധിക്കും. സംസ്ഥാനം രൂപീകരിക്കപ്പെടുന്പോൾ കേരളത്തിന്റെ വനവിസ്തൃതി ആകെ വിസ്തീർണത്തിന്റെ 25.8 ശതമാനമായിരുന്നു. എന്നാൽ, ഇന്നു വനത്തിന്റെ വിസ്തൃതി 29.6 ശതമാനമായി വർധിച്ചിരിക്കുകയാണ്. നാലുശതമാനത്തോളംവരുന്ന ആയിരക്കണക്കിന് ഏക്കർ വനവർധന എങ്ങനെയുണ്ടായി. വനംവകുപ്പു മറുപടി പറയണം. കാർബൺഡയോക്സൈഡിന്റെ ഭയാനകമായ വർധനമൂലം ക്രമാതീതമായി ഉയരുന്ന ആഗോളതാപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും എല്ലാം കാരണമാകുന്നത് എന്നു ശാസ്ത്രലോകം പറയുന്നു. ആഗോളതാപനത്തിന്റെ മുഖ്യഉത്തരവാദി വൻകിട വ്യവസായികളും. വന്യമൃഗവർധന മനുഷ്യജീവന് ഭീഷണി ഉയർത്തുന്പോൾ വിദേശരാജ്യങ്ങൾ ‘കള്ളിംഗ്’ നടത്തി വർധന ക്രമീകരിച്ച് നിലനിൽപ്പ് ഉറപ്പുവരുത്തുന്നു. ഇവിടെയും അത് പറ്റില്ലേ? എല്ലാവർക്കും അവരവരുടെ വീടുകളിൽ സുരക്ഷിതത്വം ലഭിക്കുന്പോൾ മലയോര കർഷകർക്കത് ആഗ്രഹമായി അവശേഷിക്കുന്നു. കേരളത്തിൽ വർഷംതോറും ആനകൾ കുറഞ്ഞുവരുന്നു എന്നു സ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന വനംവകുപ്പ് അതിന്റെ കാരണവും വെളിപ്പെടുത്തണം. ഓസ്ട്രേലിയയിൽ കംഗാരു ദേശീയമൃഗമായിട്ടും ക്രമാതീതമായി വർധിച്ചപ്പോൾ കൊന്ന് വാണിജ്യപരമായി ഉപയോഗിച്ചു വരുമാനം വർധിപ്പിക്കുന്നു. ചില വിദേശരാജ്യങ്ങൾ ട്രോഫി ഹണ്ടിംഗ് എന്ന വിനോദ വേട്ടയാടൽ പദ്ധതിപ്രകാരം കനത്ത ഫീസ് ഈടാക്കി ലൈസൻസ് നൽകി വേട്ടയാടൽ ഒരു വരുമാനമാർഗമാക്കുന്നു. ഐപിബിഇഎസ് എന്ന സ്വതന്ത്രസംഘടന അവരുടെ റിപ്പോർട്ടിൽ വന്യമൃഗങ്ങളെ കൊന്ന് എണ്ണം ക്രമീകരിച്ച് അവയെ സംരക്ഷിക്കുന്ന സമീപനമാണ് അഭികാമ്യം എന്നു പറയുന്നുണ്ട്. മനുഷ്യജീവനു ഭീഷണി ഉയർന്നപ്പോൾ ആന ഉൾപ്പെടെയുള്ള എല്ലാ വന്യമൃഗങ്ങളെയും വേട്ടയാടാൻ ആഫ്രിക്കൻ രാജ്യങ്ങളായ ബോട്സ്വാനയും നമീബിയയും അനുമതി നൽകി. കടുത്ത ഭക്ഷ്യക്ഷാമം തരണംചെയ്യാൻ നമീബിയ ആന, കാട്ടുപോത്ത്, ഹിപ്പോ, സീബ്ര തുടങ്ങിയ എല്ലാവിഭാഗം വന്യമൃഗങ്ങളെയും കൊന്നു ഭക്ഷണമായി ജനത്തിനു നൽകുന്പോൾ നമ്മൾ കൊല്ലേണ്ടിവരുന്ന കാട്ടുപന്നികളെ കുഴിച്ചിടുകയല്ലേ ചെയ്യുന്നത്. ആഗോളതാപനമാണു കാലാവസ്ഥാ വ്യതിയാനത്തിനും ഉരുൾപൊട്ടലിനുമൊക്കെ കാരണമാകുന്നതെങ്കിൽ മലയോരം തരിശിട്ടാലും ആൾത്താമസമില്ലാതായാലും ഈ ദുരന്തങ്ങൾ ഇല്ലാതാകില്ല. വിദേശ കള്ളപ്പണം കാർബൺ ഫണ്ടായി കടൽ കടന്നുവരാൻ തുടങ്ങിയപ്പോഴാണല്ലോ പലർക്കും പരിസ്ഥിതിപ്രേമം ഉടലെടുത്തതും കർഷകർക്കെതിരേ വസ്തുതാപരമല്ലാത്ത ന്യായവാദങ്ങൾ തൊടുത്തുവിടാൻ തുടങ്ങിയതും. നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണക്കാരായവരുടെയെല്ലാം മുഖത്തുനോക്കി ഞങ്ങളും ഇവിടെ ജനിച്ചതല്ലേ, മനുഷ്യാവകാശം ഞങ്ങൾക്കും ലഭിക്കണ്ടേ എന്നു ചോദിക്കാൻ നാം സംഘടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. -ചാക്കോ വലിയപറന്പിൽ, ചന്ദനക്കാംപാറ
മനഃസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ
ദിവസവും വാർത്തകളിൽ നിറയുന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ്. കുട്ടികളിലും മുതിര്ന്ന വിദ്യാര്ഥികളിലുമടക്കം കുറ്റവാസന കൂടിവരുന്നു എന്നാണ് ഈ വാര്ത്തകളില്നിന്നു വ്യക്തമാകുന്നത്. കുറ്റവാസനയുള്ള യുവാക്കളുടെയും മുതിര്ന്നവരുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. നമുക്ക് ലഭിച്ചിട്ടുള്ള ജീവിത സാഹചര്യങ്ങളിൽ സംതൃപ്തി കാണാതെ ഇല്ലാത്തതിനെക്കുറിച്ച് അസ്വസ്ഥത കാണിക്കുന്നവരായി നമ്മുടെ യുവതലമുറ മാറുകയാണ്. യുവതലമുറ സ്വന്തം കാര്യം മാത്രം നോക്കാനും എങ്ങനെയെങ്കിലും പണം സമ്പാദിക്കാനും സുഖങ്ങൾ ആസ്വദിക്കാനും മാത്രം താത്പര്യമുള്ളവരായിത്തീരുന്നു. രാജ്യം വിട്ടുപോകാൻ താത്പര്യം കാണിക്കുന്നവരായി മാറുകയാണ് അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറ. മനസ് തുറന്നു സംസാരിക്കാനും സന്തോഷത്തോടെയും സംതൃപ്തിയോടെയും ചിരിക്കാനും കഴിവില്ലാത്തവരായി യുവതലമുറ മാറുന്നത് അപകടകരമാണ്. പല കുറ്റകൃത്യങ്ങളും പൊതുതാത്പര്യങ്ങളെ ഹനിക്കുന്നതാണ്. സദാചാരമൂല്യങ്ങളെ തകര്ത്തെറിയുന്ന കുറ്റകൃത്യങ്ങളാണ് ഇപ്പോള് കൂടുതലായി കാണുന്നത്. മോഷണം, സദാചാര പോലീസ്, മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ ലഭ്യതയും ഉപയോഗവും എന്നിവയും കൂടുന്നു. കുട്ടികളില് കുറ്റവാസന കൂടിവരുന്നതിനു പിന്നില് ചുറ്റുപാടുകള് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ചില കുട്ടികള് ജന്മനാ കുറ്റവാസനയുള്ളവരായിരിക്കും. വീട്ടിലെ അസ്വസ്ഥതകള് നിറഞ്ഞ അന്തരീക്ഷം മറ്റൊരു ഘടകമാണ്. കുറ്റവാസനയുള്ള കുട്ടികളുമായുള്ള സഹവാസവും പ്രധാനപ്പെട്ട വിഷയമാണ്. മാതാപിതാക്കള് കുട്ടികളുടെ മുന്പില് സ്ഥിരം വഴക്കു കൂടുന്നവരാണെങ്കില്, കുട്ടികളില് അസ്വസ്ഥതകളും കുറ്റവാസനയും ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ശാസ്ത്രബോധത്തിന്റെ കുറവും അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും ശരിയായ വ്യാഖ്യാനങ്ങളിലൂടെ ആത്മീയ അറിവുകൾ ലഭിക്കാതിരിക്കുന്നതും കുട്ടികളിലും മുതിർന്നവരിലും കുറ്റവാസന വർധിപ്പിക്കും. കുറ്റവാളികളായ കുട്ടികളെ കണ്ടെത്തുകയാണെങ്കില് ആദ്യം ശ്രദ്ധിക്കേണ്ടത് അവര് വളരുന്ന പരിതസ്ഥിതിയായിരിക്കണം. അവരുടെ വീട്, വീട്ടിലുള്ളവരുടെ സ്വഭാവം, കുട്ടികളുടെ ശാരീരികവും മാനസികവുമായുള്ള ആരോഗ്യം, കൂട്ടുകെട്ടുകള് എന്നിവ ശ്രദ്ധിക്കണം. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്ച്ച മികവുറ്റതാക്കുന്നതിനു വേണ്ട പരിശീലനങ്ങള് നമ്മുടെ വിദ്യാലയങ്ങളില് ഏര്പ്പെടുത്തണം. അങ്കണവാടികളില്നിന്നുതന്നെ ഇതൊക്കെ ആരംഭിക്കണം. പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തില് ശ്രദ്ധിക്കേണ്ടത്. ഓരോ വാർഡിലും താമസിക്കുന്ന സന്നദ്ധ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മനഃശാസ്ത്ര വിദഗ്ധർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം.
-ഡോ. എം.പി. മണി കൂനത്തറ, ഷൊർണൂർ
മനുഷ്യാവകാശലംഘനം നേരിടുന്ന നെൽകർഷകർ
നെൽകർഷകന്റെ അവകാശങ്ങളൊക്കെയും ലംഘിക്കപ്പെടുന്ന നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. ജീവിക്കുന്ന സാഹചര്യത്തിൽ വെള്ളവും വെളിച്ചവും വഴിയും ലഭിക്കാനും മാന്യമായി തന്റെ കൃഷിയിടത്തിൽ കൃഷി ഇറക്കാനും ഓരോ പൗരനും അവകാശമുണ്ട്. എന്നാൽ, മേൽപ്പറഞ്ഞവയൊന്നും നെൽകർഷകന്റെ സാമാന്യ അവകാശത്തിൽ പെടുന്നതല്ല എന്ന അവസ്ഥ യാണ് ഇന്നു സംജാതമായിരിക്കുന്നത്. ബന്ധപ്പെട്ട സമിതികൾ കൃത്യമായ ഇടവേളകളിൽ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. ഇത്തരത്തിൽ വർധിപ്പിക്കുന്ന കൂലി നല്കാൻ വിധിക്കപ്പെട്ട നെൽകർഷകന്റെ പരാതി കേൾക്കാൻ ഇവിടെ ആരും തയാറാകുന്നില്ല. കാരണം, അവർ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ടുതന്നെ.
കൂലിച്ചെലവുകൾ ഒരു താരതമ്യം
നാടിന്റെ നെല്ലറയായ കുട്ടനാട് പക്ഷേ, കർഷകന്റെ കല്ലറ പണിയുന്ന നാടായി മാറിയിരിക്കുന്നു. 1975ൽ കുട്ടനാട്ടിൽ ഒരു പുരുഷ തൊഴിലാളിക്ക് 10-15 രൂപ വരെയായിരുന്നു കൂലി. സ്ത്രീ തൊഴിലാളിക്ക് ആറ്-ഏഴ് രൂപയും. 2025ൽ ഇത് പുരുഷന് 1,100 ഉം സ്ത്രീക്ക് 650 ആയും വർധിച്ചു. പല സ്ഥലത്തും ഇതിലും കൂടുതൽ നല്കാൻ കർഷകൻ നിർബന്ധിതനാകുന്നു എന്നതാണ് യാഥാർഥ്യം. 1975ൽ ഒരു പറ നെല്ലിന് കിട്ടിയിരുന്ന വില ഏഴു രൂപയായിരുന്നു. ഇന്നത്തെ നെല്ലു വില അടിസ്ഥാനപ്പെടുത്തിയാൽ ഒരു പറ നെല്ലിന് (ആറ് കിലോ) കിട്ടുന്ന വില (28 x 6) 168 രൂപയാണ്. അതായത്, ഒരു പുരുഷ തൊഴിലാളിയുടെ കൂലി 15 രൂപയിൽനിന്നു 1,100ലേക്ക് മാറുകയും സ്ത്രീ തൊഴിലാളിയുടേത് ഏഴു രൂപയിൽനിന്ന് 650ലേക്ക് ഉയരുകയും ചെയ്തപ്പോൾ നെല്ലുവില ഏഴു രൂപയിൽനിന്ന് 168 രൂപ മാത്രമായിട്ടാണ് ഉയർന്നിട്ടുള്ളത്. പുരുഷ തൊഴിലാളിയുടെ കൂലി 73 ഇരട്ടിയും സ്ത്രീ തൊഴിലാളിയുടേത് 92 ഇരട്ടിയും വർധിച്ചപ്പോൾ നെല്ലു വില വർധിച്ചത് 28 ഇരട്ടി മാത്രം. അതായത്, കർഷകന്റെ കൂലിച്ചെലവ് നെല്ലുവിലയുടെ പതിന്മടങ്ങായി വർധിച്ചു. ഇത്തരത്തിൽ കൂലി കൂട്ടുമ്പോൾ എന്തേ ആനുപാതികമായി നെല്ലുവില ഉയർത്തുന്നില്ല? ഈ ചോദ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളേറെയായി. കൃഷി ഉണ്ടെങ്കിലേ തൊഴിലാളികളെ ആവശ്യം വരൂ എന്നതു മറക്കരുത്. ആനിലയ്ക്ക് കഴിഞ്ഞ പല വർഷങ്ങളായും നെല്ലു വില സ്ഥിരമായി നില്ക്കുമ്പോഴും കൂലി വർധിപ്പിക്കാൻ ശ്രമിക്കുന്നവർ തൊഴിലാളികളുടെയും കർഷകരുടെയും ശത്രുക്കളാണെന്ന് മനസിലാക്കണം. കൂലി കൂട്ടുമ്പോൾ ആനുപാതികമായി നെല്ലുവില കൂടുന്നില്ലെങ്കിൽ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കാൻ കർഷകർ നിർബന്ധിതരാകും. നെല്ലുവില വർധിക്കുന്നതിന് ആനുപാതികമായാണ് കൂലി വർധിപ്പിക്കേണ്ടത്. അല്ലാതെ, കർഷകരെ ബലിയാടാക്കി അവരുടെ മനുഷ്യാവകാശം ലംഘിക്കുകയല്ല ചെയ്യേണ്ടത്.
-എ.എം.എ. ചമ്പക്കുളം
മനുഷ്യത്വരഹിതമായ പേക്കൂത്തുകൾ
അക്ഷരനഗരിയിൽ റാഗിംഗിന്റെ പേരിൽ സമാനതകളില്ലാത്ത അതിക്രൂരതയുടെ ഇരകളായ നിസഹായരായ ആ സഹോദരങ്ങളോട് എന്തു സമാശ്വാസ വാക്കുകളാണു പറയേണ്ടത്? ജീവന്റെ കാവൽക്കാരായി നാളെ ആശുപത്രികളിൽ ആശ്വാസമാകേണ്ടവർ കാണിച്ചുകൂട്ടിയ മനുഷ്യത്വരഹിതമായ പേക്കൂത്തുകൾ കണ്ട് ലോകം അമ്പരന്നുനിൽക്കുകയാണ്. വയനാട് വെറ്ററിനറി ആശുപത്രിയിലെ ഇടിമുറിക്കുള്ളിൽ മൂന്നുദിവസം പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സിദ്ധാർഥന് എന്ന യുവാവിന്റെ നിസഹായവും ദയനീയവുമായ കരച്ചിൽ നമ്മുടെ ചെവികളിൽ ഇപ്പോഴുമുണ്ട്. ആ മരണത്തിന്റെ ഉത്തരവാദികൾ ഇന്നും സുരക്ഷിതരായി നാട്ടിൽ തലയുയർത്തി നടക്കുന്നു എന്നത് ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയല്ലേ കാണിക്കുന്നത്? കോട്ടയം ഗവൺമെന്റ് നഴ്സിംഗ് സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥികൾ, സീനിയർമാരായ അഞ്ചു കാട്ടാളന്മാരുടെ ക്രൂരവിനോദത്തിനിരയായത് മൂന്നു മാസത്തോളമാണ്. സാധാരണ കുടുംബത്തിൽനിന്നു വന്നവരായതുകൊണ്ടും ഒരു ജോലിയെന്ന സ്വപ്നം ഉള്ളതുകൊണ്ടുമല്ലേ ആ പാവങ്ങൾ ഈ ക്രൂരതകളൊക്കെ ഇത്രത്തോളം സഹിച്ചത്? കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന ഈ കുഞ്ഞുങ്ങളുടെ പീഡനകഥ അധികൃതർ അറിഞ്ഞില്ലെന്ന കൈകഴുകൽ പീലാത്തോസിന്റെ നടപടിയേക്കാൾ ഭീകരമാണ്. പതിവുപോലെ എല്ലാമൊന്ന് കെട്ടടങ്ങി അന്തരീക്ഷം ശാന്തമാകുമ്പോൾ കുട്ടിസഖാക്കളുടെയും ഭരണവർഗത്തിന്റെയും തണലിൽ ഇതേ പ്രതികൾ, ഇതേ കാമ്പസിൽ പഠനത്തിനെത്തും എന്നതിൽ സംശയം വേണ്ട. ജയിലുകളിൽനിന്നു ജാമ്യത്തിലിറങ്ങുന്ന ക്രിമിനലുകളെ മുദ്രാവാക്യം മുഴക്കി, പൂമാലയിട്ട് സ്വീകരിച്ചാനയിക്കുന്ന നേതൃത്വത്തിന് ഇതൊക്കെ വളരെ ലളിതമായ കാര്യങ്ങൾ! അല്ലയോ സഖാക്കളേ, ഒന്നോർമിച്ചോളൂ… നെഞ്ചുരുകുന്ന, ഉള്ളു പിടയുന്ന അമ്മമാരുടെ ശാപം ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കിയുണ്ടല്ലോ, അതു മറക്കേണ്ട! പീഡനത്തിനിരയാകേണ്ടിവന്ന യുവാവിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന അത്യന്തം മനുഷ്യത്വരഹിതമായ ആ വീഡിയോ എത്രയും വേഗം സമൂഹമാധ്യമങ്ങളിൽനിന്ന് പിൻവലിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളെങ്കിലും അധികൃതർ സ്വീകരിക്കുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണിയായി കേരളം മാറുന്നതും, അതിന്റെയൊക്കെ വിതരണക്കാരായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും, സുബോധമില്ലാത്ത യുവതലമുറ ബീച്ചുകളിലും പാർക്കുകളിലും സ്വതന്ത്രമായി വിഹരിക്കുന്നതും നിത്യസംഭവമായി കേരളത്തിൽ. നമ്മുടെ നാടിന്റെ സാംസ്കാരിക ബോധത്തെത്തന്നെ ഇരുട്ടിലാഴ്ത്തുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് നിയമപാലകർക്കു മാത്രമല്ല, മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരിൽ സദാചാരബോധംപോലും മറന്ന് ലക്കില്ലാതെ പെരുമാറുന്നത് വലിയ അപകടമാണ്. ഇവിടുത്തെ നിയമസംവിധാനം വഹിക്കുന്നവർക്കു തങ്ങളുടെ ഉത്തരവാദിത്വം സത്യസന്ധമായി നിറവേറ്റാനുള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കണം. ക്രിമിനലുകളായി സമൂഹത്തിൽ വിലസുന്നവർ അധികാരികളുടെ സ്വാധീനം കൊണ്ട് വീണ്ടും നേതാക്കളായി വരുന്നതിന് എന്നേക്കുമായി തടയിടുക. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ചരിത്രം നിങ്ങൾക്കു മാപ്പു തരില്ല.
-സിസ്റ്റർ ആൻസി പോൾ എസ്എച്ച്
ബജറ്റിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷി താത്പര്യങ്ങളിലും മാത്രം
പതിവുപോലെ ഇത്തവണയും, ബജറ്റ് അവതരണവും ചർച്ചയും എല്ലാം പ്രതീക്ഷിച്ചപോലെതന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ നേർക്കാഴ്ചയായി. ബജറ്റിന്റെ ശ്രദ്ധ സാമ്പത്തിക കാര്യത്തിലുള്ള കാര്യക്ഷമതയ്ക്കപ്പുറം അടുത്തുവരുന്ന തെരഞ്ഞെടുപ്പും ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങളുമായി. അതുകൊണ്ടുതന്നെ ചർച്ചയുടെ സിംഹ ഭാഗവും വെറും ചടങ്ങും രാഷ്ട്രീയവുമായി മാറി. അതിൽ പ്രധാനം, ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളോട് ബജറ്റ് കാണിക്കുന്ന വിവേചനവും അവഗണനയുമാണ്. കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ ഇരകളെ പരിഗണിക്കാതിരുന്നത് ഒരു ഉദാഹരണം മാത്രം. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബിഹാറിന് കിട്ടിയ പ്രത്യേക സാമ്പത്തിക പരിഗണന മറ്റൊരു ഉദാഹരണം. ഇതെല്ലാംതന്നെ ഇന്ത്യക്കാവശ്യമായ സാമ്പത്തിക നയങ്ങളും പദ്ധതികളും തുറന്ന മനസോടെ, വളരെ സൂക്ഷ്മമായി ചർച്ച ചെയ്യാനും വിവേചനമില്ലാതെ, ഇന്ത്യയിലാകമാനം നടപ്പിലാക്കാനും, ഇന്ത്യൻ ദേശീയതയെ ശക്തിപ്പെടുത്താനും ഇന്ത്യയെ ലോകരാജ്യങ്ങളുടെ കിടമത്സരത്തിൽ പ്രതിരോധിക്കാ നുമുള്ള വിലപ്പെട്ട അവസരങ്ങളും സമയവുമാണ് നമുക്കു നഷ്ടമാക്കുന്നത്. രാജ്യവും സംസ്ഥാനവും നേരിടുന്ന തൊഴിലില്ലായ്മയും വളർച്ച മുരടിപ്പും നേരിടാൻ ബജറ്റിന്റെ കാര്യത്തിലെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുകയും കാര്യക്ഷമമായ സാമ്പത്തിക നടപടികൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും വേണം. നവോത്ഥാനം, കേരള മോഡൽ എന്നൊക്കെയുള്ള വാചകങ്ങൾ കേരളത്തിലും വികസിത ഇന്ത്യ, സൂപ്പർ പവർ എന്നൊക്കെയുള്ള രാഷ്ട്രീയ അലങ്കാര പ്രയോഗങ്ങൾ കേന്ദ്രത്തിലും ഉപയോഗിച്ചതുകൊണ്ടു മാത്രം വികസനം സാധിക്കുമെന്നു തോന്നുന്നില്ല. ജനാധിപത്യത്തിലൂടെത്തന്നെ വികസനം സാധ്യമാക്കിയ യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളും ഇക്കാര്യങ്ങളിൽ ചിട്ടയായ പ്രവർത്തനങ്ങളോടെ അതിവേഗം മുന്നേറുമ്പോൾ, നമ്മൾ രാഷ്ട്രീയ ഭിന്നതയിലും വിവാദങ്ങളിലും ആനന്ദം കണ്ടെത്തുകയാണ്. ഇതെല്ലാം വഴി ഇന്ത്യയിലെ ബഹുഭൂരിപക്ഷമായ, അസംഘടിതരായ ദരിദ്രരും പാവങ്ങളുമാണ് തോല്പിക്കപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള, സമാധാനപരമായ, വികസനോന്മുഖമായ ഒരു ഇന്ത്യ. ഈ അവകാശത്തിൽനിന്ന് എന്ത് രാഷ്ട്രീയ ഉപായം ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ചാലും, അത് രാഷ്ട്രീയചതിയാണ്, ജനാധിപത്യവഞ്ചനയാണ്.
പ്രഫ. പി.ജെ. തോമസ്
രോഗാതുര സമൂഹത്തിന് അടിയന്തരചികിത്സ വേണം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിസ്
നരഭോജി വന്യമൃഗങ്ങളും നരഭോജി മനുഷ്യരും വാശിക്ക് വെറിപൂണ്ടുനിൽക്കുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ. 2025 പിറന്നിട്ട് ഒരു മാസം തികയുകയാണ്. ഇതിൽ ഒരൊറ്റ ദിനംപോലും ദുർവാർത്തകൾ കേൾക്കാതെ കടന്നുപോയിട്ടില്ല. ചെന്താമരയും ഗ്രീഷ്മയും ജന്മം നല്കിയതിനു സ്വന്തം അമ്മയെ കൊലചെയ്ത മകനും അയൽവാസികളെ നിഷ്കരുണം ഇല്ലാതാക്കിയ യുവാവും കഴുത്തറത്തു പ്രണയപ്പകതീർക്കുന്ന കാമുകീകാമുകന്മാരും പ്രകോപിതനായി എസ് ഐയെ നിലത്തടിക്കുന്ന പ്ലസ് ടു വിദ്യാർഥിയും അധ്യാപകനോട് കൊലവിളി നടത്തുന്ന പ്ലസ്വൺകാരനും സ്കൂൾബസിനുള്ളിൽ നടക്കുന്ന കത്തിക്കുത്തും കേരളസമൂഹത്തിന്റെ അധഃപതനത്തിന്റെയും അപചയത്തിന്റെയും ദൃഷ്ടാന്തങ്ങളാണ്. നിന്ദ്യവും നികൃഷ്ടവുമായ കാര്യങ്ങൾ ചെയ്യുന്നവർ പെരുകിവരുന്നു എന്നതാണ് ഇന്നത്തെ പേടിസ്വപ്നം. ആൽബർട്ട് ബന്ദുറയുടെ സോഷ്യൽ ലേണിംഗ് തിയറിയിൽ പറയുന്ന, “സമപ്രായക്കാരിൽനിന്നും കുടുംബങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നുമാണ് ഒരാൾ കുറ്റകൃത്യങ്ങൾ പഠിക്കുന്നത്” എന്ന വസ്തുത നമ്മൾ മറക്കരുത്. തെറ്റാണെന്നറിഞ്ഞിട്ടും യാതൊരു മടിയുമില്ലാതെ അതുചെയ്യാൻ പോന്നവിധം നമ്മുടെ മനഃസാക്ഷി മരവിച്ചെങ്കിൽ ഇവിടുത്തെ പൊതുസമൂഹവും ഭരണസംവിധാനവും വിദ്യാഭ്യാസവും മാധ്യമധർമവും മതങ്ങളുമെല്ലാം അടിയന്തരമായി ഇടപെടലുകൾ നടത്തി ഇതിനൊരു പ്രതിവിധി ഉണ്ടാക്കണം. കുറ്റകൃത്യം ചെയ്തവർക്കു താരപരിവേഷം നൽകുന്ന മാധ്യമങ്ങൾ ദുർമാതൃകയാണ് നൽകുന്നത്. റേറ്റിംഗിനും സെൻസേഷനും എക്സ്ക്ലുസീവ് ന്യൂസിനും വേണ്ടി കുറ്റവാളികളെ താരങ്ങളാക്കുന്ന ദൃശ്യമാധ്യമ സംസ്കാരത്തെ നിയമനടപടികളിലൂടെ നിയന്ത്രണവിധേയമാക്കുയാണ് ആദ്യം ചെയ്യേണ്ടത്. ഈയടുത്തിറങ്ങിയ മലയാള സിനിമകളും സംഗീതവും നോക്കുക. പച്ചയായ അക്രമവും ലൈംഗികഅരാജകത്വവും നിറച്ച് ആരാധകരെ വളർത്തുന്പോൾ തകരുന്നത് ഒരു സമൂഹവും അതിൽ മനുഷ്യരെ കോർത്തിണക്കുന്ന നന്മയും മാനവികതയുമാണ്. പച്ചത്തെറികളും പരനിന്ദകളും ദ്വയാർഥ പ്രയോഗങ്ങളും ഒട്ടും നിലവാരമില്ലാത്ത വിഷയങ്ങളുടെ ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറച്ച് ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും ഉണ്ടാക്കുന്ന വൈറൽ സംസ്കാരവും നിയന്ത്രിക്കേണ്ടതാണ്. കാലതാമസം വരുത്തി തെളിവു നശിപ്പിക്കുകയും സംഗതികളുടെ ഗൗരവം ചോർത്തി ശിക്ഷാനടപടികളിൽ വെള്ളം ചേർക്കുകയും ചെയ്യുന്ന നിയമപാലകരുടെ ഉദാസീനത അപലപനീയമാണ്. ഫുൾ എ പ്ലസും നൂറുശതമാനവും ലക്ഷ്യമിടുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിനും സംസ്കരണത്തിനും മാനസികവളർച്ചക്കും വേണ്ട പോഷകങ്ങൾ നൽകുന്നതാണോ? സ്വഭാവവൈകല്യമോ മാനസികപ്രശ്നങ്ങളോ ഉള്ളവരെ കണ്ടെത്തി അവർക്കുവേണ്ട ചികിത്സ നൽകാനുള്ള സാമൂഹികസംവിധാനങ്ങൾ ഇന്നും നമുക്കുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സമൂഹത്തിന്റെ ശ്രുതിഭംഗങ്ങളിൽ ധീരോദാത്തം ഉയർന്നുനിന്ന് ചോദ്യം ചെയ്യുകയും നല്ലതു ചെയ്യുകയും പറയുകയും ചെയ്യുന്ന ശ്രേഷ്ഠവ്യക്തികൾക്ക് ഇടമോ പ്രാധാന്യമോ നൽകാത്തതും അധഃപതനകാരണമാണ്. മാനവികതയും മനുഷ്യനന്മയും അറ്റുപോയ നാടല്ല നമ്മുടേത്. മറിച്ച് അതു രോഗാതുരമായി എന്നതാണ് വാസ്തവം. അതിനാൽ അടിയന്തരചികിത്സയ്ക്കു വിധേയമാക്കണം. തമസോമാ ജ്യോതിർ ഗമയ!
ദീപികയ്ക്ക് ബിഗ് സല്യൂട്ട്!
ജീവൻ എന്നത് സൃഷ്ടികർത്താവിന്റെ ദാനമായിരിക്കെ അതിനെ അപഹരിക്കാൻ മനുഷ്യനോ മാനുഷിക നിയമങ്ങളോ ശ്രമിക്കുന്നത് ഉചിതമല്ല. കൊലയ്ക്കു പകരം കൊല എന്നത് പ്രാചീനമാണ്. ആധുനിക മനുഷ്യൻ കുറ്റവാളികളുടെ മാനസാന്തരം ആവശ്യപ്പെടുന്നുണ്ട്. അതുവഴി സമൂഹത്തിനു നന്മ ചെയ്യാൻ ഒരവസരംകൂടി ലഭ്യമാകുന്നുവെന്ന് മാത്രമല്ല ഇനിയും നടക്കാനിടയുള്ള ജീവഹത്യകൾക്കും അറുതി വന്നേക്കാം. ആലപ്പുഴയിലെ ആൽബിയുടെ മാനസാന്തരവും തുടർന്നുള്ള സാമൂഹ്യ പ്രവർത്തനങ്ങളും അറിയാവുന്ന ജയിൽ ശുശ്രൂഷ നടത്തുന്ന പ്രേഷിത പ്രവർത്തകർക്ക് ഇക്കാര്യം ബോധ്യമാകും. വളരെ ആധുനിക രീതിയിൽ പണികഴിപ്പിച്ച ജയിൽ ഇടങ്ങൾ ഉള്ളപ്പോൾ മനുഷ്യ സമ്പർക്കമില്ലാതെ മരണംവരെയും അതല്ലെങ്കിൽ മാനസാന്തരം വരെയും ജയിലഴിക്കുള്ളിൽ അടച്ചിടുക എന്നതാണ് ഏറ്റവും നല്ല ശിക്ഷയായി കണക്കാക്കപ്പെടേണ്ടത്. കുറ്റകൃത്യം ചെയ്തവരെ ഒറ്റയടിക്ക് തൂക്കുകയറിൽ കയറ്റുന്നതുകൊണ്ട് കുറ്റവാളികൾക്കോ ഇരയായവർക്കോ സമൂഹത്തിനോ യാതൊരുവിധ നേട്ടവും ഉണ്ടാകാനിടയില്ല. നിയമങ്ങൾ നടപ്പിലാക്കേണ്ട നിയമപാലകരും ന്യായാധിപന്മാരും കുഞ്ഞുനാൾ മുതൽ അവർക്ക് ലഭിച്ച ധാർമിക, ആധ്യാത്മിക മൂല്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ വിലയിരുത്തുന്നതെന്ന കാര്യം നിഷേധിക്കാനാവാത്തതാണ്. കൊലയ്ക്കു പകരം കൊലതന്നെ വേണമെന്ന മൂല്യബോധം രൂപപ്പെട്ടിട്ടുള്ള മനസിൽ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ലാതെ വരും. അതുകൊണ്ടുതന്നെയാണ് കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനും കേരളത്തിലെ കഷായക്കൊലയ്ക്കും ഒരേ ദിവസം രണ്ടു തരത്തിൽ വിധി വന്നതെന്ന് അനുമാനിക്കേണ്ടിവരുന്നത്. കത്തോലിക്ക സഭയുടെ നിലപാടുകളും വ്യത്യസ്തമല്ലെന്ന കാര്യം കൂടെ ഓർമപ്പെടുത്തട്ടെ. ഇത്തരുണത്തിൽ ദീപികയിലെ ബുധനാഴ്ചയിലെ എഡിറ്റോറിയൽ വളരെയധികം അർഥവത്തായി കരുതുന്നു. പത്രാധിപർക്ക് അഭിനന്ദനങ്ങൾ.
-ജെയിംസ് ആഴ്ചങ്ങാടൻ, ജനറൽ സെക്രട്ടറി, കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി.
ശാരീരിക അധിക്ഷേപം ഒഴിവാക്കണം
ബോഡി ഷെയിമിംഗ് അഥവാ ശാരീരിക അധിക്ഷേപമെന്നത് നമ്മുടെ സമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും, സ്ത്രീയായാലും പുരുഷനായാലും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ പരാമർശം സീറോമലബാർ സഭാ അൽമായ ഫോറം സ്വാഗതം ചെയ്യുന്നു. ഈ പരാമർശം മലയാളി സമൂഹം യാഥാർഥ്യബോധത്തോടെ തീർച്ചയായും ഉൾക്കൊള്ളണം. ബോഡി ഷെയിമിംഗ് എന്താണെന്ന് നമ്മൾ മലയാളികൾക്ക് തീരെ അറിയുമെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ ആകാരത്തെ പരിഹസിക്കുന്നത് നമ്മുടെ സംസ്കാരം തന്നെയായി മാറിയിരിക്കുന്നു. സ്ത്രീകളെകുറിച്ച് പൊതുസമൂഹം പുലർത്തിപ്പോരുന്ന വികലധാരണകൾ കൈയടികളോടെ ആഘോഷിക്കപ്പെടുന്നത് ഹൈക്കോടതി കർശനമായി വിലക്കിയിരിക്കുന്നു. ദ്വയാർഥ പ്രയോഗങ്ങൾകൊണ്ടും ലൈംഗിക വൈകൃത ചിന്തകളുടെ ഒഴുക്കുകൊണ്ടും അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നവരിൽനിന്നു രക്ഷ ലഭിക്കാൻ ഹൈക്കോടതിതന്നെ ഇടപെട്ടിരിക്കുന്നു. സ്ത്രീവേഷത്തിന്റെ മാന്യതയളക്കാൻ സ്കെയിലുംകൊണ്ടു നടക്കുന്നവർക്കുമാത്രമല്ല, സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നവർക്കു മുഴുവനുമുള്ള മുന്നറിയിപ്പു കൂടിയാണ് ഹൈക്കോടതി വിധി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ജുഡീഷറിയുടെയും ശാരീരിക അധിക്ഷേപം നേരിടുന്നവരുടെയും അഭിമാനം ഉയർത്തിപ്പിടിച്ചിരിക്കുന്നു. ബോഡി ഷെയിമിംഗിന്റെ അർഥം പറഞ്ഞിരിക്കുന്നത്: “ഒരാളുടെ ശരീര ആകൃതിയെക്കുറിച്ചോ വലിപ്പത്തെക്കുറിച്ചോ പരിഹാസമോ വിമർശനാത്മകമോ ആയ അഭിപ്രായങ്ങൾ പറയുകയോ മറ്റുള്ളവരുമായി സാദൃശ്യപ്പെടുത്തി സംസാരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത്” എന്നാണ്. എന്നാൽ, വിശാലാർഥത്തിൽ നോക്കിയാൽ നമ്മൾ അറിഞ്ഞും അറിയാതെയും പല രീതികളിലായി മറ്റൊരു വ്യക്തിയെ താഴ്ത്തിക്കെട്ടാൻ ഉപയോഗിക്കുന്ന എല്ലാ പദപ്രയോഗങ്ങളും ബോഡി ഷെയ്മിംഗ് അഥവാ ശാരീരിക അധിക്ഷേപം തന്നെയാണ്. തലച്ചോറിന്റെ ഉപയോഗം കുറച്ചുവച്ചിരിക്കുന്ന കേരളീയ സമൂഹത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് ബോഡി ഷെയിമിംഗ് എന്നു വന്നിരിക്കുന്നു. സ്ത്രീകൾ അവരുടെ ചുറ്റുപാടില്, വീട്ടില്, സ്കൂളില്, ബസില്, പൊതുയിടങ്ങളില്, നവമാധ്യമങ്ങളില് നിരന്തരം ശാരീരികമായ അതിക്രമത്തിന് ഇരയാകുന്നവരാണ്. സമൂഹത്തിന്റെ പ്രവണതകള്ക്കെതിരേ കലഹിച്ചാല് ശാരീരിക അധിക്ഷേപത്തിലൂടെ മാത്രം മറുപടി പറയാന് കഴിയുന്ന ഒരു പൊതുസമൂഹത്തിന്റെ അക്രമത്വര മനസിലാക്കാൻ കേരള ഹൈക്കോടതിക്കായി എന്നത് ഏറെ അഭിനന്ദനം അർഹിക്കുന്ന വിഷയമാണ്. പൊതുബോധത്തെ ചോദ്യം ചെയ്യുന്നതിന്റെ പേരില് വര്ഷങ്ങളായി ആക്രമിക്കപ്പെടുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. അതിനാണ് ഇപ്പോൾ ഹൈക്കോടതി കടിഞ്ഞാണിട്ടിരിക്കുന്നത്. എത്രയോ വർഷമായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ നിരന്തരം പരിഹസിക്കപ്പെടുന്നു. കറുപ്പു നിറത്തെ വെറുപ്പിന്റെ പര്യായമായി പലരും കാണുന്നു. അധര്മങ്ങളെയും കളവുകളെയും സൂചിപ്പിക്കാന് കറുപ്പിനെയാണ് സാഹിത്യലോകം പോലും ഉപയോഗിച്ചുവരുന്നത്. ‘കറുത്ത മനസിന്റെ ഉടമ’ തുടങ്ങിയ പ്രയോഗങ്ങള് സര്വ സാധാരണമാണ്. കറുപ്പെന്ന നിറം എന്തു ദ്രോഹമാണ് ചെയ്തത്? വെളുപ്പിന് എന്തുകൊണ്ട് അപ്രമാദിത്വം ലഭിക്കുന്നു? വര്ണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ ഔന്നത്യത്തെ അളക്കാന് കഴിയില്ല. ഔന്നത്യത്തിന്റെ അളവുകോല് ആര്ജിച്ചെടുത്ത ആത്മവിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഫലമാണല്ലോ. കറുപ്പിന്റെയും വെളുപ്പിന്റെയും പേരില് മനുഷ്യര്ക്കിടയില് ഭിന്നതയുണ്ടാക്കി അധികാരസോപാനങ്ങളിലെത്താനാണ് ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തികശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യര്ക്കിടയിലെ ഉച്ചനീചത്വങ്ങള് ഇല്ലാതാക്കി അവരെ ഒന്നായിക്കാണാനാണ് യഥാർഥ മനുഷ്യസംസ്കാരം ആവശ്യപ്പെടുന്നത്. വിവിധ വര്ണങ്ങളാല് അലങ്കരിക്കപ്പെട്ട ഭൂമിയാണ് നമ്മുടേത്. ഒരു നിറത്തിനും അതില് മേല്ക്കോയ്മയില്ല. പച്ചയും മഞ്ഞയും നീലയും ചുവപ്പും വെളുപ്പും കറുപ്പുമെല്ലാം വർണരാജിയുടെ വിവിധ ധര്മങ്ങളാണ് നിര്വഹിക്കുന്നത്. അതില് കറുപ്പിനെ മാത്രം ഇകഴ്ത്തിക്കാണിക്കുന്നത് നീതിയല്ല. നാം ലോകത്ത് വളരെ കൗതുകത്തോടെ കണ്ടാസ്വദിക്കുന്ന പലതും കറുപ്പിലുള്ളതാണ്. കറുത്ത നിറമുള്ളവരെ ആദിവാസികളും ദളിതരുമാണെന്ന് തെറ്റിദ്ധരിക്കുകയും വെളുത്ത ശരീരമുള്ള ദളിതരെയും ആദിവാസികളെയും ‘കണ്ടാല് തോന്നില്ല’ എന്നു പറയുകയും ചെയ്യുന്ന മലയാളിയുടെ പൊതുബോധത്തിനു കാരണം ജാതിയെ നിറവുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നതാണ്. ഒരേ പൊതു മനുഷ്യസമുദായത്തില്നിന്നുള്ളവരാണ് വ്യത്യസ്ത ജാതികളും മതങ്ങളുമായി വേര്തിരിഞ്ഞവർ എന്ന സമൂഹരൂപീകരണത്തെ കുറിച്ചുള്ള മൗലികമായ അറിവ് ഇന്നും ആധുനിക മലയാളി സമൂഹത്തിനു നേടാൻ ആയിട്ടില്ല. അല്ലങ്കില് മലയാളിയുടെ ജാതിബോധം അതിനു തയാറാകുന്നില്ല. വംശീയ അധിക്ഷേപങ്ങള്ക്കെതിരേ കേരളീയ പൊതുമണ്ഡലത്തില്നിന്ന് ഉണ്ടായിവരുന്ന പ്രതിഷേധം മലയാളി സ്വായത്തമാക്കുന്ന സാമൂഹിക വളര്ച്ചയുടെ ഒരു പുതിയ ഘട്ടമായി കാണാവുന്നതാണ്. ഇന്നലെവരെ നമ്മുടെ സിനിമകളും ടിവി കോമഡി പരിപാടികളിലെ കറുത്ത മനുഷ്യരെ അധിക്ഷേപിക്കുന്ന വംശീയ തമാശകളും ആസ്വദിച്ച മലയാളികൾ തന്നെയാണ് കറുത്ത നിറക്കാർക്കുനേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ വലിയ പ്രതിഷേധവുമായി രംഗത്തുവരുന്നതെന്നത് സ്വാഗതാർഹമാണ്. സ്ത്രീവിരുദ്ധ ആക്രമണങ്ങൾക്കും പ്രവൃത്തികൾക്കും ആക്ഷേപങ്ങൾക്കും തമാശകൾക്കും നേരേ നിശബ്ദരായിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ അനുകൂലിക്കുകയോ അവർക്കുവേണ്ടി വാദിക്കുകയോപോലും ചെയ്യുന്നവരെയും സമൂഹത്തിൽ കാണാം. ശാരീരിക അധിക്ഷേപം ഒഴിവാക്കപ്പെടണമെന്ന സാമൂഹികബോധം രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവണം, സംഘടനകൾക്കുണ്ടാവണം, മാധ്യമങ്ങൾക്കുണ്ടാവണം, ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ടാവണം, അതുവഴി പൊതു സമൂഹത്തിന്റെ ബോധത്തിലേക്ക് പടരുകയും വേണം.
-ടോണി ചിറ്റിലപ്പിള്ളി
കലോത്സവനടത്തിപ്പ്: വേറിട്ട ചില ചിന്തകൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആഘോഷകാലം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കം. കേരള സർക്കാരിന്റെ എല്ലാ വകുപ്പുകളും സാമൂഹ്യ - സാംസ്കാരിക - കലാ - തൊഴിൽ രംഗങ്ങളിലെ എല്ലാവരും ഒറ്റക്കെട്ടായിനിന്ന് രാപകൽ പ്രയത്നിച്ച് വിജയിപ്പിക്കുന്ന മഹോത്സവം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സഹകരിച്ച് വർണാഭമാക്കുന്ന കലയുടെ ഉത്സവം. എത്ര കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്? കലോത്സവങ്ങൾക്കായി ചെലവഴിക്കുന്ന പണം, മനുഷ്യപ്രയത്നം, ലഭ്യമാകാതെ പോകുന്ന അധ്യയന ദിനങ്ങൾ എന്നിവയ്ക്ക് ആനുപാതികമായി സംസ്ഥാന വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ലഭിക്കുന്നുണ്ടോ? അതിനെപ്പറ്റി എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് വിദ്യാഭ്യാസമേഖല പരിഗണിച്ചിട്ടുണ്ടോ? കലോത്സവങ്ങളിൽ വിജയികളാവുന്ന എത്ര കുട്ടികൾ ജീവിതവിജയതിന്റെ വഴിത്താരയിൽ വർണവിളക്കായി അത്തരം കഴിവുകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? ഗ്രേസ് മാർക്ക് കിട്ടി എ പ്ലസുകളുടെ എണ്ണം കൂട്ടാൻ രക്ഷിതാക്കളും വിദ്യാലയവും കുട്ടികളും ചേർന്നു നടത്തുന്ന പണോത്സവവും സമ്മർദോത്സവവും ആയി ഇത് മാറുന്നുണ്ടോ? അധ്യാപകസംഘടനകൾ വിവിധ കമ്മിറ്റികൾ വിഭജിച്ചെടുത്ത് വിജയിപ്പിക്കുന്നു. അവർ അത് അഭിമാനപ്രശ്നമാക്കിയെടുത്ത് കഠിനാദ്ധ്വാനം ചെയ്യുന്നു. ചിലരെ മഹത്വവൽക്കരിക്കാനും വെള്ളിവെളിച്ചത്തിൽ നിർത്താനും മാത്രമായി കുറെ ചടങ്ങുകൾ. ഇത്തരം ചടങ്ങുകൾ ഈ മഹോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഹൈജാക്ക് ചെയ്യുന്നുണ്ടെങ്കിൽ തിരുത്താനുള്ള ആർജവം നാം കാണിക്കണം. കേരളത്തിലെ മൊത്തം സ്കൂൾകുട്ടികളുടെ എണ്ണം പരിഗണിച്ചാൽ ഇതു കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവല്ലേ? ഇതേ ഉത്സവത്തിൽത്തന്നെ ഇനിയുമേറെ കുട്ടികൾക്ക് പങ്കാളിത്തവും ഗുണവും കിട്ടുന്നരീതിയിൽ മേൽപ്പറഞ്ഞ സംഘാടകർ പിൻനിരയിലും കുട്ടികൾ മുൻനിരയിലുമായിനിന്ന് ഇത് ഒരു യഥാർഥ പഠനപരിശീലന പരിപാടിയായി പുനഃക്രമീകരിക്കാൻ കഴിയണം. ഇപ്പോൾ പഠിക്കുന്ന കുട്ടികളിൽ അസാധാരണ പ്രതിഭാശാലികളെ ഉദ്ഘാടനങ്ങൾക്കും സമ്മാനദാനങ്ങൾക്കും ആദരിക്കലുകൾക്കുമൊക്കെ ക്ഷണിക്കാവുന്നതാണ്. നിർബന്ധമാണെങ്കിൽ സെലിബ്രിറ്റികളും നേതാക്കളും തൊട്ടുപിന്നിൽ നിൽക്കട്ടെ. വിവിധ കമ്മിറ്റികളിൽ തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ച് പുനഃക്രമീകരിച്ചാൽ സംഘാടന പരിശീലനം പ്രായോഗികമായി ലഭിക്കും. സ്കൂൾതല കലോത്സവംമുതൽ എല്ലാ ഘട്ടത്തിലും കുട്ടികൾക്ക് പ്രധാന്യം നൽകി അധ്യാപകരും രാഷ്ട്രീയക്കാരും പിന്നിൽ നിൽക്കണം. നേരം പുലരുന്നതുവരെ തുടരുന്ന മത്സരങ്ങൾ മത്സരാർഥികൾക്കും വിധി കർത്താക്കൾക്കും പീഡനമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാവില്ല. അതൊഴിവാക്കാൻ ശ്രമം നടത്തണം. വ്യത്യസ്ത ഇനങ്ങളെ സാധ്യമായ വിധത്തിൽ ക്ലസ്റ്ററുകളാക്കി, വ്യത്യസ്ത ജില്ലകൾക്ക് വിഭജിച്ചു നൽകി വ്യത്യസ്ത ജില്ലകളിൽ തന്നെ നടത്താൻ സാധിക്കുമോയെന്നു പരിശോധിക്കാം. ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെ പല പ്രശ്നങ്ങളും അങ്ങനെ പരിഹരിക്കാൻ കഴിയും. നിശ്ചിതസമയം കഴിഞ്ഞാൽ മത്സരങ്ങൾ അവസാനിക്കത്തക്കവിധം ഇനങ്ങളുടെ സമയക്രമം പുനഃക്രമീകരണം നടത്തണം. വേദികളുടെ എണ്ണം കൂട്ടണമെങ്കിൽ കൂട്ടണം. വിവിധ പ്രലോഭനങ്ങൾക്ക് കീഴ്പ്പെടുന്ന വിധികർത്താക്കളും അതിനു ചരടുവലിക്കുന്ന പരിശീലകരും എല്ലാം ചർച്ച ചെയ്യപ്പെട്ടതാണ്.
സുരേഷ് രാമനാട്ടുകര
കൗൺസലിംഗ് സൈക്കോളജിസ്റ്റ് ഒഡീജിയ ലേണിംഗ് സൊലൂഷൻസ് രാമനാട്ടുകര, കോഴിക്കോട്
ഒന്നും മിണ്ടാത്തതെന്താണു തത്തേ?
മാസംതോറും ധനമന്ത്രി കെഎസ്ആർടിസിക്ക് സൗജന്യമായി കൊടുക്കുന്ന പണത്തിന്റെ കണക്കു പറഞ്ഞ് ജീവനക്കാരെ അവഹേളിച്ചുകൊണ്ടിരിക്കുന്നതു കേട്ട് കേട്ട്, ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങളെ അറിയിക്കാനണ് ഇതെഴുതുന്നത്. 1967 മുതൽ 1998 വരെ കെഎസ്ആർടിസിയിൽ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്തയാളാണു ലേഖകന്. 1938ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സർക്കാർ ചുമതലയിൽ തുടങ്ങിയതും ലാഭകരമായിരുന്നതുമായ വകുപ്പിനെ 1965ൽ കോർപറേഷനാക്കിയതു മുതലാണ് ശനിദശ തുടങ്ങിയത്. ഇതിനുത്തരവാദി തൊഴിലാളികളല്ല. മറിച്ച്, മാറിമാറി വന്ന സർക്കാരുകളാണ്. ദീർഘവീക്ഷണമില്ലാതെ നഗരങ്ങളിലെ പ്രധാനസ്ഥാനങ്ങളിൽ വായ്പയെടുത്ത് പണിതിടുന്ന കെട്ടിടങ്ങളിൽ എത്രയെണ്ണമാണ് ആർക്കും വേണ്ടാതെ അനാഥമായി കിടക്കുന്നത്? ഇപ്രകാരം ഒഴിഞ്ഞുകിടക്കുന്ന മുറികൾ, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് കൊടുത്താൽ നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. കെസ്ആർടിസിയിൽ പെൻഷൻ ആകുന്നത് മഹാ അപരാധമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്. അയൽസംസ്ഥാനങ്ങളിലെ ഏഴു സർക്കാരുകൾ അവരുടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾ ഏറ്റെടുത്ത് വകുപ്പുകളാക്കി ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി കൊടുത്തുകൊണ്ടിരിക്കുകയാണ്. 2015ൽ പെൻഷൻകാർ സമരം ചെയ്ത അവസരത്തിൽ സമരപ്പന്തലിൽ വന്ന പിണറായി വിജയൻ, എൽഡിഎഫ് അധികാരത്തിൽ വന്നാൽ ട്രാൻസ്പോർട്ട് പെൻഷൻ സർക്കാർ ഏറ്റെടുത്ത് കൃത്യമായി വിതരണം ചെയ്യുമെന്ന് പ്രസംഗിച്ചതാണ്. അധികാരത്തിൽ വന്ന് എട്ടുവർഷമായിട്ടും വാക്കു പാലിക്കാത്തതുകൊണ്ട് ചോദിച്ചു പോകുകയാണ്, “ഒന്നും മിണ്ടാത്തതെന്താണു തത്തേ!” 1.25 ലക്ഷം കോടിയാണ് സ്ഥാപനത്തിന്റെ ആസ്തി എന്നാണറിയുന്നത്. കെഎസ്ആർടിസി സംസ്ഥാനത്തിന്റെ വകയാണ്. അതുകൊണ്ടാണല്ലോ വണ്ടി ഓടിക്കിട്ടുന്ന വരുമാനം ട്രഷറിയിൽ അടയ്ക്കുന്നത്. തന്നെയുമല്ല സർക്കാർ പറയുന്ന എല്ലാ സൗജന്യങ്ങളും ജനങ്ങൾക്കു കൊടുക്കുന്നതും സർക്കാർ വകയായതുകൊണ്ടല്ലേ? എല്ലാ വ്യവസായ സ്ഥാപനങ്ങളിലും യഥാസമയം ഓഡിറ്റ് ചെയ്യുന്നുണ്ട്. കെഎസ്ആർടിസിയിൽ ഇന്നേവരെ ഓഡിറ്റ് നടന്നിട്ടുണ്ടോ? ഓഡിറ്റ് ചെയ്തെങ്കിലല്ലേ സ്ഥാപനത്തിന്റെ ലാഭ-നഷ്ടം അറിയാൻ കഴിയുകയുള്ളൂ. അതില്ലാതെ എന്തടിസ്ഥാനത്തിലാണ് നഷ്ടം എന്നു പറയുന്നത്. കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്നാലല്ലേ കൈയിട്ടു വാരാൻ കഴിയുകയുള്ളൂ. ധനമന്ത്രിയോടു ചോദിക്കട്ടെ... കെഎസ്ആർടിസി മാത്രമേ കേരളത്തിൽ നഷ്ടത്തിലുള്ളോ? സർക്കാർ ലാഭത്തിലാണോ? സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെ കൊടുക്കുന്നതിനുവേണ്ടി മാസംതോറും സർക്കാർ കടമെടുക്കുന്ന തുക എത്രയാണ്? പിന്നെന്താണ് സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയോടു മാത്രം വിവേചനം കാണിക്കുന്നത്? കെഎസ്ആർടിസിയെപ്പോലെ കോടിക്കണക്കിനു രൂപ ദിവസേന സർക്കാരിനു തരുന്ന ഏതു സ്ഥാപനമാണ് ഇന്നു കേരളത്തിലുള്ളത്. എന്നിട്ടും നഷ്ടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയല്ലേ? ശമ്പളവർധന നടത്തുമ്പോൾ എല്ലാ വകുപ്പുകളിലും ആനുപാതികമായി പെൻഷൻ വർധനയും ഡിഎയും കൊടുക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ പെൻഷൻകാർക്ക് 13 വർഷമായി ഒരു രൂപ പോലും വർധനയില്ല. ഞങ്ങളും മനുഷ്യരല്ലേ? ട്രാൻസ്പോർട്ട് പെൻഷൻകാർ പെൻഷൻ വർധനയും മറ്റ് ആനുകൂല്യങ്ങളും മറ്റുളളവരെപ്പോലെ കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ സെക്രട്ടേറിയറ്റിലും ഡിപ്പോകളിലും അനിശ്ചിതകാല സമരത്തിലാണ്.
കെ.ജി. രവീന്ദ്രൻ, വൈക്കം (റിട്ട. കെഎസ്ആർടിസി ഇൻസ്പെക്ടർ)
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
LATEST NEWS
കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള് ആക്രമിച്ചു
ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
കായംകുളത്ത് ബൈക്കിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
വെടിക്കെട്ട് ബാറ്റിംഗുമായി മാർക്രം, നാല് വിക്കറ്റുമായി കേശവ് മഹാരാജ്; ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD