ADVERTISEMENT
ADVERTISEMENT
17
Friday
October 2025
1:49 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാഴ്ചകളിലെ കാഷ്മീർ
Sunday, August 11, 2019 2:15 AM IST
X
ദാൽ തടാകം
ശ്രീനഗറിലെ പ്രധാന തടാകമാണ് ദാൽ. ശിക്കാര വഞ്ചികളാണ് തടാകത്തിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കുന്നത്. താമസത്തിനായി തടാകത്തിൽ ഹൗസ് ബോട്ടുകളുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. പൂക്കളുടെ തടാകമെന്നാണ് ദാലിനെ വിശേഷിപ്പിക്കുന്നത്. തടാകത്തിൽ പൊങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും ചന്തകളും സഞ്ചാരികളെ വളരെ ആകർഷിക്കുന്നവയാണ്. ദാൽ തടാ്കത്തിൽ നിന്ന് മീൻ പിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കാഷ്മീരികളുണ്ട്.
ഷാലിമാർ ബാഗ്
ശ്രീനഗറിലെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാണ് ഷാലിമാർ ബാഗ്. സ്നേഹത്തിന്റെ വാസസ്ഥലം എന്നാണ് ഷാലിമാർ എന്ന വാക്കിനർത്ഥം. മുഗൾ ഗാർഡൻ എന്നും ഈ പൂന്തോട്ടം അറിയപ്പെടുന്നു. ജഹാംഗീർ തന്റെ ഭാര്യ നൂർജഹാനായി 1619ൽ പണിത പൂന്തോട്ടം 31 ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. മൂന്നു തട്ടുകളായി തിരിച്ചാണ് പൂന്തോട്ടം നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെ തട്ടിന് ‘സന്തോഷം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫറാ ബക്ഷ്’ എന്നും മധ്യത്തിലുള്ള തട്ടിന് ‘നല്ലത് നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫൈസ് ബക്ഷ്’ എന്നും ഏറ്റവും താഴെയുള്ള തട്ടിന് ‘ജീവിതം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഹയാത് ബക്ഷ്’ എന്നും പേരു നൽകിയിരിക്കുന്നു. 410 ജലധാരകളാണ് ഷാലിമാർ പൂന്തോട്ടത്തിലുള്ളത്.
പഹൽഗാം
കാഷ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. ആട്ടിടയന്മാരുടെ ഗ്രാമമെന്നാണ് പഹൽഗാം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിലാണ് പഹൽഗാം. ഇവിടെ നിന്നാണ് പ്രസിദ്ധമായ അമർനാഥ് തീർഥാടനം ആരംഭിക്കുന്നത്.
കുങ്കുമം
കാഷ്മീരിലെ പ്രധാപ്പെട്ട കൃഷിയാണ് കുങ്കുമ പൂവ്. പാംപോറിലാണ് കുങ്കുമം വളരെയധികം കൃഷി ചെയ്യുന്നത.് നൂറു കിലോഗ്രാം കുങ്കുമപ്പൂവിൽ നിന്ന് മൂന്നു കിലോ കുങ്കുമമാണ് ലഭിക്കുക. ബിരിയാണിയിലും മധുരപലഹാരങ്ങളിലും മിഠായികളിലും കുങ്കുമം ചേർക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുങ്കുമം കാഷ്മീരിൽ നിന്ന് ലഭിക്കുന്നതാണ്.
കാഷ്മീർ ആപ്പിൾ
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ മൂന്നിൽ രണ്ടും കാഷ്മീർ താഴ്വരയിൽ നിന്നാണ്. അബരി എന്ന വിഭാഗത്തിൽപ്പെടുന്ന ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നത്. ചുവന്ന് തുടുത്ത ചെറിയ വരയുള്ള ഇടത്തരം വലിപ്പമുള്ളവയാണ് അബരി ആപ്പിൾ. കേരളത്തിലടക്കം പലസ്ഥലങ്ങളിലും കാഷ്മീർ ആപ്പിളുകൾ എത്താറുണ്ട്. ഇവയിൽ ചിലതെങ്കിലും കാഷ്മീരിൽ നിന്നുള്ളതല്ലെന്നതാണ് വാസ്തവം. കാഷ്മീരി ആപ്പിളിന് വിപണിയിൽ വൻവിലയാണെങ്കിലും കർഷകനു കാര്യമായ വരുമാനം ലഭിക്കാറില്ല.
ADVERTISEMENT
ഉണ്ണികളേ, ഒരു കഥ പറയാം
ഉണ്ണി അമ്മയന്പലം- പേരിൽത്തന്നെയുണ്ട് "ഉണ്ണിത്തം'. ഒപ്പം അമ്മയും അമ്പലവും. അന്പലപ്പറന്പിൽ അമ്മയെ ചാരിയിരുന്നു കഥ കേൾക്കുന്ന ഉണ്ണിയുടെ ചിത്രമാണ് ഈ പേരു കേൾക്കുമ്പോൾതന്നെ മനസിൽ തെളിയുക. അപ്പോൾപ്പിന്നെ ഇദ്ദേഹം ഒരു ബാലസാഹിത്യകാരനായതിൽ അതിശയമില്ല. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അമ്പതിലേറെ. പത്തു പുരസ്കാരങ്ങളും ലഭിച്ചു. 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം, കഥ-നോവൽ, വൈജ്ഞാനികം, ശാസ്ത്രം എന്നിവയിലെ കേരള ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ എന്നിവയും ഇതിലുൾപ്പെടും. അധ്യാപകനായ ഉണ്ണി കുട്ടികൾക്കുവേണ്ടിയുള്ള എഴുത്തുതുടങ്ങിയിട്ട് ഇരുപത്തഞ്ച് വർഷമായി. കുട്ടികൾക്കായി എഴുതുന്നത് എളുപ്പമല്ല. അവരുടെ ശ്രദ്ധയാകർഷിക്കാൻ, അതു പിടിച്ചുനിർത്താൻ, അവരെ രസിപ്പിക്കാൻ ദശാവതാരം മതിയാകില്ല. എഴുത്തുകാരൻ ഒരേസമയം വിരുതൻ ശങ്കുവും ശിക്കാരി ശംഭുവും രാജുവും രാധയും കുട്ടൂസനും ഡാകിനിയുമെല്ലാമാകേണ്ടിവരും. എഴുത്തിന്റെ, ബാലസാഹിത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഉണ്ണി അമ്മയമ്പലവുമായി സംസാരിക്കുമ്പോൾ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടുമുള്ള എഴുത്തുകാരന്റെ രൂപമാണ് അലാവുദ്ദീന്റെ അദ്ഭുതവിളക്കിൽനിന്നെന്നപോലെ ഉയിർത്തുവരുന്നത്.
വായനയുടെ രസാനുഭവത്തിലേക്ക് കുട്ടികളെ നയിക്കണം
""രക്ഷിതാക്കളും അധ്യാപകരുമാണ് നല്ല ബാലസാഹിത്യം കുട്ടികൾക്ക് വായിക്കാൻ നൽകേണ്ടത്. ഭാഗ്യവശാൽ ഇത് സജീവമായി പലയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ തീരെ വായനയില്ലാത്ത അധ്യാപകരും സമയക്കുറവുള്ള രക്ഷാകർത്താക്കളും കുട്ടികളുടെ ഭാവി പരിഗണിക്കാതെ നല്ല പുസ്തകങ്ങൾ നൽകുന്നതിൽ നിന്ന് മാറിനിൽക്കുന്നു. ഈ സാഹചര്യം മാറണം. വായിക്കുന്നതിന്റെ രസാനുഭവത്തിലേക്ക് കുട്ടികളെ മടക്കിക്കൊണ്ടുവരണം. വായന വാസ്തവത്തിൽ ഒരു പിന്തുണയാണ്. കുട്ടിയുടെ കൂടെനിന്ന് അച്ഛനും അമ്മയും അധ്യാപകരും ഒരുമിച്ചു വായിക്കുന്ന ഒരു വായനാനുഭവത്തിലേക്ക്, ചർച്ചയിലേക്ക് സാഹചര്യങ്ങൾ മാറിവരണം. മറിച്ച് കുട്ടികളോടു വായിക്കാൻ പറയുകയും അധ്യാപകരും രക്ഷാകർത്താക്കളും വായിക്കാതെയിരിക്കുകയും ചെയ്യുമ്പോൾ കുട്ടിക്ക് മുൻപറഞ്ഞതുപോലെ മാതൃകകൾ നഷ്ടമാകുന്നു. അത്തരം ഉപദേശങ്ങൾ അവർക്ക് അരോചകമാകുന്നു. സാവധാനം ഇത്തരം സദ്പ്രവൃത്തികളിൽനിന്ന് കുട്ടി പിൻമാറുന്നു.''
ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളി
ഡിജിറ്റൽ യുഗത്തിൽ, കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുക എന്നതു തീർച്ചയായും വെല്ലുവിളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്. ""നമ്മുടെയൊക്കെ കുട്ടിക്കാലം പോലെയല്ല ഇന്ന്. ഇന്നു കുട്ടികൾക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. പ്രിന്റ് മീഡിയ മാത്രമല്ല. അതുകൊണ്ടുതന്നെ ഈ ഭൂലോകം മുഴുവൻ വിരൽത്തുമ്പിൽ കിട്ടുന്ന ഒരു കുട്ടിയെ വായനയുടെ ഉല്ലാസകരമായ സാഹചര്യത്തിലേക്കു കൊണ്ടുവരണമെങ്കിൽ അവർക്ക് ഡിജിറ്റൽ മീഡിയ നല്കുന്ന സംതൃപ്തിയേക്കാൾ ഉയർന്ന എന്തെങ്കിലും ഒരു പുസ്തകം കൊണ്ട്, ഒരു കഥ കൊണ്ട്, ഒരു കവിത കൊണ്ട്, ഒരു നോവൽ കൊണ്ട് കിട്ടണം. അത്തരത്തിൽ കുട്ടികൾക്കു വേണ്ടി എഴുതുമ്പോൾ മാത്രമാണ് ഇന്നത്തെ കാലത്ത് ബാലസാഹിത്യം അല്ലെങ്കിൽ ബാലസാഹിത്യകൃതി വിജയിക്കുന്നത്. വിരൽത്തുമ്പിൽ സെർച്ച് ചെയ്യുമ്പോൾ കിട്ടാത്തത് എന്താണോ അത് കുട്ടികൾക്ക് കൊടുക്കുക എന്നതാണ് ഇന്നത്തെ ബാലസാഹിത്യകാരന്മാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.''
പുതിയ കാലത്തെ എഴുത്ത്
പരന്പരാഗതമായ ബാലകഥകൾക്ക് ഇപ്പോൾ പ്രസക്തിയുണ്ടോ എന്നായിരുന്നു മറ്റൊരു സന്ദേഹം. പരമ്പരാഗത ബാലകഥകൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല എന്നു പറഞ്ഞ അദ്ദേഹം അതിന്റെ കാരണങ്ങളും വിശദീകരിച്ചു. ""കാലം മാറി. കുട്ടികളുടെ അനുഭവ തലങ്ങൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ കാലത്തെ കുട്ടികൾക്ക് വേണ്ടി എഴുതുക എന്നുള്ളത് ബാലസാഹിത്യകാരന്മാരുടെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണം. പരമ്പരാഗത ബാലകഥകൾ ഗൂഗിളിൽ നിന്നോ മറ്റോ ഒക്കെ കിട്ടാൻ സാധ്യത കൂടുതലാണ്. പഴയ പുസ്തകങ്ങളൊക്കെ ലൈബ്രറികളിൽ കാണും. പക്ഷേ അതൊന്നും പുതിയ കുട്ടികൾ തേടിപ്പിടിച്ച് വായിക്കണം എന്നില്ല. അവന്റെ ലോകത്തെ കണ്ടുകൊണ്ട് എഴുതാൻ ശ്രമിക്കുന്നതാണ് വിജയകരമായ ബാലസാഹിത്യരചന.'' സംഭാഷണം ഒരു ട്രാക്കിൽ കയറിയതോടെ വാക്കുകളും ആശയങ്ങളും ഒഴുകി. തട്ടുംതടവുമില്ലാതെ തന്റെ ആത്മാംശമായ ബാലസാഹിത്യത്തെക്കുറിച്ച് അദ്ദേഹം മനസു തുറക്കുകയായിരുന്നു.
ബാലസാഹിത്യം കുട്ടിക്കളിയല്ല
""ബാലസാഹിത്യം വെറും വിനോദം മാത്രമല്ല. എന്നാൽ അതിൽ വിനോദവും കൗതുകകരമായ കഥകളും കാര്യങ്ങളും ഒക്കെയുണ്ട്. ഇന്നത്തെ കുട്ടി നാളത്തെ പൗരനാണ്. മാറിവരുന്ന ഈ ലോകത്തെ മനസിലാക്കി ജീവിക്കാനുള്ള കരുത്ത് ഇന്നത്തെ കുട്ടികൾക്ക് നൽകുക. അവർ അനുഭവിച്ചുവരുന്ന ലോകം തെറ്റിന്റെയും ശരിയുടേതും കൂടിയാണ്. ഏത് ശരി ഏത് തെറ്റ് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം ഇടകലർന്ന ഒരു ലോകത്താണ് കുട്ടി വളർന്ന് മുന്നോട്ട് യാത്ര ചെയ്യുന്നത്. അപ്പോൾ ഏതാണ് മൂല്യത്തെ മുറുകെ പിടിച്ചുള്ള ജീവിതം, ഏതാണ് മൂല്യരഹിതമായ ജീവിതം, താൻ എന്താണു ചെയ്യേണ്ടത്, താനെങ്ങനെ ആകണം എന്നൊക്കെയുള്ള കൃത്യമായ കാഴ്ചപ്പാട്, വ്യക്തിത്വം, കുട്ടിക്കാലം മുതൽ രൂപപ്പെടേണ്ടത് ആവശ്യമാണ്. ഭാവിയിലേക്ക് ഒരു കുട്ടിയെ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇക്കാലത്ത് ബാലസാഹിത്യം പ്രധാനമായും ലക്ഷ്യംവയ്ക്കേണ്ടത്. പുതിയകാലത്ത് ഞാൻ കുട്ടികളുമായി സംവദിക്കാനും സംസാരിക്കാനും ആഗ്രഹിക്കുന്നത് ഈ കാലത്തെ നേരിടേണ്ടത് എങ്ങനെ എന്നാണ്. വായന കുട്ടികളിൽ കുറഞ്ഞുവരുന്നു. അവർ ഡിജിറ്റൽ മീഡിയയുടെ സ്വാധീനത്തിൽ അകപ്പെട്ടുപോകുന്നു. ഏത് ശരി ഏത് തെറ്റ് എന്ന് തിരിച്ചറിയാനാകാത്തവിധം കുട്ടികൾ ഒരു ദൂഷിതവലയത്തിൽ അലയുന്ന സാഹചര്യത്തിൽ നേർവഴി കാട്ടുന്ന മികച്ച ബാലസാഹിത്യം കൊടുക്കുക അതാണ് എന്റെ ലക്ഷ്യം.''
മാതൃകകൾ ഇല്ലാത്ത കാലം
ഇന്നത്തെ കുട്ടികൾക്ക് പരിചിതമായ സാഹചര്യത്തിൽനിന്ന് പരിചിതമായ കഥാപാത്രങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. പല കുടുംബങ്ങളിലും കുട്ടിയെ കേൾക്കാനും കാണാനും ആരും ഇല്ലാത്ത അവസ്ഥയുണ്ട്. തകർന്ന കുടുംബങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ ജീവിതത്തെയോ അവരുടെ വിചാരത്തെയോ വികാരങ്ങളെയോ സ്വപ്നങ്ങളെയോ ആശയക്കുഴപ്പങ്ങളെയോ അവർക്ക് ഈ ലോകം നൽകുന്ന പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ കേൾക്കാൻ പലപ്പോഴും അധ്യാപകരോ വീട്ടുകാരോ സമൂഹമോ നിയമസംവിധാനങ്ങളോ തയാറാകുന്നില്ല. ആ സാഹചര്യത്തിൽ ഒരു പുസ്തകം ആശ്വാസമായെന്നുവരാം. മാതൃകകൾ ഒന്നും ഇല്ലാത്ത ഒരു കാലം. ചുറ്റുംനോക്കിയാൽ വലിയ മനുഷ്യരെയൊന്നും അങ്ങനെ കാണാനില്ല. നോക്കുന്നതും കാണുന്നതും എല്ലാം നെഗറ്റീവ്. അവിടെ ബാലസാഹിത്യത്തിന് പ്രസക്തിയുണ്ട്.''
കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കണം
""ഞാൻ കഴിഞ്ഞ 25 വർഷമായി അധ്യാപകനാണ്. അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നുണ്ട്. അധ്യാപകർക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയും രക്ഷാകർത്താക്കൾക്കുവേണ്ടിയും പുസ്തകങ്ങൾ എഴുതുന്നു. സെമിനാറുകൾ നടത്തുന്നു. കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നു. ഇതിൽ നിന്നൊക്കെ ഇന്നത്തെ കുട്ടിയുടെ മനസ് എന്താണെന്ന് ഏറെക്കുറെ മനസിലാകുന്നുണ്ട്. ആ മനസിലാക്കലിനോട് അല്പം ഭാവനയും കൂടി ചേർത്ത് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ആത്യന്തികമായി കുട്ടികൾ വഴിതെറ്റാതെ നന്മയിലേക്ക് പോകുന്നതിന് ഒരു വഴിയൊരുക്കുക. അതാണ് കുട്ടികളുടെ ഭാഗത്തുനിന്ന് ഞാൻ ചിന്തിക്കുന്നത്. കുട്ടികൾക്ക് ചിത്രങ്ങളും ഇഷ്ടമാണ്. കഥകളും ഇഷ്ടമാണ്. കൗതുകകരമായ കഥകൾ, അതായത് അവർ ഇതുവരെയും കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങൾ ഉള്ള കഥകളാണ് അവർക്കിഷ്ടം. ചിത്രങ്ങളും പ്രധാനമാണ്. പലപ്പോഴും നമ്മുടെ ബാലസാഹിത്യ പുസ്തകങ്ങളിൽ കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ ഉണ്ടാകുന്നില്ല എന്നത് സങ്കടകരമാണ്. വല്ലപ്പോഴും വരുന്ന വളരെ ഗംഭീരമായ ചില ചിത്രങ്ങൾ മാത്രമാണ് ആശ്വാസം. മലയാള ബാലസാഹിത്യം വളരെ സമ്പന്നമാണ്. എല്ലാത്തരം കുട്ടികൾക്കും ആവശ്യമായ രചനകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ തീരെ മോശപ്പെട്ട പുസ്തകങ്ങളും വരുന്നു. മോശപ്പെട്ട പുസ്തകങ്ങൾക്കിടയിൽ ധാരാളം നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ പ്രതിസന്ധിഘട്ടം എന്റെ കൂടെ പ്രതിസന്ധിയായി മാറുന്നു. മാത്രമല്ല ഈ ഘട്ടത്തിൽ ഞാൻ ഒരു കുട്ടിയാണെങ്കിൽ എങ്ങനെ ചിന്തിക്കും, അങ്ങനെയാണ് ഞാൻ പുസ്തകം എഴുതാൻ ഇരിക്കുന്നത്.''
നഷ്ടലോകത്തെ വഴികാട്ടിയാകണം
""മുത്തശി, മുത്തശൻ, അച്ഛൻ, അമ്മ ഇതൊക്കെ എക്കാലവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതൊക്കെ നഷ്ടപ്പെടുന്ന വീടുകൾ ഉണ്ടാകാം. നഷ്ടപ്പെടാത്ത വീടുകൾ ഉണ്ടാകാം. ഇതൊക്കെ നഷ്ടമാകുന്ന ഇടത്താണ് നല്ല കഥകൾ പറയുന്ന പുസ്തകങ്ങൾ ഉണ്ടാകേണ്ടത്. വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഇത്തരം പുസ്തകങ്ങൾ അമ്മയും അച്ഛനും കുട്ടികളെ വായിച്ചു കേൾപ്പിക്കണം. കുട്ടി എപ്പോഴും ശ്രദ്ധിക്കുന്നത് ജീവിതമാണ്. പ്രവൃത്തിയാണ്. വായിക്കുന്ന അച്ഛൻ, വായിക്കുന്ന അമ്മ കുട്ടിയെ സ്വാധീനിക്കും. മുത്തശിമാരുടെ അഭാവത്തിൽ അവരുടെകൂടി റോൾ ഏറ്റെടുക്കേണ്ടത് വീട്ടിലെ മറ്റെല്ലാവരും കൂടിയാണ്. കൂടാതെ സ്കൂളിലെ അധ്യാപകരും.''
എഴുത്ത് തുടങ്ങിയത്
കുട്ടിക്കാലത്താണ് ഞാൻ എഴുത്ത് തുടങ്ങിയത്. സ്കൂളിൽ പോയി പഠിച്ചിട്ടില്ലാത്ത ഷാജി എന്ന പേരിലുള്ള ഒരു കാഥികൻ ആണ് എന്നെ എഴുത്തിലേക്കു കൊണ്ടുവന്നത്. ഗ്രാമത്തിലെ ഒരു ചെറിയ വായനശാല എന്നെ എഴുത്തുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ആദ്യകാലങ്ങളിൽ ധാരാളം വായിക്കുകയും ചർച്ചചെയ്യുകയും ചെയ്തു. പിന്നീട് മറ്റുള്ളവർ കഥ എഴുതുന്നതുപോലെ എഴുതണം എന്നുള്ള ആഗ്രഹത്തിന്റെ ഫലമായാണ് ഞാൻ എഴുത്തു തുടങ്ങിയത്. സ്കൂളിൽ കൈകേയി എന്ന മലയാളം അധ്യാപികയാണ് പ്രോത്സാഹിപ്പിച്ചത്, ഒപ്പം മുത്തുസ്വാമി സാറും.''
എപ്പോഴും അധ്യാപകൻ
അധ്യാപകനായിരുന്നു ഞാൻ എപ്പോഴും. കഥ പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ ശ്രദ്ധയോടെ കേൾക്കാറുണ്ട്. ആദ്യം ഞാൻ കഥകൾ പറഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടികൾ ശ്രദ്ധയോടെ കേൾക്കുകയും അതിന്റെ ബാക്കി എന്ത് ബാക്കി എന്ത് എന്ന് ചോദിച്ചു വരികയും ചെയ്തു. അപ്പോഴാണ് ബാലസാഹിത്യത്തിലേക്ക് തിരിഞ്ഞത്. എന്നാൽ കുട്ടിക്കാലം മുതൽ കവിതയും നാടകവും ഒക്കെ എഴുതിത്തുടങ്ങി. ബാലസാഹിത്യം വളരെ വൈകിയാണ് എഴുതിയത്.''
മൊബൈൽ, കംപ്യൂട്ടർ, എഐ
""മൊബൈൽ, കംപ്യൂട്ടർ, എഐ എന്നിവയെല്ലാം കാലത്തിന്റെ ആവശ്യമാണ്. ഇതൊന്നുമില്ലാത്ത ഒരു ജീവിതം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല. എഐയുടെ അപകടം വളരെ വലുതാണ്. അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു.''
അതിവേഗം വളരുന്ന കുട്ടികൾ
""വളരുന്ന കുട്ടികൾക്ക് അവരുടെ വളർച്ചയും പ്രായവുമനുസരിച്ചുള്ള ബാലസാഹിത്യം ഉണ്ടാകണം. അക്കാര്യത്തിൽ മലയാളത്തിലെ ബാലസാഹിത്യശാഖ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഓരോ പ്രായത്തിനുമനുസരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകണം. എല്ലാകാര്യത്തിനും ഇവിടെ സിലബസ് ഉണ്ട്. പക്ഷേ എന്തു വായിക്കണം എങ്ങനെ വായിക്കണം അതിനുമാത്രം സിലബസ് ഇല്ല. ഏതുതരം പുസ്തകങ്ങൾ വായിക്കണം എന്ന് സ്കൂൾ അധികാരികളോ അല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പോ കുട്ടികൾക്കു വേണ്ടത്ര നിർദേശം നൽകുന്നില്ല എന്നു തോന്നുന്നു.''
അൽഗോരിതങ്ങളുടെ നാട്
""2024ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതിയാണ് "അൽഗോരിതങ്ങളുടെ നാട്.' തീർച്ചയായും എനിക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ബാലസാഹിത്യരംഗത്ത് നിലവിലുള്ള ബാലസാഹിത്യ രചനകളിൽനിന്ന് വേറിട്ട ഒരു രചനയാണത്. വായനക്കാരായ കുട്ടികളും മുതിർന്നവരും അത്തരത്തിൽ എന്നോട് സംസാരിച്ചിട്ടുണ്ട്. നിലവിലുള്ള എഴുത്തുരീതികളിൽനിന്ന് മാറി ചിന്തിച്ചതിന്റെ ഫലം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അൽഗോരിതങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതെന്നും ഭാവിയിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നുമാണ് പറയാൻ ശ്രമിച്ചത്. അഞ്ചു വർഷംമുമ്പ് ഞാൻ എഴുതിയ പല കാര്യങ്ങളും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് വളരെ ആശാവഹമാണ്. നമ്മൾ ഭാവനയിൽ എഴുതിവച്ച പലതും യാഥാർഥ്യമാകുമ്പോൾ സന്തോഷമുണ്ട്. പൂർണമായും യന്ത്രങ്ങളെ വിശ്വസിക്കരുതെന്നും മനുഷ്യൻ, മനുഷ്യന്റെ ശക്തി, മനുഷ്യന്റെ മഹത്വം അതാണ് പ്രധാനം എന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.''
സ്വാധീനിച്ചവർ
""ഡോ. കെ. ശ്രീകുമാർ, സിപ്പി പള്ളിപ്പുറം, തേക്കിൻകാട് ജോസഫ്, പി. നരേന്ദ്രനാഥ്, നന്തനാർ, പ്രഫ. എസ്. ശിവദാസ് തുടങ്ങിയവരാണ് സ്വാധീനിച്ച ബാലസാഹിത്യ എഴുത്തുകാർ. മറ്റു ഭാഷകളിലെയും ഇംഗ്ലീഷിലെയും ധാരാളം എഴുത്തുകാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്.'' അങ്ങനെ ഉണ്ണി അമ്മയന്പലം പറഞ്ഞുനിർത്തുന്നു. പുതിയ കുട്ടികൾക്ക് വേണ്ടി, പുതിയ കാലത്തിനുവേണ്ടി എഴുതുക. ഒപ്പം പുതിയ ബാലസാഹിത്യം വായിക്കുക. കഥ തുടരും.
വായിച്ചു വളർന്ന വാസവൻ
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും... - മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു...
എളിയനിലയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ടാം പിണറായി സർക്കാരിൽ നിർണായക വകുപ്പുകൾ കൈകൈര്യചെയ്തു കഴിവുതെളിയിച്ച മന്ത്രിയാണ് വി.എൻ. വാസവൻ. പിഴവില്ലാതെയും കാടുകയറ്റമില്ലാതെയും വിഷയത്തിൽ കേന്ദ്രീകരിച്ച പ്രസംഗിക്കുന്നതിൽ അതിവിദഗ്ധനാണ് വാസവനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ സാമാന്യം മികച്ചരീതിയിൽ അവതരിപ്പിക്കാനും ചോദ്യങ്ങൾക്കു മറുപടി പറയാനുമുള്ള ജ്ഞാനവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ പരുവപ്പെട്ടുവന്നതിനെക്കുറിച്ച് വാസവൻ സൺഡേദീപികയോടു മനസു തുറക്കുകയാണ്. വിദ്യാഭ്യാസ-യുവജന കാലഘട്ടത്തിൽ പുസ്തക വായന ഹരമായിരുന്നു. ലൈബ്രറി കേന്ദ്രീകരിച്ച് നല്ല പുസ്തകങ്ങളെടുത്ത് മത്സരിച്ചു വായിക്കുകയും സുഹൃത്തുക്കളുമൊത്ത് ചർച്ചനടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക എന്നതിൽ കൂടുതൽ ആനന്ദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതലും യാത്രയ്ക്കിടയിലാണ് വായന. ട്രെയിനിലാണ് യാത്രയെങ്കിൽ വായനയ്ക്ക് ഉത്സാഹം കൂടും.
പ്രസംഗത്തിലെ കൂട്ട്
പ്രസംഗത്തിൽ വായനയുടെ സ്വാധീനം വലുതാണ്. ചിലപ്പോള്‍ സന്ദര്ഭങ്ങള്ക്കനുസരിച്ചു ചില കവിതകള്‍ ക്വോട്ടുചെയ്യാന് പറ്റും. ചില കവിതകളുടെ ഭാഗം ഉദ്ധരിച്ചാല്‍ ആസ്വാദകന് അത് ആസ്വദിക്കാന്‍ പറ്റും. കുമാരനാശാന്റെ, വള്ളത്തോളിന്റെ, ചങ്ങമ്പുഴയുടെ, സുഗതകുമാരി ടീച്ചറുടെ പിന്നെ ആധുനിക കാലഘട്ടത്തിലെ മുരുകന് കാട്ടാക്കടയുടെ. ഞാന്‍ അസംബ്ലിയിലും ഇങ്ങനെയൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തോ എഴുതി വായിച്ചോ ഒന്നുമല്ല ഇങ്ങനെ ചെയ്യുന്നത്. ഇക്കാര്യങ്ങളൊക്കെ ഓര്‍മയില്‍ നില്ക്കുന്നതിനു പിന്നില്‍ രാവിലെയുള്ള യോഗ ഒരു പ്രധാന ഘടകമാണ്. രാവിലെയുള്ള നടത്തത്തിനിടയിലും അന്നത്തെ കാര്യങ്ങള്‍ ഓര്‍മയില്‍ വരും. ചിലപ്പോള്‍ പത്തും പതിനേഴും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അവയൊക്കെ വ്യത്യസ്ത വിഷയങ്ങളായിരിക്കും. വിഷയം മാറി ഒരു പ്ലാറ്റ്ഫോമിലും അവതരിപ്പിക്കാറില്ല. സദസിനെ ബോറടിപ്പിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും. ആതുരസേവനരംഗത്തിന്റെ കാര്യമെടുത്താല്‍ നമ്മളാരും ഡോക്ടര്‍മാരല്ല, എങ്കിലും നിരവധി ഡോക്ടര്‍മാരുമായുള്ള പരിചയവും രോഗികളെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചുള്ള അറിവും വായനയില്‍ക്കൂടി ലഭിക്കുന്നതാണ്. അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. മലയാളിക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് ആദ്യമായി ലഭിക്കുന്നത് എസ്.കെ. പൊറ്റേക്കാടിന്റെ യാത്രാവിവരണത്തിലൂടെയാണ്. പാതിരാസൂര്യന്റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്, ഇന്‍ഡോനേഷ്യന്‍ ഡയറി തുടങ്ങി എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. സാഹിത്യം മാത്രമല്ല അതിലുള്ളത്. അവയൊക്കെ വായിക്കുമ്പോള്‍ ആ നാട്ടിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് നമുക്കു തോന്നുക. ഓരോ നാടിന്റെയും സവിശേഷതയാണ് എസ്.കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ വെളിവാകുന്നത്. അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്നെ ആകര്‍ഷിച്ച മറ്റൊരു ഗ്രന്ഥമാണ്. തകഴിയുടെ ചെമ്മീന്‍, കയര്‍ എന്നിവയും കേശവദേവിന്റെ ഓടയില്‍നിന്ന് ഇവയൊക്കെ മനസില്‍നിന്നു മായാത്തവയാണ്. ഞാൻ ബഷീറിന്റെയും പൊന്‍കുന്നം വര്ക്കിയുടെയുമൊക്കെ ആരാധകനാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കുന്ന ഒഎന്വിയെപ്പോലുള്ളവരുടെ കവിതകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമഗീതമെടുത്താല് ഭൂമിക്കു വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് എത്ര ഭാവനാപൂര്‍ണമായാണ് വര്‍ണിച്ചിരിക്കുന്നത്. 1940ല്‍ ആനുകാലികങ്ങളില്‍ വര്‍ക്കിസാര്‍ എഴുതിയിരുന്ന പത്തു കഥകള്‍ കൂട്ടിച്ചേര്‍ത്ത് കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍ സ് പുറത്തിറക്കിയ ഒരുത്തന്‍കൂടി വന്നു എന്ന കഥ നമ്മുടെ കുടുംബാസൂത്രണ പരിപാടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സര് സിപിക്കെതിരായുള്ള വര്‍ക്കി സാറിന്റെ സിംബോളിക്കായിട്ടുള്ള കഥ എന്നെ ഏറെ ആകര്‍ഷിച്ചതാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും ഏറെ പ്രസക്തമാണ്.
അതിരില്ല, വായനയ്ക്ക്
ആദ്യകാലഘട്ടങ്ങളില്‍ ഉള്ളൂരിന്റെ കവിതകള്‍ക്ക് കഥകളേക്കാള്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. ആശാന്റെയും വൈലോപ്പള്ളിയുടെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളും ഏറെ ആസ്വദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. വ്യത്യസ്ത തലങ്ങളിലുള്ള വീക്ഷണങ്ങളാണ് ഓരോ എഴുത്തുകാര്‍ക്കുമുള്ളത്. ആ വീക്ഷണങ്ങളെ സ്വാംശീകരിക്കുമ്പോഴാണ് സങ്കുചിത ഭാവങ്ങള്‍ വെടിയാന്‍ കഴിയുന്നത്. നവോത്ഥാന നായകന് എന്ന രീതിയില്‍ ആദ്യം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് അയ്യാ വൈകുണ്ഠ സ്വാമിയെക്കുറിച്ചാണ്. അത് തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ഭാഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ചാവറയച്ചന്റെ പ്രത്യേകത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നു എന്നുള്ളതാണ്. 1805ലാണ് ചാവറയച്ചന്റെ ജനനം. പിന്നാക്കക്കാര്‍ക്ക് മുട്ടിനു താഴെ മുണ്ടുടുക്കാനും വഴിനടക്കാനും കഴുത്തില്‍ മാല ധരിക്കാനും സ്ത്രീകള്‍ക്കു മാറു മറയ്ക്കാനും സ്വാതന്ത്ര്യമില്ലാത്ത, മേലാളന്മാരെ കാണുമ്പോള്‍ കീഴാളന്മാര് ഓടിയൊളിക്കണമെന്ന അലിഖിതനിയമവും രാജാധിപത്യമുള്ള അക്കാലത്ത്, കേരളം ജന്മമെടുത്തിട്ടില്ല.
ചാവറയച്ചന്റെ വരവ്
1839 ആയപ്പോഴേക്കുമാണ് ചാവറയച്ചന് ഏറെ തീക്ഷ്ണമതിയായി മുന്നോട്ടുവന്നത്. 1846ല്‍ മാന്നാനത്ത് ആദ്യത്തെ സംസ്കൃത സ്കൂള്‍ ആരംഭിച്ചു. 1821ല്‍ ബഞ്ചമിന് ബെയ്ലി പ്രസുമായി കോട്ടയത്തു സിഎംഎസില്‍ വന്നെങ്കിലും അതു മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തില്ല. ആ സമയത്ത് അച്ചന് തിരുവനന്തപുരത്തു പോയി സ്വാതി തിരുനാളിനെ കണ്ട് ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത പ്രസ് കാണാന്‍ അനുമതി ചോദിച്ചു. അനുമതി കിട്ടി. കൂടെക്കൂട്ടിയിരുന്ന മുട്ടുചിറക്കാരന്‍ ആശാരിയെക്കൊണ്ട് വാഴപ്പിണ്ടിയില്‍ ആലേഖനം ചെയ്തു കൊണ്ടുവന്ന രൂപരേഖയിലാണ് മാന്നാനത്ത് പ്രസ് സ്ഥാപിച്ചത്. ആ പ്രസ് അന്ന് അവിടെ ആരംഭിച്ചതുകൊണ്ടാണ് പിന്നീട് നിധീരിക്കല്‍ മാണിക്കത്തനാര്ക്കു ദീപിക തുടങ്ങാന്‍ സാധിച്ചത്. കേരളത്തിലെ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ചാവറയച്ചനെയും നിധീരിക്കല്‍ മാണിക്കത്തനാരെയും വിസ്മരിക്കാനാവില്ല. പിന്നീടുള്ള ഒരു വിപ്ലവം കാണുന്നത് ചാവറയച്ചന് ആര്‍പ്പൂക്കര കേന്ദ്രീകരിച്ച് ആരംഭിച്ച സ്കൂളില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം നല്കി എന്നുള്ളതാണ്. ദളിതരുള്‍പ്പെടെ. അത് ആ കാലഘട്ടത്തില്‍ എത്രയോ മഹത്തരമാണ്. എന്നിട്ടും പട്ടിണിമൂലം ആ സ്കൂളില്‍ ദളിതരായ വിദ്യാര്‍ഥികള്‍ എത്തിയില്ല. അവരുടെ ദാരിദ്ര്യമകറ്റാന്‍ പാട്ടത്തിനു പാടമെടുത്ത് നെല്ലു കൃഷിചെയ്തു ലഭിച്ച അരി ദളിതരുടെ കുടിലുകളില്‍ വിതരണംചെയ്താണ് കുട്ടികളെ സ്കൂളില്‍ എത്തിച്ചത്. പുരോഗമനപരമായ ഒരു സാമൂഹ്യമാറ്റത്തിന്റെ ഉദാത്തമായ മാറ്റമായിരുന്നു ഇത്. അതുകൊണ്ടാണ് ചാവറയച്ചന് ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവാണെന്നു ഞാന്‍ പറയുന്നത്. കുടുംബബന്ധങ്ങളുടെ പവിത്രത ഊട്ടിയുറപ്പിച്ചതും ചാവറയച്ചനാണ്. അച്ഛനും അമ്മയും മക്കളുമൊത്തുള്ള കുടുംബജീവിതത്തിനു പ്രോത്സാഹനം നല്കി. അവര്‍ക്കു ലഭിക്കുന്ന കൂലിയില്‍നിന്ന് ഒരു ചെറിയ ശതമാനം പൊതുക്കാര്യങ്ങള്‍ക്കു മാറ്റിക്കൊടുക്കണമെന്നുള്ള ഒരു സന്ദേശം നല്കിയതും അദ്ദേഹമാണ്.
വർഗീയത ആപത്ത്
ഇക്കാലത്ത് വര്‍ഗീയത ഇതുപോലെ വ്യാപിക്കാനുള്ള കാരണം വായന കുറഞ്ഞതാണ്. ആധുനിക മുതലാളിത്തത്തിന്റെ കൗശലപൂര്‍ണമായ ഒരു സമീപനവും ഇതിനു പിന്നിലുണ്ട്. ചൂഷണവും ജന്മിനാടു വാഴ്ചയുടെ അവശിഷ്ടങ്ങളും മാറി. ചാവറയച്ചനും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും വക്കം മൗലവിയുമുള്പ്പെടെയുള്ള നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വര്‍ഗ പ്രസ്ഥാനങ്ങള്‍ നശിച്ചുതുടങ്ങി. അപ്പോള്‍ മുതലാളിത്തം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മതേതരത്വ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ തലപൊക്കിത്തുടങ്ങി. ഏതു വര്‍ഗീയതയാണെങ്കിലും നമുക്ക് ആപത്താണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന് ആവശ്യം. ഇത് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഏറെ വിഷമം. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമൊക്കെ കന്യാസ്ത്രീകളെ ആക്രമിച്ചതൊക്കെ നാം കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ഏറെയുണ്ട്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍പോലും അവിടെക്കയറി വിശ്വാസികളെ ആട്ടിപ്പായിക്കുന്നു. കേസുകൊടുത്താല്‍ പോലീസുകാര്‍പോലും അക്രമികളുടെ കൂടെ കൂടുന്നു. ഫാദര്‍ സ്റ്റാന്‍സ്വാമി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഗ്രഹാം സ്റ്റെയിന്‍സിന്റെ അനുഭവവും നാം കണ്ടതാണ്. അച്ചടിച്ച പുസ്തകങ്ങള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള ചെലവു കൂടി. വായനയെ എങ്ങനെയും തടസപ്പെടുത്തുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. ജയിലില്‍ക്കിടന്നു മാപ്പെഴുതി കൊടുത്ത സവര്‍ക്കറെ മഹത്വവത്കരിക്കുന്നു. ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധിക്കുന്നു.
നിഷ്പക്ഷതയോടെ ദീപിക
മാതാപിതാക്കളെയും ഗുരുക്കന്മാരെയും അതിഥികളെയും ബഹുമാനിക്കേണ്ടത് നമ്മുടെ സംസ്കാരത്തില്നിന്നുതന്നെ ഉടലെടുക്കേണ്ടതാണ്. പത്രവായന ഒഴിവാക്കുന്നത് വലിയ ഒരു അപചയത്തിലേക്കുള്ള പോക്കാണ്. ദീപിക ഉള്‍പ്പെടെ നാലു പത്രങ്ങള്‍ ഞാന്‍ വായിക്കും. ദീപികയുടെ നിലപാടുകള്‍ ചില ഘട്ടങ്ങളില്‍ യാഥാര്‍ഥ്യബോധത്തോടെ വരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പഠിക്കാതെയും വന്നിട്ടുണ്ട്. അത് എഴുതുന്ന ആളുകളുടെ മനോധര്മമനുസരിച്ചായിരിക്കാം. നിഷ്പക്ഷതയാണ് ദീപികയുടെ മുഖമുദ്ര. എങ്കിലും പ്രതിപക്ഷം ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു. എനിക്ക് അറിയാന്‍ വയ്യാത്ത ഒരു കാര്യമാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അറിവുള്ളവരോടു ചോദിക്കും. ആണവകരാറിനെക്കുറിച്ചു നിയമസഭയില്‍ സംസാരിക്കേണ്ട ഒരവസരം വന്ന ഘട്ടത്തില്‍ മൂന്നു ദിവസം ഞാനതിനെക്കുറിച്ചു പഠിച്ചതിനുശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. ഇത്തരത്തിൽ വായിച്ചു വളർന്നതിന്റെ ഗുണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്നും വാസവൻ പറയുന്നു.
ശനി ശിംഗനാപുര്‍: പൂട്ടുകളില്ലാത്ത അദ്ഭുത ഗ്രാമം
വാതിലുകളും പൂട്ടുകളുമില്ലാത്ത ഒരു വീട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? ഇന്ത്യയില്‍ അങ്ങനെയൊരു ഗ്രാമംതന്നെയുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. എന്നാല്‍ അതു യാഥാര്‍ഥ്യമാണ്. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ആണ് ആ അദ്ഭുത ഗ്രാമം. വീടുകൾക്കു വാതിലുകളും കടകള്‍ക്ക് പൂട്ടുകളുമില്ലെങ്കിലും ഗ്രാമവാസികള്‍ക്ക് യാതൊരു അരക്ഷിതത്വവും ഇവിടെ അനുഭവപ്പെടാറില്ല. ശനി ഭഗവാനിലുള്ള വിശ്വാസമാണ് ഈ നാട്ടുകാരുടെ ധൈര്യത്തിനു കാരണമത്രേ. തങ്ങളുടെ ഗ്രാമത്തെ ശനി ദേവന് ആപത്തുകളില്‍നിന്നു സംരക്ഷിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. ദിവസേന നിരവധി തീര്‍ത്ഥാടകരാണ് ഇവിടെയുള്ള ശനിദേവ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ശനിദേവ ക്ഷേത്രത്തെയും ഈ ഗ്രാമത്തെയും പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. അതില്‍ പ്രധാനമായത് ഇങ്ങനെ: ഏതാണ്ട് 300 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വെള്ളം താഴ്ന്നപ്പോള്‍ പനസ്നാലാ നദിയുടെ തീരത്ത് ഒരു വലിയ കറുത്ത കല്ല് നാട്ടുകാര്‍ കണ്ടെത്തി. ഗ്രാമവാസികളിലൊരാള്‍ ഒരു വടികൊണ്ട് കല്ലില്‍ സ്പര്ശിച്ചമാത്രയില് അതില്‍നിന്ന് അദ്ഭുതാവഹമായി രക്തം ചീറ്റുകയായിരുന്നു. അന്ന് രാത്രിയില്‍ ശനിദേവന് ഗ്രാമവാസികളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ കല്ല് തന്റെ ബിംബം ആണെന്നും അതിനെ മതില്ക്കെട്ടുകളൊന്നുമില്ലാതെ തുറസായ സ്ഥലത്തുവച്ച് ആരാധിക്കണമെന്നും ഗ്രാമവാസികളോടു നിര്‍ദ്ദേശിച്ചു. അതോടൊപ്പം ഗ്രാമത്തെ മേലില്‍ സംരക്ഷിച്ചു കൊള്ളാമെന്നു വാക്കുനല്‍കിയ ദേവന് വാതിലുകളും പൂട്ടുകളുമില്ലാതെ ഭവനങ്ങള്‍ പണിയാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് ഐതിഹ്യം. അഞ്ചരയടി നീളമുള്ള കറുത്ത ആ കല്ലാണ് ശനിക്ഷേത്രത്തിലെ ബിംബം. ഇത് ശനിദേവന്റെ ആജ്ഞാനുസൃതമായി തുറസായ സ്ഥലത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കള്ളന്മാര്ക്കും അസന്മാര്‍ഗികള്‍ക്കും ശനിദേവന് ഉടനടി ശിക്ഷ നല്‍കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതിനാല്‍തന്നെ നൂറ്റാണ്ടുകളായി അവര്‍ വാതിലുകളും പൂട്ടുകളും ഇല്ലാത്ത വീടുകള്‍ പണിതു വസിച്ചു പോന്നു. കുറച്ചു കാലം മുമ്പുവരെ കടകളും ബാങ്കുകളും പോലും ഈ പാരമ്പര്യം തുടര്‍ന്നിരുന്നു. 2011ല്‍ യൂക്കോ ബാങ്ക് പൂട്ടുകളില്ലാത്ത ഒരു ശാഖ ഇവിടെ തുറന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചില ആളുകള്‍ വാതിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൂട്ടുകള്‍ മിക്കയിടത്തും ഇല്ല. സമീപ ദശാബ്ദങ്ങളില്‍ അല്ലറ ചില്ലറ മോഷണങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ശനിദേവനിലുള്ള ആളുകളുടെ വിശ്വാസത്തിന് ഇളക്കംതട്ടിയിട്ടില്ല. ശനിയാഴ്ച ദിവസങ്ങളിലും ശനി അമാവാസി നാളുകളിലും ആയിരങ്ങളാണ് ശനിക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. ആഴത്തിലുള്ള വിശ്വാസം ഒരു ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും എത്രമാത്രം പരിവര്‍ത്തനമുണ്ടാക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് ശനി ശിംഗനാപുര്‍ ഇന്നും നിലകൊള്ളുന്നത്.
നാദയോഗം
കർണാടകസംഗീതലോകത്തിന് യേശുദാസ് ആരാണ്? തലമുറകൾ അദ്ദേഹത്തിന്റെ കച്ചേരികൾ കേട്ടത് ഏതുവിധമാണ്?.. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം യേശുദാസിലേക്ക് എത്തുന്ന വേളയിൽ വേറിട്ടൊരു കേൾവി...
ഏതൊരു കലയുടെയും വളർച്ചയും തുടർച്ചയും സംഭവിക്കുന്നത് കാലാകാലങ്ങളിൽ പുതിയ ആസ്വാദകർ സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്. ഓരോ കലാകാരനും (കലാകാരിയും) താൻ കയ്യാളുന്ന കലയുടെ വക്താവായി മാറുന്പോൾ ഒരു ആസ്വാദക സമൂഹം രൂപപ്പെടുന്നു. വശ്യമായ ശബ്ദഗുണംകൊണ്ട് അനേകായിരങ്ങളെ ആരാധകരാക്കിമാറ്റി എന്നതുമാത്രമല്ല എം.എസ്. സുബ്ബലക്ഷ്മിയെയും യേശുദാസിനെയും വേറിട്ടുനിർത്തുന്നത്. ഈ ആരാധകരിലെ വലിയൊരു വിഭാഗത്തെയും സ്വക്ഷേത്രമായ കർണാടക സംഗീതത്തിലേക്ക് അടുപ്പിച്ചുനിർത്താൻ ഇവരോളം സാധിച്ച മറ്റ് എത്രപേരുണ്ട്? മുത്തുസ്വാമി ദീക്ഷിതരെക്കുറിച്ച് ഒരു സാധാരണക്കാരൻ അറിയുന്നത് എം.എസ്. പാടുന്ന രംഗപുരവിഹാര കേട്ടിട്ടായിരിക്കും. അതുപോലെ യേശുദാസ് പാടിയ പാട്ടുകൾ ഏറ്റുപാടുന്നത് കേട്ടതുകൊണ്ടായിരിക്കും കേരളത്തിലെ മാതാപിതാക്കൾ മക്കളുടെ സംഗീതവാസന തിരിച്ചറിഞ്ഞതും പാട്ടു പഠിപ്പിച്ചതും. ഇത്തരത്തിലുള്ള വ്യക്തിപ്രഭാവങ്ങളുടെ അസാന്നിധ്യത്തിൽ (കഴിഞ്ഞ ഒരഞ്ചുവർഷത്തിൽ) കർണാടക സംഗീതത്തിന് എത്ര പുതിയ ആസ്വാദകർ, അല്ലെങ്കിൽ വിദ്യാർഥികൾ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുത്താൽ സന്തോഷിക്കാൻ അധികമുണ്ടാവില്ല.
കച്ചേരികളിലെ യേശുദാസ്
സിനിമാഗാനരംഗത്തിന് ദാസേട്ടൻ ആരാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കർണാടകസംഗീതലോകത്തിന് കെ.ജെ. യേശുദാസ് ആരാണ്? വലിയൊരു വിഭാഗത്തിന് യേശുദാസെന്നാൽ ചെന്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിപ്പിക്കുന്ന, വാതാപിയും തായേ യശോദയും പാവനഗുരുവും പാടുന്ന വത്സല ശിഷ്യനാണ്. വേറേ ചിലർക്ക് ഗോപാലക പാഹിമാം, ക്ഷീരസാഗര ശയന, കൃപയാ പാലയ എന്നീ കൃതികൾ കടുകിട മാറ്റമില്ലാതെ കേൾക്കാനാണിഷ്ടം. യേശുദാസിന്റെ ഒട്ടുമിക്ക കച്ചേരികളുടെയും ഉത്തരാർധം നിശ്ചയിച്ചിരുന്നത് സിനിമാഗാന, ലളിതഗാന പ്രേമികളുടെ ഇംഗിതങ്ങൾക്കനുസരിച്ചാണ്. കുറച്ചുകൂടി ഗൗരവമായി കച്ചേരികേൾക്കുന്നവർക്ക് അദ്ദേഹം കല്യാണി, ഖരഹരപ്രിയ, ശങ്കരാഭരണം, ചാരുകേശി, മോഹനം, മധ്യമാവതി തുടങ്ങിയ രാഗങ്ങൾ വിസ്തരിച്ചുപാടുന്നത് എത്രകേട്ടാലും മതിവരില്ല. അത്രത്തോളംതന്നെ വിമർശകരുമുണ്ട് ഇക്കാര്യത്തിൽ. ക്രമസന്പൂർണങ്ങളായ രാഗങ്ങളും ഒൗഡവ, ഷാഡവ രാഗങ്ങളും വിസ്തരിക്കുന്നതിലല്ല മഹത്വം എന്നാണ് ഇവരുടെ വാദം. എന്നാൽ യേശുദാസ് പാടുന്ന തികവോടുകൂടി മൂന്നു സ്ഥായികളിലും അന്യസ്വരങ്ങൾ കടന്നുകൂടാതെ അതിവിളംബവും അതിദ്രുതവും സ്വായത്തമാക്കാൻ മേളകർത്താരാഗങ്ങൾ എത്ര നിഷ്ഠയോടെ സാധകം ചെയ്തുകൊണ്ടിരിക്കണം എന്നത് കേൾവിക്കാരന് അറിയേണ്ടല്ലോ! ശേഷിക്കുന്ന ഒരു വിഭാഗം കേൾവിക്കാരുടെ കാര്യം എടുത്തുപറയണം. സാന്പ്രദായികമായ സംഗീതം മാത്രം അംഗീകരിക്കുന്ന ഇവർക്ക് അദ്ദേഹം പാടുന്ന നാരായണഗൗളയോ നാസികാഭൂഷണിയോ വിവർധിനിയോ വാഗധീശ്വരിയോ കോമളാംഗിയോ രാമപ്രിയയോ ഒന്നും കേൾക്കാതിരിക്കാനാവില്ല. അത് പറഞ്ഞുനടക്കാറില്ലെന്നു മാത്രം. സിനിമാപ്പാട്ടുകാരന്‍ കർണാടകസംഗീതത്തിന്റെ രക്തി വഴങ്ങുമോ എന്ന് സംശയമുള്ളവർക്ക് അദ്ദേഹം പണ്ടു പാടിവച്ചിട്ടുള്ള ഭൈരവി രാഗത്തിന്റെ ആലാപനം ഒന്നു കേട്ടുനോക്കാവുന്നതാണ്. ഗമകങ്ങളും അചലസ്വരങ്ങളും വേർതിരിച്ചു പ്രയോഗിക്കുന്നതിലുള്ള പ്രാഗത്ഭ്യം കേട്ടുമനസിലാക്കേണ്ടതാണ്. അതെവിടെയെല്ലാം പ്രയോഗിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായങ്ങൾ പലതുണ്ടാകാം. എന്നാൽ ഇന്നത്തെ സംഗീതസദിരുകളിൽ വന്നുകൂടിയിട്ടുള്ള ഗമകങ്ങളുടെ ദുർവിനിയോഗം കേൾക്കുന്പോൾ, ഒരുകാലത്ത് സിനിമാപ്പാട്ടുകാരൻ എന്നുപറഞ്ഞ് മാറ്റിനിർത്തിയ ആ ഗായകൻ കാണിച്ചതിന്റെ പകുതി ശ്രദ്ധപോലും ഇവർക്കൊന്നും ഇല്ലാതെപോയല്ലോ എന്ന് അദ്ഭുതപ്പെടും. കച്ചേരിയിൽ കെ.ജെ. യേശുദാസിന് നേരിടേണ്ടിവന്നിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രതിച്ഛായയോടു മാത്രമാണ്. തെളിഞ്ഞ ശബ്ദത്തിൽ, സ്ഫുടമായി തിരുത്തലുകൾക്കിടയില്ലാത്തവണ്ണം അവതരിപ്പിക്കപ്പെടുന്ന കച്ചേരികൾക്ക് "അഴ്ത്ത'മില്ല എന്ന് പാരന്പര്യവാദികൾ വിശ്വസിച്ചു. പരിമിതികളില്ലാത്ത ശാരീരം അവരെ ഒരു പരിധിക്കപ്പുറം വിസ്മയപ്പെടുത്തിയില്ല. എന്നാൽ ന്യൂനതകളുള്ള ശബ്ദത്തിന് പലപ്പോഴും കർണാടക സംഗീതാസ്വാദകർ നൽകിവന്നിട്ടുള്ള പരിഗണന പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. വരാനിരിക്കുന്ന തലമുറയെങ്കിലും മുൻവിധികളില്ലാതെ യേശുദാസിന്റെ കച്ചേരികളുടെ ഓഡിയോ കേൾക്കുമെന്നു കരുതാം. ചെന്പൈ ഭാഗവതരിൽനിന്നു പഠിച്ചതും, സംഗീതകോളജിൽനിന്ന് പഠിപ്പിച്ചതുമല്ലാതെ അനവധി അപൂർവ കീർത്തനങ്ങളും യേശുദാസ് കേട്ടുപഠിച്ചു. ഭാവനകളത്രയും പ്രകടമാക്കാൻപോന്ന കണ്ഠം കൈമുതലാക്കി അപൂർവരാഗങ്ങളിൽപ്പോലും അദ്ദേഹം തന്റെ മനോധർമങ്ങൾ ലോഭമില്ലാതെ പ്രയോഗിച്ചു. എന്നാൽ സംഗീതസംവിധായകർ നിശ്ചയിക്കുന്ന സിനിമാസംഗീതപാഠങ്ങളിൽ ഒന്നുപോലും തന്റെ മനോധർമങ്ങൾ പ്രകടമാക്കാനുള്ള ആയുധങ്ങളായി മനപ്പൂർവം അദ്ദേഹം മാറ്റിയിട്ടില്ല. ശതാഭിഷേകം കഴിഞ്ഞുനിൽക്കുന്പോഴും യേശുദാസ് ശ്രുതിചേർത്തുപാടാതെ പോകുന്ന ദിവസങ്ങൾ കുറവായിരിക്കും. അതു കേൾക്കാനും പ്രചോദിതരാകാനും കഴിയുന്നില്ലെങ്കിൽ നഷ്ടം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കുമാണ്.
സംഗീതസത്യം, ആചന്ദ്രതാരം
എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം യേശുദാസിനു ലഭിക്കുന്പോൾ ആധുനികസമൂഹം ചർച്ചചെയ്യേണ്ടത് അവർ ഇരുവരും എങ്ങനെ ഒരു കാലത്തിന്റെ പാട്ടുകാരായി എന്നാണ്. അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നല്ല, ചരിത്രം അവർക്കു മുന്‍പും ശേഷവുമെന്ന് എങ്ങനെ കുറിക്കപ്പെട്ടു എന്നാണ്.. രണ്ടുപേരും ഗുരുസ്ഥാനത്തു കണ്ടിരുന്ന ശെമ്മാങ്കുടി ശ്രീനിവാസയ്യർ എന്ന മഹാഗുരുവിനെയും അദ്ദേഹത്തിന്റെ സംഗീതപരന്പരയെയും അനുസ്മരിക്കേണ്ടതുണ്ട്. സിനിമാ സംഗീതശാഖയ്ക്ക് ഇനി വരാനിരിക്കുന്ന കാലം ഏറ്റവുമാവശ്യം സാങ്കേതികവിദ്യതന്നെയായിരിക്കും, ശാസ്ത്രീയമായ സംഗീതാഭ്യസനമായിരിക്കില്ല. കൃത്രിമബുദ്ധിക്ക് മനുഷ്യമനസിൽ ഉണ്ടാക്കാവുന്ന ചലനങ്ങൾക്ക് അധികം ആയുസില്ലെന്ന് പാട്ടിന്റെ ഉടയോന്മാർ തിരിച്ചറിയുന്ന കാലം വരാതിരിക്കില്ല. അന്ന് നാദം എന്ന വാക്കിന്റെ അർഥമന്വേഷിച്ച് അവർ യാത്ര പുറപ്പെടും. അതിൽ ചിലർ സമുദ്രനിരപ്പിൽനിന്ന് നാലായിരം അടി മുകളിലുള്ള കാനനക്ഷേത്രത്തിൽ എത്തിയേക്കാം. അവിടെ മകരമാസരാത്രിയിലെ മരംകോച്ചുന്ന തണുപ്പിലും ആയിരക്കണക്കിന് മനുഷ്യർ ഒരു ശബ്ദത്തിനായി ചെവിയോർക്കുന്നതു കാണാം. മധ്യമാവതി രാഗത്തിലുള്ള ആ സംഗീതം പ്രകൃതിയുമായി ലയിച്ചുചേരുന്പോൾ മനുഷ്യൻ തിരിച്ചറിയും, സംഗീതത്തിന് സത്യമുണ്ടെങ്കിൽ അത് ആചന്ദ്രതാരം നിലകൊള്ളുമെന്ന്. (പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ലേഖകൻ)
ഹൃദയപൂർവം പെരിയപ്പുറം....
ഡോ. ജോസ് ചാക്കോ പെരിയപ്പുറം ലോക ഹൃദയദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയ, ജീവിത വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു...
ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ് എന്‍ നെഞ്ചിന് താളം നിന്നില്‍ കേള്‍ക്കുമ്പോള്‍ എന്‍ ജീവമാല്യം നിന്നില്‍ കാണുമ്പോള്‍ സുകൃത വീഥിയില്‍ അലയും വേളയില്‍ ഹൃദയം ഒരു വീണയായ് അതില്‍ നിന് മൊഴിയായ്... (പൂവച്ചല്‍ ഖാദര്‍) ഹൃദയതന്ത്രികളില്‍ ഈണമിടാനും അതിനോടു കിന്നാരം പറയാനും സാധിക്കുകയെന്നതു കവിഭാവനയാകാം. ഹൃദയത്തിലെ ജീവന്റെ സ്പന്ദനസംഗീതം പുതുക്കി ചിട്ടപ്പെടുത്തുന്നതില്‍ കാവ്യഭാവനയ്ക്കപ്പുറം അത്ഭുതം. പല ഹൃദയങ്ങള്‍ കൊണ്ട് അത്ഭുതങ്ങളുടെ അതുല്യഗാഥകളെഴുതിയൊരാള്... താളം നിലച്ചുപോകുമെന്നു തോന്നിയ പല ജീവിതങ്ങള്‍ക്കു പുത്തന്‍ ഈണങ്ങള്‍ പകര്‍ന്നൊരു മനുഷ്യന്... മസ്തിഷ്ക മരണം സംഭവിച്ചയാളില്നിന്നു പകുത്തെടുക്കുന്ന ഹൃദയം, മറ്റൊരു ശരീരത്തിലേക്കു ചേര്‍ത്തു ജീവന്റെ നവസ്പന്ദനമായി മാറ്റുന്നതിന്റെ സമാനതകളില്ലാത്തൊരു വിശുദ്ധരഹസ്യം സൂക്ഷിക്കുന്നൊരാള്‍...മലയാളി അഭിമാനത്തോടെ അദ്ദേഹത്തെ ചേര്‍ത്തുവച്ചതും തങ്ങളുടെ ഹൃദയങ്ങളില്‍ത്തന്നെ...അതെ; ഒരേയൊരു ഡോ. ജോസ് ചാക്കോ പെരിയപ്പുറം. 2003 മേയ് 13നാണ് കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മെഡിക്കല്‍ രംഗത്തു ഡോ. പെരിയപ്പുറം ചരിത്രമെഴുതിയത്. പിന്നീട് പലവട്ടം ആ ചരിത്രം തിളക്കത്തോടെ പുതുക്കിയതും അദ്ദേഹംതന്നെ. രണ്ടുവട്ടം ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി മൂന്നാമത്തെ ഹൃദയവുമായി ഒരു യുവാവ് ഇന്ന് ആരോഗ്യത്തോടെ ജീവിക്കുന്നതിനും കാരണമായത് ഡോ. പെരിയപ്പുറമാണ്. രാജ്യത്ത് ആദ്യമായി ഒരാളില്‍ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവച്ചു. മധ്യകേരളത്തില്‍ ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ 1997ല്‍ നടത്തി. 36 മണിക്കൂറിന്റെ ഇടവേളയില്‍ രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടത്തി രണ്ടു പേരെ ജീവിതത്തിലേക്കു തിരിച്ചുപിടിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. വ്യത്യസ്ത അപകടങ്ങളിലായി മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജ് (33), അങ്കമാലി സ്വദേശി ബില്‍ജിത്ത് (18) എന്നിവരുടെ ഹൃദയങ്ങളാണ് ലിസിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്കു പുതുജീവനായത്. ഐസകിനന്റെ ഹൃദയം അങ്കമാലി സ്വദേശി അജിന് ഏല്യാസിന്റെയും (28) ബില്ജിത്തിന്റേത് കൊല്ലം അഞ്ചല്‍ സ്വദേശിനി ആവണി കൃഷ്ണയുടെയും (13) ശരീരത്തില്‍ ഇപ്പോള്‍ സ്പന്ദിക്കുന്നു. ഇതുള്‍പ്പടെ ഡോ. പെരിയപ്പുറം ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത് 32 ഹൃദയമാറ്റ ശസ്ത്രക്രിയകള്‍. മാത്യു ആച്ചാടന്, ശ്രുതി, ജെനിഷ, ഗിരീഷ്... ഡോ. പെരിയപ്പുറത്തിന്റെ കൈയൊപ്പുള്ള ഹൃദയങ്ങളുമായി ജീവിക്കുന്നവരുടെ നിര നീളുന്നു... അദ്ദേഹം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയവരുടെ എണ്ണം 20,000 പിന്നിട്ടു. 2011ല്‍ പത്മശ്രീ, ഈ വര്‍ഷം പത്മഭൂഷണ്‍. രാജ്യം ആദരിച്ച വിഖ്യാത ഹൃദയചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ലോക ഹൃദയദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയ, ജീവിത വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു.
2003 ല്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ; ഇതുവരെ 32 എണ്ണം. കേരളത്തിന്റെ ആരോഗ്യചരിത്രത്തില്‍ സുപ്രധാനമായൊരു ശീര്‍ഷകം ഡോ. പെരിയപ്പുറം എന്നാണ്. ഇതിലെ സന്തോഷം, സംതൃപ്തി, കടപ്പാട്?
ഏബ്രഹാം എന്നായിരുന്നു ആ 36കാരന്റെ (2003ല്‍) പേര്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലേക്കെത്തിയ രോഗി. കേരളത്തിന്റെ വൈദ്യശാസ്ത്രമേഖലയില്‍ അതുവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഭാഗ്യം സിദ്ധിച്ചതും അദ്ദേഹത്തിനായിരുന്നു. ഇതൊക്കെ സാധിക്കുന്നതാണോ എന്നു സംശയിച്ചവരില്‍ സാധാരണക്കാര്‍ മാത്രമല്ല, അന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ പോലുമുണ്ടായിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്കും വാല്‍വ് മാറ്റിവയ്ക്കലിനുപോലും കേരളത്തിനു പുറത്തോ പാശ്ചാത്യ രാജ്യങ്ങളിലോ പോകണമെന്നു നിര്‍ദേശിച്ചിരുന്ന ഘട്ടത്തിലാണ് ഇവിടെ ഹൃദയംതന്നെ മാറ്റിവയ്ക്കാന്‍ വഴിയൊരുങ്ങിയത്. മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്‍ എന്നയാളുടെ ഹൃദയമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഓപ്പറേഷന് തിയറ്ററില്‍ ഏബ്രഹാമിനു പുതുജീവനായത്. ഹൃദയം മാറ്റിവയ്ക്കല്‍ നടക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമെന്ന ചരിത്രനേട്ടത്തിലേക്കു കേരളം നടന്നുകയറിയ ദിനം കൂടിയായിരുന്നു 2003 മേയ് 13. തുടര്‍ന്നു രണ്ടു പതിറ്റാണ്ടിനിടെ ഹൃദയചികിത്സാരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ഒന്നോ രണ്ടോ കാത്ത് ലാബുകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് 150 ലധികം. പ്രതിദിനം ഒന്നോ രണ്ടാ ഹാര്‍ട്ട് സര്‍ജറി നടന്നിരുന്നിടത്ത് ഇന്ന് 80 ഓളം ശസ്ത്രക്രിയകള്‍ നടക്കുന്നു. ആദ്യ ഹൃദയംമാറ്റിവയ്ക്കല്‍, ഹൃദയ ചികിത്സാ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നാന്ദിയായി കരുതാം. അന്നു ഹൃദയം ദാനം ചെയ്ത സുകുമാരന്റെ കുടുംബാംഗങ്ങള്‍, അതുവരെ ഹൃദയം മാറ്റല്‍ ശസ്ത്രക്രിയ നടത്താത്ത എന്നെക്കൊണ്ടു, സ്വന്തം ഹൃദയം മാറ്റി മറ്റൊന്നു പകരം വയ്ക്കാന്‍ സമ്മതം മൂളിയ ഏബ്രഹാം... അവരുടെയെല്ലാം ആത്മവിശ്വാസം കൂടിയാണ് ചരിത്രവഴികളിലേക്കു ചുവടുവയ്ക്കാന്‍ എനിക്കും പ്രചോദനമായത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളെല്ലാം ഒരു ടീം വര്‍ക്ക് കൂടിയാണ്.
അനേകം ഹൃദയങ്ങളെ തൊട്ടു, സൗഖ്യമാക്കി... സ്വന്തം ഹൃദയം എങ്ങനെ? ഹൃദയം അങ്ങയോടു പറഞ്ഞത്..?
പ്രായത്തിന്റേതായ ചെറിയ തട്ടലും മുട്ടലുമെല്ലാം എനന്റെ ഹൃദയത്തിനുമുണ്ട്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ജീവിതത്തില്‍ പ്രധാനമാണ്. നാലോ അഞ്ചോ ഹൃദയ ശസ്ത്രക്രിയകള്‍ ഓരോ ദിവസവും നിര്വഹിക്കേണ്ടിവരാറുണ്ട്. രാവിലെ ഏഴര മുതല്‍ രാത്രി പത്തുവരെ നീളുന്ന ശസ്ത്രക്രിയകള്‍. സ്വന്തം ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള വ്യായാമങ്ങള്‍ക്കു പലപ്പോഴും സമയം കിട്ടാറില്ലെന്നതാണു വസ്തുത. അപ്പോഴും ശസ്ത്രക്രിയകളിലൂടെ മറ്റൊരാള്‍ക്കു പുതിയ ജീവന് സമ്മാനിക്കാനാവുന്നതു മനസിനു നല്കുന്ന സംതൃപ്തി വലുതാണ്. ഇതൊരര്‍ഥത്തില്‍ മനസിന്റെ വ്യായാമം കൂടിയാവുന്നു. കൃഷി എനിക്കു പാഷനാണ്. ഞായറാഴ്ചകളില്‍ ചെടികളും മരങ്ങളും മണ്ണുമായുള്ള സമ്പര്‍ക്കങ്ങള്‍ എന്റെ ഹൃദയാരോഗ്യത്തിനും സഹായകമാണെന്നു വിശ്വസിക്കുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയകളില്‍ ഹൃദയമിടിപ്പേറ്റിയ ഒരു അനുഭവങ്ങള്‍
ഹൃദയമാറ്റത്തിന്റെ വൈകാരിക നിമിഷങ്ങള്‍ക്കു രണ്ടു തലമുണ്ട്. ഒന്ന് മരണത്തിലേക്കു നടന്നകലുന്ന ദാതാവിന്റെ കുടുംബത്തിന്റെ സങ്കടങ്ങള്‍. മറ്റൊന്ന് മരണത്തിന്റെ പടിവാതിലോളമെത്തിയശേഷം ലഭിക്കുന്ന പുതിയ ഹൃദയത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചു നടക്കുന്ന രോഗിയുടെയും കുടുംബത്തിന്റെയും സന്തോഷം. ഇതു രണ്ടിനുമിടയിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വംനല്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും മറ്റുള്ളവരും...ശസ്ത്രക്രിയകളുടെ ഘട്ടത്തില്‍ ഹൃദയം ദാനം ചെയ്യുന്നയാളുടെ കുടുംബാംഗങ്ങളുടെ വൈകാരികാവസ്ഥയാണ് ഏറെ ദുഖിപ്പിക്കുന്നത്. പ്രിയപ്പെട്ടയാളുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുമ്പോള്‍ ആളുടെ അവയവം ദാനംചെയ്യാന് കുടുംബാംഗങ്ങള്‍ സന്നദ്ധതയറിയിക്കുന്ന സമയം.. അവരോടു നന്ദി പറയാന്‍ ശ്രമിക്കുമ്പോള്‍, കണ്ണീരും ദുഖവും വേദനയും നിറഞ്ഞ അവരുടെ ഹൃദയവ്യഥകളെ അഭിമുഖീകരിക്കേണ്ടി വരും. തങ്ങളുടെ പ്രിയപ്പെട്ടയാളുടെ ജീവന്റെ തുടിപ്പ് മറ്റൊരാളിലൂടെ തുടരുമെന്ന ബോധ്യം അവരില്‍ പിന്നീട് അനിര്‍വചനീയമായ ആശ്വാസമായും അനുഭവമായും മാറുന്നതും കാണാറുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആകുലതകള്‍ കൂടുന്ന കാലം. ചെറുപ്പക്കാരില്‍ ഹൃദയാഘാതം, അനുബന്ധ രോഗങ്ങള്‍, കൂടുന്നു...!
വിവര വിനിമയലോകത്തു സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ സജീവമായപ്പോള്‍, ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയാഘാതത്തെക്കുറിച്ചുമുള്ള ചെറുതും വലുതുമായ വാര്‍ത്തകള്‍ ഇന്ന് എല്ലാവരിലേക്കുമെത്തുന്നുണ്ട്. വാസ്തവത്തില്‍ ജനസംഖ്യാനുപാതികമായ നിരക്കിനു മുകളിലല്ല, ഹൃദയാഘാതമുണ്ടാകുന്നവരുടെ എണ്ണം. ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ അത്യാധുനികമായ പരിശോധനകളും ചികിത്സകളും ഇന്നു ലഭ്യമാണ്. യുവാക്കള്‍ അധികവും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ പരിശോധനകള്‍ക്കു വിധേയരാവാത്തത്, അവരിലെ അസുഖമുള്ളവരുടെ ഹൃദയാരോഗ്യത്തെ സങ്കീര്‍ണമാക്കും. ആകുലതകളേക്കാള്‍ കരുതലാണു വേണ്ടത്.
ഡോക്ടറുടെ പ്രതിബദ്ധത രോഗിയോട്, ആശുപത്രിയോട്, സമൂഹത്തോട് ?
ഡോക്ടര്മാരാവുക എന്നത് ഒരു ജോലി, പ്രഫഷന് എന്നതിനപ്പുറം ഒരു ദൈവവിളിയാണ്. അതു മറ്റുള്ളവരോടുള്ള പ്രതിബദ്ധതകൂടിയാണ്. വ്യക്തികളില്‍ പോസിറ്റീവായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നവരാണ് ഡോക്ടര്‍മാര്‍. ആശുപത്രിയിലും പൊതു ഇടങ്ങളിലായാലും നല്ല സമറായനാവുകയെന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യം.
മസ്തിഷ്ക മരണം, അവയവദാനം മലയാളിയുടെ മനോഭാവമാണോ പ്രശ്നം?
മസ്തിഷ്ക മരണത്തെക്കുറിച്ചു നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അബദ്ധധാരണകളുണ്ടെന്നത് സങ്കടകരമാണ്. വൃക്കയും കരളുമെല്ലാം മാറ്റിവയ്ക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ അതില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന ധാരണ പലര്‍ക്കുമുണ്ട്. ചില സാഹചര്യങ്ങളില്‍ അവയവം മാറ്റിവയ്ക്കലുകളില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടാകാം. ഹൃദയം മാറ്റിവയ്ക്കലിനെ സംബന്ധിച്ചു അതു ദാതാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചശേഷം സംഭവിക്കുന്നതാണ്. ഇതിനു സര്‍ക്കാര്‍ തലത്തില്‍ നിയതമായ ചട്ടമുണ്ട്. കെ സോട്ടോ എന്ന സര്‍ക്കാര്‍ സംവിധാനമാണ് സംസ്ഥാനത്ത് അവയവദാനത്തിന്റെ കാര്യങ്ങള്‍ സുതാര്യമായി ഏകോപിപ്പിക്കുന്നത്. മസ്തിഷ്ക മരണം സംഭവിക്കുമ്പോഴുള്ള അവയവദാനം കൂടിയാല്‍, ജീവിച്ചിരിക്കുന്നവരുടെ അവയവദാനം കുറയ്ക്കാനാകും. ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് ലോബി എന്നു പലരും കരുതുന്ന പ്രവണതയെ ഇല്ലാതാക്കാന്‍ അതിലൂടെ സാധിക്കും. അവയവം മാറ്റിവയ്ക്കലിനെക്കുറിച്ചു യാഥാര്‍ഥ്യബോധമില്ലാത്ത വാര്‍ത്തകള്‍, സിനിമകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പകരപ്പെട്ട തെറ്റായ സന്ദേശങ്ങള്‍, അബദ്ധ ധാരണകള്‍ എന്നിവയെല്ലാം അവയവദാനത്തിന്റെ എണ്ണം കുറിച്ചിട്ടുണ്ടെന്നതു വസ്തുതയാണ്. സമൂഹം അവയവദാനത്തെക്കുറിച്ച് അവബോധത്തിലേക്കുണരണം. നഷ്ടമായേക്കാവുന്ന അനേകം ജീവിതങ്ങളെ അതിലൂടെ നമുക്കു തിരിച്ചുപിടിക്കാനാകും.
നൂതന സാങ്കേതിക വിദ്യകള്‍ ഹൃദയചികിത്സാരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍?
കാര്‍ഡിയോളജിയില്‍ നവീനമായ സംവിധാനങ്ങള്‍ ഏറെയുണ്ടായി. 1996ല്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. പിന്നീട് നൂതനമായ പല സ്റ്റെന്റുുകളെത്തി. വാല്‍വ് റീപ്ലേസ്മെന്റ്, റിപ്പയര്‍ സംവിധാനങ്ങള്‍ ഇന്നുണ്ട്. കൃത്രിമ ഹൃദയം ലോകത്തിന്റെ പല ഭാഗത്തും ഇന്നുപയോഗിക്കുന്നു. ഹൃദ്രോഗം കൊണ്ട് ആരും മരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ മികച്ച ആശുപത്രികളും ഡോക്ടര്‍മാരും ഇന്നു കേരളത്തിലുണ്ട്. കുടുംബം, കൃഷി, ആഹ്ലാദം. ദിവസത്തിലെ ദീര്‍ഘമായ ജോലിക്കുശേഷം വീട്ടിലെത്തുമ്പോള്‍ കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ എനിക്ക് ഊര്‍ജമാണ്. ആ ഊര്‍ജമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ഭാര്യ ജെയ്മി മൂവാറ്റുപുഴ കുരുവിത്തടം കുടുംബാംഗം. മൂന്ന് ആണ്മക്കള്. ജേക്കബ് കാനഡയില്‍ എന്‍ജിനീയര്‍. ജോസഫ് ഡോക്ടറാണ്. ജോണ്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി.
മനസില്‍ ബാക്കിവച്ചൊരു സ്വപ്നം
വിദേശത്തെ പഠനത്തിനുശേഷം ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതു സാധിക്കാതെവന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി യുകെയില്‍നിന്നു മടങ്ങിയെത്തും മുമ്പ് ഇന്ത്യയില്‍ ആദ്യ ശസ്ത്രക്രിയ ഡല്‍ഹി എയിംസില്‍ നടന്നു. കേരളത്തില്‍ ആദ്യത്തേത് നടത്താനായി.സ്വപ്നങ്ങള്‍ക്കു പിറകേ പോകുന്നയാളല്ല ഞാന്‍. ജീവിതപന്ഥാവില്‍ നമ്മുടെ സമീപനം സുതാര്യവും വിശുദ്ധവുമാകുമ്പോള്‍, ഏറെ കാര്യങ്ങള്‍ നമുക്കു ചെയ്യാനാകും.
ഡോ.ജോസ് ചാക്കോ പെരിയപ്പുറം ജീവിതവഴികള്‍
ജനനം: 1958 ഏപ്രില്‍ 28ന് സൗത്ത് പറവൂരില്‍ മാതാപിതാക്കള്‍: പ്രഫ.പി.എം. ചാക്കോ (പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍), മേരി ചാക്കോ പഠനം: പാലാ സെന്റ് തോമസ്, കോട്ടയം ഗവ.മെഡിക്കല്‍ കോളജ്, ഉന്നതപഠനം: ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് സര്ജന്സില്നിന്നു ഫെലോഷിപ്പ്, അയര്‍ലന്‍ഡിലെ പ്രമുഖ ആശുപത്രികളില്‍ ജനറല്‍ സര്‍ജറിയില്‍ വിദഗ്ധ പരിശീലനം.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2003ല്‍ ആദ്യത്തേതും രണ്ടാമത്തേതും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍. തുടര്‍ന്ന് 30 എണ്ണവും ലിസി ആശുപത്രിയില്‍. മറ്റു ഹൃദയ ശസ്ത്രക്രിയകള്‍ 20,000ത്തിലധികം. മറ്റു പ്രവര്‍ത്തനങ്ങള്‍: ഹാര്‍ട്ട്കെയര്‍ ഫൗണ്ടേഷന് സ്ഥാപക ചെയര്മാൻ. കേരള മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് കാര്‍ഡിയോ വാസ്കുലാര്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ കാര്‍ഡിയോ വാസ്കുലാര്‍ അസോസിയേഷന്, ഹാര്‍ട്ട് ഫെയിലിയര്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നേതൃരംഗങ്ങളിലും പ്രവര്‍ത്തിച്ചു. 2011ല്‍ പത്മശ്രീ 2025ല്‍ പത്മഭൂഷണ്‍
ഡോ.പെരിയപ്പുറത്തിന്റെ അഞ്ചു ടിപ്സ്
1. മനസ് സന്തോഷമുള്ളതാക്കുക. 2. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക 3. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കുക 4. അപരനെ സഹായിക്കാനാകുന്ന അവസരങ്ങള്‍ ഉപയോഗിക്കുക 5. അനാവശ്യമായ ആകുലതകളെ അറിഞ്ഞ് അകറ്റുക
വിദേശിയുടെ ഹൃദയംമാറ്റിവച്ച മലയാളി
വിദേശത്തു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം കൊടുത്ത മലയാളിയായ കാര്‍ഡിയാക് സര്‍ജനാണ് ഡോ. പ്രവീണ്‍ വര്‍മ. 2008ല്‍ യുഎസിലെ ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അത്. തിരുവനന്തപുരം ശ്രീചിത്രയിലെ പരിശീലനത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ അമേരിക്കയിലെ മെഡിക്കല്‍ സേവനം.ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജനും പ്രഫസറുമായ ഡോ. പ്രവീണ്‍, 2015 ജനുവരിയില്‍ ഇവിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയതും ചരിത്രം. ഹൃദയത്തിലെ മൈട്രല്‍ വാല്‍വിലുണ്ടാകുന്ന ലീക്ക് പരിഹരിക്കുന്നതിനുള്ള ചികിത്സയില്‍ വിദഗ്ധനാണ് ഡോ. പ്രവീണ്‍. വാല്‍വ് മാറ്റിവയ്ക്കലിനു പുറമേ വാല്‍വ് റിപ്പയറിംഗും ഇതിനുള്ള ചികിത്സയാണ്. ഇതുവരെ ഇത്തരം അഞ്ഞൂറിലധികം ശസ്ത്രക്രിയകള്‍ ഇദ്ദേഹം വിജയകരമായി നടത്തി. ഹൈപ്പോട്രോഫിക് കാര്‍ഡിയോ മയോപ്പതിയുടെ ചികിത്സയിലും ഇദ്ദേഹം പ്രത്യേകം ഊന്നല്‍ നല്കുന്നു. അവയവദാനത്തില്‍ ഇന്ന് വലിയ കുറവുണ്ടായിട്ടുണ്ടെന്നു ഡോ. പ്രവീണ്‍ പറയുന്നു. സമൂഹത്തിലെ തെറ്റായ ധാരണകള്‍ അതിനൊരു പ്രധാന കാരണമാണ്. ചില സാഹചര്യങ്ങളില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ വിമുഖതയും കാലതാമസവും പുലര്‍ത്തുന്ന ഡോക്ടര്‍മാരുമുണ്ട്. നിയമപരമായ നൂലാമാലകള്‍ ഭയന്നാണ് അവര്‍ അതിനു തയാറാവാത്തത്. ഇതു ഹൃദയദാതാക്കളെ കിട്ടുന്നതിനു തടസമാകുന്നുണ്ട്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വലിയ തോതില്‍ നടക്കുന്നുവെന്നതും ശ്രദ്ധിക്കണം- ഡോ. പ്രവീണ്‍ വര്‍മ പറഞ്ഞു.
കോട്ട തകർത്ത ശാപത്തിന്റെ കഥ
ഡല്‍ഹി സുല്‍ത്താനേറ്റിലെ പ്രബല രാജവംശമായിരുന്നു തുഗ്ലക് വംശം. അടിമവംശം, ഖില്‍ജി വംശം എന്നിവയ്ക്കു ശേഷം വന്ന തുഗ്ലക്കുകളാണ് ഡല്‍ഹി ഏറ്റവും കൂടുതല്‍കാലം ഭരിച്ചത്. ഗാസി മാലിക് എന്ന ഗിയാസുദീന്‍ തുഗ്ലക്കായിരുന്നു രാജവംശത്തിന്റെ സ്ഥാപകന്‍. ഖില്‍ജി വംശത്തിലെ പ്രബലനായ അലാവുദീന്‍ ഖില്‍ജിയുടെ ഭരണകാലത്ത് ഒരു ഗവര്‍ണറായിരുന്നു ഖാസി മാലിക്. പിന്നീട് ഖില്‍ജി രാജവംശത്തിന്റെ തകര്‍ച്ചയോടെ 1320ല്‍ തുഗ്ലക് രാജവംശം സ്ഥാപിക്കുകയായിരുന്നു. അതിനു ശേഷം ഗിയാസുദീന്‍ തുഗ്ലക് എന്ന പേരിലറിയപ്പെട്ട അദ്ദേഹം 1325 വരെ ഭരണം നിര്‍വഹിച്ചുവെന്നാണ് ചരിത്രം. 1321ലാണ് ഗിയാസുദീന്‍ തുഗ്ലക്കാബാദ് കോട്ട എന്ന പേരില്‍ ഒരു വമ്പന്‍ ദുര്‍ഗം പണിതുയര്‍ത്തുന്നത്. പിന്നീടുള്ള ഒരു നൂറ്റാണ്ടോളം കാലം തുഗ്ലക്കുമാരുടെ ഭരണസിരാകേന്ദ്രമായി പ്രവര്‍ത്തിച്ചത് ഈ കോട്ടയാണ്. ഖില്‍ജികളെ തകര്‍ത്തെറിഞ്ഞ് സിംഹാസനസ്ഥനായ ഗിയാസുദീന്‍ തനിക്ക് ഒരു പുതിയ തലസ്ഥാനം വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അത് പ്രതീകാത്മകമെന്നതിലുപരി തുടര്‍ച്ചയായുള്ള മംഗോള്‍ ആക്രമണങ്ങളെ ചെറുക്കാന്‍ തക്കവണ്ണം ശക്തിയുള്ളതാകണമെന്നും ഗിയാസുദീന്‍ കണക്കുകൂട്ടി.തുഗ്ലക് കാലഘട്ട വാസ്തുശൈലിയുടെ ജ്വലിക്കുന്ന ബിംബമായിരുന്നു ഈ ഭീമാകാരന്‍ കോട്ട നഗരം. കോട്ടയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പല കഥകളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെ: അലാവുദീന്‍ ഖില്‍ജിയുടെ പിന്‍ഗാമിയായി മുബാറക് ഖില്‍ജി അധികാരമേറ്റപ്പോള്‍ത്തന്നെ ഗിയാസുദീന്‍ അദ്ദേഹത്തോട് ശക്തമായ ഒരു കോട്ട നഗരം പണിയണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ആ ഉപദേശം നിഷ്കരുണം തള്ളിയ മുബാറക് "നീ രാജാവാകുമ്പോള്‍ സ്വയം പണികഴിപ്പിച്ചാല്‍ മതി’ എന്ന് പരിഹസിക്കുകയും ചെയ്തു. മുബാറക് ഖില്‍ജി 1320ല്‍ മരിച്ചു. പിന്നാലെ ഗിയാസുദീന്‍ ഭരണത്തിലേറി. മുബാറക് ഖില്‍ജിയുടെ മരണത്തിനു പിന്നില്‍ ഗിയാസുദീന്റെ കരങ്ങളുണ്ടെന്ന് അക്കാലത്ത് പലരും വിശ്വസിച്ചു. ഗിയാസുദീന്‍ ആവട്ടെ അധികം വൈകാതെ തന്റെ സ്വപ്നപദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. വലിയ മതിലുകള്‍, അര്‍ധ ചന്ദ്രാകാരത്തിലുള്ള കൊത്തളങ്ങള്‍, അതിശക്തമായ കവാടങ്ങള്‍ എന്നിവയെല്ലാം കോട്ടയുടെ പ്രത്യേകതയായിരുന്നു. രാജമന്ദിരങ്ങളും പ്രജാഗൃഹങ്ങളുമെല്ലാം കോട്ടയ്ക്കുള്ളിലുണ്ടായിരുന്നു. സ്വയം പര്യാപ്തമായ നഗരമായാണ് തുഗ്ലക്കാബാദ് കോട്ട രൂപകല്പന ചെയ്തത്. നെല്ലറകളും, ജലസംഭരണികളുമെല്ലാം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ കോട്ടയുടെ പ്രതാപത്തിന് അധികം ആയുസുണ്ടായിരുന്നില്ല. നിര്‍മാണംകഴിഞ്ഞ് അധികകാലം കഴിയുന്നതിനു മുന്‍പുതന്നെ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണ് തുഗ്ലക്കാബാദ് കോട്ടയെ കാത്തിരുന്നത്. കോട്ടയുടെ നാശത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി കഥകളും പ്രദേശത്ത് പ്രചരിച്ചിരുന്നു. അതിലൊന്ന് സൂഫിവര്യന് നിസാമുദീന്‍ ഔലിയായുമായി ബന്ധപ്പെട്ടതാണ്. കോട്ടയുടെ നിര്‍മാണ വേളയില്‍ ഡല്‍ഹിയിലെ എല്ലാ തൊഴിലാളികളും എത്തിച്ചേരണമെന്ന് ഗിയാസുദീന്‍ തുഗ്ലക് ഉത്തരവിട്ടിരുന്നു. അതേസമയത്താണ് നിസാമുദീന്‍ ഔലിയ തന്റെ വീടിനടുത്ത് ഒരു പടിക്കിണറിന്റെ നിര്‍മാണം ആരംഭിച്ചത്. രാജാവിന്റെ കല്പന ഔലിയയുടെ കിണര്‍ നിര്‍മാണത്തിന് ആളെ കിട്ടാതിരിക്കാന്‍ കാരണമായി. ഒടുവില്‍ പകല്‍സമയത്ത് കോട്ടനിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ഉപയോഗിച്ച് രാത്രിയില്‍ കിണറിന്റെ നിര്‍മാണം തുടരാന്‍ ഔലിയ നിര്‍ബന്ധിതനായി. എന്നാല്‍ ഇതറിഞ്ഞ തുഗ്ലക് കോപിഷ്ഠനാവുകയും രാത്രിയിലെ നിര്‍മാണം തടസപ്പെടുത്താനായി ഔലിയയ്ക്ക് എണ്ണ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. തുഗ്ലക്കിന്റെ ഈ പ്രവൃത്തിയില്‍ വ്രണിതനായ ഔലിയ അദ്ദേഹത്തെ ശപിക്കുകയായിരുന്നു, ""ഈ കോട്ട ഉപേക്ഷിക്കപ്പെടുകയോ നാടോടികളുടെ വാസസ്ഥലമായി പരിണമിക്കുകയോ ചെയ്യട്ടേ ’’ എന്നായിരുന്നത്രേ ആ ശാപം. ഗിയാസുദീന്‍ തുഗ്ലക്കിന്റെ കാലശേഷം മൂത്ത മകന് മുഹമ്മദ് ബിന്‍ തുഗ്ലക്ക് തലസ്ഥാനം ദൗലത്താബാദിലേക്ക് മാറ്റാന്‍ കാരണം ഔലിയയുടെ ശാപമാണെന്ന് പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. ദൗലത്താബാദില്‍ ജഹാന്പാന എന്നൊരു കോട്ടനഗരം മുഹമ്മദ് ബിന്‍ തുഗ്ലഖ് പണികഴിപ്പിക്കുകയും ചെയ്തു. ഗിയാസുദീന്‍ തുഗ്ലക്കിന്റെ മരണവുമായി ബന്ധപ്പെട്ടും ഈ ശാപത്തിന്റെ കഥ പറയുന്നുണ്ട്. ബംഗാളില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുംവഴി കൂടാരം തകര്‍ന്നാണ് ഗിയാസുദീന്‍ മരിച്ചത്. കൂടാരം പണികഴിപ്പിച്ചത് അദ്ദേഹത്തിന്റെ മകന് മുഹമ്മദ് ബിന്‍ തുഗ്ലക് ആയതിനാല്‍ ഇതില്‍ ഗൂഢാലോചന നടന്നതായും വാദമുണ്ട്. ഗിയാസുദീന്‍ തുഗ്ലക്കിന്റെ മരണത്തോടെ തുഗ്ലക്കാബാദ് കോട്ടയുടെ പ്രസക്തി നഷ്ടമാവുകയും 1327 ആയപ്പോഴേക്കും കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയുമായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് തുഗ്ലക്കാബാദ് കോട്ട ഉപേക്ഷിച്ചത് ജലക്ഷാമം പോലെയുള്ള കാരണങ്ങളാലാണെന്ന് ചരിത്രകാരന്മാര് പറയുന്നു. കോട്ടയില്‍നിന്ന് അല്പം അകലെയായി ചുവന്ന മണല്ക്കല്ലുകൊണ്ടു പണിതുയര്‍ത്തിയ ഗിയാസുദീന്‍ തുഗ്ലക്കിന്റെ മനോഹരമായ ശവകുടീരം കാണാം. അതില്‍ അദ്ദേഹത്തിന്റെയും ഭാര്യയുടെയും മകന് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും കബറുകള്‍ സ്ഥിതിചെയ്യുന്നു. കോട്ടയുമായി ബന്ധിപ്പിച്ചിരുന്ന 180 മീറ്റര്‍ നീളമുള്ള വഴി പിന്നീട് ബദര്‍പുര്‍-മെഹ്റോളി റോഡിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് ഇല്ലാതായി. തുഗ്ലക്കാബാദ് കോട്ട കാലാന്തരത്തില്‍ തകര്‍ന്നെങ്കിലും വെണ്ണക്കല്‍ നിര്‍മിതമായ ശവകുടീരങ്ങള്‍ കേടുപാടുകളില്ലാതെ ഇന്നും നിലകൊള്ളുന്നു.അതേസമയം നിസാമുദീന്‍ ഔലിയയുടെ ശവകുടീരമായ നിസാമുദീന്‍ ദര്‍ഗ ഇന്ന് ഏറെ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരിടമാണ്. അന്നത്തെ പടിക്കിണറിലെ വെള്ളം ഇന്നും ആളുകള്‍ ഉപയോഗിക്കുന്നു. തകര്‍ന്ന അവസ്ഥയിലുള്ള തുഗ്ലക്കാബാദ് കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണുള്ളത്. തുഗ്ലക് വാസ്തുശൈലിയുടെ ജീവിക്കുന്ന സ്മാരകം കൂടിയാണിത്. പ്രതാപകാലത്തുണ്ടായിരുന്ന 52 കവാടങ്ങളില്‍ 13 എണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
റെബേക്ക-നോവൽ അധ്യായം- 1
സഞ്ചാരപ്രിയയാണ്. ഓരോ സീസണിലും അനുകൂല കാലാവസ്ഥ നോക്കി ഫ്രാൻസ്, അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സുഖവാസത്തിനെത്തുന്ന ധനികയാണ് മിസിസ് വാൻ ഹോപ്പർ. വയോധികയാണെങ്കിലും സീസണ് ആരംഭിച്ചാൽ യാത്രയ്ക്കുള്ള ഉത്സാഹമായി. അതിന്റെ ഒരുക്കങ്ങളായി. അവരുടെ തുണയായിട്ടോ പരിചാരികയായിട്ടോ ആണ് ഞാൻ ഒപ്പം യാത്ര ചെയ്യുന്നത്. മുന്‍പൊരിക്കൽ എന്നോടു പറഞ്ഞു: ""എന്റെ മകളുടെ പ്രായമേ നിനക്കുള്ളൂ. നിന്നെ എനിക്ക് ഇഷ്ടമാണ്. എന്റെ ഇംഗിതങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ നിനക്കറിയാം. നീ എന്റെ ഒപ്പമുള്ളത് എനിക്കു വലിയ ബലവും ആശ്വാസവുമാണ്.''സന്തോഷത്തോടെ ഞാൻ പറഞ്ഞു: ""താങ്ക് യൂ മാഡം.'' ഇറ്റലിയിലെ മോണ്ടി കാർലോയിലെ ഒരു ഹോട്ടലിലാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. മുൻവർഷങ്ങളിലും അങ്ങനെതന്നെ. ഹോട്ടൽ ചെറുതാണെങ്കിലും അതിന് പേരും പ്രശസ്തിയും പാരന്പര്യവുമുണ്ട്. അതിനാൽ വിഐപികളായ പലരും അവിടെവന്നു താമസിക്കാറുണ്ട്. എന്റെ മാഡത്തിനു തടിച്ച ശരീരപ്രകൃതിയാണ്. അതിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കുക. നല്ല ഇറക്കവും അയവുമുള്ള ബ്ലൗസും സ്കർട്ടും ധരിക്കുന്നതിനാൽ ശരീരഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടില്ല. റെസ്റ്റോറന്റിലെ ഒരു മൂലയിൽ ജനാലയ്ക്കടുത്തുള്ള ടേബിളിനോടു ചേർന്നാണ് മാഡം ഇരിക്കാറ്. അതാണ് പതിവുള്ള ഇരിപ്പിടം. ഒരേസമയം ഇടത്തോട്ടും വലത്തോട്ടും നോക്കാനും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാനും വിമർശിക്കാനും സൗകര്യമാണ് അവിടത്തെ ഇരിപ്പ്. എന്തെങ്കിലും ക്രമക്കേട് കണ്ടാൽ യൂണിഫോമിട്ട പരിചാരകരെ മാഡം അരികിലേക്കു വിളിച്ചുവരുത്തി ഗുണദോഷിക്കും. ചിലപ്പോൾ മൂർച്ചയേറിയ സ്വരത്തിൽ ശാസിക്കും. ഹോട്ടൽ അധികാരികൾക്ക് ഉള്ളാലെ അതിഷ്ടവുമാണ്. ഞങ്ങളിരിക്കുന്നതിന്റെ അപ്പുറത്തുള്ള ടേബിൾ മൂന്നു ദിവസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും പ്രമുഖ വ്യക്തികൾക്കായി മുൻകൂട്ടി റിസർവ് ചെയ്തതായിരിക്കും. എന്റെ ലഞ്ച് വേഗം കഴിഞ്ഞു. മിസിസ് വാൻഹോപ്പർ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ്. വിവിധ ഇനങ്ങൾ സമയമെടുത്ത് രുചിയോടെ അവർ അകത്താക്കി. ഭക്ഷണം കഴിഞ്ഞ് ഫോർക്കും സ്പൂണും പ്ലേറ്റിൽ വച്ച് എഴുന്നേറ്റു. ഈ മുഹൂർത്തത്തിലാണ് ആ വിഐപി കയറിവന്നത്. പരമയോഗ്യനും സുന്ദരനുമായ ഒരു ദൃഢഗാത്രൻ. മിസിസ് വാൻഹോപ്പർ അതിശയഭാവത്തിൽ വിടർന്ന കണ്ണുകളോടെ ആഗതനെ നോക്കി. അദ്ദേഹം കൈയുയർത്തി മാഡത്തിന് വന്ദനം പറഞ്ഞു. മാഡം ഉടനെ എന്നോടു പറഞ്ഞു: ""ആരാണെന്നറിയാമോ? ഇതാണ് മാക്സ് ഡി വെൻഡർ. മാൻഡെർലി എന്ന സ്വപ്നഭൂമിയുടെ ഉടമ. തീർച്ചയായും നീ കേട്ടിട്ടുണ്ടാവും. ഹി ഈസ് ഫ്രം ഇംഗ്ലണ്ട്.'' ഞാൻ അതിശയത്തോടെ അദ്ദേഹത്തെ ഉറ്റുനോക്കി. അദ്ദേഹം തന്റെ മുറിയിലേക്കു പോയി. ""അയാളുടെ മുഖം വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി തോന്നിയില്ലേ? പാവം! ഭാര്യ മരിച്ചിട്ട് ഒരു വർഷമായിട്ടില്ല. മാൻഡെർലിയുടെ അറ്റത്തുള്ള കടലിൽ കുളിക്കാനിറങ്ങിയതാണ്. മുങ്ങിമരിച്ചു. ആ നഷ്ടബോധമാവാം മുഖത്തെ മ്ലാനഭാവത്തിനു കാരണം.'' (തുടരും)
"നാടകമാക്കാൻ എളുപ്പമല്ലാത്ത നോവൽ'
ഡാഫ്നെ ദു മോറിയർ എന്ന ഇംഗ്ലീഷ് എഴുത്തുകാരി രചിച്ച് 1938ൽ ആദ്യ പതിപ്പായി പുറത്തിറക്കിയറെബേക്ക എന്ന നോവലിന്റെ സ്വതന്ത്ര പരിഭാഷ ഈ ലക്കം മുതൽ സണ്‍ഡേ ദീപിക പ്രസിദ്ധീകരിക്കുന്നു. നോവലിന്റെ പരിഭാഷ നിർവഹിച്ചത് പ്രശസ്ത നാടകകൃത്ത് സി.എൽ. ജോസ് ആണ്. നവതി പിന്നിട്ട വേളയിലാണ് അദ്ദേഹം ഈ ശ്രമകരമായ ജോലി പൂർത്തീകരിച്ചത്. ആ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു...
ഏതാണ്ട് അറുപതു വർഷം മുന്‍പ് കൗമുദി വാരികയുടെ പത്രാധിപർ കെ. ബാലകൃഷ്ണനെ തൃശൂരിൽവച്ച് കാണാനിടയായി. പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം അടുത്തകാലത്തു വായിച്ചതും നാടകീയത നിറഞ്ഞതുമായ ഒരു നോവലിനെക്കുറിച്ചു പറഞ്ഞു: ""ശക്തവും സംഘർഷാത്മകവുമായ ഒരുപാടു രംഗങ്ങളുണ്ടിതിൽ. ജോസിന് നല്ലൊരു നാടകത്തിനു വകയുണ്ട്. ശ്രമിച്ചുനോക്കൂ''. ഡാഫ്നെ ദു മോറിയറിന്റെ റെബേക്ക ആയിരുന്നു ആ നോവൽ. മാസങ്ങൾക്കുശേഷം, "ഭൂമിയിലെ മാലാഖ' എന്ന എന്റെ നാടകം ചലച്ചിത്രമാക്കിയപ്പോൾ അതിന്റെ ഷൂട്ടിംഗ് കാണാനായി ഞാൻ മദ്രാസിൽ പോയി. പ്രേം നസീർ, തിക്കുറിശി, മുത്തയ്യ, അടൂർ ഭാസി, സുകുമാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഷൂട്ടിംഗ് പുരോഗമിക്കവേ ഒരുദിവസം അവിടത്തെ മൂർ മാർക്കറ്റ് സന്ദർശിച്ചു. പഴയ പുസ്തകങ്ങളുടെ വന്പിച്ച ശേഖരമുള്ള പല കടകളും കണ്ടു. ഞാൻ നോക്കിയ കൂട്ടത്തിൽ അതാ ഇരിക്കുന്നു പത്രാധിപർ ബാലകൃഷ്ണൻ പറഞ്ഞ നോവൽ. രണ്ടു രൂപ കൊടുത്ത് ഉടനെ അതു വാങ്ങി. നാട്ടിൽ തിരിച്ചെത്തിയശേഷമാണ് പുസ്തകം വായിക്കാനെടുത്തത്. നാനൂറോളം പേജുകളുണ്ട്. നല്ല പിരിമുറുക്കമുള്ള, ഉദ്വേഗഭരിതമായ കഥാതന്തു. വായന തീർന്നതോടെ ഒരുകാര്യം ഉറപ്പായി- ഇതു നാടകമാക്കാൻ എളുപ്പമല്ല. സമയവും സൗകര്യവും ഒത്തുവരുന്പോൾ മലയാളത്തിൽ ഇതിന്റെ സ്വതന്ത്ര പരിഭാഷ ഇറക്കാമെന്നു തീരുമാനിച്ചു. പിന്നീട് ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് പുസ്തകം വീണ്ടുമെടുത്തു വായിച്ചത്. പിന്നെ ആസ്വദിച്ച് ഒന്നുകൂടി വായിച്ചു. എന്നിട്ടാണ് എഴുത്തു തുടങ്ങിയത്. കഥയുടെ ഒഴുക്കിനോ കെട്ടുറപ്പിനോ ഭംഗംവരാതെ വേണ്ടുവോളം സമയമെടുത്ത് നോവലിനെ ഒന്ന് ഒതുക്കിയെടുത്തു. വിരസമെന്നു തോന്നിയ ഭാഗങ്ങൾ ഒഴിവാക്കി. പരത്തിപ്പറഞ്ഞിട്ടുള്ളതു കുറേ വെട്ടിച്ചുരുക്കി. ഇങ്ങനെയുള്ള ഒരു "ശസ്ത്രക്രിയ'യ്ക്കു ശേഷമാണ് പുതുക്കിപ്പണിത ഈ പരിഭാഷ പുറത്തിറക്കുന്നത്. തൊണ്ണൂറാം വയസിൽ നിർവഹിച്ച ഈ പരിഭാഷ, ഇത്തരത്തിലുള്ള എന്റെ ആദ്യ സംരംഭം വിജയമോ പരാജയമോ എന്നു വിധിയെഴുതേണ്ടത് സഹൃദയരായ മാന്യവായനക്കാരാണ്. നിങ്ങളുടെ മുന്നിൽ ഇതു വിനയപൂർവം സമർപ്പിക്കുന്നു.
ആശയൊരാകാശം!
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത് സുകൃതമാണ്. 92 വയസു പൂര്‍ത്തിയായവേളയില്‍ എട്ടുപതിറ്റാണ്ടുപിന്നിട്ട സംഗീതജീവിതം വാക്കുകളില്‍ വരച്ചിടുകയായിരുന്നു വിഖ്യാത ഗായിക ആശാ ഭോസ്ലേ. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു പറയുന്നു ആരാധകരുടെ പ്രിയപ്പെട്ട ആശാ തായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവരുടെ ജന്മദിനം...
""പേരുപോലെതന്നെ എന്റെ ഉള്ളുനിറയെ ആശയാണ്. എനിക്കിനിയും ഒരുപാടു ചെയ്യാനുണ്ട്''- പറയുന്നത് 92 വയസു തികഞ്ഞ ഗായികയാണ്, ആശാ ഭോസ്ലേ. സംഗീതം ഇഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍ക്ക് ഇതിനപ്പുറം എന്തു പ്രതീക്ഷയാണ് പകരേണ്ടത്! ഇങ്ങനെ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.പത്താം വയസില്‍ പാടിത്തുടങ്ങി, മിന്നിത്തിളങ്ങുന്ന എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട ഗായികയുടെ പുതിയ പാട്ട് ഈ കുറിപ്പ് പുറത്തിറങ്ങുന്നതിനു രണ്ടുനാള്‍ മുമ്പ് ലോകം കേട്ടിരിക്കും. വിഖ്യാതമായ ഒരു ബ്രിട്ടീഷ് ബാന്‍ഡിനൊപ്പമാണ് ആശയുടെ ആ പാട്ട്. സംഗീതത്തില്‍ പൊതുവേ പറഞ്ഞുവച്ച ചട്ടക്കൂടുകള്‍ മറികടക്കുമ്പോള്‍ അസാധാരണ പ്രതിഭകളായ സംഗീതസംവിധായകരെല്ലാം എന്നെ പരീക്ഷണത്തിനുള്ള ഉപാധിയാക്കിയെന്നത് വലിയ സന്തോഷം- അവര്‍ പറയുന്നു.
കൈപിടിക്കുന്ന കൈയടികള്‍
"ഈ നീണ്ടയാത്രയില്‍ പിന്തുണയേകിയ ഓരോരുത്തര്‍ക്കും നന്ദിപറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രകാലം തുടരാന്‍ കഴിയില്ലായിരുന്നു. ഓരോതവണ കേള്‍ക്കുന്ന കൈയടികളും സംഗീതസാഗരത്തിന്റെ എത്തിപ്പെടാത്ത ആഴങ്ങളിലേക്കിറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചു. പുറമേ കാണുന്നതുപോലെയല്ല, ഞാന്‍ ഉള്ളുകൊണ്ട് അല്പം നാണക്കാരിയാണ്. നേട്ടങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു ധൈര്യമില്ല. പഠിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്നതുതന്നെ കാരണം. മുന്നിലുള്ള സമയം വളരെ കുറവും'. ഔദ്യോഗികമായി 11,000 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ കണക്കുമായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമായുള്ള ഗായികയാണ് ഇതു പറയുന്നതെന്നോര്‍ക്കണം. "സത്യമായും എന്തെങ്കിലും റിക്കാര്‍ഡ് ഭേദിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ജോലിചെയ്തിട്ടില്ല. സിനിമാ സംഗീതരംഗം പുത്തന്‍ അനുഭവങ്ങളുടെ ലോകമായിരുന്നു. ആളുകള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടമായതോടെ കൂടുതല്‍ അവസരങ്ങള്‍ വന്നു. ഏഴു പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്'.
ബര്മന്, ജീനിയസ്
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവുകളെക്കുറിച്ചും ആശ പറയുന്നു:"ആശ്ചര്യപ്പെടുത്തിയ പാശ്ചാത്യശൈലിയുമായി ഹിന്ദിയില്‍ ആദ്യമെത്തിയ കംപോസര്‍ സി. രാമചന്ദ്രയാണ്. എല്‍വിസ് പ്രിസ്ലിയെപ്പോലുള്ളവരുടെ ശൈലിയില്‍ റോക്ക്-'ന് റോള്‍ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആ ശൈലിയിലേക്കു ഞാന്‍ വേഗത്തില്‍ ഇണങ്ങി. പഞ്ചാബി ഫോക് ഈണങ്ങളുമായാണ് ഒ.പി. നയ്യാര്‍ വന്നത്. അതിലേക്കും എന്റെ ശബ്ദം ചേര്‍ന്നുനിന്നു. പിന്നീടാണ് മ്യൂസിക്കല്‍ ജീനിയസായ എന്റെ ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്മന് എത്തുന്നത് (ജന്മംകൊണ്ട് ത്രിപുരയിലെ രാജകുമാരനും പ്രതിഭകൊണ്ട് ചക്രവര്‍ത്തിയുമായിരുന്നു ബര്മന്). അദ്ദേഹന്റെ വിപ്ലവകരമായ ശൈലിക്കും ശബ്ദങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇന്നും ആരാധകരുണ്ട്. അദ്ദേഹം 1994ലാണ് അന്തരിച്ചത്. കൃത്യം പിറ്റേവര്‍ഷം മറ്റൊരു മ്യൂസിക്കല്‍ ജീനിയസായ എ.ആര്. റഹ്മാന് രംഗീല എന്ന ചിത്രത്തിലെ അദ്ഭുതപ്പെടുത്തുന്ന ഈണങ്ങളുമായി ഹിന്ദിയിലെത്തി. അദ്ദേഹത്തിനുവേണ്ടി രംഗീലാ രേ.., തന്ഹാ തന്ഹാ യഹാ പേ ജീന.. എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ എനിക്ക് 62 വയസാണ്. ഇത്രയും പ്രായമുള്ള ഒരാളില്‍നിന്ന് ഇത്രയും മികച്ച പാട്ടുകളുണ്ടാക്കിയതിന് ഞാന്‍ റഹ്മാനോടു നന്ദി പറയട്ടെ..'
പ്രതിഭകള്‍, സ്നേഹിതര്‍
"ഒപ്പം പാടിയ, ഒരേകാലത്തു ജീവിച്ച വിസ്മയിപ്പിച്ച ഗായകരെ ഈസമയം ഓര്‍ക്കുകയാണ്. എന്റെ മുതിര്‍ന്ന സഹോദരി ലതാ മങ്കേഷ്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ, മുകേഷ്, ഹേമന്ത് കുമാര്‍, ഗീതാ ദത്ത്, ഷംഷാദ് ബീഗം... ആ നിര നീളുന്നു. സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്കുമാത്രമല്ല, ആത്മമിത്രങ്ങള്‍ എന്ന നിലയിലും അവരുമായി എന്നും ചേര്‍ന്നുനിന്നു. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യമുണ്ട്- എല്ലാവരും ലാളിത്യമുള്ള മനുഷ്യരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവാറുംപേര്‍ ഇന്നീ ലോകത്തില്ല. ഒരുതുള്ളി കണ്ണീര് പൊഴിക്കാതെ അവരെ ഓര്‍ക്കാനാവില്ല. ആരുടെയും നഷ്ടം നികത്താനുമാവില്ല. കൈഫി ആസ്മി എഴുതി സച്ചിന് ദേവ് ബര്മന് ഈണമിട്ട ഒരുപാട്ട് ഓര്‍മിക്കുന്നു- ദേഖീ സമാനേ കി യാരി.., ബിഛ്ഡേ സഭി ബാരി ബാരി...' (ഈ ലോകത്ത് സ്നേഹബന്ധങ്ങള്‍ക്ക് എന്താണുണ്ടാവുകയെന്ന് ഒരുപാടറിഞ്ഞിട്ടുണ്ട്, എല്ലാവരും പിരിഞ്ഞുപോകുന്നു.. ഓരോരുത്തരായി...)എത്ര മനോഹരമായ ചിന്തകളാണ് പ്രിയ ഗായികയുടേത്!
വൈവിധ്യത്തിന്റെ ശബ്ദം
ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്, എണ്‍പതുകാരനായ മുസാഫര്‍ അലി ആ ചിത്രത്തിലെ വിഖ്യാതമായ പാട്ടുകളെക്കുറിച്ചു പറഞ്ഞത് കഴിഞ്ഞനാളാണ്. ബഹുമുഖതയ്ക്ക് ഒരു സ്വരമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ആശാ ഭോസ്ലേയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഹിന്ദി സിനിമയുടെ പതിവുകള്‍ വിട്ടുള്ള സുഗന്ധമാണ് തന്റെ സിനിമയ്ക്കു വേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. ഗസല്‍ ആയിരുന്നു എന്റെ ചിന്തയില്‍. ആശാജി അന്നധികം ഗസലുകള്‍ പാടിയിട്ടില്ല. എന്നാല്‍ ഒരു ഗായികയായി മാത്രമല്ല, കഥാപാത്രമായി മാറിക്കൊണ്ട് ആ സിനിമയിലെ പാട്ടുകള്‍ പാടാന്‍ അവര്‍ ഒരുക്കമായിരുന്നു. സാധാരണ പിച്ചില്‍നിന്നു താഴ്ത്തിയാണ് പാടിയത്. പാട്ടുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ എത്ര സമയം ചെലവിടാനും അവര്‍ തയാറായി- മുസഫര്‍ അലി പറയുന്നു.ഉമ്രാവോ ജാനിലെ പാട്ടുകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ആശയെ തേടിയെത്തിയെന്നതു ചരിത്രം.
ജിഞ്ചി കോട്ടയുടെ "പഞ്ച്'
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്ചി ഫോർട്ട്. സെഞ്ചിയെന്നും വിളിക്കപ്പെടുന്ന കോട്ട ചരിത്രത്തിലേക്കു ജാലകങ്ങൾ തുറന്നിടുന്നു. തമിഴ്നാട്ടിൽ അവശേഷിക്കുന്ന ചുരുക്കം കോട്ടകളിലൊന്നായ ജിഞ്ചിയുടെ വിശേഷങ്ങളിലേക്ക്...
കാട്പാടിയിൽ ട്രെയിനിറങ്ങി രാവിലെ പത്തോടെ വെല്ലൂർ ബസ് സ്റ്റാൻഡിലെത്തുന്പോൾ ജിഞ്ചി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു. ബസിൽ ചാടിക്കയറി, രണ്ടു മണിക്കൂർ നീണ്ട യാത്ര. വിശാലമായ മലനിരകൾ ജിഞ്ചിയെത്തിയെന്നറിയിച്ചു. രണ്ടു കിലോമീറ്റർ ദൂരംകൂടി ഓട്ടോറിക്ഷയിൽ പോയാൽ രാജഗിരിയായി- കോട്ടകളിൽ ആദ്യത്തേത്. ടിക്കറ്റെടുത്ത് കോട്ടയിലേക്ക്. ആൽമരങ്ങൾ തണലിടുന്ന മുറ്റം.
ജിഞ്ചി കോട്ടയുടെ ചരിത്രം
മൂന്നു കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റൻ കോട്ടസമുച്ചയം. 1190-ൽ കോനാർ രാജവംശത്തിലെ ആനന്ദകോൻ നിർമിച്ച രാജഗിരി കോട്ട പതിമൂന്നാം നൂറ്റാണ്ട ിലും പതിനാലാം നൂറ്റാണ്ടിലും വലുതാക്കി. പതിനാറാം നൂറ്റാണ്ടിൽ കല്യാണമഹലും ഇസ്ലാമിക രീതിയിലുളള പല നിർമിതികളും പണികഴിപ്പിച്ചു. പിന്നീട് കൃഷ്ണഗിരി കോട്ടയും ചന്ദ്രയാൻ ദുർഗും പണിത് കോട്ടസമുച്ചയം പൂർത്തിയാക്കി. തന്ത്രപരമായ സ്ഥാനം കാരണം കോട്ട നിയന്ത്രണത്തിലാക്കുന്നതിന് ഭരണാധികാരികൾ തമ്മിൽ ഒട്ടേറെ പോരാട്ടങ്ങൾ നടന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസയുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ടയുടെ ആധിപത്യം മാറിക്കൊണ്ടേയിരുന്നു. കോനാർ, വിജയനഗര സാമ്രാജ്യം, ജിഞ്ചീ നായക്മാർ, ബിജാപുർ സുൽത്താൻ, മറാത്ത സാമ്രാജ്യം, മുഗളർ, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികൾവരെ സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച കോട്ട. പലരും ജിഞ്ചി കോട്ട അവരുടെ ഭരണനിർവഹണത്തിന്റെ പ്രധാന കേന്ദ്രമാക്കി. എട്ടുവർഷത്തെ ഉപരോധം കൊണ്ടാണ് ശിവജി കോട്ട പിടിച്ചെടുത്തതെന്നത് കോട്ടയുടെ അജയ്യത വിളംബരംചെയ്യുന്നു. കുന്നുകളിൽ സ്ഥാപിതമായ രാജഗിരി കോട്ട, കൃഷ്ണഗിരി കോട്ട, ചന്ദ്രയാൻ ദുർഗ് എന്നിവ മതിലുകളും കിടങ്ങുകളും കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കോട്ട ഭിത്തികൾക്ക് പതിമൂന്നു കിലോ മീറ്റർ നീളവും 25 അടി വരെ ഉയരവുമുണ്ട്. വീതിയുള്ള കിടങ്ങുകളും കരിങ്കൽ പാറകളിൽ ഉറപ്പിച്ച കൽച്ചുവരുകളും കാണാം. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഏഴു കവാടങ്ങളുണ്ട്.
രാജഗിരി കോട്ടയിലെ കാഴ്ചകൾ
ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടയാണ് രാജഗിരി. 800 അടി ഉയരം. കല്യാണമഹലും ജയിലറകളും ഗ്രാനറിയും കണ്ടശേഷം കോട്ട കയറാം. കുത്തനെയുള്ള ചെരിവുകളും ഇടുങ്ങിയ പടികളും പാറകളിൽ കൊത്തിയ കൽപ്പടവുകളും കയറ്റം പ്രയാസകരമാ ക്കുന്നു. കുത്തനെയുള്ള വഴികളിലൂടെ, ഇടനാഴികളിലൂടെ കയറിയിറങ്ങി, അലഞ്ഞുതിരിഞ്ഞ് ചരിത്രവും വാസ്തുവിദ്യയും കണ്ടറിയാം. കോട്ടയിൽ ക്ഷേത്രങ്ങൾ, കളപ്പുരകൾ, ദർബാർ ഹാളുകൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, ജലസംഭരണികൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രധാനപാതയ്ക്ക് അപ്പുറമുള്ള കൃഷ്ണഗിരി കോട്ട 700 അടി ഉയരത്തിലാണ്. ഇത്തവണ കയറി കാണാനായില്ല. കൃഷ്ണഗിരി കോട്ടയിലും മനോഹര നിർമിതികളുണ്ട്. ചന്ദ്രയാൻ ദുർഗ് ഏകദേശം 600 അടി ഉയരമുള്ള കോട്ടയാണ്. ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പറ്റാത്തതുമായ ഭാഗം.പൈതൃകവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ജിഞ്ചി കോട്ട കാത്തിരിക്കുന്നു. രാജഗിരിയും കൃഷ്ണഗിരിയും ചരിത്രസ്മാരകം മാത്രമല്ല, വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗിന്റെയും അത്ഭുതംകൂടിയാണ്. സെഞ്ചിയമ്മൻ ക്ഷേത്രത്തിൽനിന്നാണ് തമിഴിൽ ജിഞ്ചി അല്ലെങ്കിൽ സെഞ്ചി എന്ന പേര് കോട്ടസമുച്ചയത്തിനു ലഭിച്ചത്. പോണ്ടിച്ചേരി യാത്രപോകുന്നവർക്ക് ജിഞ്ചി കോട്ടയും ഉൾപ്പെടുത്താം. പോണ്ടിച്ചേരിയിൽനിന്ന് 70 കിലോമീറ്ററാണ് ദൂരം. തിണ്ടിവനമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെ.
അഭിമാനക്കൊടുമുടിയിൽ...
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയാണ് സഫ്രീന ലത്തീഫ്. ചരിത്രത്തിലേക്കു നടന്നുകയറുന്പോൾഅവരെ മനസ് പലവട്ടം പിന്നോട്ടുവലിച്ചു. പക്ഷേ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം അവർക്കുമുന്നിൽ തെളിഞ്ഞു... ഒരു സ്വപ്നം സഫലമായി...
ഖുംബു ഐസ്ഫോൾ. സമയം പുലർച്ചെ രണ്ട്.സഫ്രീനയും സംഘവും അർധരാത്രി ബേസ് ക്യാന്പിൽനിന്ന് ആരംഭിച്ച യാത്രയാണ്. ഇവിടെ പത്തുനില കെട്ടിടത്തിന്റെ ഉയരത്തിൽ മഞ്ഞുകട്ടകൾ അടിഞ്ഞുകിടക്കുന്ന സ്ഥലത്തുകൂടി റോപ്പിൽ പിടിച്ചുകയറുകയും മറുവശത്തെത്തുന്പോൾ ഉൗർന്നിറങ്ങുകയും വേണം. ക്രാംപോണ്‍സ് ഘടിപ്പിച്ച ബൂട്ട്സിട്ട് ഓരോ അടിവച്ച് മുന്നോട്ട്. അതീവശ്രദ്ധയോടെയല്ലെങ്കിൽ മഞ്ഞുപാളികളിലേക്ക് കാലുകൾ പൂഴ്ന്നുപോകും. ഇവിടെയെത്തിയ നിമിഷം സഫ്രീനയൊന്നു പകച്ചു. ഒരു പാനിക് അറ്റാക്ക്. ഇനി ഒരിടപോലും മുന്നോട്ടുവയ്യെന്ന് മനസ് അലറിവിളിക്കുന്നു. ശ്വാസംപിടിച്ച് ഹൃദയമിടിപ്പെണ്ണി അല്പനേരം. ഷെർപ്പ ധൈര്യം പകരാനെത്തി. മുന്നിലുള്ളത് വലിയ ലക്ഷ്യമാണ്. പിടിവിട്ടുകൂടാ. വെല്ലുവിളികൾ മറികടന്ന് സഫ്രീന മുന്നോട്ട്... അങ്ങനെ, എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിവനിതയെന്ന ബഹുമതി സഫ്രീന ലത്തീഫിന്. അഭിമാന നിമിഷം.
ഉയരങ്ങൾ തേടി..
സഫ്രീനയ്ക്കും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷെമീലിനും സാഹസിക പർവതാരോഹണം ഹൃദയവികാരമാണ്. ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ജാരോ (5,895 മീറ്റർ) കീഴടക്കിയപ്പോൾ സഫ്രീനയുടെ മനസിൽ ഒരു സ്വപ്നം മൊട്ടിട്ടു- എവറസ്റ്റ്!2022ൽ അർജന്റീനയിലെ അക്കോൻകാഗ്വ (6,961 മീറ്റർ), 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീറ്റർ) എന്നീ കൊടുമുടികളുടെ നെറുകയിലെത്തിയതോടെ കൂടുതൽ ത്രില്ലിലായി. വൈകാതെ പരിശീലനം തുടങ്ങി. ഖസാക്കിസ്ഥാനിലെ ഉയരംകൂടിയ മഞ്ഞുപർവതങ്ങളിലായിരുന്നു പരിശീലനച്ചുവടുകൾ. അതു പൂർത്തിയായതോടെ എവറസ്റ്റിൽ ദേശീയപതാക പാറിക്കാനുള്ള ആത്മവിശ്വാസമായി. ഭർത്താവ് ഷെമീലിനൊപ്പമുള്ള പർവതാരോഹണമായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പരിശീലനത്തിനിടെയുണ്ടായ പരിക്കുമൂലം ഷെമീലിന് എവറസ്റ്റ് കയറാനായില്ല.
തുടക്കം ഖത്തറിൽനിന്ന്
കഴിഞ്ഞ ഏപ്രിലിൽ ഖത്തറിൽനിന്നാണ് സഫ്രീന എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. 12ന് നേപ്പാളിലെ ലുക്ല എയർപോർട്ടിൽ എത്തി. എലീറ്റ് എക്സ്പെഡ് എന്ന പർവതാരോഹണ സംഘത്തിനൊപ്പമായിരുന്നു യാത്ര. അവിടെനിന്ന് ഏഴുദിവസത്തെ ദൂരമുണ്ട് എവറസ്റ്റ് ബേസ് ക്യാന്പിലേക്ക്. സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാന്പ്. അവിടെ ഏതാനും ദിവസം തങ്ങി. കൊടുമുടിയോടും കാലാവസ്ഥയോടും പൊരുത്തപ്പെടാനായിരുന്നു ഇത്. ഗൈഡ് അനൂപ് ഷെർപ്പയുടെ നിർദേശങ്ങൾ പാലിച്ച് അതികഠിനമായ പരിശീലനം തുടർന്നു.
റൊട്ടേഷൻ ക്ലൈംബിംഗ്
രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം ഖുബു ഐസ്ഫോൾ കടന്ന് ക്യാന്പ് 1, ക്യാന്പ് 2 എന്നിവയിൽ ഓരോദിവസം താമസിച്ച് ക്യാന്പ് 3 വരെ എത്തി. അവിടെനിന്ന് ബേസ് ക്യാന്പിലേക്കു മടങ്ങി. 7,300 മീറ്റർ ഉയരമുള്ള സ്ഥലത്തോടു സമരസപ്പെടാനായിരുന്നു ഈ റൊട്ടേഷൻ ക്ലൈംബിംഗ്. എവറസ്റ്റിനു മുകളിലെ കാറ്റിന്റെ വേഗവും സമയവും കണക്കാക്കി കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയ അറിയിപ്പു ലഭിച്ചശേഷമായിരുന്നു പിന്നീടുള്ള യാത്ര. ബേസ് ക്യാന്പിൽനിന്നു ഒരർധരാത്രി ആരംഭിച്ച ആ യാത്രയാണ് തുടക്കത്തിൽ കണ്ടത്. ഖുബു ഐസ്ഫോളിലെ അടർന്നുവീഴുന്ന മഞ്ഞുപാളികൾ സഫ്രീനയുടെ നിശ്ചയദാർഢ്യത്തെ ഒരുനിമിഷം ഹൃദയത്തിൽനിന്ന് അടർത്തി. തളർന്നില്ല. ഷെർപ്പയുടെ വാക്കുകളിൽ മുറുകെപ്പിടിച്ച് വെല്ലുവിളികൾ മറികടന്ന് ക്യാന്പ് മൂന്നിലേക്ക്. ക്യാന്പ് രണ്ടിൽനിന്ന് 14 മണിക്കൂർ കയറിയാണ് ഇവിടെയെത്തിയത്. 7,200 മീറ്റർ ഉയരമുള്ള ഇവിടെയെത്തിയപ്പോൾ മേയ് 16.
മരണമുനന്പിൽ
ഒരിക്കൽക്കൂടി സഫ്രീന തരിച്ചുനിന്നു, മനസൊന്നു പതറി. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഒരു മൃതദേഹം കണ്ടപ്പോഴായിരുന്നു അത്. മരണമുനന്പിലേക്കുള്ള അതിസാഹസികമായ യാത്രയ്ക്കിടെയായിരുന്നു സഫ്രീന അപ്പോൾ. ഉയരം 8,000 മീറ്റർ. ക്യാന്പ് 4നു മുകളിലുള്ള ഈ ഭാഗത്തിന്റെ പേരാണ് ഡെത്ത് സോണ്‍. പേരുപോലെ മരണം ചൂഴ്ന്നുനിൽക്കുന്നയിടം. വഴിയിൽ മൃതദേഹം കാണുന്നത് അത്രയപൂർവമല്ല. ആത്മധൈര്യം വീണ്ടെടുത്ത് ഫിനിഷിംഗ് പോയിന്റിനെ മനസിലുറപ്പിച്ച് സഫ്രീന അവസാന ഒരുക്കം തുടങ്ങി.
എവറസ്റ്റിൽ, തലയെടുപ്പോടെ
ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചെന്നപോലെ, സർവശക്തിയും സമാഹരിച്ച് സമ്മിറ്റ് പുഷ് എന്നുവിളിക്കുന്ന എവറസ്റ്റിന്റെ മുകളിൽ സഫ്രീന കാൽതൊട്ടു. സൗത്ത് സമ്മിറ്റിൽനിന്ന് റിയൽ സമ്മിറ്റിലേക്ക് ഹിലാരി സ്റ്റെപ്പിലുള്ള റിഡ്ജിലൂടെ റോപ്പിൽ പിടിച്ച് മുന്നോട്ട്. മേയ് 18ന് നേപ്പാൾ സമയം 10.25നാണ് സ്വപ്നതുല്യമായ ലക്ഷ്യത്തിലെത്തിയത്. എല്ലാം മറന്ന് 45 മിനിറ്റോളം എവറസ്റ്റിനു മുകളിൽ നിന്നപ്പോൾ കണ്മുന്നിൽ ഇതൾവിരിഞ്ഞത് കാഴ്ചയുടെ അപൂർവ വിരുന്ന്. ഹിമഗിരിയുടെ അനുപമസൗന്ദര്യം ആവോളം ആസ്വദിക്കുക, ഒപ്പം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുക- സഫ്രീനയുടെ മനസിൽ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ദൃശ്യങ്ങൾ കാമറയിലാക്കി നെടുവീർപ്പിടുന്പോൾ കവി നാലപ്പാട്ട് നാരായണ മേനോന്റെ ഈരടികൾ മനസിൽ അലയടിച്ചു- അനന്തമജ്ഞാതമവർണനീയം... ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതത്തിൽനിന്നു മാത്രമേ വിജയമുണ്ടാകൂ എന്നാണ് സഫ്രീനയുടെ കാഴ്ചപ്പാട്. തലശേരി പുന്നോൽ പി.എം. അബ്ദുൾ ലത്തീഫ്- കെ.പി. സുബൈദ ദന്പതികളുടെ മകളാണ് സഫ്രീന. കണ്ണൂർ സ്വദേശിയാണ് ഭർത്താവ് ഡോ. ഷെമീൽ. മകൾ മിൽഖ. അടുത്ത കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ അഭിമാനതാരം ഇപ്പോൾ.
ആ നിശബ്ദവിപ്ലവത്തിനു മാഗ്സസേ തിളക്കം
സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം നിന്ന സഫീനയുടെയും സംഘടനയുടെയും ആത്മാർഥതയ്ക്കാണ് ഈ വർഷത്തെ റ മോൺ മാഗ്സസേ അവാർഡ്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്...
സുഖകരമായിരുന്നില്ല ആ യാത്ര. പാലിയുടെ ഇടുങ്ങിയ വഴികളിൽ ഇവർ നടന്നതു സമൂഹത്തിന്റെ എതിർപ്പുയർത്തിയ മുള്ളുകൾ ചവിട്ടിയായിരുന്നു. ഇവർ മുട്ടിവിളിച്ചപ്പോൾ വാതിലുകൾ തുറന്നതുമില്ല. സ്കൂളുകളിലേക്കുള്ള വഴിയറിയാത്ത പെൺകുട്ടികൾക്കു വഴികാണിക്കാൻ വന്നവർ തങ്ങളുടെ ജീവിതപാഠങ്ങൾ ചോദ്യംചെയ്യുമെന്നു ഗ്രാമീണർ ഭയന്നു. പെൺകുട്ടികൾ പഠിക്കാനുള്ളവരല്ല. വീട്ടുജോലിചെയ്യാനും ചെറുപ്പത്തിലേ വിവാഹിതരായി വേഗത്തിൽ അമ്മമാരാകേണ്ടവരാണെന്നുമായിരുന്നു അവർ പഠിച്ചുവച്ച ജീവിതപാഠം. അവർ എന്തിനു പഠിക്കണം എന്നായിരുന്നു ഗ്രാമീണരുടെ ചോദ്യം. പെൺകുട്ടികളെ പഠിപ്പിക്കാനെത്തിയവരെ ഗ്രാമീണർ പരിഹസിച്ചു, ഒറ്റപ്പെടുത്തി. പക്ഷേ, അവർ പിന്മാറിയില്ല. വീണ്ടും വീണ്ടും പെൺകുട്ടികളുള്ള വാതിലുകളിൽ മുട്ടി. അവർക്കുവേണ്ടി പതുക്കെ ഒരു വാതിൽ തുറന്നു. പിറകേ മറ്റൊരു വാതിൽ. അതേ., പെൺകുട്ടികൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. സ്കൂൾ എന്ന സ്വപ്നത്തിന്റെ ബെല്ലടികേട്ട് അവർ ഉണർന്നു. മിന്നിമിന്നി തെളിഞ്ഞുകത്തുന്ന വിളക്കുപോലെ... ആ വെളിച്ചം പടരുകയായിരുന്നു... ആയിരങ്ങളിലേക്ക്, ലക്ഷങ്ങളിലേക്ക്...
എജ്യുക്കേറ്റ് ഗേൾസ്
കടന്നുപോയ വഴികളെക്കുറിച്ച് മുംബൈ അന്ധേരി വീര ദേശായ് റോഡിലെ ഓഫീസിലിരുന്നു സംസാരിക്കുകയായിരുന്നു സഫീന ഹുസൈൻ. ആശയങ്ങളും ആഗ്രഹങ്ങളും കൂട്ടിച്ചേർത്ത് അവർ രൂപീകരിച്ചത് ഒരു പ്രസ്ഥാനമാണ് -എജ്യുക്കേറ്റ് ഗേൾസ്. രാജസ്ഥാനിലെ പാലിയിലെപ്പോലെ രാജസ്ഥാനിലെ മറ്റു ഗ്രാമങ്ങളിലും പെൺകുട്ടികൾ സ്വപ്നംകാണാൻ തുടങ്ങിയപ്പോൾ സഫീന തന്റെ പ്രവർത്തനമേഖല മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും വ്യാപിപ്പിച്ചു. 18 വർഷംകൊണ്ട് ഇരുപതു ലക്ഷം പെൺകുട്ടികളെയാണ് സഫീനയുടെ എജ്യുക്കേറ്റ് ഗേൾസ് സ്കൂളിൽ എത്തിച്ചത്.സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പംനിന്ന സഫീനയുടെയും സംഘടനയുടെയും ഈ ആത്മാർഥതയാണ് ഈ വർഷത്തെ റമോൺ മാഗ്സസേ അവാർഡിന് അർഹനാക്കിയത്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്.
അനുഭവം പ്രചോദനം
സ്കൂൾവിട്ടുനിന്ന സ്വന്തം അനുഭവമാണ് സഫീനയെ പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകേണ്ടതിനെക്കുറിച്ച് ചിന്തിപ്പിച്ചത്. ഡൽഹിയിൽ താമസക്കാരിയായിരുന്ന സഫീനയ്ക്കു പന്ത്രണ്ടാം ക്ലാസിനുശേഷം പഠനം തുടരാനായില്ല. പക്ഷേ അമ്മായിയുടെ നിർബന്ധപ്രകാരം സഫീനയെ പിതാവ് ലണ്ടനിലേക്കയച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദം നേടിയ സഫീന ആരോഗ്യ വിദ്യാഭ്യാസ സന്നദ്ധസംഘടനയുടെ ഭാഗമായി ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പ്രവർത്തിച്ചു. 2005ൽ ഡൽഹിയിൽ തിരിച്ചെത്തിയ സഫീന കുടുംബത്തോടൊപ്പം മുംബൈയിലേക്കു താമസംമാറ്റുകയായിരുന്നു. ""പെൺകുട്ടികളെ പഠിപ്പിക്കൂ, കുടുംബത്തെ പഠിപ്പിക്കൂ'' എന്ന മുദ്രാവാക്യവുമായി 2007ലാണ് സഫീന ഹുസൈൻ എജ്യുക്കേറ്റ് ഗേൾസ് അന്ധേരിയിൽ ആരംഭിച്ചത്.
കപിൽ സിബൽ വഴി പാലിയിലേക്ക്
സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക എന്ന ആശയം കത്തിജ്വലിച്ചപ്പോൾ അന്നത്തെ മാനവവിഭവശേഷി മന്ത്രി കപിൽ സിബലിനെ സഫീന കണ്ടു. പെൺകുട്ടികളുടെ സ്കൂൾവിദ്യാഭ്യാസം മുടങ്ങുന്ന പത്തു ജില്ലകളുടെ പേരാണ് കപിൽ സിബൽ സഫീനയ്ക്കു നൽകിയത്. അതിൽ ഉൾപ്പെട്ട രാജസ്ഥാനിലെ പാലിയിലേക്കായി പിന്നെ യാത്ര. പെൺകുട്ടികൾ എന്തിനു പഠിക്കണം എന്നു ചിന്തിച്ചിരുന്ന ഒരു സമൂഹത്തെ സഫീന പതുക്കെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. പെൺകുട്ടികളെ വീണ്ടും സ്കൂളിൽ എത്തിക്കുക എന്ന ദൗത്യത്തിൽ അതാതു പ്രദേശങ്ങളിലെ യുവാക്കളെയും യുവതികളെയും ഉൾപ്പെടുത്തി "ടീം ബാലിക' ഗ്രൂപ്പ് രൂപീകരിച്ചു. അവരായി പിന്നെ പ്രവർത്തനത്തിന്റെ നെടുംതൂൺ. പുറമേനിന്നുള്ളവർക്കു ഗ്രാമീണരെ കാര്യമായി സ്വാധീനിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഗ്രാമങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി "ടീം ബാലിക' രൂപീകരിച്ചതെന്നു സഫീന ഹുസൈൻ പറഞ്ഞു.
വിശ്വാസം നേടി, വിജയം
ഗ്രാമവാസികൾ അവരെ വിശ്വസിച്ചു... സ്കൂളുകളിൽ പെൺകുട്ടികളുടെ ഹാജർനിലവാരം ഉയർന്നു. ഗ്രാമീണ പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്കു നയിക്കുന്ന നിശബ്ദവിപ്ലവത്തിന് അവിടെ തുടക്കമാകുകയായിരുന്നു. എന്തിന് ഇവരെ പഠിപ്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്കു സ്നേഹം നിറഞ്ഞ മറുപടി. ""പെൺകുട്ടി പഠിച്ചാൽ നല്ല അമ്മമാരുണ്ടാകും... നല്ല കുട്ടികളുണ്ടാകും... പെൺകുട്ടികൾ വിവാഹത്തിനുശേഷം ജോലിചെയ്യും... ആരോഗ്യമുള്ള കുടുംബമുണ്ടാകും... വീടിന്റെ സാമ്പത്തികനില ഉയരും...മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കാം.''ഗ്രാമീണർ അവർക്കു ചെവികൊടുത്തു. ഇന്നു നാലു സംസ്ഥാനങ്ങളിലെ 30,000 ഗ്രാമങ്ങളിൽ എജ്യുക്കേറ്റ് ഗേൾസ് പ്രവർത്തകർ പെൺകുട്ടികളെ സ്കൂളിൽ എത്തിച്ചു. 55,000 സേവനപ്രവർത്തകരാണ് എജ്യുക്കേറ്റ് ഗേൾസിനൊപ്പം ഇന്നുള്ളത്.
ത്യാഗനിർഭരം ജീവിതം
നിലവിലുള്ള സാമൂഹ്യ ആചാരങ്ങൾ മാറ്റിയെടുക്കാൻ ഏറെ ത്യാഗങ്ങൾ അനുഭവിക്കേണ്ടിവന്നു എജ്യുക്കേറ്റ് ഗേൾസിന്. പക്ഷേ, അവർ തളർന്നില്ല. പിന്മാറിയില്ല. സഹായിക്കാൻ ഒരുപാടുപേർ കൂടെക്കൂടി. സ്കൂൾവിദ്യാഭ്യാസം ഒഴിവാക്കിയ കുട്ടികളുടെ കണക്കെടുത്തു. വീടുകളിൽ കയറി ബോധവത്കരണം. ഗ്രാമവാസികളോടു സംസാരിക്കാൻ "ടീം ബാലിക' അംഗങ്ങൾ. രക്ഷാകർത്താക്കളുമായുള്ള സംഭാഷണങ്ങൾ. സ്കൂൾ അധികൃതരുമായുള്ള ഏകോപനം, കുട്ടികളെ ചേർക്കൽ. അങ്ങനെ ആ പ്രക്രിയകൾ ഇടവിടാതെ തുടർന്നു. പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള തങ്ങളുടെ സേവനപ്രവർത്തനത്തിനു "വിദ്യ' എന്ന പേരു നൽകി എജ്യുക്കേറ്റ് ഗേൾസ് ആളുകളെ ആകർഷിച്ചു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളെയും സ്കൂളിൽ എത്തിച്ചു. സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ വീട്ടുകാർക്കു സർക്കാർ പണംനൽകി; പഠനോപകരണങ്ങളും. പാലിയിൽ അഞ്ചുവർഷംകൊണ്ട് അന്‍പതു പെൺകുട്ടികളെയാണ് സ്കൂളിൽ എത്തിച്ചത്.
"അറിവിന്റ നിറകുടം'
"ടീം ബാലിക'മാർക്ക് പരിശീലനം നൽകാൻ ജ്ഞാൻ കാ പിതാര (ജികെപി) എന്ന പേരിൽ പരിശീലനം തുടങ്ങി. "അറിവിന്റ നിറകുടം' എന്നർഥം. സാമൂഹ്യസാഹചര്യം മനസിലാക്കി പെൺകുട്ടികളെ അവർ വിദ്യാഭ്യാസത്തിന്റെ, സ്വന്തം ആരോഗ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു. സ്കൂളുകളിൽ "അറിവിന്റെ നിറകുടം' അംഗങ്ങൾ ക്ലാസ് നടത്തി പെൺകുട്ടികളെ പഠിപ്പിച്ചു. പഠനത്തിൽ, പരീക്ഷയ്ക്കു തയാറെടുക്കുന്നതിൽ സഹായിച്ചു. വീണ്ടും പഠനവിഷയത്തിൽ വെല്ലുവിളികളുണ്ടായി. മിക്ക ഇടങ്ങളിലും ഹൈസ്കൂൾ ഇല്ല എന്ന പ്രശ്നം. അതുകൊണ്ട് ഏഴാംക്ലാസിനുശേഷം പെൺകുട്ടികളെ സ്കൂളിൽ അയയ്ക്കാൻ വീട്ടുകാർ മടിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികളെ ഒറ്റയ്ക്ക് അയയ്ക്കാനുള്ള ഭയം. വീട്ടിൽ സഹായജോലികൾ ചെയ്യാൻ അവരുണ്ടാകണം എന്ന ചിന്ത... 13നും 21നും ഇടയിൽ വീണ്ടും പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനാകാതെ പോയി.
ഓപ്പൺ സ്കൂൾ പരിഹാരം
15 വയസായ പെൺകുട്ടികൾക്കുവേണ്ടി ഓപ്പൺ സ്കൂൾ ആരംഭിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്. എൻഐഒഎസിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ) സഹായംതേടി. ആ പ്രായത്തിലെ മുതിർന്ന കുട്ടികളെ പഠനത്തിൽ സഹായിക്കാൻ "പ്രേരക്'മാരെ നിശ്ചയിച്ചു. ആ പഠനരീതിക്ക് "പ്രഗതി' എന്നു പേരിട്ടു. 24,000 ടീം ബാലിക അംഗങ്ങളാണ് വിദ്യ, പ്രഗതി പദ്ധതികളിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത്. എജ്യുക്കേറ്റ് ഗേൾസിന്റെ മുംബൈ ഓഫിസിൽ 70 പ്രവർത്തകരുണ്ട്. അവർക്കാണ് പ്രവർത്തനങ്ങളുടെ നിയന്ത്രണം. പ്രഗതി വഴി 31,500 പേർ വിദ്യാഭ്യാസം തുടർന്നു.
പഠിച്ചവൾ, മിടുക്കികൾ
പരമ്പരാഗത ചിന്താഗതിയിൽനിന്നു മാറിനടക്കാൻ എജ്യുക്കേറ്റ് ഗേൾസ് പെൺകുട്ടികൾക്കു പിന്തുണ നൽകി. ലിംഗതുല്യത പുതിയ വാക്കായിരുന്നു അവർക്ക്. പഠിച്ചവർ ഗ്രാമത്തിൽ അധ്യാപകരായി, നഴ്സായി... പെൺകുട്ടികളുടെ വിവാഹപ്രായം ഉയർന്നു. പ്രസവങ്ങൾ ആരോഗ്യകരമായി... വിദ്യാഭ്യാസ അവകാശനിയമം തങ്ങളുടെ ശ്രമങ്ങൾക്കു കരുത്തുപകർന്നു എന്നു സഫീന പറഞ്ഞു. "പെൺകുട്ടിയെ പഠിപ്പിക്കൂ, സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഗ്രാമവാസികളെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിൽ സഹായകമായി. പെൺകുട്ടികൾക്കു പ്രതീക്ഷ കൊടുക്കുകമാത്രമല്ല, ആൺകുട്ടികളെക്കാൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നവരായിമാറി പെൺകുട്ടികൾ ഇന്നു രാജസ്ഥാനിൽ.
മാഗ്സസേ കരയിച്ചു
അവാർഡുകളും അംഗീകാരങ്ങളും പുതുമയല്ല ഈ സംഘടനയ്ക്ക്. പക്ഷേ, മാഗ്സസേ അവാർഡ് വന്നപ്പോൾ അറിയാതെ കരഞ്ഞുപോയി സഫീന. സഫീനയ്ക്കു കൂട്ടായി വിദ്യാഭ്യാസപ്രവർത്തനത്തിൽ മലയാളികളുമുണ്ട്. മുംബൈ അന്ധേരിയിലെ ഓഫീസിൽ. സിഇഒ ആയി ജോലിചെയ്യുന്ന ഗായത്രി നായർ, മീഡിയ വിഭാഗത്തിൽ ബിനിഷും അബ്ജിയും. ലക്ഷ്യം ഉറപ്പുനൽകിയാണ് എജ്യുക്കേറ്റ് ഗേൾസ് സംഭാവന നേടുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് അഞ്ചുവർഷംകൊണ്ട് സ്കൂൾവിദ്യാഭ്യാസം നൽകുക എന്ന ആശയത്തിനു വൻസംഭാവനയാണ് ലഭിച്ചത്. ലക്ഷ്യത്തിൽ വൻവിജയമാണ് എജ്യുക്കേറ്റ് ഗേൾസ് നേടിയതും. വിദ്യാഭ്യാസപ്രവർത്തനത്തിൽ ഇങ്ങനെ ഉറപ്പു പാലിച്ചു സംഭാവന നേടുന്ന സംഘടന എന്ന പേരും എജ്യുക്കേറ്റ് ഗേൾസിനു സ്വന്തം. അതിനിടയിൽ ഫിലിപ്പീൻസ് രാഷ്ട്രനേതാവിന്റെ പേരിലുള്ള, ഏഷ്യൻ നൊബേൽ എന്നു വിളിപ്പേരുള്ള പുരസ്കാരം തേടിയെത്തിയതു സഫീനയ്ക്കും കൂട്ടുകാർക്കും നൽകുന്ന ആവേശം ചെറുതല്ല. പ്രശംസാപത്രവും റമോൺ മാഗ്സസേയുടെ ചിത്രം പതിച്ച ശില്പവും തുകയും അടങ്ങുന്നതാണ് അവാർഡ്. മനിലയിൽ നവംബർ ഏഴിനു നടക്കുന്ന ചടങ്ങിൽ സഫീന ഹുസൈനും കൂട്ടുകാരും അഭിമാനപുരസരം ആ അവാർഡ് ഏറ്റുവാങ്ങും.
അറിവാകാശം
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഏജൻസിയാണ്. നാസയുടെ ദൗത്യനിയന്ത്രണകേന്ദ്രമായ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് ഒരു യാത്ര...
പാഠപുസ്തകങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കേട്ടും മാത്രം അറിവുള്ള, വിസ്മയങ്ങളുടെ കലവറ- നാസ! അറിവുതേടിയുള്ള മനുഷ്യന്റെ യാത്രയുടെ മഹത്തായ ഉദാഹരണമായി നിലനിൽക്കുന്ന നാസയുടെ ദൗത്യനിയന്ത്രണത്തിന്റെയും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിന്റെയും കേന്ദ്രമായ ഹൂസ്റ്റണിലുള്ള ജോൺസൺ സ്പേസ് സെന്ററിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അവിടെയെത്തി സംവിധാനങ്ങൾ നേരിൽ കണ്ടപ്പോൾ മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ശരിക്കും അദ്ഭുതപ്പെട്ടുപോയി. അമേരിക്കന്‍യാത്ര തീരുമാനിച്ചപ്പോള്‍തന്നെ നാസ സന്ദർശിക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. ടെക്സാസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന ബന്ധുക്കൾക്കൊപ്പം ഷുഗർലാൻഡിലുള്ള വീട്ടില്‍നിന്ന് ഒരുച്ചയോടെയായിരുന്നു യാത്രയുടെ തുടക്കം. 1,700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജോൺസൺ സ്പേസ് സെന്ററിന്റെ കവാടം കടന്നപ്പോൾത്തന്നെ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ കാണാമായിരുന്നു. വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ പ്രവേശന കവാടത്തിലേക്ക് നടന്നു. കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കുണ്ട്. ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂട്ടി എടുത്തതിനാൽ പ്രവേശന നടപടികൾ സുഗമമായിരുന്നു. പല കാലങ്ങളിലായി പര്യവേക്ഷണങ്ങൾക്കിടയിൽ ജീവൻനഷ്ടപ്പെട്ട ബഹിരാകാശയാത്രികരെ സ്മരിക്കാൻ പ്രധാന കവാടത്തിനടുത്ത് ഓക്ക് വൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്.
അമേരിക്കയെ ഞെട്ടിച്ച സ്പുട്നിക്
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ 195 ലാണ് സ്ഥാപിതമായത്. വാഷിംഗ്ടൺ ഡി.സിയിലാണ് നാസയുടെ ആസ്ഥാനം. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലായി 10 ഫീൽഡ് സെന്ററുകൾ നാസയ്ക്കുണ്ട്. 1915ൽ രൂപംകൊണ്ട എൻഎസിഎ എന്ന സ്ഥാപനമാണ് പിന്നീട് നാസയായി മാറിയത്. വ്യോമയാനരംഗത്തെ പുരോഗതിക്കായുള്ള സൈനികേതര ഏജൻസി എന്ന ആശയമായിരുന്നു എൻഎസിഎയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിജയകരമായി വിക്ഷേപിച്ചതിന്റെ ഞെട്ടലിൽനിന്നാണ് അമേരിക്ക നാസ എന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻകൂടി യൂറി ഗഗാറിനിലൂടെ സോവിയറ്റ് യൂണിയന് സാധിച്ചതോടെ നാസയുടെ തുടർന്നുള്ള ഗവേഷണങ്ങൾക്ക് വൻ ശ്രദ്ധയാണ് അമേരിക്കൻ അധികൃതരിൽനിന്ന് ലഭിച്ചത്. 1958 ജനുവരി 31ന് എക്സ്പ്ലോറർ 1 നാസ ഭ്രമണപഥത്തിൽ എത്തിച്ചു. മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നതായിരുന്നു നാസ തുടക്കംമുതൽക്കേ ലക്ഷ്യമിട്ടത്. നാസയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ. 1961ൽ Manned Spacecraft Center എന്ന പേരിൽ ആരഭിച്ച സ്ഥാപനം 1973ൽ ജോൺസൺ സ്പേസ് സെന്റർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. മനുഷ്യൻ ബഹിരാകാശത്തു നടത്തുന്ന പ്രയാണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരിശീലനങ്ങളും നടത്തുന്നത് ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ചുമതലകളാണ്.
കല്പന, സുനിത
ടിക്കറ്റ് സ്കാൻ ചെയ്ത് പ്രവേശിക്കുന്നത് വിശാലമായ ലോബിയിലേക്കാണ്. പ്രധാന ഹാളിൽ ഒട്ടേറെ പ്രദര്‍ശനങ്ങളും ആക്ടിവിറ്റികളും കാണാം. എവിടെ കണ്ടുതുടങ്ങണമെന്ന ആശങ്കയായിരുന്നു ഞങ്ങൾക്ക്. ചന്ദ്രനിലേക്ക് നടത്തിയ ദൗത്യങ്ങളുടെ രേഖകളും മോഡലുകളും ചിത്രങ്ങളും അവിടെനിന്നു കൊണ്ടുവന്ന മണ്ണും കല്ലുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. കുട്ടികൾ പലരും അതിൽ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങളും വാഹനങ്ങളുമെല്ലാം കൗതുകത്തോടെ ഞങ്ങള്‍ കണ്ടു. അപ്പോളോ, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ അഭിമാനമായ കല്പന ചൗളയുടെയും സുനിത വില്യംസിന്റെയുമെല്ലാം ചിത്രങ്ങളും വിവരണങ്ങളും യുഎസ് ആസ്ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം എന്നയിടത്ത് അഭിമാനത്തോടെ ഞങ്ങൾ കണ്ടു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്പനയുടെ ആദ്യ ശൂന്യാകാശയാത്ര. കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് സഹഗവേഷകര്‍ക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. 2003 ജനുവരി 16ന് കല്പന രണ്ടാംതവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു. പതിനേഴുദിവസത്തെ ഗവേഷണങ്ങള്‍ക്കുശേഷം ഫെബ്രുവരി ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ തകരുകയും കല്പനയടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ മരിക്കുകയുമായിരുന്നു. സുനിത വില്യംസിന്റെ ബഹിരാകാശയാത്രകളെപ്പറ്റിയും അവിടെ കണ്ടു. നാസയുടെ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ നടക്കുന്ന തിയറ്ററിൽ ഞങ്ങൾ പ്രവേശിച്ചു. മുൻകാലങ്ങളിൽ നടന്ന എല്ലാ പര്യവേക്ഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങൾ അവിടെ കാണാം. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള നാസയുടെ ഇപ്പോഴത്തെ ഒരു സുപ്രധാന ദൗത്യമായ ആര്‍ടെമിസ് പ്രോഗ്രാമിനെപറ്റിയുള്ള വിവരങ്ങളും അറിയാനായി.
ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. അപ്പോളോ പ്രോഗ്രാമിന്റെ പ്രധാന കേന്ദ്രമായി ജോൺസൺ സ്പേസ് സെന്റർ പ്രവർത്തിച്ചിരുന്നു. 1969 ജൂലൈ 16ന് അപ്പോളോ 11 ഫ്ലോറിഡയിൽനിന്നാണ് വിക്ഷേപിക്കപ്പെട്ടത്. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. ചന്ദ്രനിൽനിന്നുള്ള നീൽ ആംസ്ട്രോങ്ങിന്റെ ആദ്യ സന്ദേശം "Houston, Tranquility base here; The Eagle has landed" എന്ന് ഹൂസ്റ്റണിലെ നാസാ കൺട്രോൾ റൂമിലേക്ക് ആയിരുന്നു. "ഹൂസ്റ്റൺ’ എന്ന പേര് അതിലൂടെ ലോകമെമ്പാടും പ്രശസ്തമായി. പിന്നീട് 1970ലെ അപ്പോളോ 13 മിഷനിൽനിന്നുള്ള സംഭാഷണം "ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം' എന്നത് വളരെ പ്രസിദ്ധമാണ്. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്ററിന്റെ പ്രാധാന്യം വലുതാണ്. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75 ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതു മുതൽ 1972ലെ അപ്പോളോ 17 വരെയുള്ള എല്ലാ ചാന്ദ്രപ്രയാണങ്ങളും ജോൺസൺ സ്പേസ് സെന്റർ മിഷൻ കൺട്രോൾ സെന്ററിൽനിന്നാണ് നിയന്ത്രിച്ചത്. 1981ൽ ആരംഭിച്ച സ്പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ എല്ലാ പ്രയാണങ്ങളും 2011ലെ അവസാന ഷട്ടിൽ മിഷൻ വരെ ഹൂസ്റ്റണിൽനിന്നാണ് നിയന്ത്രിച്ചത്. അതിലൊന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹിസ്റ്റോറിക് മിഷൻ കൺട്രോൾ ടൂർ, അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റി ടൂർ, ജോർജ് ഡബ്ല്യു.എസ്. ആബി റോക്കറ്റ് പാർക്ക് ടൂർ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിച്ച റോക്കറ്റുകളിൽ ഒന്നായ സാറ്റേൺ വി, മറ്റു വിവിധ റോക്കറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നത് വിസ്മയത്തോടെ ഞങ്ങൾ നടന്നുകണ്ടു.
ബഹിരാകാശ ജീവിതം
ബഹിരാകാശ സഞ്ചാരികളുടെ ട്രെയിനിംഗ്, ബഹിരാകാശകേന്ദ്രത്തിലെ പരീക്ഷണങ്ങൾ എന്നിവ ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ദൗത്യങ്ങളാണ്. മനുഷ്യന്റെ ബഹിരാകാശജീവിതവുമായി ബന്ധപ്പെട്ട നൂതന പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. ബഹിരാകാശജീവിതത്തിന്റെ ദൈർഘ്യം, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷണം തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾ ഇവിടെ സജീവമാണ്. അമേരിക്കയുടെ ബഹിരാകാശയാത്രിക സംഘങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ഓറിയോണ്‍ പ്രോഗ്രാം, ആര്‍ടെമിസ് പ്രോഗ്രാം, ഭാവിയിലെ ബഹിരാകാശവികസനം എന്നിവയുടെ പഠനകേന്ദ്രമാണിവിടം. പൊതുജനങ്ങളിൽ ബഹിരാകാശജ്ഞാനം പ്രചരിപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നതിലൂടെ ജോൺസൻ സ്പേസ് സെന്റർ സാംസ്കാരിക പ്രതിച്ഛായകൂടി നേടി.സന്ദർശകർക്ക് അനുവദിച്ച സ്ഥലത്തെല്ലാം ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ ഞങ്ങൾ ജോൺസൺ സ്പേസ് സെന്ററിനോട് വിടപറഞ്ഞു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്രവിദ്യാര്‍ഥികളും മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി ഇവിടെ എത്തുന്നതിൽ അദ്ഭുതമില്ല. ബഹിരാകാശ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നിയന്ത്രിക്കപ്പെട്ട ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ ശാസ്ത്രകാഴ്ചകളുടെ സാഗരമാണ്- കാണാനും പഠിക്കാനും അറിയാനും...
കേരളത്തെ സ്നേഹിച്ച എത്യോപ്യൻ ചക്രവർത്തി
കേരളത്തെയും മലയാളികളെയും ഏറെയിഷ്ടപ്പെട്ട എത്യോപ്യൻ ചക്രവർത്തിയുടെ ഓർമകൾക്ക് അന്‍പതു വയസ്
1940കളിലെ എത്യോപ്യ. തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് അല്പം മാറിയുള്ള ആംബോ എന്ന സ്കൂളിൽ അന്നൊരു നാടകം അരങ്ങേറുന്നു- ജൂലിയസ് സീസർ. സ്കൂളിൽ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്ന മലയാളി അധ്യാപകൻ പോൾ വർഗീസാണ് മാർക് ആന്റണിയുടെ വേഷം ചെയ്യുന്നത്. നാടകം കാണാൻ വളരെ പ്രധാനപ്പെട്ടൊരാളെത്തി- വേറാരുമല്ല, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സിലാസി! മറ്റൊന്നുകൂടിയുണ്ടായി. മാർക് ആന്റണിയുടെ പ്രകടനം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. നാടകത്തിനുശേഷം പോൾ സാർ എത്യോപ്യൻ ഭാഷയായ അമാറികിൽ നടത്തിയ പ്രസംഗം ചക്രവർത്തിയെ അക്ഷരാർഥത്തിൽ അതിശയിപ്പിക്കുകയും ചെയ്തു. അവിടെ തുടങ്ങുന്നു, ഹെയ്ലി സിലാസി ചക്രവർത്തിക്ക് പോൾ സാറും കേരളവുമായുള്ള ബന്ധം. അക്കാലത്ത് ഒട്ടേറെ മലയാളികൾ എത്യോപ്യയിൽ അധ്യാപകരായി ജോലിചെയ്തിരുന്നു. പോൾ സാറിനോടുള്ള സ്നേഹബഹുമാനങ്ങളാൽ ചക്രവർത്തി അദ്ദേഹത്തെ തലസ്ഥാനത്തുള്ള ഹെയ്ലി സിലാസി ഹയർ സെക്കൻഡറി സ്കൂളിലേക്കു കൊണ്ടുവന്നു. അവർ തമ്മിലുള്ള ബന്ധം ഉൗഷ്മളമായി ദീർഘകാലം തുടർന്നു. പിന്നീട് നാട്ടിലേക്കു തിരിച്ചുപോരാൻ പോൾ വർഗീസ് തീരുമാനമെടുത്തപ്പോൾ എത്യോപ്യയിൽ തുടരാൻ ചക്രവർത്തി ഏറെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. എങ്കിലും മടങ്ങാതെ നിവൃത്തിയില്ലെന്ന നിലപാടിലായിരുന്നു പോൾ സാർ.
ചക്രവർത്തി കേരളത്തിൽ
1956ൽ ഇന്ത്യ സന്ദർശിച്ചവേളയിൽ ഹെയ്ലി സിലാസി കേരളത്തിലുമെത്തി. പോൾ വർഗീസിനെ വിളിച്ചുവരുത്തി സൗഹൃദം പങ്കിടാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ രീതികളും അധ്യാപകരെയും ചക്രവർത്തിക്ക് വലിയ മതിപ്പായിരുന്നു. ഈ ഇഷ്ടംമൂലം ഒട്ടേറെ മലയാളികൾക്ക് ആഡിസ് അബാബയിൽ അധ്യാപകരായി ജോലിചെയ്യാൻ കഴിഞ്ഞു. നിയമപാലകരായും ഏറെപ്പേർ അവിടെ ജോലിചെയ്തിരുന്നു. ഇവരെയെല്ലാം അന്നാട്ടുകാർ ഏറെ ബഹുമാനിക്കുകയും ചെയ്തു. മറ്റൊരു ചരിത്രപരമായ കൗതുകംകൂടി പോൾ വർഗീസിന്റെ കാര്യത്തിലുണ്ട്. വൈദികനാവുക എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്യോപ്യയിലെ അധ്യാപക ജോലി വേണ്ടെന്നുവച്ച് നാട്ടിലേക്കു മടങ്ങിയത്. അദ്ദേഹം തന്റെ ആഗ്രഹം പൂർത്തീകരിക്കുകയും പിന്നീട് പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയായി സഭയെ നയിക്കുകയും ചെയ്തു. ചക്രവർത്തി കേരളത്തിലെ ഓർത്തഡോക്സ് സഭയുമായി വലിയ സൗഹൃദവും സാഹോദര്യവും പങ്കിടുകയും പള്ളികൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
അവസാനത്തെ ചക്രവർത്തി
എത്യോപ്യയുടെ അവസാനത്തെ ചക്രവർത്തിയാണ് ഹെയ്ലി സിലാസി. 1892 ജൂലൈ 23ന് മക്കോണൻ മൈക്കിൾ- യെഷീമെ ഉബറ്റ് അലി എന്നിവരുടെ മക്കളായി ജനിച്ചു. റാസ്തഫാരി മക്കോണൻ എന്നായിരുന്നു ആദ്യത്തെ പേര്. 1930 ഏപ്രിൽ രണ്ടു മുതൽ 1974 സെപ്റ്റംബർ 12 വരെ എത്യോപ്യയുടെ ചക്രവർത്തിയായിരുന്നു. ചക്രവർത്തിനി സെവ്ഡിറ്റുവിന്റെ കാലത്ത് പൂർണ അധികാരമുള്ള റീജന്റ് ആയി പ്രവർത്തിച്ചിരുന്നതിനാൽ രാജ്യഭരണത്തിൽ ശക്തമായ അടിത്തറയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി 1931ൽ അദ്ദേഹം പുതിയ ഭരണഘടനയുണ്ടാക്കി. 1942ൽ അടിമത്തം നിരോധിക്കുകയും ചെയ്തു. എത്യോപ്യയെ ഇറ്റലിയുടെ അധിനിവേശത്തിൽനിന്നു മോചിപ്പിക്കാൻ ഇറ്റാലിയൻ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുകയും ഇംഗ്ലണ്ടിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. വിദേശരാജ്യങ്ങളിലിരുന്നും അദ്ദേഹം സ്വാതന്ത്ര്യത്തിനായി പല പരിപാടികളും ആസൂത്രണംചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎൻ എത്യോപ്യക്കും എറിത്രിയക്കും തുല്യ അവകാശങ്ങളോടുകൂടി അദ്ദേഹത്തിനു കൈമാറി. എന്നാൽ എറിത്രിയയെ അദ്ദേഹം എത്യോപ്യയുടെ പ്രവിശ്യ മാത്രമാക്കി. ഇതിനെതിരേ വ്യാപകമായ എതിർപ്പാണുയർന്നത്. പിൽക്കാലത്ത് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്നെങ്കിലും നാട്ടിൽ സിലാസിക്കെതിരേ അടിയൊഴുക്കുകളുണ്ടായി. ഏകാധിപത്യശൈലിയിൽ എതിരാളികളോടു ക്രൂരമായി പെരുമാറുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു.
പട്ടാള അട്ടിമറി
രാജ്യത്തെ അസ്വസ്ഥതകൾ മുതലെടുത്ത് ഡെർഗ് എന്ന പട്ടാള മധ്യനിരയുടെയും പോലീസിന്റെയും അതിർത്തിസേനയുടെയും കൂട്ടായ്മ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഹെയ്ലി സിലാസിയുടെ ഭരണത്തെ അട്ടിമറിച്ചു. ഡെർഗ് നേതാവായ മങ്കിസ്തു ഹെയ്ലി മറിയം എന്ന പട്ടാള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 1974 സെപ്റ്റംബർ 12ന് പുതിയ പട്ടാളഭരണം നിലവിൽവന്നു. പട്ടാളത്തിന്റെ കീഴിൽ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു. മങ്കിസ്തുവിന്റെ ഭരണവും 80കളിൽ പല എതിർപ്പുകൾക്കും സാന്പത്തിക അസ്ഥിരതയ്ക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1991ൽ മേയിൽ എത്യോപ്യൻ പീപ്പിൾസ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് ഭരണം കൈയടക്കി. മങ്കിസ്തു സിംബാബ്വേയിലേക്കു പലായനംചെയ്തു.
ചക്രവർത്തിയുടെ മരണം
1974ൽ അധികാരം നഷ്ടപ്പെട്ട ഹെയ്ലി സിലാസിയെ പട്ടാളം വീട്ടുതടങ്കലിലാക്കിയിരുന്നു. ഒരുകൊല്ലം കഠിനമായ തടവിലിട്ട് 1975 ഓഗസ്റ്റ് 27നു മങ്കിസ്തുവിന്റെ മേൽനോട്ടത്തിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചക്രവർത്തിയുടെ കാര്യാലയത്തിനടിയിൽ മറവുചെയ്തു. മങ്കിസ്തു 1991ൽ പലായനംചെയ്തശേഷം പിറ്റേക്കൊല്ലമാണ് ജനം സിലാസിയുടെ ഭൗതിക ശരീരം കണ്ടെത്തി വീണ്ടും സംസ്കരിച്ചത്. മലയാളികളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത ചക്രവർത്തി ഓർമയായിട്ട് അന്‍പതു വർഷം.
പ്രണയക്കടലാഴങ്ങളിൽ...
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമുകൻ ഇരുന്പഴികൾക്കപ്പുറം നില്ക്കുന്നു. ഹൃദയസഖിയുടെ കണ്ണീരൊപ്പാൻ അയാൾക്കു കഴിയുന്നില്ല. (ഉൾക്കടൽ) സത്യമാണിത്. ഇങ്ങനെ ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. സമൂഹവും അധികാരവ്യവസ്ഥിതിയും മനുഷ്യരുടെ ചിന്തകളെപ്പോലും വിഷംതേച്ച ശൂലമുനയിൽ കുത്തിനിർത്തിയിരുന്ന ഒരു കാലം. ആകാശത്തിലേക്കു പറന്നുയരാൻ അനുവദിക്കാതെ പ്രണയ വെള്ളരിപ്രാവിന്റെ ചിറകുകൾ സൂചിയും നൂലുംകൊണ്ട് തുന്നിക്കെട്ടിയിരുന്ന കാലം. പ്രണയം ചാവുദോഷമായി കണ്ടിരുന്ന അക്കാലഘട്ടത്തിന്റെ പൊള്ളുന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഉൾക്കടൽ. ജീവിതത്തിന്റെ മധ്യാഹ്നത്തിൽനിന്ന് തിരിഞ്ഞുനോക്കുന്പോൾ കഥാകാരനറിയുന്നു, പറയുന്നു- താനുൾപ്പെടുന്ന ഒരു തലമുറ പ്രണയത്തിന്റെ ശവപേടകവും വഹിച്ച് യാത്രചെയ്യാൻ വിധിക്കപ്പെട്ടവരാണെന്ന്. എങ്കിലും പ്രണയഹൃദയം അറുത്തെടുത്ത ആ രാപകലുകൾക്ക് നമുക്ക് നന്ദിപറയാം. കാരണം പ്രണയനോവിന്റെ ഉൾക്കടൽ സമ്മാനിച്ചത് പൊയ്പ്പോയ ആ കറുത്ത കാലമാണ്. മികച്ച കഥകളുടെ, നോവലുകളുടെ, ജീവചരിത്രങ്ങളുടെ, സഞ്ചാര സാഹിത്യത്തിന്റെ ശില്പിയാണ് ഓണക്കൂർ. എങ്കിലും പലപ്പോഴും വായനക്കാർ ഓണക്കൂറിനെ ഉൾക്കടലുമായി ചേർത്തുവയ്ക്കുന്നു. ഉരുകിനീറുന്ന കാമുക ചിത്രത്തിന് ജോർജ് ഓണക്കൂറിന്റെ മുഖം നൽകുന്നു.1973ലാണ് ഉറൂബ് പത്രാധിപരായിരുന്ന കേരളദേശത്തിൽ ഉൾക്കടൽ തുടർനോവലായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 1975 ഓഗസ്റ്റിൽ എസ്പിസിഎസ് പ്രസിദ്ധീകരിച്ച ആദ്യ കാന്പസ് നോവലായ ഉൾക്കടൽ പുറത്തുവന്നു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ വരച്ച കവർചിത്രം വ്രണിതഹൃദയങ്ങളുടെ പ്രതീകമായി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ പുറത്തുവന്ന നിരവധി പതിപ്പുകളിലൂടെ ആയിരക്കണക്കിനു വായനക്കാർ, മാറിയ തലമുറകൾ ഉൾക്കടൽ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. വിരഹവിങ്ങലിൽ നീറിനടക്കുന്ന ഒരു രാഹുലന്റെ കഥ മാത്രമല്ല ഉൾക്കടൽ, യുക്തിബോധത്തിന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത ജന്മാന്തര യാത്രയുടെ, കാർമികചക്രത്തിന്റെ സാക്ഷ്യം കൂടിയാണത്. ശാപത്തീയിൽ ചിറകുകൾ എരിഞ്ഞുപോയൊരു ഗന്ധർവശലഭത്തിന്റെ ജനിമൃതിചക്രം. വെറുതെയല്ല, ഉൾക്കടൽ എന്ന സിനിമയിൽ "സപ്തവർണ ചിറകു കരിഞ്ഞൊരു സ്വപ്നശലഭം ഞാൻ’ എന്ന് രാഹുലനെ കുറിച്ച് ഒ.എൻ.വി. എഴുതിപ്പോയത്! കവികൾ ത്രികാലജ്ഞാനികളാണല്ലോ. എങ്കിലും ഉൾക്കടലിനൊടുവിൽ, ഒടുവിലെങ്ങോ രാഹുലനു ശാപമോക്ഷമുണ്ട്. വെന്തുനീറിക്കൊണ്ടിരിക്കുന്ന തന്റെ ജന്മത്തിലേക്ക് റീനയെ രാഹുലൻ ക്ഷണിക്കുന്നുണ്ട്. ജീവിതവും മരണവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു മനസ്. പുഴയിൽ നീന്തിക്കുളിക്കുവാനും ശവമായി ഒഴുകിനടക്കാനും കൊതിക്കുന്ന രാഹുലന്റെ മനസ്. പ്രണയത്തിന്റെ സൂര്യവെളിച്ചത്തിൽ മാത്രം ജീവൻ തുടിക്കുന്ന രാഹുലനെ അവതരിപ്പിക്കുന്ന നോവലിസ്റ്റിന്റെ ക്രാഫ്റ്റും ഏറെ സവിശേഷമാണ്. ആധുനികസങ്കേതങ്ങളും കാല്പനിക തുടിപ്പുകളും ഇഴചേരുന്ന ഉൾക്കടലിന്റെ രചനാ സങ്കേതത്തെക്കുറിച്ചും സാഹിത്യനിരൂപകന്‍മാർ ഏറെ ചർച്ചചെയ്തിട്ടുള്ളതാണ്. വായനക്കാരെ പ്രണയത്തിന്റെ ഉമിത്തീയിൽ ഉരുക്കിയ, നക്ഷത്രവെളിച്ചത്തിൽ ഉണർത്തിയ ഉൾക്കടലിന്റെ ശില്പി ഡോ. ജോർജ് ഓണക്കൂർ സംസാരിക്കുന്നു.
പുസ്തകം അരനൂറ്റാണ്ടിലെത്തുന്പോൾ എന്താണ് മനസിൽ?
ഏറെ സന്തോഷമുണ്ട്. അഭിമാനമുണ്ട്. ഓണക്കൂർ എന്ന് ഗ്രാമത്തിന്റെ പേരു ശിരോലിഖിതമാക്കിയ ഒരാൾകൂടിയാണ് ഞാൻ. എനിക്കു ലഭിക്കുന്ന ഓരോ അംഗീകാരവും എന്റെ നാടിന്റേതുകൂടിയാണ്. അവാർഡുകൾ ലഭിക്കുന്പോൾ എന്റെ നാട്ടുകാർ എന്നെ വിളിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കാറുണ്ട്. എനിക്കേറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണത്. ഉൾക്കടൽ പുസ്തകരൂപത്തിൽ എത്തിയതിന്റെ അന്‍പതാം വാർഷികത്തിലും ഇതേ അഭിമാനം തന്നെയാണ് അനുഭവപ്പെടുന്നത്.
ഗ്രീക്ക് ട്രാജഡികളിൽ വിധിയാണ് മനുഷ്യദുരന്തങ്ങളുടെ കാരണം. ഷേക്സ്പീരിയൻ ദുരന്തങ്ങളിലാകട്ടെ മുഖ്യകഥാപാത്രങ്ങളുടെ സ്വഭാവവും പ്രകൃതവുമാണ് പലപ്പോഴും ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നത്. ഉൾക്കടലിലെ നായകനിൽ ഈ രണ്ടു ഘടകങ്ങളും ജീവിതദുരന്തങ്ങൾക്ക് കാരണമാകുന്നില്ലേ?
അതേ. ഉൾക്കടലിൽ വിധിയും രാഹുലന്റെ മനസും ഇടകലരുന്നുണ്ട്. വിധിയുടെ നിഴലുകൾ രാഹുലന്റെ ജീവിതത്തിൽ പതിക്കുന്നുണ്ട് എന്നുപറയാം. അതുകൊണ്ടാണ് നോവലിൽ പലയിടത്തും ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നത്.
ഡോ. ജോർജ് ഓണക്കൂറിന്റെ ജീവിതത്തിൽ ഇഴചേർന്നവരുടെ മുഖം നോവലിലെ കഥാപാത്രങ്ങൾക്ക് ഉണ്ടോ? ഉൾക്കടലിലെ റീനയിൽ കഥാകാരന്റെ ഉള്ളിൽ ആഴ്ന്നിറങ്ങിയ മൂവാറ്റുപുഴ നിർമല കോളേജിലെ സഹവിദ്യാർഥിനി ഉണ്ടെന്നു പറയാമോ?
പൂർണമായും അങ്ങനെ പറയാനാവില്ല. എന്റെ ജീവിതവുമായി ബന്ധപ്പെട്ടവരുടെ സാദൃശ്യം ഉണ്ടെന്നു പറയുന്നതാവും നല്ലത്. റീനയും അങ്ങനെതന്നെ. രാഹുലന്റെ അച്ഛനെ സൃഷ്ടിക്കുന്പോൾ പക്ഷേ, സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത, എന്നും ഒരു എതിരാളിയെപ്പോലെ എന്നെ കണ്ടിരുന്ന എന്റെ അച്ഛനെ പകർത്തുകയായിരുന്നു.
കൗമാരത്തിലെ പ്രണയം അല്ലെങ്കിൽ റീന വീണ്ടും ഒരു ദേവതയായി മുന്നിൽ വന്നിട്ടുണ്ടല്ലോ. ജീവിതത്തിൽ രണ്ടുസാഹചര്യങ്ങളിൽപ്പെട്ട പ്രണയിതാക്കൾ നീണ്ട വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്പോൾ പ്രണയത്തിന്റെ മാറ്റ് കുറയുന്നത് സ്വാഭാവികമല്ലേ?
അങ്ങനെ കരുതുന്നില്ല. ഹൃദയത്തോട് ഒട്ടിച്ചേർന്നുനിന്ന പ്രണയിനിയോട് ഉള്ളിലുള്ള പ്രണയം കാലമെത്ര കഴിഞ്ഞാലും മാറണമെന്നില്ല. പിന്നെ ജീവിതസാഹചര്യങ്ങൾ കാരണം പുറമേ പ്രകടിപ്പിക്കാറില്ല എന്നു മാത്രം. ഉൾക്കടലിലെ നായികാ കഥാപാത്രമായ റീനയിലേക്ക് ഞാൻ ജീവൻ പകർന്ന കോളജ് പഠനകാലത്തെ സഹവിദ്യാർഥിനിയെ നീണ്ട മുപ്പതുവർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്. കുറച്ചുനേരം സംസാരിച്ചു. പിന്നെ രണ്ടുവഴിക്ക് പിരിഞ്ഞു. ഭാര്യയും അമ്മയും മുത്തശിയുമാണ് പഴയ റീന. ആ സത്യം എന്റെ ഉള്ളിലുണ്ട്. അതേ വികാരംതന്നെയാവും എന്റെ സഹവിദ്യാർഥിനിക്കും ഉണ്ടായിരുന്നത്. എന്നുകരുതി ആത്മാവിൽ ചേർന്നുപോയവൾ മാഞ്ഞുപോകണമെന്നില്ല. ഉള്ളിൽ ഉറഞ്ഞുപോയ ഈ സ്നേഹവും വിങ്ങലുമാകാം എഴുത്തിലൂടെ പുറത്ത് വരുന്നത്. ഉൾക്കടലും അങ്ങനെ തന്നെ.
യൂട്യൂബിൽ ഉൾക്കടൽ സിനിമയിലെ ഗാനങ്ങൾ കേട്ടാസ്വദിക്കുന്ന മുൻതലമുറ എഴുതുന്ന കമന്റുകൾ ഉണ്ട്. പ്രണയം സാക്ഷാത്ക്കരിക്കാൻ കഴിയാതെ നീറി ദഹിച്ചവരുടെ മനസല്ലേ അത്?
പ്രണയം സത്യസന്ധമായി സാക്ഷാത്കരിക്കുന്പോൾ അത് കാലാതിവർത്തിയാവും എന്ന് തോന്നാറുണ്ട്. ഉൾക്കടലിലും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
സങ്കോചമില്ലാതെ തുറന്ന് പ്രണയിക്കുന്ന ചെറുപ്പക്കാരുടെ കാലമാണിത്. ടോക്സിക് ബന്ധങ്ങളുടെ നീരാളിപ്പിടിത്തത്തിനിടയിലും ഉൾക്കടൽ വായിക്കപ്പെടുന്നുണ്ട്. ഇത് ഒരു വൈരുധ്യമായി അനുഭവപ്പെടുന്നില്ലേ?
കാലം മാറുന്പോൾ പ്രണയത്തിനു രൂപാന്തരം സംഭവിക്കുന്നുവെന്നേയുള്ളൂ. പ്രണയത്തിന്റെ "സത്ത’ അല്ലെങ്കിൽ സത്യം എല്ലാ കാലത്തും ഒന്നുതന്നെയല്ലേ. ഇന്ന് പരസ്യമായി പ്രണയിക്കുന്ന ചെറുപ്പക്കാരുടെ പ്രണയവും തീക്ഷ്ണംതന്നെയാണെന്ന് ഞാൻ കരുതുന്നു. മുൻ തലമുറ അവരുടെ പ്രണയത്തെ മുറുകെപ്പിടിച്ചപ്പോൾ പുതിയകാലത്തെ പല ചെറുപ്പക്കാർക്കും പ്രണയവും താല്ക്കാലികമാണ്. എങ്കിലും അവർ പ്രണയിക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. പഴയ തലമുറയ്ക്ക് പ്രണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായിരുന്ന മൂല്യബോധം ഇവർക്കുണ്ടാകുന്നില്ല എന്നു മാത്രം. മാറിയ സാഹചര്യങ്ങൾ അതി നൊരു വലിയ കാരണമാണ്. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികതയുടെ കടന്നുകയറ്റം ഒരു വലിയ കാരണമാണെന്ന് പറയാം. കാലത്തിനു മായ്ച്ചുകളയാൻ കഴിയാത്ത പ്രണയത്തിന്റെ ഉൗഷ്മളഭംഗികളാണ് ഉൾക്കടലിലുള്ളത്.
ആദ്യത്തെ കാന്പസ് നോവൽ എന്ന നിലയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഉൾക്കടൽ ആഘോഷിക്കപ്പെടുന്നതിനെ നോവലിസ്റ്റ് എങ്ങനെ കാണുന്നു?
കാന്പസിൽ നടക്കുന്ന പ്രണയകഥ എന്ന നിലയിലല്ല ഉൾക്കടൽ വിലയിരുത്തപ്പെടുന്നത്. കാന്പസിനെതന്നെ പ്രണയമാക്കുന്ന ഒരു നോവലാണ് ഉൾക്കടൽ. കാന്പസിന്റെ സമഗ്രത എന്നുപറയാം. കോളജിൽ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും മാത്രമല്ല കലാസാഹിത്യപരമായ ഒരു അന്തരീക്ഷം തീർക്കാനും എനിക്ക് ഭാഗ്യവശാൽ സാധിച്ചിട്ടുണ്ട്. ഞാൻ പഠിച്ച സെന്റ് ബെർക്ക്മാൻസ് കോളജിലായാലും നിർമല കോളജിലായാലും പഠിപ്പിച്ച മാർ ഇവാനിയോസ് കോളജിലായാലും കാന്പസിന്റെ ഉള്ളാഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. കോളജ് യൂണിയൻ ചെയർമാൻ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനം അതിനു സഹായകമായി. മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരിക്കുന്പോൾ നാടക ക്ലബ്, സിനി ആർട്സ് ക്ലബ്, കാന്പസ് ദിനപത്രം എന്നിവയ്ക്ക് തുടക്കം കുറിക്കാനായി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള എന്റെ ശിഷ്യരുടെ കലാ സാഹിത്യരംഗത്തെ മുന്നേറ്റത്തിനു തുടക്കംകുറിക്കാനായി എന്നതും ഈ സമയത്ത് ഓർമിക്കുന്നു. കാന്പസിൽ ഞാൻ ജീവിക്കുകയായിരുന്നു എന്നുപറയാം. ഇതെല്ലാം ഉൾക്കടലിൽ വൈകാരികതയ്ക്ക് ആഴംകൂട്ടി.
ഉൾക്കടലിനെ അഭ്രപാളിയിൽ ഒരു പ്രണയകാവ്യമായി മാറ്റിയിട്ടുണ്ടല്ലോ കെ.ജി. ജോർജ്. ഉൾക്കടൽ സിനിമയാവുന്പോൾ അതിന്റെ തിരക്കഥ രചിച്ചതും നോവലിസ്റ്റ് തന്നെയാണ്.
അതെ. കെ.ജി. ജോർജ് എന്ന സംവിധായക പ്രതിഭയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉൾക്കടൽ. നോവലിന്റെ ആത്മാവുചോരാതെതന്നെയാണ് സിനിമ വന്നിട്ടുള്ളത്.
ആകാശവാണിയിൽ പ്രക്ഷേപകനായിരുന്ന വേണു നാഗവള്ളിയെ രാഹുലനായി മാറ്റുന്നത് എങ്ങനെയാണ്?
എന്റെ ആത്മസുഹൃത്തായ പ്രശസ്ത സംവിധായകൻ പി. പത്മരാജനാണ് ഇതിനുപിന്നിൽ. നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മകനായ വേണുവിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ആകാശവാണി വഴിയുള്ള ബന്ധമാണ്. ഉൾക്കടൽ സിനിമയാകുന്നു എന്ന കാര്യമറിഞ്ഞപ്പോൾ അതിലെ നായകനാകാൻ പറ്റിയ ആൾ വേണു നാഗവള്ളി ആണെന്ന് പത്മരാജനാണ് പറയുന്നത്. എന്റെ നോവലുകൾ എല്ലാം വായിക്കുന്ന, എന്റെ ഹൃദയത്തോട് എന്നും ചേർന്നുനിന്ന ഒരാളാണ് പത്മരാജൻ. പത്മരാജന്റെ സഹപ്രവർത്തകനായിരുന്നു വേണു നാഗവള്ളി. കൂന്പിയടഞ്ഞ കണ്ണുകളും കുനിഞ്ഞ മുഖവുമായി നടന്നിരുന്ന വേണു നാഗവള്ളിയിൽ വിരഹാർത്തനായ രാഹുലനെ കണ്ടെത്താൻ പത്മരാജൻ എന്ന സംവിധായകപ്രതിഭയ്ക്കു കഴിഞ്ഞു. ഒരു ചലച്ചിത്ര നടനാകാൻ വേണു ആഗ്രഹിച്ചിരുന്നോ എന്നുപോലും നിശ്ചയമില്ലാത്ത സമയത്താണ് രാഹുലനായി വേണു മാറുന്നത്.
പത്മരാജൻ കണ്ടെത്തിയ രാഹുലനെ സംവിധായകൻ കെ.ജി. ജോർജും ഉൾക്കടലിന്റെ സ്രഷ്ടാവും തിരക്കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറും എങ്ങനെയാണ് സത്യമാക്കിയത് ?
തിരുവനന്തപുരത്തെ രാജധാനി ടൂറിസ്റ്റ് ഹോമിൽവച്ചായിരുന്നു വേണുവുമായുള്ള കൂടിക്കാഴ്ച. സിനിമാചർച്ചയുമായി ബന്ധപ്പെട്ട് കെ.ജി. ജോർജും ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയും നിർമാതാവ് കെ.ജെ. തോമസും ഞാനും ഉൾപ്പെടെയുള്ളവർ ഇരുന്ന മുറിയിലേക്ക് വേണു കയറിവന്ന രംഗം മറക്കാൻ കഴിയുന്നതല്ല. ചെറിയ മഴയുള്ള ഒരു പകലായിരുന്നു. റെയിൻകോട്ടിട്ട് മുടിയിൽ തടഞ്ഞുനിന്നു മഴത്തുള്ളികളെ കൈ കൊണ്ട് മെല്ലെ തട്ടിമാറ്റി മുറിയിലേക്ക് കയറിവന്ന വേണുവിനെ കണ്ടയുടനെ ബാലു മഹേന്ദ്ര പറഞ്ഞു- ഇതാ നമ്മുടെ രാഹുലൻ എത്തിക്കഴിഞ്ഞു എന്ന്. ബാലു മഹേന്ദ്രയുടെ വാക്കുകൾ പിന്നീട് സത്യമാവുകയും ചെയ്തു.
ഒ.എൻ.വി. എഴുതിയതുപോലെ പളുങ്കുചിറകുകൾവീശി ദേവദൂതിയെപ്പോലെ, റീനയായി എത്തിയ ശോഭയും ഒരു നഷ്ടവസന്തമായി മാറിയില്ലേ?
അതെ. ഇന്നും തിരുവനന്തപുരം നഗരത്തിലെ പ്ലാമൂടിനടുത്തുള്ള ജിൻസ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിലെ റോഡിലൂടെ പോകുന്പോൾ വലിയ വേദന തോന്നാറുണ്ട്. ഉൾക്കടലിന്റെ ഷൂട്ടിംഗ് സമയത്ത് കെ.ജി. ജോർജും ബാലു മഹേന്ദ്രയും ഉൾപ്പെടെയുള്ളവർ അവിടെയാണ് താമസിച്ചിരുന്നത്. സിനിമയുടെ പ്രധാന ചർച്ചകൾനടന്നതും ഇതേ ഹോട്ടലിലാണ്. ശോഭയെ ഞാൻ ആദ്യംകാണുന്നതും ജിൻസ് ഇന്റർനാഷണലിൽ വച്ചുതന്നെ. ഒരു നായികയെന്ന നിലയിലല്ല ചെറിയൊരു പെണ്‍കുട്ടി എന്ന നിലയിലാണ് സെറ്റിലുള്ളവർ ശോഭയെ കണ്ടിരുന്നത്. ജീവിതത്തിൽ കുട്ടിത്തവും കുറുന്പുമൊക്കെയായി നടന്നിരുന്നുവെങ്കിലും അഭിനയകാര്യം വരുന്പോൾ വളരെ ഗൗരവമായ സമീപനം തന്നെയായിരുന്നു. അഭിനയിക്കുന്നതിനുമുന്പ് സംശയങ്ങൾ തിരക്കഥാകൃത്തുകൂടിയായ എന്നോട് ചോദിക്കുന്നതും ഓർമിക്കുന്നു.
ഓണക്കൂറിന്റെ ഉള്ളിലെ "റീന’യും ശോഭ ജീവൻ പകർന്ന റീനയും എവിടെവച്ചാണ് ഒന്നായത്. ഇത്രയും സിന്പിളായ ശോഭയിലേക്ക് എങ്ങനെയാണ് നിർമല കോളജിലെ റീന കടന്നുകയറിയത് ?
അത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതെന്നേ പറയാൻകഴിയൂ. ഉൾക്കടലിൽ റീനയായി അഭിനയിക്കുന്പോൾ സഹവിദ്യാർഥിനിയുടെ അതേ രൂപവും ഭാവവും സംസാരവുമൊക്കെ കൈവന്നതുപോലെയായിരുന്നു. ശോഭ തലമുടി പിന്നിയിടുന്നതുപോലും എന്റെ പ്രണയിനിയെപ്പോലെയായിരുന്നു.
മലയാളത്തിന്റെ അഭിനയപ്രതിഭയായ തിലകന്റെ രണ്ടാമത്തെ സിനിമയാണ് ഉൾക്കടൽ, തിലകന്റെ സിനിമാ ജീവിതത്തിൽ ഉൾക്കടൽ വലിയ ഒരു ബ്രേക്കായിരുന്നു എന്നു പറയാറുണ്ടല്ലോ?
അതെ. സിനിമയുടെ നിർമാതാവായ കെ.ജെ. തോമസ് മുണ്ടക്കയം സ്വദേശിയാണ്. തോമസാണ് സ്വന്തം നാട്ടുകാരനായ തിലകനെ ഉൾക്കടലിന്റെ ഭാഗമാക്കുന്നത്. ഹൃദയംനീറ്റുന്ന അനുഭവത്തിന്റെ തീയിൽതൊട്ട് ഞാനെഴുതിയ കർക്കശക്കാരനായ അച്ഛനായി തിലകൻ അക്ഷരാർഥത്തിൽ മാറുകയും ചെയ്തു. കൂട്ടത്തിൽ പറയട്ടെ, ജലജ, രതീഷ് എന്നീ അഭിനേതാക്കൾക്കും വലിയൊരു അഭിനയസാധ്യതയാണ് ഉൾക്കടൽ തുറന്നു നല്‍കിയത്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനം മാത്രമാണ് സിനിമയിൽ ലിപ് മൂവ്മെന്റ് ഉള്ള ഗാനം. മറ്റു ഗാനങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതൊരു പോരായ്മയായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
ശീർഷകഗാനം ഉൾപ്പെടെ ഒ.എൻ.വി.യും എം.ബി. ശ്രീനിവാസനും ചേർന്ന് ഒരുക്കിയ അതിമനോഹരങ്ങളായ അഞ്ച് ഗാനങ്ങളാണ് ഉൾക്കടലിൽ ഉള്ളത്. സിനിമാ ചിത്രീകരണസമയത്ത് യേശുദാസ് അമേരിക്കയിലായിരുന്നതിനാൽ രംഗചിത്രീകരണത്തിനു ശേഷമാണ് യേശുദാസിന്റെ പാട്ട് റെക്കോർഡ് ചെയ്തത്. ജയചന്ദ്രനും സെൽമ ജോർജും പാടുന്ന ശരദിന്ദു മലർദീപനാളം നീട്ടി എന്ന പാട്ട് മാത്രമാണ് അഭിനേതാക്കൾ പാടുന്ന അനുഭവമുണ്ടാക്കുന്നത്. കെ.ജി. ജോർജിന്റെ ക്രാഫ്റ്റിന്റെ മികവുകൊണ്ടുതന്നെ യേശുദാസ് പാടുന്ന ഗാനങ്ങളും നായകനായ വേണുനാഗവള്ളി പാടുന്ന അതേ അനുഭൂതി പകർന്നുതരുന്നുണ്ട്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ഉടനെ എം.ബി. ശ്രീനിവാസൻ ഉച്ചത്തിൽ "എക്സലന്റ്' എന്ന് വിളിച്ചുപറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് ഡോ. ഓണക്കൂർ പറഞ്ഞിട്ടുണ്ടല്ലോ?
അതെ. ഇന്നലെയെന്നപോലെ റെക്കോർഡിംഗ് രംഗം എന്റെ മനസിലുണ്ട്. സിനിമയിലെ നായകനായ രാഹുലൻ കവിയാണ്. രാഹുലൻ കുറിച്ചുവച്ച കവിത നായികയായ റീന കണ്ടെടുത്ത് പാടുന്നതാണ് സന്ദർഭം. നായകനു വേണ്ടി ഒ.എൻ.വി. രചിച്ചതാണ് ശരദിന്ദുമലർദീപനാളം നീട്ടി എന്ന കവിത. കവിതയുടെ ആത്മാവിന് പോറൽ ഏൽപ്പിക്കാതെതന്നെ സർഗധനനായ എം.ബി.എസ്. സംഗീതം പകർന്നു. അടുത്തത് ആലാപനമാണ്. ഗായകരായ പി. ജയചന്ദ്രനും സെൽമ ജോർജും ഈ സംഗീതം ഹൃദയത്തിൽ ആവാഹിച്ച് പാടിയാലേ ഗാനം വിജയിക്കൂ. അതുകൊണ്ടുതന്നെ റെക്കോർഡിംഗ് സമയത്ത് എം.ബി.എസ്. വലിയ സംഘർഷത്തിലായിരുന്നു. എം.ബി.എസിന്റെ സംഗീതം അതുപോലെ ജയചന്ദ്രനും സെൽമ ജോർജും ഏറ്റവാങ്ങി എന്നു ബോധ്യമായപ്പോഴാണ് കൈ രണ്ടും ഉയർത്തി "എക്സലന്റ്' എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.
ആ ഗാനമാണല്ലോ ഇന്നും കഥാകാരന്റെ റിംഗ്ടോണായി കേൾക്കുന്നത്?
അതേ. എത്രയോ വർഷങ്ങളായി ശരദിന്ദു മലർദീപനാളം നീട്ടി... തന്നെയാണ് എന്നെ ഫോണിൽ വിളിക്കുന്നവർ കേൾക്കുന്നത്. ഈ ഗാനം കേൾക്കാൻ വേണ്ടി സാറിനെ വിളിച്ചു എന്നുപറയുന്നവരുണ്ട്. പാട്ട് പൂർണമായി കേട്ടശേഷം സാർ ഫോണ്‍ എടുത്താൽ മതിയെന്ന് പറയുന്നവരും കുറവല്ല. വലിയ സന്തോഷമാണ് ഇന്നും ഗാനം ഇങ്ങനെ കൊണ്ടാടപ്പെടുന്നു എന്നു കാണുന്പോൾ.
ഉൾക്കടൽ നൽകിയ വലിയ സൗഭാഗ്യങ്ങളെക്കുറിച്ച് നോവലിസ്റ്റ് പറയാറുണ്ടല്ലോ?
അതെ. ഉൾക്കടൽ എന്ന നോവലും സിനിമയും എന്റെ സൗഭാഗ്യമാണ്. ഒരെഴുത്തുകാരൻ എന്ന നിലയിൽ എന്റെ അടിസ്ഥാനമുറപ്പിച്ചത് ഉൾക്കടൽ എന്ന നോവലാണ്. സാന്പത്തികമായ നേട്ടങ്ങളും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സുദർശന എന്ന എന്റെ സ്വപ്നവീട് സത്യമാക്കാൻ സഹായിച്ചതും ഉൾക്കടൽതന്നെ.
മനംനിറച്ച് നാഗാ വസന്തോത്സവം
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഉത്സവകാലത്ത് നാഗാലാൻഡ് സന്ദർശിച്ച അനുഭവങ്ങൾ വായിക്കാം...
ക്രിസ്മസ് കാലമായിരുന്നു. ചാത്തെ നദിയോരത്തുകൂടി നാഗാലാൻഡിന്റെ തലസ്ഥാനനഗരിയായ കൊഹിമ ലക്ഷ്യമാക്കി വാഹനം പാഞ്ഞുകൊണ്ടിരുന്നു. അരില്ലോയുടെയും അല്ലീനയുടെയും റാൻഫാനിന്റെയും യാണ്പുഹോയുടേയും നാഗാ നാടോടിക്കഥകൾ പറഞ്ഞ് സഹയാത്രികരായ ഹാരിസും സുരേഷും ഷമീറും ഷാജിയും. ഇടയ്ക്കെവിടെയോവച്ച് നദി വഴിമുറിഞ്ഞു ദൂരേക്കുമറഞ്ഞു. ചുറ്റുപാടുകൾക്ക് മാറ്റങ്ങൾ വരികയാണ്. അസമിലെ അനന്തമായ നെൽപ്പാടങ്ങൾക്കും കർഷകമാടങ്ങൾക്കും പകരം വലിയ മലകളും കയറ്റിറക്കങ്ങളും തെളിയുന്നു. സമതലങ്ങളിലെ ചൂടിൽനിന്നു മലനിരകളിലെ കുളിരിലേക്ക്. വഴിയോരങ്ങളിൽ നിറപുഞ്ചിരിയുമായി പൈനാപ്പിൾ വിൽക്കുന്ന നാഗാ പെണ്‍കുട്ടികൾ. നേരമിരുട്ടിത്തുടങ്ങി. കൊഹിമയോട് അടുത്തുകൊണ്ടിരുന്നു. അടുക്കിവച്ചപോലെ മലഞ്ചെരിവുകളിൽ നിറയെ വീടുകൾ. ഉയരത്തിൽ മനോഹരങ്ങളായ പള്ളികൾ. നഗരത്തിലേക്ക് പ്രവേശിക്കാതെ ഇടവഴികളിലൂടെ കിസാമയിലേക്ക് തിരിഞ്ഞു. കിസാമ താഴ്വരയിലാണ് നാഗാലാൻഡിന്റെ ദേശീയോത്സവമായ ഹോണ്‍ബിൽ ഫെസ്റ്റിവൽ. കനംവയ്ക്കുന്ന ഇരുട്ടിനൊപ്പം തണുപ്പ് അരിച്ചുകയറുന്നു. കുന്നുകയറി ഏതൊക്കെയോ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ ആദ്യംകണ്ടത് ആളിക്കത്തുന്ന തീനാളങ്ങളാണ് . കൈകൾ തിരുമ്മി തണുപ്പകറ്റാൻ കുറേനേരം തീക്കുണ്ഡത്തിനു ചുറ്റിലുമിരുന്നു.
നാഗാലാൻഡിന്റെ പൈതൃകം
നിഗൂഢതകളിൽ മുഴുകിയ നാടെന്നാണ് നാഗാലാൻഡിന്റെ വിശേഷണം. യോദ്ധാക്കളുടെയും നർത്തകരുടെയും പർവതങ്ങളുടെയും വനങ്ങളുടെയും ഗോത്രസംസ്കൃതികളുടെയും നാട്. ചൈന വന്മതിലിനടുത്ത് പാർത്തിരുന്ന ജനസമൂഹമായിരുന്നു നാഗാ ജനതയുടെ പൂർവികർ. വന്മതിൽ കടന്ന് അവർ ചൈനയിലെ മഞ്ചൂരിയയിൽ എത്തി. കുറച്ചു കാലം അവിടെ തങ്ങിയശേഷം ബർമ നദികടന്ന് മണിപ്പുരിലെത്തി. അവിടെനിന്നു ജപ്ഫു പർവതം കടന്ന് നാഗാലാൻഡിലെത്തി വിവിധ മലകളിൽ താമസം തുടങ്ങി. പതിനേഴ് ഗോത്രവിഭാഗങ്ങളുണ്ട് നാഗാലാൻഡിൽ. പതിനാറായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെങ്കിലും ഇരുപതു ലക്ഷം മാത്രമാണ് നാഗാലാൻഡിലെ ജനസംഖ്യ. സമതലങ്ങൾ കുറഞ്ഞ, കുന്നും മലകളുമായുള്ള ഭൂപ്രകൃതി. ആധുനിക ജീവിതസാഹചര്യങ്ങളിലും ഗോത്രപൈതൃകം മുറുകെപ്പിടിക്കുന്നതാണ് നാഗാലാൻഡിന്റെ സ്വത്വം. വേട്ട, കൃഷി, കൊയ്ത്ത്, വിവാഹം, യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പല ആചാരങ്ങളും. ആണ്ടിലൊരിക്കൽ പതിനേഴ് ഗോത്രവിഭാഗങ്ങൾ കിഗ്വാമയിലെ കിസാമ ഗ്രാമത്തിൽ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഡിസംബർ ഒന്നു മുതൽ പത്തു ദിവസം. ഗോത്രകലകളുടെ ഇതുപോലൊരു സമ്മേളനം അപൂർവം. മുളങ്കാടുകൾക്കിടയിൽ ആടിയുലയുന്ന ടെർമിനലിയ പൂക്കളും ചെറി ബ്ലോസം പൂക്കളും കണ്ടാണ് ഉറക്കമുണർന്നത്. മലയോരങ്ങളിലൂടെ കുറേദൂരം നടന്നു. ശരീരം വിറപ്പിച്ച് ചുറ്റിത്തിരിയുന്നൊരു ശീതക്കാറ്റ്. ഒരു മലയുടെ ചെരിവിലാകെ ഹോണ്‍ബിൽ ഫെസ്റ്റിവലിനെത്തുന്ന അതിഥികൾക്കുള്ള പല നിറങ്ങളിലുള്ള ടെന്റുകൾ. കുന്നുകളിലെ ഒറ്റപ്പെട്ട വീടുകളിൽനിന്നു കൗതുകത്തോടെ നോക്കിനിൽക്കുന്ന ഗ്രാമീണർ.
ഖൊനോമ ഗ്രാമം
കൊഹിമയിൽനിന്ന് ഇരുപത് കിലോമീറ്റർ മലഞ്ചെരിവുകളിലൂടെ സഞ്ചരിച്ച് 5,320 അടി ഉയരത്തിലേക്കു കയറിയാണ് ഖൊനോമയിൽ എത്തിച്ചേർന്നത്. ഇളവെയിൽ പരന്ന പ്രസന്നമായ അന്തരീക്ഷം. ചുറ്റുപാടും പച്ചപ്പുതുടിക്കുന്ന ഡിസുക്കോ താഴ്വരകളുടെ മുഗ്ധസൗന്ദര്യം. മലകൾക്കിടയിലെ തട്ടുകളായുള്ള കൃഷിയിടങ്ങൾ കാണുന്പോൾ ആരോ ആസ്വദിച്ചു വരച്ച ചിത്രംപോലെ തോന്നും. ഗ്രാമത്തിൽനിന്ന് അല്പം തെക്കോട്ടു മാറി ഉയരത്തിൽ ഖൊനോമ ബാപ്റ്റിസ്റ്റ് ദേവാലയം. മലനെറുകയിൽനിന്ന് ഇരുവശങ്ങളിലേക്കുമിറങ്ങുന്ന ചെരിവുകളിലാണ് അൻഗാമി ഗോത്രം നിവസിക്കുന്ന 424 വീടുകൾ. ഏഷ്യയിലെ ആദ്യത്തെ ഹരിതഗ്രാമമാണ് ഖൊനോമ. ട്രഗോപൻ പക്ഷികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുപത്തഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുള്ള പക്ഷിസങ്കേതത്തിനുള്ളിലാണ് ഗ്രാമം. ഗ്രാമത്തെ വലയംചെയ്യുന്ന കല്ലുകൾപാകിയ വൃത്തിയുള്ള പാത. ചപ്പുചവറുകളോ മാലിന്യങ്ങളോ എങ്ങുമില്ല. വിശ്രമസ്ഥലങ്ങളും പൊതുസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഗ്രാമത്തിന്റെ അകത്തളങ്ങൾ. മുളപ്പായയിൽ ഉണക്കുവാനിട്ടിരിക്കുന്ന ധാന്യങ്ങളും കാട്ടാപ്പിൾ തുണ്ടുകളും പലയിടത്തും കണ്ടു. പഴയ പോരാട്ടകഥകൾ പറഞ്ഞ് വെയിൽ കാഞ്ഞിരിക്കുന്ന മുതിർന്നവർ. ഉയരത്തിൽ കുത്തനെ ചെരിഞ്ഞ മേൽക്കൂരകളോടെയാണ് മൊരുങ്ങുകൾ എന്നറിയപ്പെടുന്ന അൻഗാമി ഭവനങ്ങൾ. വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടികൾ അലങ്കരിക്കുന്ന സ്വീകരണമുറികൾ. 1879 ൽ നിർമിച്ച സെമോമയിലെ ഖൊനോമ കോട്ടയ്ക്കു മുന്നിലെത്തി. ബ്രിട്ടീഷുകാർക്കെതിരേ അൻഗാമി യോദ്ധാക്കൾ ചെയ്ത ഖൊനോമയുദ്ധം ഈ കോട്ട കേന്ദ്രീകരിച്ചായിരുന്നു. പലതവണ ഖൊനോമകോട്ട തകർക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. പോരാളികൾക്കുള്ള യുദ്ധസ്മാരകങ്ങൾ ഗ്രാമത്തിലെങ്ങുമുണ്ട്.
ഹോണ്‍ബിൽ ഫെസ്റ്റിവൽ
ഖൊനോമയിൽനിന്നു മടങ്ങിയത് നേരെ ഹോണ്‍ബിൽ ഉത്സവത്തിലേക്കാണ്. കിസാമയിലെ നാഗാ പൈതൃക ഗ്രാമത്തിലെ പ്രധാന സ്റ്റേഡിയമാണ് ഉദ്ഘാടനവേദി. താഴ്വരകൾ പലവിധ സ്റ്റാളുകൾകൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ തിക്കും തിരക്കും. പരന്പരാഗത ഗോത്രവേഷങ്ങൾ അണിഞ്ഞ നാഗാ സാംസ്കാരിക സംഘങ്ങൾ താളത്തിൽ ചുവടുകൾവച്ച് മുഖ്യാതിഥികളെ വരവേറ്റ് സ്റ്റേഡിയത്തിലേക്കു മാർച്ച് ചെയ്തു. തൂവൽ കിരീടങ്ങളും മാർച്ചട്ടയും ആയുധങ്ങളും ചുവന്ന മേലങ്കികളും അണിഞ്ഞ ഗോത്രനൃത്തസംഘങ്ങൾ ചടുലമായ ഈണത്തിൽ ഉച്ചത്തിൽ പാടിക്കൊണ്ടിരുന്നു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം നിറങ്ങളുടെ ഉത്സവമായി മാറി. സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആയിരുന്നു ഇരുപത്തഞ്ചാം ഹോണ്‍ബിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടകൻ. പ്രൗഢഗംഭീരമായ സദസ്. ആദ്യ പ്രഭാഷണം കൊഹിമ ബിഷപ് ഡോ. ജയിംസ് തോപ്പിലിന്റേതായിരുന്നു. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ പാതിരാകഴിഞ്ഞും നീണ്ടു. തുടർന്നുള്ള പത്തു ദിവസങ്ങളിലും പകൽസമയങ്ങളിൽ വിവിധ ഗോത്രസംഘങ്ങളുടെ നൃത്തങ്ങളും രാത്രിയിൽ കലാ സന്ധ്യകളുമായിരുന്നു. നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പതിനേഴ് മൊരുങ്ങുകൾ പൈതൃക ഗ്രാമത്തിൽ സജ്ജമായിരുന്നു. സന്ദർശകർക്ക് മൊരുങ്ങുകൾ സന്ദർശിച്ച് ഗോത്രസംസ്കൃതി അടുത്തറിയനും ഗോത്രവിഭവങ്ങൾ രുചിക്കാനും അവസരം. ചുട്ട പന്നിയിറച്ചിയും റൈസ് ബീറുമാണ് പ്രധാനം. ഈച്ചകളെ വറുത്തതും റോസ്ബെല്ല ടീയും ഉണക്കിയ ഗൂസ്ബെറിയും കാട്ടാപ്പിളും പലതരം അച്ചാറുകളും തേനും വനവിഭവങ്ങളും കരകൗശല വസ്തുക്കളും വാങ്ങാം. പൈതൃക ഗ്രാമത്തിനുപുറത്തും വിപണനത്തിന്റെ വലിയ മേളകൾ. രാത്രിയിലെ മഞ്ഞും തണുപ്പും ആസ്വദിച്ച് ഉത്സവം ആഘോഷിക്കുന്ന സന്ദർശകരിൽ ഒട്ടേറെ മലയാളികളെ കണ്ടുമുട്ടി.
കൊഹിമ കത്തീഡ്രൽ
ഒരു സായാഹ്നത്തിലാണ് കൊഹിമയിലെ ആരാഡുര കുന്നിന്മുകളിലെ മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് കത്തീഡ്രൽ പള്ളിയിൽ എത്തിയത്. നാഗാ കുന്നുകളുടെ സൗന്ദര്യം മുഴുവൻ കാണാൻപാകത്തിൽ പ്രശാന്തസുന്ദരമായ സ്ഥലം. അല്പംദൂരെ താഴെയായി നേർത്ത മഞ്ഞിൻ പുതപ്പണിഞ്ഞ കൊഹിമ പട്ടണം. നോക്ലാക്കിലേക്കും തോങ്സൊന്യുവിലേക്കും നീളുന്ന മലന്പാതകളിലൂടെ പതിയെ ചലിക്കുന്ന വാഹനനിര കാണാം. നാഗാ ഭവനങ്ങളുടെ മാതൃകയിൽ ജാപ്പനീസ് വാസ്തുവിദ്യയി ലാണ് മനോഹരമായ കത്തീഡ്രൽ പള്ളിയുടെ നിർമിതി. വശങ്ങളിൽ കുരിശിന്റെ വഴികൾ അടയാളപ്പെടുത്തുന്ന പതിനാല് ശില്പങ്ങൾ. പതുക്കെ പടികൾ കയറി പള്ളിയകത്തെത്തി. പ്രകാശം ചൊരിയുന്ന വർണാഭമായ ചില്ലു ക്രാസികൾക്കു താഴെ ക്രിസ്തുവിന്റെ ജനനവും ഉത്ഥാനവും ആസ്പദമാക്കിയ വലിയ പെയിന്റിംഗുകൾ. സക്രാരിയുടെ മധ്യത്തിൽ പതിനാറടി ഉയരത്തിൽ ക്രൂശിതരൂപം. കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചാണ് കൊഹിമ ബിഷപ്പിന്റെ അരമനയും. ബിഷപ് മലയാളിയാണ് - കോട്ടയം സ്വദേശിയായ ഡോ. ജയിംസ് തോപ്പിൽ. ഓഫീസിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്നറിഞ്ഞു. മലയാളികൾ എന്ന പരിഗണനയിൽ ബിഷപ്പിന്റെ നന്പർ തന്നു. വിളിക്കുന്നതിന് തൊട്ടുമുന്‍പ് ബിഷപ് പള്ളിയിലെക്കെത്തി. പെട്ടെന്ന് ഒരുകൂട്ടം മലയാളികളെ കണ്ടപ്പോൾ ബിഷപ്പിന് ഏറെ സന്തോഷം. കേരളത്തിലെ വിശേഷങ്ങൾ സംസാരിച്ച് അല്പനേരം. 52 ഇടവകകളും ഒട്ടേറെ സന്യാസമഠങ്ങളും കൊഹിമ രൂപതയ്ക്കുകീഴിലുണ്ട്. സന്ദർശകരുടെ നീണ്ടനിര ബിഷപ്പിനെ കാത്തുനിൽപ്പുണ്ടായിരുന്നു.
മിമ ഗ്രാമം
കൊഹിമയിൽനിന്നു പതിനേഴ് കിലോമീറ്റർ അകലെയാണ് അൻഗാമി ഗോത്രഗ്രാമമായ മിമ. വഴിയോരങ്ങളിലെ ചെറിബ്ലോസം പൂക്കളുടെ നിറവിലൂടെയാണ് മിമ ഗ്രാമത്തിലേക്കുള്ള പ്രവേശനം. വാഹനം താഴെ നിർത്തി കുന്നിന്മുകളിലേക്കു നടന്നുകയറി. മുകളിൽ സന്ദർശകർക്ക് വ്യൂ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. കിസാമ കുന്നുകളുടെയും കൊഹിമ നഗരത്തിന്റെയും മനോഹരമായ കാഴ്ച മിമ മലമുകളിൽനിന്നു ലഭിക്കും. മിമ ഗ്രാമത്തിൽനിന്നു പത്തു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച്, ഭൂമിക്കടിയിൽ തേനീച്ചകളെ വളർത്തുന്ന ന്യൂ ബീ ഫാമിൽ എത്തി. 165 തേനീച്ചക്കൂടുകളും അവയിൽനിന്നുള്ള തേൻ ഉത്പാദനവും ഉടമസ്ഥൻ ക്രിസ്റ്റോ വിവരിച്ചു. തേനീച്ചഫാം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഫാമിലെ വാച്ച് ടവറിൽനിന്നു ലഭിക്കുന്നത് നാഗാലാൻഡിലെ നിബിഡവനങ്ങളുടെ അത്യപൂർവ ചിത്രങ്ങളാണ്. ഉൾവനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ചോലയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള നെൽകൃഷിയും, വയലുകൾക്ക് അതിരിട്ടുനിൽക്കുന്ന പുഷ്പ്പിച്ച റോഡോഡെൻഡ്രോണ്‍ മരങ്ങളും എത്രകണ്ടാലും മതിവരില്ല .
വാർ മെമ്മോറിയൽ
മിമയിൽനിന്നു മടങ്ങുംവഴി കൊഹിമ വാർ മെമ്മോറിയൽ ശ്മശാനം സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944 ഏപ്രിലിൽ ബർമയിൽനിന്നെത്തിയ ജാപ്പനീസ് സൈനികരുമായി ഏറ്റുമുട്ടി മരിച്ച ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമായുള്ള 1,420 സൈനികരെ അടക്കംചെയ്ത സ്ഥലമാണ് കൊഹിമ വാർ മെമ്മോറിയൽ. നാഗാലാൻഡിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. ഉൾഗ്രാമങ്ങളിലേക്കു കടന്നാൽ സന്ദർശകരെ കാത്തിരിക്കുന്ന എത്രയോ കാഴ്ചകൾ. ജപ്ഫു സരമാറ്റി പീക്കുകളും വവാടെ സറ്റ്പ്ലെൻഡൻ വെള്ളച്ചാട്ടങ്ങളും ചിഡ ഷില്ലോയി തടാകങ്ങളും മഞ്ഞുപെയ്യുന്ന കിംഗ് ഷേ ഖെലിയ പർവതങ്ങളും അവയിൽ ചിലതുമാത്രം. താമസസ്ഥലത്തേക്ക് തിരിച്ചെത്തി മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ഹോണ്‍ബിൽ ഉത്സവത്തിന്റെ അലയൊലികൾ കിസാമയിൽനിന്ന് ഒഴുകിയെത്തുന്നുണ്ട്. വസന്തോത്സവത്തിന്റെ കുന്നുകളിൽനിന്ന് രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ചുരമിറങ്ങിത്തുടങ്ങി...
എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം. ലേപാക്ഷി ക്ഷേത്രം എന്ന പേരില്‍ പ്രശസ്തമായ 16-ാം നൂറ്റാണ്ടിലെ ഈ നിര്‍മിതിയിലൂടെ നടക്കുമ്പോള്‍ നമ്മുടെ മനസ് ചെന്നെത്തുക വിജയനഗര സമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്കാവും. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുത ദേവരായരാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. സാക്ഷാല്‍ കൃഷ്ണദേവരായരുടെ അനുജനായിരുന്നു അച്യുത ദേവരായര്‍. രാമായണത്തിലെ ജഡായുവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. ജഡായു രാവണനാല്‍ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ടതും അന്ത്യശ്വാസം വലിച്ചതും ഇവിടെയാണെന്നാണ് വിശ്വാസം. സീതയെ തെരഞ്ഞുള്ള യാത്രാവേളയില്‍ രാമന് മരണാസന്നനായ ജഡായുവിനെ കാണുകയും ലേ പക്ഷി (എഴുന്നേല്ക്കൂ പക്ഷീ) എന്നു പറഞ്ഞു ജഡായുവിന് മോക്ഷം നല്‍കിയെന്നും, അങ്ങനെയാണ് പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. 1529-1542 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ലേപാക്ഷി ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് വിരുപണ്ണ നായക, വീരണ്ണ എന്നീ സഹോദരന്മാരായിരുന്നു. പരമശിവന്റെ രൗദ്രഭാവമായ വീരഭദ്രനായാണ് ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിജയനഗര വാസ്തുശൈലിയുടെ ഉദാത്തമായ ഒരു മാതൃകയാണ് ലേപാക്ഷി ക്ഷേത്രം. കൂര്‍മ ശൈലം എന്നു പേരായ ഒരു താഴ്ന്ന കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത്. ആമയുടെ രൂപാകാരമായതിനാലാണ് കുന്നിന് ആ പേര് ലഭിച്ചത്. അതിമനോഹരങ്ങളായ ശില്പങ്ങളാല് സമ്പുഷ്ടമാണ് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും. ദൈവിക രൂപങ്ങള്‍, ദിവ്യന്മാര്, സംഗീതജ്ഞര്‍, നര്‍ത്തകര്‍, രാമായണവും മഹാഭാരതവുമുള്‍പ്പെടെയുള്ള ഹൈന്ദവ ഇതിഹാസങ്ങള്‍ എന്നിവയൊക്കെയാണ് ഇവിടെയുള്ള ശില്പങ്ങള്ക്ക് പാത്രീഭവിച്ചിരിക്കുന്നത്. ഇവിടത്തെ കല്യാണമണ്ഡപം പ്രശസ്തമാണ്. മണ്ഡപത്തിനു ചുറ്റുമുള്ള അപൂര്‍ണമായ തൂണുകളില്‍ ശിവപാര്‍വതി പരിണയത്തിന്റെ രംഗങ്ങള്‍ അതിമനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. വിജയനഗര കാലഘട്ടത്തിലെ ചുവര്‍ചിത്രങ്ങളാല്‍ സമൃദ്ധമാണ് ക്ഷേത്രത്തിനന്റെ മച്ച്. പ്രകൃതിദത്ത വസ്തുക്കളാണ് നിറങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. ശിവന്റെ 14 ഭാവങ്ങള്‍, വീരഭദ്രന്റെ ഭീമാകാരമായ ചിത്രം തുടങ്ങി സന്ദര്‍ശകരെയും ഭക്തരെയും വിസ്മയിപ്പിക്കുന്ന അനേകം ചുവര്‍ചിത്രങ്ങള്‍ ഇവിടെ കാണാനാവും. ക്ഷേത്ര നിര്‍മാതാക്കളായ വിരുപണ്ണയുടെയും വീരണ്ണയുടെയും ചിത്രങ്ങളും ഇവയ്ക്കൊപ്പമുണ്ട്. വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തവും ഒരു പ്രഹേളികയായി തുടരുന്നതുമായ നിര്‍മിതിയാണ് ക്ഷേത്രത്തിന്റെ പ്രധാന ഹാളില്‍ കാണുന്ന നിലംതൊടാ കല്ത്തൂണ്. തറയില്‍ സ്പര്‍ശിക്കാതെ ഗുരുത്വാകര്‍ഷണത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ തൂണ് ആധുനിക വാസ്തുവിദഗ്ധര്ക്കുപോലും ഉത്തരമില്ലാത്ത ചോദ്യമായാണ് നിലകൊള്ളുന്നത്. അദ്ഭുതകരങ്ങളായ രണ്ട് ഏകശിലാ നിര്‍മിതികളും ക്ഷേത്രത്തിന്റെ മാറ്റു കൂട്ടുന്നു. സപ്തശിരസോടുകൂടിയ നാഗത്താല്‍ സംരക്ഷിക്കപ്പെടുന്ന രൂപത്തിലുള്ള നാഗലിംഗമാണ് അതിലൊന്ന്. ഉച്ച ഭക്ഷണത്തിനായി കാത്തിരുന്ന വേളയില്‍ ഒരു മണിക്കൂര്‍ മാത്രമെടുത്താണ് ശില്പികള് ഈ വാസ്തുവിസ്മയം തീര്‍ത്തതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പ്രധാന ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത നന്ദിയുടെ രൂപമാണ് രണ്ടാമത്തേത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏകശിലാ നിര്‍മിതമായ നന്ദി രൂപങ്ങളിലൊന്നാണിത്. അതേസമയം ദുരൂഹമായി തുടരുന്ന ഒന്നാണ് ക്ഷേത്രത്തിലെ ചോരപ്പാടുകള്‍. ഇതേക്കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്ഷേത്ര നിര്‍മാതാക്കളിലൊരാളായ വിരുപണ്ണയുമായി ബന്ധപ്പെട്ടതാണ്- രാജാവിന്റെ അറിവില്ലാതെ ഖജനാവിലെ പണം ഉപയോഗിച്ച് ക്ഷേത്രം നിര്‍മിച്ച വിരുപണ്ണയുടെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ രാജാവ് ഉത്തരവിട്ടുവെന്നും എന്നാല്‍ ദുഃഖാര്‍ത്തനായ വിരുപണ്ണ ഇതിനു കാത്തുനില്‍ക്കാതെ തന്റെ കണ്ണുകള്‍ സ്വയം ചൂഴ്ന്നെടുത്ത് ക്ഷേത്രത്തിനു നേരെ വലിച്ചെറിഞ്ഞുവെന്നുമാണ് കഥ. അങ്ങനെയാണ് ക്ഷേത്രഭിത്തിയില്‍ ചുവന്ന നിറം വന്നതത്രേ. ഭക്തിയുടെയും ഐതിഹ്യത്തിന്റെയും വാസ്തുവിദ്യ വൈദഗ്ധ്യത്തിന്റെയും കാലാതീതമായ പ്രതീകമായാണ് ഈ വിജയനഗര നിര്‍മിതി നിലകൊള്ളുന്നത്. രാമായണവുമായുള്ള ബന്ധവും നിര്‍വചിക്കാനാവാത്ത യാഥാര്‍ഥ്യമായി തുടരുന്ന "നിലംതൊടാ കല്‍ത്തൂണും’ ഇന്ത്യയിലെ തന്നെ ഏറ്റവും മികവാര്‍ന്ന ശില്പവിദ്യയും ചേരുമ്പോള്‍ ഒരേസമയം ആത്മീയകേന്ദ്രമായും വാസ്തു വിസ്മയമായും വീരഭദ്ര ക്ഷേത്രം പ്രശോഭിക്കുന്നു. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നതയിലേക്കുള്ള ആഴത്തിലുള്ള ഒരു യാത്രയാണ് ക്ഷേത്രം വാഗ്ദാനം ചെയ്യുന്നത്. ഓരോ സന്ദര്‍ശകനിലും ഒരേസമയം വിസ്മയവും ജിജ്ഞാസയും ആദരവും ജനിപ്പിക്കാനും ലേപാക്ഷിക്ക് കഴിയുന്നു.
നൃത്ത ജീവിതം
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. അവിടെനിന്നിങ്ങോട്ട് ഇരുനൂറോളം വേദികൾ. നൃത്തം സപര്യയാക്കിയ റിട്ടയേഡ് അധ്യാപിക ഗായത്രി വിജയലക്ഷ്മിയുടെ അനുഭവങ്ങളിലൂടെ...
എംടെക് വരെയുള്ള പഠനകാലത്താണ് ഗായത്രി വിജയലക്ഷ്മി എന്ന ഹരിപ്പാട് സ്വദേശിനി ഭരതനാട്യം അഭ്യസിച്ചത്. 1986ൽ കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഔദ്യോഗികവും കുടുംബപരവുമായ തിരക്കുകൾക്കിടയിൽ പിന്നീട് നൃത്തവുമായി മുന്നോട്ടുപോകാൻ ഗായത്രിക്കായില്ല. എൻജിനീയറിംഗ് വിദ്യാർഥികളുടെ സീനിയർ അഡ്വൈസറായി ജോലിയിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുന്‍പു കോളജിൽ നടന്ന ഒരു ചടങ്ങിലാണ് കുട്ടികളുടെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിനുവഴങ്ങി വീണ്ടും ചിലങ്കയണിഞ്ഞത്. നീണ്ട ഇരുപത്താറു വർഷത്തെ ഇടവേളയ്ക്കുശേഷം അവരുടെ ശരീരം പിന്നെയും നടനത്തിനു രൂപപ്പെടുകയായിരുന്നു. വേദിയിലെ അവതരണം ഗായത്രി ഒരു തരിപോലും മറന്നിട്ടില്ലെന്നു നൃത്തം അറിയാവുന്നവർ വിലയിരുത്തി! നൃത്തജീവിതത്തെക്കുറിച്ച് ഗായത്രി വിജയലക്ഷ്മി പറയുന്നു:
രണ്ടാംവരവ്
നൃത്തത്തിലേക്കുള്ള എന്റെ രണ്ടാംവരവ് വളരെ അപ്രതീക്ഷിതമായാണു സംഭവിച്ചത്. ടികെഎം എൻജിനീയറിംഗ് കോളജിലെ ഒരു ബാച്ചിന്റെ അവസാന പരീക്ഷാനാളിനുമുന്പു നടത്തിയ യാത്രയയപ്പു യോഗത്തിൽ നൃത്തപരിപാടി വേണമെന്നും ഞാൻ സ്റ്റേജിലെത്തിയാൽ കൊള്ളാമെന്നുമുള്ള സംഘാടകരുടെ തീരുമാനം ഒരു നിമിത്തമായി. രണ്ടു ദിവസത്തെ തയാറെടുപ്പിനു ശേഷം ’ശ്വേതാംബരധരേ ദേവി...’ എന്നു തുടങ്ങുന്ന പരന്പരാഗത ഗാനത്തിനൊരു പുതു നാട്യരൂപം ഞാൻ ഒരുക്കിയെടുത്തു. സർവീസിൽനിന്നു വിരമിക്കാൻ അല്പകാലം മാത്രം ബാക്കിയുണ്ടായിരുന്ന എനിക്ക് അതൊരു പുതിയ തുടക്കമായിരുന്നു!
ചങ്ങന്പുഴ പാർക്കിലെ കച്ചേരി
സംഗീതജ്ഞർക്കെന്നപോലെ നർത്തകർക്കും കച്ചേരി ഒരു ഹൃദ്യമായ അവതരണമാണ്. രണ്ടാം വരവിന്റെ ആരംഭത്തിൽതന്നെ എറണാകുളത്തെ ചങ്ങന്പുഴ പാർക്കിൽ അതിന് അവസരം കിട്ടിയെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ചങ്ങന്പുഴ പാർക്കിലെ കലാപരിപാടികൾക്കു സാക്ഷ്യംവഹിക്കാൻ പൊതുവേ വിശിഷ്ടരായ പലരും എത്താറുണ്ട്. എന്റെ ഗുരുനാഥനായ ജനാർദനൻ മാഷും അവിടെ എത്തിയിരുന്നു. ടികെഎം എൻജിനീയറിംഗ് കോളജ് കൊല്ലത്താണെങ്കിലും എറണാകുളത്തെ പരിപാടിക്ക് അവിടത്തെ പൂർവവിദ്യാർഥികളും ഒരുപാടുപേർ എത്തി. അങ്ങനെ മനസുനിറയ്ക്കുന്ന ഒരു വേദിയായിരുന്നു അത്.
വേദികൾ ലഭിക്കുന്നതു പുണ്യം
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന വിഖ്യാതമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നൂറ്റിയറുപതാമത്തെ വേദിയിൽ ഞാൻ നൃത്തം അവതരിപ്പിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ചാമുണ്ടി ക്ഷേത്രം, ശംഖുമുഖം ദേവീ ക്ഷേത്രം തുടങ്ങി തലസ്ഥാനനഗരിയിൽ എനിക്കു ലഭിക്കാത്ത വേദികളില്ല. മൂകാംബിക ദേവീ ക്ഷേത്രംവരെ പോയി നൃത്തം ചവിട്ടിയിട്ടുണ്ട്! ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അടൂർ മുള്ളുതറ ദേവീ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കടാന്പുഴ ദേവീ ക്ഷേത്രം, കണ്ണൂർ ജില്ലയിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രം, കടവല്ലൂർ ശ്രീരാമസാമി ക്ഷേത്രം എന്നിങ്ങനെ മിക്കയിടത്തും നൃത്തവുമായെത്തി, ഒരിക്കലല്ല, പലവട്ടം! ഒട്ടേറെ പുരസ്കാരങ്ങൾ നൃത്തവേദികളിൽനിന്നു ലഭിച്ചു. ആലപ്പുഴ മാന്നാറിലെ ഒരു വേദിയിൽ നൃത്തപരിപാടിക്കുശേഷം കാണികളിൽനിന്ന് ഏതാനുംപേരെത്തി പൊന്നാടയണിയിച്ചത് ഇപ്പോഴും മനസിനെ ആനന്ദഭരിതമാക്കുന്ന ഓർമയാണ്.
കൊറോണക്കാലം
സാമൂഹിക അകലം പാലിക്കേണ്ടിയിരുന്ന മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കഴിയുംവിധം കലാപ്രവർത്തനങ്ങളിൽ മുഴുകി. കോവിഡിനു നൽകാവുന്ന ഏറ്റവും സർഗാത്മകമായ പ്രതികരണമായി അതിനെ കാണുന്നു. ഓൺലൈൻ നൃത്തപരിപാടികളുടെ നിർമാണവും സംവിധാനവും വിതരണവും വലിയ വെല്ലുവിളിയായിരുന്നു. ആ രംഗത്തും വിജയിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടി.
മക്കളോടൊപ്പം
മകളോടും മരുമകളോടുമൊപ്പം വേദികളിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമാണ്. ശംഖുമുഖം ദേവീക്ഷേത്രത്തിൽ മകൾ ഉണ്ണിമായ, മരുമകൾ ദേവിജ എന്നിവരോടൊപ്പം ദീർഘമായ ഐറ്റം അവതരിപ്പിച്ചു. മക്കളോടൊപ്പം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പല വേദികളിൽ നൃത്തംചെയ്തു. അവിടെ പ്രധാന വിശേഷദിവസങ്ങളിൽ വേദികൾ ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
ഇതാ ഒരു അസാധാരണ ഗായകൻ
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഓൾ ഇന്ത്യ കിഷോർ കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജു കാജേ എന്ന ഗായകന്റെ സംഗീതപരിപാടി അരങ്ങേറും. ആ ഗായകനെ ആദരിക്കും. എന്താണ് അദ്ദേഹത്തിന്റെ അസാധാരണത്വം?... രാജു കാജേ ഹാർമണിയോടു മനസുതുറക്കുന്നു...
അമിതാഭ് ബച്ചൻ അടക്കമുള്ള നായകന്മാർ സ്ക്രീനിൽ ചുണ്ടനക്കുകയാണെന്നും കിഷോർ കുമാർ, മുഹമ്മദ് റഫി തുടങ്ങിയ പേരുകാരായ ഗായകരാണ് ശരിക്കും പാടുന്നതെന്നും വളരെ വൈകിമാത്രം മനസിലാക്കിയ രാജു എന്നൊരു ബാലനുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പർഭനിയിൽ അവന്റെ വീട്ടിൽ അന്നു റേഡിയോപോലും ഇല്ല. എവിടെനിന്നെങ്കിലും പാട്ടുകേട്ടാൽ അതിന്റെ ഈണവും വരികളും മനസിലുറപ്പിക്കും. രണ്ടാമതൊരിക്കൽ ആ പാട്ട് എപ്പോൾ കേൾക്കാമെന്നുപോലും അറിയില്ല. എങ്കിലും കിഷോർ കുമാറിന്റെ പാട്ടുകൾ അവന് ജീവനായി. ഒരിടത്തുംപോയി പാട്ടുപഠിക്കാതെ സ്കൂളിലും നാട്ടിലെ ചെറിയ പരിപാടികളിലും രാജു കാജേ പാടിത്തുടങ്ങി.
മുംബൈയിലേക്കുള്ള ദൂരം
രാജുവിന്റെ പിതാവ് ചെറുപ്പത്തിൽ മരിച്ചു. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോളജ് കാലത്തും പാട്ട് ഒരു ഹോബി മാത്രമായി തുടർന്നു. പഠനത്തോടൊപ്പം രാത്രികളിൽ ഒരു ചെക്പോസ്റ്റിൽ ജോലിക്കുപോയി. നീ കിഷോർദായെപ്പോലെ പാടുന്നുവെന്ന കൂട്ടുകാരുടെ വാക്കു നൽകിയ ആത്മവിശ്വാസം മാത്രം കൂട്ട്. അങ്ങനെയിരിക്കെയാണ് റിയാലിറ്റി ഷോകളായ മേരി ആവാസ് സുനോ, അന്താക്ഷരി, സരിഗമ തുടങ്ങിയവ ആരംഭിക്കുന്നത്. ഓഡിഷനുവേണ്ടി മുംബൈയിലേക്കു പോകുകയെന്നത് വിദേശത്തേക്കു പോകുന്നതുപോലെ ശ്രമകരമാണ്. യാത്രാസൗകര്യം കുറവ്, കൈയിൽ പണവുമില്ല. വീട്ടിൽ അമ്മയും സഹോദരിയും തനിച്ചും. ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അമ്മ പോകാൻ സമ്മതിച്ചു. മുംബൈയിൽ ഏറ്റവും ചെലവുകുറഞ്ഞ ഒരിടത്തു മുറിയെടുത്തു. മൂന്നു റിയാലിറ്റി ഷോകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്താക്ഷരിയുടെ ഫൈനൽ റൗണ്ടിൽ ഫസ്റ്റ് റണ്ണർ-അപ് ആയി. നിയമപ്രകാരം ഒരു ഷോയിൽക്കൂടി മാത്രമേ പങ്കെടുക്കാൻ അന്ന് അനുവാദമുള്ളൂ. കൂടുതൽ പേർ കാണുന്നത് ദൂരദർശൻ ആയതിനാൽ മേരി ആവാസ് സുനോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് ഒരു സ്പെഷൽ ഓഡിഷൻ നടത്തി ലൈവ് പ്രോഗ്രാമുകൾക്കുവേണ്ടി ബാക്ക്അപ് ഗായകരുടെ സംഘമുണ്ടാക്കിയിരുന്നു. അതിലും രാജു ഇടംനേടി. ഒരുവർഷത്തെ കരാറും ഒപ്പിട്ടു. ഈ സന്തോഷം വീട്ടിലറിയിക്കാൻ വിളിച്ചപ്പോഴാണ് അമ്മയ്ക്കു സുഖമില്ലെന്ന് സഹോദരി അറിയിക്കുന്നത്. അന്നു രാത്രിതന്നെ പർഭനിയിലേക്കു ട്രെയിൻ കയറി.
കോവിഡിന്റെ വരവ്
1996 മുതൽ 2020 വരെയുള്ള കാലം വല്ലപ്പോഴും മാത്രം പാട്ടുപാടുന്ന ഒരാളായി താൻ മാറിയെന്ന് രാജു പറയുന്നു. റവന്യൂ വകുപ്പിൽ തലത്തി (അക്കൗണ്ടന്റ്) ആയി 96ൽ ജോലിക്കു കയറിയിരുന്നു. കോവിഡ് നാടുകീഴടക്കിയതോടെ ലോകം വീട്ടിനകത്തേക്കു ചുരുങ്ങി. എത്രനേരം ടിവിയും മൊബൈലും നോക്കും. എങ്ങും സങ്കടപ്പെടുത്തുന്ന വാർത്തകൾ. അങ്ങനെയൊരുദിവസം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം പാട്ടുപാടാവുന്ന സ്റ്റാർമേക്കർ എന്ന ആപ്പ് കണ്ണിൽപ്പെട്ടു. 22 വർഷത്തിനുശേഷം, പഴയ പാഷൻ വീണ്ടും വന്നു. ശബ്ദത്തിനും ശ്രുതിക്കും കുഴപ്പമൊന്നും വന്നിട്ടില്ല. പക്ഷേ ഒരു പാട്ട് മുഴുവനായി ആലപിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ആപ്പിൽ പാട്ടു പാടി റെക്കോർഡ് ചെയ്തുതുടങ്ങി. വീണ്ടും കേട്ട്, ഒറിജിനലുമായി താരതമ്യപ്പെടുത്തി, ഉച്ചാരണത്തിലെയും ഭാവത്തിലെയും കുറവുകൾ കണ്ടെത്തി പരിഹരിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. കഹാ തക് യേ മൻ കോ അന്ധേരേ ചലേംഗേ എന്ന കിഷോർകുമാർഗാനം പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പരക്കേ സ്വീകരിക്കപ്പെട്ടു. പ്രതീക്ഷയുടെ സന്ദേശമുള്ളതാണ് ആ പാട്ട്. പകർച്ചവ്യാധിപ്പേടിയിൽ കഴിഞ്ഞിരുന്ന ജനത്തിന് അതൊരു ആശ്വാസവുമായിരുന്നു. ഇതുപോലെ ഇനിയും പാട്ടുകൾ പാടി പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകൾ രാജുവിനെത്തേടിയെത്തി. അവിടെ ഒരു യാത്ര തുടങ്ങുകയായിരുന്നു. ഇന്ന് രാജുവിന് ദശലക്ഷക്കണക്കിനു ശ്രോതാക്കളുണ്ട് സോഷ്യൽ മീഡിയയിൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ലൈവ് പ്രോഗ്രാമുകൾ നടത്തി. പരിപാടികളുടെ എണ്ണം നൂറു കടന്നു. ഫേസ്ബുക്ക് ലൈവുകൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ.
ശബ്ദം, ഭാവം- കിഷോറിനൊപ്പം
കണ്ണടച്ചിരുന്നു കേട്ടാൽ ഒറിജിനൽ കിഷോർ കുമാർ. അതാണ് രാജു കാജേയുടെ ആലാപനം. ശബ്ദം, ഭാവം, കിഷോർ കുമാർ അനന്യമായ പ്രയോഗങ്ങളിലൂടെ പാട്ടിനു കൊടുക്കുന്ന സവിശേഷ തലം... എല്ലാം കൃത്യം. ഏറ്റവും ശ്രദ്ധയോടെ കേൾക്കുന്നവർക്കു മാത്രം തിരിച്ചറിയാവുന്ന അതിസൂക്ഷ്മമായ വ്യത്യാസം മാത്രമാണ് ആലാപനത്തിലുള്ളത്. കിഷോർ കുമാറിൽനിന്ന് പ്രചോദിതരായി പാടുന്ന ഗായകരിലൊന്നുമില്ലാത്ത എന്തോ ഒന്ന് രാജുവിലുണ്ട്. കേട്ടറിയേണ്ട ഒന്ന്. കേൾവിക്കാരെല്ലാം അഭിനന്ദനങ്ങൾകൊണ്ടു മൂടുന്പോഴും രാജു പറയും- കിഷോർദായ്ക്കു തുല്യം അദ്ദേഹം മാത്രം... ഞാൻ വെറുമൊരു സാധാരണ ഗായകൻ...പർഭനിയിൽനിന്നു രാജു കാജേ ഹാർമണിയോടു സംസാരിച്ചു: കുമാർ സാനു, അഭിജിത്, ബാബുൾ സുപ്രിയോ, സുദേഷ് ഭോസ്ലേ, കിഷോർ കുമാറിന്റെ മകൻ അമിത് കുമാർ- ഇവരിൽ ആരു കിഷോർ കുമാറിന്റെ പാട്ടുകൾ പാടുന്നതാണ് താങ്കൾക്ക് കൂടുതൽ ഇഷ്ടം? ഇവരെല്ലാം മികച്ച ഗായകരാണ്. എനിക്ക് കൂടുതലിഷ്ടം അമിത് കുമാറിനെയാണ്. മികച്ച ഗായകനായ അഭിജിത് സ്വന്തം ശൈലിയിലും ശബ്ദത്തിലുമാണ് പാടുന്നത്. കുമാർ സാനുവും കിഷോർദായുടെ ശബ്ദത്തിന് വളരെയടുത്താണ്. സുദേഷ് ഭോസ്ലേ, ബാബുൾ സുപ്രിയോ എന്നിവർക്കൊപ്പം സ്റ്റേജിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അമിത്ജി മേരാ ജീവൻ കോറാ കാഗസ് എന്ന പാട്ട് ഫേസ്ബുക്കിൽ കേട്ട് നല്ല അഭിപ്രായം പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബാംഗം സന്ദേശം അയച്ചിരുന്നു. എല്ലാം സരസ്വതീ ദേവിയുടെയും കിഷോർദായുടെയും അനുഗ്രഹം. മലയാളം പാട്ടുകൾ കേൾക്കാറുണ്ടോ? യേശുദാസിന്റെ പാട്ടുകൾ അറിയാമോ? മഹാഗായകൻ യേശുദാസ്ജിയെ ആർക്കാണ് അറിയാത്തത്!. രാജ്യം മുഴുവൻ ആദരിക്കുന്ന സംഗീതജ്ഞനല്ലേ അദ്ദേഹം! ഞാൻ അദ്ദേഹത്തിന്റെ ഹിന്ദി പാട്ടുകൾ പ്രാക്ടീസ് സമയത്ത് പാടിപ്പഠിക്കാറുണ്ട്. ഹിന്ദിയിൽ അദ്ദേഹം അതിമനോഹരമായ പാട്ടുകളാണ് നൽകിയിട്ടുള്ളത്. (മധുബൻ ഖുഷ്ബൂ ദേതാ ഹേ എന്ന യേശുദാസിന്റെ സുന്ദരഗാനം ഫോണിലൂടെ പാടിക്കേൾപ്പിക്കുന്നു).കേരളത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ ആഗ്രഹമുണ്ടോ? തീർച്ചയായും ഉണ്ട്. മലയാളികൾക്ക് ഹിന്ദി ഗാനങ്ങളോട്, പ്രത്യേകിച്ച് കിഷോർ കുമാറിന്റെ പാട്ടുകളോടുള്ള ഇഷ്ടം കേട്ടറിഞ്ഞിട്ടുണ്ട്. ഞാൻ ഇതുവരെ പഠിച്ചതെല്ലാം അവിടെയുള്ളവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്നു. അങ്ങനെയൊരു അവസരംകിട്ടിയാൽ അതെനിക്കു വലിയ ബഹുമതിയായിരിക്കും. കുടുംബം? ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ അധ്യാപികയാണ്. മകൻ ബിരുദം പൂർത്തിയാക്കി. പുനെയിൽ നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നു. മകൾ ഗായികയും നർത്തകിയുമാണ്. ശാസ്ത്രീയ സംഗീതം പഠിക്കുന്നുമുണ്ട്.നാളെ ഖാണ്ഡ്വയിൽ 55കാരനായ രാജു കാജേ പാടുന്പോൾ കിഷോർ കുമാർ ആരാധകരിൽ ഓർമകളുടെ വേലിയേറ്റം ഉറപ്പ്!
വാക്കുകളിലെ വള്ളംകളി
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീരൻമാർ, ചമ്പക്കുളമാണോ, നടുഭാഗമാണോ, കാരിച്ചാലാണോ അതോ പായിപ്പാടാണോ അല്പം മുന്നിൽ, ആരായിരിക്കും ഇത്തവണ നെഹ്റു ട്രോഫിയിൽ മുത്തം വയ്ക്കുക. അവരുടെ വരവ് കണ്ടില്ലേ, എന്തൊരു ആവേശമാണ്, കാരിരുമ്പിന്റെ കരുത്തുള്ള കരുമാടിക്കുട്ടൻമാർ, അരയൊന്നനക്കി, തുഴമുറുക്കി കുനിഞ്ഞ് കുത്തി, താഴ്ത്തി വലിച്ച് വരുന്ന വരവു കണ്ടോ'' എന്ന് താളത്തിൽ ചോദിക്കുന്ന കമന്റേറ്ററുടെ വാക്കുകേൾക്കുന്ന ശ്രോതാക്കൾ ലോകത്തിന്റെ ഏതു കോണിലായാലും അല്പസമയം മനസുകൊണ്ടും ഹൃദയം കൊണ്ടും ആലപ്പുഴ പുന്നമടക്കായലിലെ നെട്ടായത്തിലേക്ക് എത്തും. വള്ളംകളിയുടെ കമന്ററിയോടൊപ്പം താളത്തിലുള്ള വള്ളപ്പാട്ടുകളും നാടൻ പാട്ടുകളും, വള്ളംകളിയുടെയും വള്ളത്തിന്റെയും നാടിന്റെയും കരയുടേയും ക്ലബുകളുടേയും ചരിത്രം, ട്രോഫി നേടിയ വർഷങ്ങൾ, നേതൃത്വം കൊടുത്ത ക്യാപ്റ്റൻമാരുടെ വിവരങ്ങൾ തുടങ്ങി പ്രാദേശിക ചരിത്രങ്ങളും ചേർത്ത് കാണികളേയും ശ്രോതാക്കളേയും വള്ളംകളിയുടെ ആവേശക്കൊടുമുടി കയറ്റുന്ന ദൃക്സാക്ഷി വിവരണക്കാരുടെ നിരയിൽ പ്രധാനികളായിരുന്നു വി.വി. ഗ്രിഗറിയും പി.ഡി. ലൂക്കും ജോസഫ് ഡി. ഇളംകുളവും നാഗവള്ളി ആർ.എസ്. കുറുപ്പും. വള്ളംകളി നേരിട്ടുകണ്ടിട്ടുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ആവേശം തീർക്കുന്നതായിരുന്നു റേഡിയോ ദൃക്സാക്ഷി വിവരണങ്ങൾ. റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്ത് പുന്നമടയിലെ ദൃശ്യം വാക്കുകളിലൂടെ അനുഭവവും ആവേശവുമായി ശ്രോതാക്കളിൽ എത്തിച്ചവരാണ് ദൃക്സാക്ഷി വിവരണക്കാർ. ഒരുകാലത്ത് കരക്കാരുടെ ആവേശവും അഭിമാനവുമായിരുന്ന ചുണ്ടൻ വള്ളങ്ങൾ പുന്നമട കായലിൽ പണ്ഡിറ്റ് നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ വെള്ളിക്കപ്പിനു വേണ്ടി പോരാടുമ്പോൾ കായൽക്കരയിൽ കളി കാണാൻ എത്താതെ പോകുന്ന ഭൂരിപക്ഷത്തിന്റെയും ആശ്രയം ആകാശവാണി മാത്രമായിരുന്നു. അവർ റേഡിയോയുടെ ചുറ്റുമിരുന്ന് ദൃക്സാക്ഷി വിവരണക്കാരുടെ വാക്കുകളിലൂടെ വള്ളംകളികണ്ടു.. തങ്ങളുടെ വള്ളം വിജയിച്ചത് കണ്ട് സന്തോഷിച്ചു.., ഏതാനും തുഴപ്പാടുകൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ സങ്കടപ്പെട്ടു. മറ്റു കായിക ഇനങ്ങളിൽനിന്നു വ്യത്യസ്തമാണ് വള്ളംകളി എന്നതുപോലെ ഇതിന്റെ ദൃക്സാക്ഷി വിവരണവും വ്യത്യസ്തമാണ്. മറ്റു കളികളിൽ താത്പര്യംകൊണ്ട് ആളുകൾ ദൃക്സാക്ഷി വിവരണം കേൾക്കുന്നെങ്കിൽ ഇവിടെ ദൃക്സാക്ഷി വിവരണത്തിൽ നിന്ന് ആവേശംകൊണ്ട് വള്ളംകളി ആവേശമായി മാറിയവരുണ്ട്. ആലപ്പുഴ നെഹ്റു ട്രോഫിയോളം പാരമ്പര്യമുണ്ട് വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്. 1955ൽ പുന്നമടക്കായലിലേക്ക് എത്തിയ വള്ളംകളിയിലാണ് ദൃക്സാക്ഷി വിവരണം അരങ്ങേറിയത്. ആകാശവാണിയിലെ കായിക വിഭാഗത്തിന്റെ തലവനായിരുന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് ഇങ്ങനെയൊരു ആശയം അധികാരികളുടെ മുന്നിൽ വയ്ക്കുമ്പോൾ ഇത് എത്രമാത്രം വിജയിക്കും എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള സമയം ആകാശവാണിക്ക് വർഷത്തിലെ ഏറ്റവും അധികം ശ്രോതാക്കളെ നേടിക്കൊടുക്കുന്ന പരിപാടിയായി ഇതു മാറി. ആലപ്പുഴ നെഹ്റു ട്രോഫി ദിനത്തിലാണ് ഇന്നും ആകാശവാണിക്ക് ഏറ്റവുമധികം ശ്രോതാക്കളുള്ളത് എന്നത് വള്ളംകളിയുടെയും ദൃക്സാക്ഷി വിവരണത്തിന്റെയും ആവേശത്തിന്റെ ഒന്നുചേരലാണ്. ടെലിവിഷൻ ചാനലുകൾ തുടക്കം മുതൽ ഒടുക്കം വരെ അല്പംപോലും ആവേശം കെടാതെ മുഴുവൻ ലൈവിൽ കാണിക്കുമ്പോഴും അടുത്തകാലം വരെയും റേഡിയോയിലെ കമന്ററിക്ക് കാതോർക്കുന്നവരായിരുന്നു ചാനൽ പ്രേക്ഷകരിൽ ഭൂരിഭാഗവും. നെഹ്റു ട്രോഫിയിലെ ആദ്യ ദൃക്സാക്ഷി വിവരണക്കാരനായത് നാഗവള്ളി ആർ.എസ്. കുറുപ്പായിരുന്നു. കൂടെയുണ്ടായിരുന്നത് അക്കാലത്ത് ഡപ്യൂട്ടി കളക്ടറായിരുന്ന എൻ.ടി. ചെല്ലപ്പൻ നായരും. അന്‍പതുകളിൽ തുടങ്ങി എഴുപതുകളുടെ അവസാനംവരെ നാഗവള്ളി ആയിരുന്നു വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്റെ അമരക്കാരൻ. പിന്നീട് ആകാശവാണിയിലെ സതീഷ് ചന്ദ്രൻ നേതൃത്വം നല്കിയ ടീമാണ് ദൃക്സാക്ഷി വിവരണത്തെ ഇത്രയേറെ ജനകീയമാക്കിയത്. കാഴ്ചക്കാരിലും കേൾവിക്കാരിലും ഇത്രയേറെ ആവേശവും താത്പര്യവും കൊണ്ടുവന്നതിൽ വി.വി. ഗ്രിഗറിക്കുള്ള സ്ഥാനം എടുത്തുപറയണം. ലൈവ് കമന്ററി നല്‍കുന്നതോടൊപ്പം ആവേശത്തിൽ താളംപിടിച്ച് വഞ്ചിപ്പാട്ടുകളും നാടൻ പാട്ടുകളും നാടൻ കഥകളും ഒഴുകും. അദ്ദേഹത്തിന്റെ വാഗ്ധോരണിയിൽ മനം മയങ്ങി ആവേശം കയറി ആ താളത്തിനൊപ്പം ചുവടുവച്ച നിരവധി വിവിഐപിമാർ നെഹ്രു ട്രോഫി പവലിയനിലെ സുപരിചിത കാഴ്ചയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നെഹ്റു ട്രോഫി പവലിയനിൽ വി.വി. ഗ്രിഗറിയും ജോസഫ് ഡി. ഇളംകുളവും ഒന്നുചേർന്നപ്പോൾ വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിയായി. പതിഞ്ഞ സ്വരത്തിൽ, എന്നാൽ ആവേശം തുളുമ്പുന്ന വിവരണം നല്‍കിയിരുന്ന പി.ഡി. ലൂക്ക്, ശ്യാമളാലയം കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ചുങ്കം സോമൻ, കുറിച്ചി രാജശേഖരൻ, ജോ ജോസഫ് തായങ്കരി തുടങ്ങി നിരവധി പ്രതിഭകളുടെ സ്വരവും കഴിവും ശ്രോതാക്കളിൽ ആവേശം നിറച്ചുകൊണ്ടിരുന്നു. സിബിഎല്ലിന്റെ വരവോടെ വള്ളംകളികളുടെ രീതികളിൽ മാറ്റം വന്നെങ്കിലും വള്ളംകളിയും ഒളിംപിക്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുന്നമട നെഹ്റു ട്രോഫിയും അവിടത്തെ ആവേശവും വാക്കുകളിൽ പറഞ്ഞറിയിക്കുന്ന ദൃക്സാക്ഷി വിവരണക്കാർ ഓരോ മലയാളിയുടെയും വള്ളംകളി ഇഷ്ടപ്പെടുന്നവരുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നു.
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന ചർച്ചകൾക്ക് അടുത്തെങ്ങും ഒടുക്കമാവുകയുമില്ല. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കഴിഞ്ഞനാൾ നടത്തിയ നിരീക്ഷണം ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്...
എല്ലാവർക്കും ലഭ്യമായ ഡാറ്റ ചികഞ്ഞെടുത്ത് അതിനെ അവലംബമാക്കി സൃഷ്ടികൾ നടത്താൻ മാത്രമേ ആർട്ടിഫിഷൽ ഇന്റലിജൻസിനു കഴിയൂ. ആ ഡാറ്റ ശരാശരിക്കു താഴെയുള്ളതോ അതിലും മോശപ്പെട്ടതോ ആണ്. യഥാർഥ കലയും സർഗാത്മകതയുമാകട്ടെ ഏറ്റവും അനന്യവും- ഈ നിരീക്ഷണം എഴുത്തുകാരൻ ജാവേദ് അക്തറിന്റേതാണ്. നിലവിലുള്ള സാഹചര്യങ്ങൾ അനുസരിച്ച് വിവേകപൂർണമായ ചിന്ത എന്നു സമ്മതിക്കേണ്ടിവരും. വ്യക്തിപരമായ അനുഭവങ്ങളും ധാരണകളുമാണ് യഥാർഥ കലയുടെ വേരുകൾ. അതൊരിക്കലും യന്ത്രങ്ങൾക്കുണ്ടാവില്ല. വികാരങ്ങളില്ലാതെ ഒരിക്കലും ഒരു മാസ്റ്റർപീസ് പിറക്കില്ല- അദ്ദേഹം തുടർന്നു പറയുന്നു. സർഗാത്മകതയെന്നത് ഒരു പ്രക്രിയയാണ്. എഐയ്ക്ക് ആരെങ്കിലുമായി പ്രണയത്തിലാവാൻ കഴിയുമോ? ഒരാവശ്യവുമില്ലാതെ അതിന്റെ താളംതെറ്റുമോ? വിഷാദഭരിതമാകുമോ? പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ അതിന് ആവേശഭരിതമാകാൻ കഴിയുമോ? അതാരോടെങ്കിലും അനിഷ്ടം കാണിക്കുമോ? ഇല്ല!സർഗാത്മകത യുക്തിയുടെയും യുക്തിയില്ലായ്മയുടെയും സങ്കലനമാണ്. അതിനുപിന്നിൽ ബോധമനസും ഉപബോധമനസും വേണം. ഇപ്പോഴോ സമീപഭാവിയിലോ ഇതൊന്നും ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കൊണ്ടു സാധിക്കില്ല. മൊണാലിസ പോലൊരു പെയിന്റിംഗോ, ഒരു ഷേക്സ്പീരിയൻ നാടകമോ അതു സൃഷ്ടിക്കില്ല. ഇതിനൊക്കെ മനുഷ്യമനസുതന്നെ വിചാരിക്കണം. എഐയെ ഒരു സഹായിയായി കൂട്ടാമെന്നുമാത്രം- ജാവേദ് അക്തർ ഉറപ്പിക്കുന്നു.
ഡാറ്റ, ചരിത്രം
പുതുമയെക്കുറിച്ചു പറയാനും വിലയിരുത്താനും എന്തുകൊണ്ടും അർഹനാണ് സിനിമാചരിത്രത്തിനൊപ്പം നടന്ന, വലിയ ഡാറ്റാശേഖരം തലച്ചോറിലുള്ള എഴുത്തുകാരൻ ജാവേദ് അക്തർ. ഹിന്ദിയിലെ നൂറുകണക്കിന് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ പേനത്തുന്പിൽനിന്ന് ഒഴുകിയവയാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ മഹാന്മാരായ തിരക്കഥാകൃത്തുകളിൽ ഒരാൾ. അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികൾ... ഇതിഹാസസമാനമായ സിനിമാജീവിതം. 1973ൽ വഴിത്തിരിവുണ്ടാക്കിയ സൻജീർ, 1975ൽ പുറത്തിറങ്ങിയ ദീവാർ, ഷോലെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വഴികളെക്കുറിച്ച് ഉറക്കെപ്പറയും. ഇപ്പോഴിതാ സൻജീറിന്റെ ചരിത്രത്തെക്കുറിച്ച് ജാവേദ് അക്തർ പറയുന്നു.
ജോലിയില്ലാത്ത ബച്ചൻ!
തുടരെ പത്തിലേറെ ഫ്ളോപ് സിനിമകളുടെ ദുര്യോഗത്തിൽ മുങ്ങിനിന്ന അമിതാഭ് ബച്ചനെ സൻജീർ എന്ന സിനിമയിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്തുകളായ സലിം ഖാനും ജാവേജ് അക്തറും ഏറെ പണിപ്പെട്ടിട്ടുണ്ട്. ബച്ചനെ നായകനാക്കി സിനിമയെടുത്താൽ മുടക്കുമുതൽ തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കാലമാണ്. അന്ന് തങ്ങൾ എഴുതുന്ന സിനിമയിൽ ബച്ചൻ വേണമെന്നു നിർബന്ധംപിടിച്ചു സലിം-ജാവേദ് ദ്വയം.ബച്ചന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതു വളരെക്കുറച്ചുപേർക്കുമാത്രം. അതിലൊന്ന് ജയഭാദുരിയാണ് (ജയ അന്നു ജയ ബച്ചൻ ആയിട്ടില്ല). രണ്ടാമത്തെയാൾ ഹൃഷികേശ് മുഖർജി. പരാജയപ്പെട്ട സിനിമകളിൽപ്പോലും ബച്ചന്റെ പ്രകടനം നന്നായിരുന്നുവെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. ഒരു മേജർ സ്റ്റാർ ശരിയായ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസം സലിമിനും ജാവേദിനും ഉണ്ടായിരുന്നു. ബാക്കി അദ്ദേഹത്തിന്റെ വാക്കുകളിൽ: അതിനു മുന്‍പ് ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ കഥാപാത്രമാകാൻ ബച്ചനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഒരു കഥ പറയാനുണ്ട്, എപ്പോഴാണ് താങ്കളെ കാണാനാവുക എന്നു ചോദിച്ചു. ഉടനെ കാണാൻ സമ്മതിക്കുകയായിരുന്നു അദ്ദേഹം. സ്ക്രിപ്റ്റ് മുഴുവൻകേട്ട് ഒരു നിമിഷം എന്നെ അവിശ്വസനീയതയോടെ നോക്കി. ഈ റോൾ എനിക്കു ചെയ്യാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഈ രാജ്യത്തു മറ്റൊരാൾക്കും താങ്കളേക്കാൾ നന്നായി ചെയ്യാൻ കഴിയില്ല എന്നായിരുന്നു എന്റെ മറുപടി. ആ വാക്കുകൾ കൃത്യമായി. സൻജീർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. സലിം-ജാവേദ് ദ്വയം ബച്ചനുമായുള്ള ഒട്ടേറെ സൂപ്പർഹിറ്റുകൾ പിറന്നു- മുന്‍പു പറഞ്ഞ ദീവാറും ഷോലെയും അടക്കം. ബച്ചൻ രാജ്യംകണ്ട ഏറ്റവും വലിയ സൂപ്പർതാരമായി. എഴുത്തുകാർ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും ജാവേദ് അക്തർ ഇതിഹാസതുല്യനായ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായി. അമിതാഭിന്റെ പരാജയങ്ങളെക്കുറിച്ച് ഏറെക്കാലത്തിനുശേഷം ജയ പറഞ്ഞതുകൂടി ചേർത്തുവായിക്കണം: ആ സമയവും കടന്നുപോകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഫ്ളോപ്പുകളെ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. അദ്ദേഹം പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പരാജയങ്ങളിൽ അദ്ദേഹം നിരാശപ്പെട്ടിരുന്നുമില്ല... ജാവേദ് അക്തർ പറഞ്ഞതുപോലെ ഇതെല്ലാം മനുഷ്യമനസുകളുടെ വിലാസമാണ്. യഥാർഥ കലാകാരന്മാർ വിജയംനേടുകതന്നെ ചെയ്യും... അന്നും ഇനി എഐ കാലത്തും!
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്ച് സംഗീതത്തിന്റെ കോർട്ടിലേക്കു കയറി. പിന്നെ ഹിറ്റുകളുടെ പ്രവാഹം. സൂപ്പർ ഹിറ്റ് ആയ നിരവധി ക്രിസ്ത്രീയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച റോബിൻ ജോസ് ചെറുവള്ളിയുടെ സംഗീതയാത്ര.
പഠിച്ചതും ബിരുദം നേടിയതും നിയമത്തിൽ. എന്നാൽ, നിയമത്തിന്റെ തടിയൻ പുസ്തകങ്ങളേക്കാൾ കട്ടപ്പനക്കാരൻ റോബിൻ ജോസ് ചെറുവള്ളിയുടെ ഷെൽഫിൽ നിറഞ്ഞത് പാട്ടുപുസ്തകങ്ങൾ. നിയമത്തിന്റെ വകുപ്പുകളേക്കാൾ ആ മനസിൽ ഉറച്ചത് പാട്ടിന്റെ സംഗീതവും ശ്രുതിയും. ഇതോടെ മനസിൽ നിയമവും സംഗീതവും തമ്മിൽ പൊരിഞ്ഞ വാദം നടന്നു. ഒടുവിൽ റോബിന്റെ മനസ് ജീവിതത്തിന്റെ കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു, യുവർ ഒാണർ എന്റെ കക്ഷി സംഗീതപ്രേമിയാണ്!
ദൈവത്തിന്റെ കുഞ്ഞല്ലേ നീ
പിന്നീട് നാട്ടിൽനിന്നു വിദേശത്തേക്കു പറന്നപ്പോഴും കൂടെ പറക്കാൻ സംഗീതമുണ്ടായിരുന്നു. ക്രൈസ്തവരും അല്ലാത്തവരുമായ മലയാളികൾ മൂളി നടക്കുന്ന, പള്ളികളിൽ പലപ്പോഴും മുഴങ്ങിക്കേൾക്കുന്ന, വേദികളിൽ ആനന്ദം പൊഴിക്കുന്ന പല ക്രിസ്തീയ ഗാനങ്ങൾക്കും പിന്നിൽ റോബിന്റെ സ്പർശമുണ്ട്. മലയാളികൾ ഇന്നും പാടുന്ന ദൈവത്തിന്റെ കുഞ്ഞല്ലേ നീ... എന്ന സൂപ്പർ ഹിറ്റ് ആൽബം പുറത്തിറക്കി 2009ൽ ആയിരുന്നു സംഗീതലോകത്ത് റോബിൻ മുദ്ര ചാർത്തിയത്. ഈ ആൽബം പുറത്തിറക്കിയത് റോബിന്റെ ക്രിസ് ഒാഡിയോസ് എന്ന ആൽബം നിർമാണ ക്കന്പനിയായിരുന്നു. അതിനു ശേഷം മലയാളി മനസുകളിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ റോബിൻ പുറത്തിറക്കി.
ദേവാലയ മണി മുഴങ്ങി
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ അൽത്താരബാലനായിരുന്നപ്പോൾ ഉള്ളിൽ കയറിപ്പറ്റിയതാണ് സംഗീതം. വൈകാതെ യേശുദാസിന്റെയും കെ.ജി. മർക്കോസിന്റെയും ഭക്തിഗാനങ്ങൾ കേൾക്കുന്നതു ശീലമായി. കട്ടപ്പന ഐടിഐ ജംഗ്ഷനിലെ വീട്ടിലെത്തിയാലും സംഗീതത്തിന്റെ നേർത്ത അലകൾ എപ്പോഴുംതന്നെ കേൾക്കാമായിരുന്നു. സംഗീത പ്രേമിയും വനംവകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവ് സി.സി.ജോസഫിന്റെ ഓര്‍മയ്ക്കായാണ് റോബിൻ ആദ്യ ആൽബം പുറത്തിറക്കിയത്. അള്‍ത്താര എന്ന ആല്‍ബത്തിലെ മിക്ക ഗാനങ്ങളും ഹിറ്റായി മാറി. ആകാശമേഘങ്ങളെ, ദേവാലയ മണിമുഴങ്ങി, എന്റെ ഈശോ സ്നേഹമായി, ദിവ്യകാരുണ്യത്തിന് ബലിവേദിയില്‍... എന്നിങ്ങനെ ജനപ്രിയമായ ഗാനങ്ങളൊരുക്കിയതിനു പിന്നിൽ മാസങ്ങൾ നീണ്ട അധ്വാനമുണ്ടായിരുന്നു. കെ.ജി.മര്‍ക്കോസ്, കെസ്റ്റര്‍, സുജാത, ബിജു നാരായണന്, മധു ബാലകൃഷ്ണന്, വില്സിന് പിറവം, സിസിലി, എലിസബത്ത് രാജു, വിനീത് ശ്രീനിവാസന്, അമൃതാ സുരേഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര ഗായകരെല്ലാം ഈ ആല്‍ബത്തില്‍ പാടി.
ആകാശ മേഘങ്ങളേ
പിതാവിന്റെ സ്മരണയ്ക്ക് ഒരു ആൽബം പുറത്തിറക്കിയ ശേഷം അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിരുന്നു പ്ലാൻ. പക്ഷേ, ആദ്യത്തെ ഗാനം സൂപ്പർ ഹിറ്റ് ആയതോടെ അഭിനന്ദനം ഒഴുകിയെത്തി. അതോടെ ക്രിസ് ഒാഡിയോസ് മുന്നോട്ടുതന്നെ പോയി. ഇതിനിടെ ജോലിക്കായി ഷിക്കാഗോയിലേക്ക്. എങ്കിലും സംഗീതം വിട്ടില്ല. ക്രിസ് ഒാഡിയോസിൽനിന്ന് പിന്നെ ഹിറ്റുകളുടെ പ്രവാഹമായിരുന്നു. ദൈവദൂതന്, ജീസസ് മൈ ജീസസ്, ഹോളി എയ്ഞ്ചല്‍ തുടങ്ങിയ ആൽബങ്ങളെല്ലാം സംഗീതപ്രേമികളുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഇടം നേടി. പ്രമുഖരെ ഉൾപ്പെടുത്തി പതിനഞ്ചോളം വിഡിയോ ആൽബങ്ങൾ റോബിന്റെ സംവിധാന മികവില്‍ പ്രമുഖ ചാനലുകളിലൂടെ പുറത്തിറക്കി. നാല്പതോളം ആല്‍ബങ്ങള്‍ ക്രിസ് ഓഡിയോസ് സംഗീത പ്രേമികള്‍ക്ക് നല്കിയ വിരുന്നായി. കവര്‍ ഡിസൈനിംഗ് മുതല്‍ റിക്കാര്‍ഡിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും റോബിന്റെ കൈയൊപ്പുണ്ട്. സംഗീതരംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ ആൽബങ്ങളിൽ വേണമെന്നതു റോബിനു നിർബന്ധം. അതിനായി എത്ര ബുദ്ധിമുട്ടും സഹിക്കും. എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്, മധു ബാലകൃഷ്ണന്, സുജാത, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ശരത്, ശ്വേത മോഹന്‍, മൃദുല വാര്യര്‍, നിത്യ മാമന് , മിഥില മൈക്കിള്‍, മരിയ കോലടി, മനോജ്, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, സിസിലി, അമൃത സുരേഷ്, ചിന്മയി തുടങ്ങിയ മുന്‍നിര ഗായകര്‍ ക്രിസ് ഓഡിയോസിനു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ആ വിരൽ തുന്പിലെ
ഒരു ഇടവേളയ്ക്കുശേഷം ക്രിസ് ഓഡിയോസ് എന്ന യൂ ട്യൂബ് ചാനലിലൂടെ തിരിച്ചുവരവ്. അമൃത സുരേഷ് ആലപിച്ച ദൈവത്തിന്റെ കുഞ്ഞല്ലേ എന്ന ഗാനം ടോപ് സിംഗറിലെ താരമായ മേഘ്ന സുമേഷിന്റെ സ്വര ലാവണ്യത്തില്‍ വീണ്ടും സംഗീതാസ്വാദകര്‍ക്കു മുന്നിലെത്തിച്ചു. പരിചയ സന്പന്നർക്കൊപ്പം പുതുമുഖങ്ങളെയും റോബിൻ ഒപ്പംകൂട്ടി. നാടന്‍ പാട്ടുകാരന് മണികണ്ഠന് പെരുമ്പടപ്പ് രചിച്ച് ഈണം നല്കി ആലപിച്ച പൂമേനിയില്‍, മൃദുല വാര്യര്‍ പാടിയ ആ വിരല്‍ തുമ്പിലെ, ചിന്മയിയുടെ ശ്രുതിയില്‍ ഇവള് പാടും സംഗീതം, ശ്വേതാമോഹന്റെ മണ്ണില്‍ സ്വര്ഗത്തിന് ചിത്രം രചിക്കുവാന്‍, കെസ്റ്ററുടെ സ്വര്‍ഗീയമാം അള്‍ത്താരയില്‍, എം.ജി.ശ്രീകുമാറിന്റെ കരളുകീറും നൊമ്പരം, മേഘ്നയുടെ നിന് തിരു രക്തത്താല്‍ തുടങ്ങിയവയാണ് സമീപ നാളില്‍ ഇറങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍. തമിഴ് ഗാനങ്ങള്‍ക്കു മാത്രമായി ക്രിസ്റ്റല്‍ മൂവീസ് തമിഴ് ക്രിസ്ത്യന്‍ സോംഗ്സ് എന്ന ചാനലും റോബിന്റേതായുണ്ട്. അമേരിക്കയിലുള്ള സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പുതിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് റോബിന്. സിനിമാ തിരക്കഥാ രംഗത്തും പേര് അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലും. നേരത്തേ തൊടുപുഴ, കട്ടപ്പന കോടതികളില്‍ അഭിഭാഷകനായിരുന്നു. ഭാര്യ സിന്ധുവും മക്കളായ ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍ എന്നിവരുമാണ് ഈ സംഗീതയാത്രയ്ക്കു പ്രചോദനവും പിന്തുണയും.
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയുഷ്മാൻ ഖുറാനയും പാനലിലുണ്ട്. ഒരു കാലത്ത് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവരുമെന്നു പലരും പ്രതീക്ഷിച്ച നടനാണ് കമൽ. ആ ജീവിതം ത്രസിപ്പിക്കുന്നതാണ്.
ആയുഷ്മാൻ ഖുറാനയെ ഹിന്ദി നടൻ എന്നു വിളിക്കാം. എന്നാൽ, കമലിനെ ഏതു ഭാഷയിലെ നടൻ എന്നു വിളിക്കും! തമിഴ് നടൻ എന്നു പറഞ്ഞാൽ തമിഴർ സമ്മതിക്കില്ല. അവരാണല്ലോ കമലിനെ "ഉലകനായകൻ' എന്നു വിശേഷിപ്പിച്ചത്. കണ്ണും കരളും, കന്യാകുമാരി എന്നിവയിലൂടെ പിച്ചവച്ചു മദനോത്സവവും വയനാടൻ തമ്പാനും സത്യവാൻ സാവിത്രിയുമടക്കം മലയാളികൾക്കു നവ്യാനുഭവംപകർന്ന ഈ നടൻ മലയാളിയല്ലെന്നു പറയാനാകുമോ?. മറോ ചരിത്രയും സ്വാതിമുത്യവും സിലങ്കൈ ഒലിയുമടക്കം ബംബർ ഹിറ്റുകൾ നൽകിയ കമൽ ഗാരുവിനെ തെലുങ്കർ മറക്കുന്നതെങ്ങിനെ? "ഏക് ദുജേ കേലിയെ'' യും സാഗറുമടക്കം ഏറെ ചർച്ചചെയ്യപ്പെട്ട സിനിമകളിലെ മീശവച്ച നായകനെ ഹിന്ദിസിനിമാലോകം അസൂയയോടെയല്ലേ നോക്കിയത്.
അതികായന്റെ പിറവി
ഇന്ത്യൻ സിനിമയിലെ അതികായൻ, എവിഎം സ്റ്റുഡിയോയുടെ അധിപൻ എ.വി. മെയ്യപ്പ ചെട്ടിയാരാണ് കമൽ എന്ന ആറു വയസുകാരനെ സിനിമയിലെത്തിച്ചത്. കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിൽ ജെമിനി ഗണേശനും സാവിത്രിക്കുമൊപ്പം കമൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി. പിന്നീട് ഷണ്മുഖം ചെട്ടിയാരുടെ നാടക കമ്പനിയിൽ. ഡാൻസർ തങ്കപ്പൻ മാസ്റ്ററുടെ കീഴിൽ നൃത്തസംവിധാന സഹായിയായി വീണ്ടും സിനിമയിലേക്ക്. സംവിധാന സഹായിയും മേക്കപ്പ് ആർട്ടിസ്റ്റുമായി. തുടർന്ന് കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലെ നായകവേഷം വഴിത്തിരിവ്. ആദ്യ ഫിലിംഫെയർ അവാർഡും തേടിയെത്തി. ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ഒരു റിക്കാർഡിനു തുടക്കമായിരുന്നു അത്. മികച്ച നടനുള്ള 20 ഫിലിം ഫെയർ പുരസ്കാരങ്ങൾ കമലിനെ തേടിയെത്തി. 25 വർഷം മുൻപ്, ഇനി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കത്തെഴുതിയ ശേഷമാണ് ഫിലിം ഫെയർ പുരസ്കാരം നൽകുന്നത് നിർത്തിയത്.
ഞെട്ടിച്ച സൂപ്പർ ഹിറ്റുകൾ
1977 -78 കാലം, മറ്റൊരു നടനും അന്നും ഇന്നും കെെയെത്തിപ്പിടിക്കാത്ത നേട്ടമായിരുന്നു കമലിന്റെത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ഒരേസമയം സൂപ്പർ ഹിറ്റുകൾ. ഓരോ ഭാഷയിലെയും സൂപ്പർ താരങ്ങളുടെ സിംഹാസനമാണ് അക്കാലത്ത് കമൽ ഇളക്കിയത്. അഞ്ചു ഭാഷയിലും സ്വയം ഡബ് ചെയ്തു. യുവാക്കളും സ്ത്രീകളും കുടുംബങ്ങളും ഒരേസമയം കമൽ ഹാസൻ എന്ന നവഭാവുകത്വത്തെ വരവേറ്റു. സിനിമ ജീവിതത്തിൽ ഗുരുസ്ഥാനീയനായി കാണുന്ന കെ. ബാലചന്ദറിനു പുറമേ കെ. വിശ്വനാഥ്, ബാലു മഹേന്ദ്ര, ഭാരതിരാജ തുടങ്ങിയ അക്കാലത്ത് തമിഴ്, തെലുങ്ക് സിനിമകളുടെ മുഖച്ഛായ മാറ്റിയ പ്രതിഭാധനരുടെ ചിത്രങ്ങളിലൂടെ കമൽ പ്രേക്ഷകരെയും സിനിമാലോകത്തെയും സ്തബ്ധരാക്കി. പാൻ ഇന്ത്യൻ താരത്തിന്റെ അടുത്ത നീക്കമായിരുന്നു അവിശ്വസനീയം. അന്നുവരെ ഒരു നടനും ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത കഥാപാത്രങ്ങളിലേക്ക് ചുവടുവച്ചു. അതിൽ പ്രധാനമാണ് ഭാരതിരാജയുടെ സിഗപ്പു റോജാക്കളിലെ നായകൻ. ശാരീരികബന്ധത്തിനു ശേഷം സ്ത്രീകളെ കൊല്ലുന്ന വെറുക്കപ്പെടുന്ന ഒരു സീരിയൽ കില്ലറുടെ വേഷം. അതിനുമുമ്പ് അങ്ങനെയൊന്നു ചെയ്യാൻ ഇന്ത്യൻ സിനിമയിൽ പേരെടുത്ത ഒരു നടനും തയാറായിട്ടില്ല.
ധീരമായ ചുവടുകൾ
ഈ സിനിമ സംഭവിച്ചത് ലോകത്തിന്റെ മറ്റേത് കോണിലായാലും അത്ഭുതമില്ല. എന്നാൽ, സ്ക്രീനിൽ പുകവലിക്കുകയോ മദ്യപിക്കുകയോ പോലും ചെയ്യാത്ത എംജിആറിനെ ദൈവമായി കാണുന്ന തമിഴ് മക്കളുടെ മുന്നിൽ, തമിഴ് വീരപുരുഷന്മാരെ അവതരിപ്പിച്ച് ദൈവസമാനമായി നടികർതിലകം ശിവാജി ഗണേശൻ നിറഞ്ഞു നിൽക്കുന്ന കാലത്താണ് ഇത്. മലയാളത്തിലെ വയനാടൻ തമ്പാനിലെ നായകവേഷവും സ്ത്രീകളോടുള്ള ക്രൂരത കാട്ടുന്ന കഥാപാത്രം. കുടുംബനായകനായ പ്രേംനസീർ യുഗത്തിലായിരുന്നു ഇത്. 1982 ലാണ് തമിഴിലും ഹിന്ദിയിലും മൂൺട്രാം പിറൈ പുറത്തിറങ്ങുന്നത്. കമലും ശ്രീദേവിയും തകർത്തഭിനയിച്ച ഈ ബാലു മഹേന്ദ്ര ചിത്രത്തിലൂടെ കമലിനു ദേശീയ പുരസ്കാരം. ശിവാജി ഗണേശനു പോലും അങ്ങനെയൊരു പുരസ്കാരം ലഭിച്ചില്ല എന്നറിയുമ്പോഴാണ് കമൽ ചെറു പ്രായത്തിൽ നേടിയ പുരസ്കാരത്തിനു മതിപ്പേറുന്നത്. ശിവാജി ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ട് ദേശീയ പുരസ്കാരം കൂടി കമലഹാസനു ലഭിച്ചു.
അന്പരപ്പിക്കുന്ന തീരുമാനങ്ങൾ
അഭിനയത്തിൽ ശിവാജി ഗണേശനുമായാണ് കമലിനെ താരതമ്യം ചെയ്യാറുള്ളതെങ്കിലും എംജിആറിനാണ് കമലുമായി ചേർച്ച. എംജിആറിന്റെ തങ്കമുഖവും സ്വർണശരീരവും അന്നു കമലിനു മാത്രമാണുള്ളത്. അഭിനയശേഷി, തമിഴ് വികാരം, ദ്രാവിഡ - പെരിയോർ ശൈലി, സർവോപരി ഭാര്യമാരുടെ എണ്ണത്തിൽവരെ എംജിആറുമായി കമലിനു സാമ്യമുണ്ട്. എംജിആറിനു കമലിനോടു വാത്സല്യമായിരുന്നു താനും. എംജിആറിനു ശേഷം കമലിനെ സ്വന്തമായി രാഷ്ട്രീയപാർട്ടി തുടങ്ങാൻ നിർബന്ധിച്ച മറ്റൊരാൾ, സംഗീത സംവിധായകൻ ഇളയരാജ. അന്നും ഇന്നും ഇന്ത്യൻ ചലച്ചിത്ര പരമ്പരയിൽ വേറിട്ടു നിൽക്കുന്ന ചിത്രമാണ് രണ്ടാമതും ദേശീയ പുരസ്കാരം നേടിയ മണിരത്നം സംവിധാനംചെയ്ത "നായകൻ'.തിരക്കുള്ള നായകൻമാർ ഒരേ സമയം ഒാടി നടന്നു പല സിനിമകളിൽ അഭിനയിച്ചിരുന്ന കാലം. വർഷം കുറഞ്ഞത് 20 ചിത്രമെങ്കിലും പുറത്തിറങ്ങും. അക്കാലത്തു കമലിന്റെ ഞെട്ടിക്കുന്ന തീരുമാനം വന്നു. ഒരു സമയം ഒരു ചിത്രം മാത്രം. ഒരെണ്ണം പൂർത്തിയായ ശേഷം മാത്രം അടുത്തത്. കമലിന്റെ ജനപ്രീതിയുടെ പാരമ്യത്തിൽ ഞെട്ടിക്കുന്ന മറ്റൊരു തീരുമാനം. ഫാൻസുകളെ താലോലിക്കുന്ന തമിഴ്താരങ്ങളെപ്പോലും അന്പരപ്പിച്ച്, കമൽ തന്റെ "രസിക മൺട്ര''''ങ്ങൾ മൊത്തം പിരിച്ചുവിട്ടു. തനിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കാനും കട്ടൗട്ട് വയ്ക്കാനും നടക്കുന്നതിനു പകരം പഠിച്ചും ജോലി ചെയ്തും കുടുംബം നോക്കാൻ ആരാധകരെ ഉപദേശിച്ചു. പകരം രക്തദാനം, നേത്രദാനം തുടങ്ങിയ ക്ഷേമപരിപാടികൾക്കായി "നൻപണിസംഘം'''' എന്ന കൂട്ടായ്മ രൂപീകരിച്ചു. സ്വന്തം കണ്ണും ശരീരവും മരണശേഷം പഠനത്തിന് കൊടുക്കുമെന്നു പ്രഖ്യാപിച്ചു. എയ്ഡ്സ് രോഗം ആസ്പദമാക്കി ഒരു ചിത്രമെടുത്തു.
തൊട്ടതെല്ലാം
നൂറാം ചിത്രം രാജപാർവെയിൽ അന്ധനായി കമൽ എത്തി. സ്വന്തം നിർമാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണലാണ് നിർമിച്ചത്. അന്ധനായകനെ ജനം സ്വീകരിക്കില്ലെന്ന് ശിവാജി ഗണേശൻ പോലും മുന്നറിയിപ്പു നൽകിയിട്ടും കമൽ പിന്മാറിയില്ല. സകലകലാവല്ലഭൻ, വിക്രം, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻകാമരാജൻ, പുന്നകൈ മന്നൻ, ഇന്ത്യൻ, അവ്വൈ ഷൺമുഖി, തെനാലി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾ തമിഴ്നാട്ടിൽ പണം വാരി. ഗുണ, സത്യ, മഹാനദി, കുരുതിപ്പുനൽ, ആളവന്താൻ, വിരുമാണ്ടി, കൽക്കി വരെ കലാമേന്മയുള്ള ചിത്രങ്ങളിലൂടെ നിരൂപകരെയും പുതിയ തലമുറയെയും കമൽ ആരാധകരാക്കി. അഭിനയത്തിൽ ഒതുങ്ങിയില്ല, 12 ചിത്രങ്ങൾക്കു രചന, അഞ്ച് ചിത്രങ്ങൾക്ക് സംവിധാനം, മുപ്പതിലേറെ ചിത്രങ്ങളിൽ ഗായകൻ. സംവിധാനം ചെയ്ത ആദ്യ ചിത്രം ഹേ റാം ദേശീയ ശ്രദ്ധ നേടി. ഏതു ചലച്ചിത്രകാരനും തൊടാൻ ഭയക്കുന്ന ഗാന്ധിവധമായിരുന്നു ഇതിവൃത്തം. രണ്ടാമത് ചെയ്ത വിരുമാണ്ടി തമിഴ്നാട്ടിൽ ഇന്നൊരു കൾട്ട് ക്ലാസിക്കാണ്. രണ്ട് ഭാഗങ്ങളിലായി ചെയ്ത വിശ്വരൂപം വിവാദമുണ്ടാക്കി. തമിഴ്നാട്ടിൽ ചിത്രം മുഖ്യമന്ത്രി ജയലളിത നിരോധിച്ചു. തുടർന്ന് ഇന്ത്യയൊട്ടാകെ (മലയാളമൊഴികെ)യുള്ള ചലച്ചിത്രലോകം കമലിനു പിന്തുണ പ്രഖ്യാപിച്ചു. ലോകോത്തര നിലവാരത്തിലാണ് വിശ്വരൂപം ഒരുക്കിയത്. അഭിനയിച്ച ചിത്രങ്ങളേക്കാൾ എത്രയോ മടങ്ങാണ് രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളുടെ ആവിഷ്കാര ശൈലിയിലെ അഗാധത.
മേക്കപ്പ് മാൻ
മേക്കപ്പിലും കമൽ ഉപരിപഠനം നടത്തി. ഓസ്കർ ജേതാവായ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് മാൻ മൈക്കിൾ വെസ്റ്റ്മോർ കമലിന്റെ അടുത്ത സുഹൃത്താണ്. ഹോളിവുഡ് ചിത്രമായ റാംബോ ത്രീയിൽ സിൽവർസ്റ്റർ സ്റ്റാലനെ മേക്കപ്പ് ചെയ്ത സംഘത്തിൽ കമലുമുണ്ടായിരുന്നു. കമലിന്റെ മേക്കപ്പ് പാണ്ഡിത്യം മുഴുവൻ പുറത്തെടുത്ത ചിത്രമാണ് പത്തു വേഷങ്ങളിലെത്തിയ ദശാവതാരം. ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവം. ശിവാജി ഗണേശനു ശേഷം ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ കമലിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷൺ തുടങ്ങി അസംഖ്യം ബഹുമതികളും. കമലിന്റെ പല ചിത്രങ്ങളും ഇന്നു തമിഴിലെയും മറ്റു ഭാഷകളിലെയും യുവ സംവിധായകർക്കു പാഠപുസ്തകങ്ങളാണ്.
കാലത്തിനൊപ്പം
ഏതൊരു യുവതാരത്തിനൊപ്പവും കിടപിടിക്കാവുന്ന ശാരീരികക്ഷമത ഇപ്പോഴും കമൽ കാത്തുസൂക്ഷിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എഐയെക്കുറിച്ചു പഠിക്കാൻ കമൽഹാസൻ ആറു മാസത്തെ കോഴ്സിന് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ ചേർന്നുവെന്നതായിരുന്നു പുതിയ വാർത്ത. ഇന്ത്യയിലും തമിഴിലും ആദ്യമായി പല സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയത് കമൽതന്നെ. ആദ്യം മടിച്ചെങ്കിലും ഒടുവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും കമൽ തയാറായി, മക്കൾ നീതിമയ്യം. ആദ്യ മത്സരത്തിൽ കമൽ തോറ്റെങ്കിലും ഡിഎംകെയുമായി സഹകരിക്കുന്നതിലൂടെ രാജ്യസഭയിലേക്ക് എത്തി. ആഗോള ചലച്ചിത്ര രംഗത്തെ പ്രതിഭയാണ് കമൽ ഹാസൻ. അത് ഒാസ്കർ അക്കാഡമിയും തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമയിൽ കമലിനു പകരം കമൽ മാത്രം.
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്തിക്കുന്പോൾ അതിനു പിന്നിൽ ഒരു ലൈറ്റ് തെളിയും. പിന്നെ കാണുന്നത് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രം... ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ടിൽ മികവ് തെളിയിച്ച പി.ആർ. രാഹുലിനെ പരിചയപ്പെടാം...
ഒറ്റനോട്ടത്തിൽ കാഴ്ചക്കാരൻ മുഖം ചുളിക്കും... ഇതു ചിതൽ തിന്നതിന്റെ ബാക്കിയായ കുറെ പേപ്പർ കഷണമല്ലേ.. ഇതിലെന്ത് ഇത്ര കലയിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ ആ ചിതൽ തിന്നതിന്റെ ബാക്കിയെന്നു തോന്നുന്ന പേപ്പർ കഷണങ്ങൾക്കു പിന്നിലെ ലൈറ്റ് തെളിയും. ഇതോടെ നിങ്ങൾ അദ്ഭുതംകൊണ്ട് കണ്ണുമിഴിച്ചു നിന്നു പോകും. ചിത്രമെന്നോ ശില്പമെന്നോ ഒക്കെ വിളിക്കാവുന്ന മനോഹരമായൊരു രൂപം കൺമുന്നിൽ. ഇത് നമുക്ക് അത്ര പരിചയമില്ലാത്ത ഒരു കല. ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് എന്നാണ് ഈ കലയുടെ പേര്. അതീവശ്രദ്ധയും നൈപുണ്യവും ആവശ്യമുള്ള ഒരു കലയിൽ മികവു കാട്ടി കാഴ്ചക്കാരെ അന്പരപ്പിക്കുകയാണ് മൂവാറ്റുപുഴ വാഴക്കുളം മടക്കത്താനം സ്വദേശി പി.ആർ. രാഹുൽ എന്ന യുവപ്രതിഭ. രാഹുലിന്റെ കരവിരുതിന് ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡ്സും ഏഷ്യൻ ബുക്ക് ഒാഫ് റിക്കാർഡ്സും അംഗീകാരം നൽകിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മോഹൻ ലാലിന്റെ ഛായാചിത്രം ഈ കലയിലൂടെ ഒരുക്കിയാണ് രാഹുൽ അംഗീകാരത്തിനു സമർപ്പിച്ചത്. പേപ്പറിൽ പേനാക്കത്തി ഉപയോഗിച്ചായിരുന്നു രൂപകല്പന.
വേറിട്ട കല
ചിത്രങ്ങളെയും ഫോട്ടോകളെയും ലൈൻ ആർട്ട് ആക്കിത്തരുന്ന സ്റ്റെൻസിൽ ആപ്ലിക്കേഷൻ വഴിയെടുക്കുന്ന ചിത്രങ്ങളെ നിഴൽ ചിത്രങ്ങളാക്കുന്നതാണ് ലെയേർഡ് പേപ്പർ കട്ടിംഗ്. ഡ്രോയിംഗിന് ഉപയോഗിക്കുന്ന എട്ടു കടലാസ് ഷീറ്റുകൾ ഇതിന് വേണം. ചിത്രത്തിന് ആവശ്യമായ ആകൃതി അഥവാ ഫ്രെയിം ഒരുക്കാനും കൊത്തിയെടുത്ത ചിത്രങ്ങൾ ഒട്ടിക്കാനും ഓരോന്നു മാറ്റിവയ്ക്കും. ബാക്കി ആറു ഷീറ്റുകളിലാണ് ശില്പിയുടെ പ്രതിഭ വിരിയുന്നത്. നിർമിതിയിൽ നെല്ലിട പിഴച്ചാൽ പിന്നെ അത് ഉപേക്ഷിക്കാനേ പറ്റൂ. അതിനാൽ തപസ് പോലെ ചെയ്യേണ്ടതാണ് ഈ ആർട്ട്. സ്റ്റെൻസിൽ സഹായത്തോടെ ഒരു ചിത്രത്തെ ആറു നിഴൽ ചിത്രങ്ങളുടെ ഭാഗങ്ങളാക്കും. ആ നിഴൽ രൂപങ്ങളെ ആറു കടലാസുകളിലായി കട്ടിംഗ് പേന ഉപയോഗിച്ചു മുറിച്ചെടുക്കും. മുറിച്ചെടുത്ത കടലാസുകൾ അണുവിട മാറാതെ ഒട്ടിക്കണം. ഇതു നേരിട്ടുകണ്ടാൽ പിഞ്ചിക്കീറിയ കുറെ പേപ്പർ കഷണങ്ങൾ എന്നേ തോന്നൂ. എന്നാൽ, ഒരു പ്രകാശത്തിനു മുന്നിൽ പിടിക്കുന്പോൾ ഉദ്ദേശിച്ച ചിത്രം കാഴ്ചക്കാരനു മുന്നിൽ തെളിയും.
സൂക്ഷ്മത പ്രധാനം
കൊത്തിയെടുക്കുമ്പോഴും ചേർത്ത് ഒട്ടിക്കുമ്പോഴും അതീവശ്രദ്ധ വേണം. തെല്ലൊന്നു പിഴച്ചാൽ ലാലേട്ടൻ മമ്മൂക്ക ആകുമെന്നു രാഹുൽ പറയുന്നു. ആകൃതി ഒത്താലും സൂക്ഷ്മ മുഖഭാവം നഷ്ടപ്പെട്ട് അവ്യക്ത ചിത്രമാകും. ചിത്രമൊരുക്കാൻ എട്ടു മുതൽ പത്തു മണിക്കൂർ വരെ വേണം. വ്യക്തികളുടെ മുഖം ചിത്രീകരിക്കുന്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പ്രകൃതിദൃശ്യങ്ങൾ കുറെക്കൂടി എളുപ്പമാണെന്ന് ഇതിനകം നൂറിലേറെ ചിത്രങ്ങൾ ഒരുക്കിയ രാഹുൽ പറയും. ഈശ്വര രൂപങ്ങളുടെ ചിത്രങ്ങൾക്കു കൂടുതൽ അലങ്കാരങ്ങൾ ഉള്ളതിനാൽ അതിനും സമയമെടുക്കും.
സ്വയം പഠനം
ചിത്രരചനയോടുള്ള താത്പര്യം മാത്രമാണ് പ്ലസ് ടുവിനു ശേഷം ഐടിഐ കഴിഞ്ഞ ഈ കലാപ്രതിഭയുടെ കൈ മുതൽ. സാധാരണ ചിത്രങ്ങൾ സ്കെച്ചിട്ട് വരച്ചുനൽകാറുണ്ടായിരുന്നു. പേപ്പർ കട്ടിംഗ് ആർട്ട് സ്വയം പരിശീലിച്ച് എടുത്തു. മമ്മൂട്ടി, രജനീകാന്ത്, ഐശ്വര്യ റായ്, ചിത്ര, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ, ബിനീഷ്, വിജയ്, കലാഭവൻ മണി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മമിത, നെസ്ലിൻ, ബേസിൽ ജോസഫ്, സഞ്ജു സാംസൺ, മെസി, ജയം രവി, തൃഷ, വിക്രം, കാർത്തി, കല്യാണി പ്രിയദർശൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് ഈ കല വഴി രാഹുൽ ജീവൻ നൽകിയിട്ടുണ്ട്. ഒപ്പം സ്വന്തം ചിത്രവും രാഹുൽ ഒരുക്കി. കെട്ടിടങ്ങളുടെ വയറിംഗ് ജോലികൾക്കു പോകുന്നതിനിടയിലെ ഒഴിവു സമയമാണ് കലാസൃഷ്ടിക്കായി രാഹുൽ മാറ്റി വച്ചിട്ടുള്ളത്. മടക്കത്താനം പുളിക്കൽ പരേതനായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ് ഇരുപത്തഞ്ചുകാരനായ രാഹുൽ. ഏക സഹോദരി രാധിക മുംബൈയിൽ നഴ്സാണ്.
പ്രദർശനം വരുന്നു
ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് രാഹുൽ. അതുപോലെ വീടുകളിലും ഒാഫീസുകളിലുമൊക്കെ ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങൾ തയാറാക്കി നൽകാനും പലരും വിളിക്കുന്നുണ്ട്. ലൈറ്റ് തെളിയുന്പോൾ കാണുന്ന വിസ്മയം സന്ദർശകരെയും അദ്ഭുതപ്പെടുത്തും.
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം.
ക്രിസ്തുവിന്റെ അന്ത്യത്താഴം... എപ്പോൾ ചിത്രം വരയ്ക്കാനിരുന്നാലും ആർട്ടിസ്റ്റ് സിബിയുടെ ബ്രഷിന് ആദ്യം തോന്നുന്നത് അന്ത്യത്താഴം വരയ്ക്കണമെന്നാണ്. അങ്ങനെ വരച്ചുവരച്ച് ഇതിനകം 350 അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു ചങ്ങനാശേരി വെരൂര്‍ വലിയപറമ്പില്‍ സിബി എന്ന ആര്‍ട്ടിസ്റ്റ്. അന്ത്യത്താഴ ചിത്രത്തിലെ ഒാരോ കണികപോലും ഇന്നു സിബിക്കു മനഃപാഠം. ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ പാത്തിക്കല്മുക്കിലെ വലിയപറന്പിൽ വീട്ടുവളപ്പിലേക്കു കയറുന്പോൾത്തന്നെ ഇതൊരു ചിത്രകാരന്റെ വീടാണെന്ന് ഏവർക്കും തോന്നും. വീടും സമീപത്തെ ചിത്രപ്പുരയും നിറയെ നിറക്കൂട്ടുകൾ. പതിനഞ്ചാം വയസിൽ തുടങ്ങിയ വരയിൽ എത്ര ചിത്രങ്ങൾ പൂർത്തിയാക്കിയെന്നു ചോദിച്ചാൽ അദ്ദേഹത്തിനുമറിയില്ല. എന്നാല്‍, പ്രാര്‍ഥനാപൂര്‍വം വരച്ചെടുത്ത അന്ത്യത്താഴ ചിത്രങ്ങൾ 350 കഴിഞ്ഞെന്ന് 64കാരനായ ഇദ്ദേഹം കൃത്യമായി പറയും. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പള്ളികൾ, കോണ്‍വന്റുകള്‍, ധ്യാനമന്ദിരങ്ങള്‍, ആതുരാലയങ്ങള്‍ എന്നു വേണ്ട ന്യൂജെന്‍ വീടുകളുടെ ഡിസൈനിംഗ് റൂമുകളില്‍ വരെ സിബിയുടെ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാരുടെ വ്യത്യസ്ത ഭാവങ്ങളും വിഭിന്ന പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി മൂന്നു തരത്തിലുള്ള തിരുവത്താഴ ചിത്രീകരണമാണ് സിബി അവലംബിക്കാറുള്ളത്.
വര വളരുന്നു
ചെറുപ്രായത്തിൽ തുടങ്ങിയ വര സി.എ. ആന്റണി ചെന്നിത്തലയുടെ ശിക്ഷണത്തിൽ കൂടുതൽ മെച്ചപ്പെട്ടു. 1979ല്‍ കറുകച്ചാല്‍ എ.പി ആര്‍ട്സില്‍നിന്ന് ചിത്രകലയിൽ ഡിപ്ലോമ. ഇതോടെ ബ്രഷുകൾ പ്രഫഷണൽ ശൈലിയിൽ ചലിച്ചുതുടങ്ങി. 1980ല്‍ സിബി കോഴിക്കോട് അത്തോളിയിലുള്ള സിഎംഎം ഹൈസ്കൂളില്‍ ചിത്രകലാധ്യാപകൻ. നാലു വര്‍ഷത്തിനു ശേഷം 1984ല്‍ ആലപ്പുഴ തലവടി ഗവ.വിഎച്ച്എസ്എസില്‍ അധ്യാപകൻ. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കു ചായക്കൂട്ടുകളുടെ രഹസ്യങ്ങൾ പകർന്നുകൊടുത്തു. 33 വര്‍ഷം ഇവിടെ ചിത്രകല പഠിപ്പിച്ചു. സ്വന്തം ചെലവില്‍ ഒരു ആര്‍ട്ട് ഗാലറിതന്നെ ഇവിടെ നിർമിച്ചതു വാർത്തയായിരുന്നു. 2005ല്‍ ഡോ.ജോര്‍ജ് പടനിലത്തിനാണ് സിബി ആദ്യമായി തിരുവത്താഴ സ്മരണയുടെ ചിത്രം വരച്ചു നല്‍കിയത്. തിരുവനന്തപുരം പട്ടം മലങ്കര ബിഷപ്സ് ഹൗസിലാണ് സിബി വരച്ച ഏറ്റവും വലിയ തിരുവത്താഴ ചിത്രമുള്ളത്. പത്തടി നീളവും അഞ്ചടി വീതിയുമുണ്ട് ഈ ചിത്രത്തിന്. കറുകച്ചാല്‍ പനയമ്പാല സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിയിലെ ഏബ്രഹാമിന്റെ ബലി, എസ്തഫാനോസിന്റെ രക്തസാക്ഷിത്വം, യേശുവും തോമ്മാശ്ലീഹയും എന്നിവ സിബിയുടെ ചായക്കൂട്ടിൽ വിരിഞ്ഞതാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വിഭാഗത്തിന്റെ പ്രധാന കവാടത്തിലെ മാലാഖയും കുട്ടികളും അമ്മയും കുഞ്ഞും പെയിന്റിംഗുകളും സിബിയുടേതു തന്നെ. ചിരിക്കുന്ന ഈശോയുടെ ചിത്രം വരച്ചിട്ടുള്ളവർ ചുരുക്കമാണ്. ഈശോ ചിരിക്കുന്ന ചിത്രം വരച്ച് യേശുവിനൊപ്പം നമുക്കും ചിരിക്കാം എന്നെഴുതി കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.തോമസ് പ്ലാപ്പറമ്പിലിനു സമ്മാനിച്ചു.
ബാവയുടെ പ്രോത്സാഹനം
ചിത്രരചനയില്‍ എന്നും പ്രോത്സാഹനവും കരുതലും പകര്‍ന്നത് മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണെന്നു സിബി നന്ദിയോടെ ഒാർക്കുന്നു. സിബിയുടെ വെരൂരുള്ള വീട്ടില്‍ പലപ്രാവശ്യമെത്തി ക്ലീമിസ് ബാവ വിവിധ പള്ളികളിലേക്കുള്ള നിരവധി ചിത്രങ്ങള്‍ വരപ്പിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ അളവും കൃത്യതയും പിതാവ് നിർദേശിക്കും. ദൈവദാസന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ രൂപവവും ഭാവവും ബാവ പറഞ്ഞുകൊടുത്ത് സിബിയെകൊണ്ടു വരപ്പിച്ചു. എട്ടടി ഉയരമുള്ള ചിത്രംകണ്ട് ജീവൻ തുടിക്കുന്ന ചിത്രമെന്നു കൈകൂപ്പി പറഞ്ഞത് തനിക്കുള്ള വലിയ അഭിനന്ദനമാണെന്നു സിബി പറയുന്നു.
സിബിയുടെ ചിത്രങ്ങള്‍
സിബി വരച്ച ചിത്രങ്ങളിൽ ഒന്നെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ്, മേജർ ആർച്ച് ബിഷപ്സ് ഹൗസ് പട്ടം, മാവേലിക്കര ബിഷപ്സ് ഹൗസ്, ചെത്തിപ്പുഴ തിരുഹൃദയ പള്ളി, വെരൂര്‍ സെന്റ് ജോസഫ് പള്ളി, മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രം, തിരുവല്ല ശാന്തിനിലയം, പത്തനംതിട്ട സെന്റ് തോമസ് മൈനര്‍ സെമിനാരി, ളായിക്കാട് മേരിറാണി സ്കൂള്‍, വാഗമണ്‍ കുരിശുമല ആശ്രമം, തിരുവല്ല ശാന്തിനിലയം, പത്തനാപുരം സെന്റ് സേവ്യേഴ്സ് പള്ളി, മണര്‍കാട് മാലം മേരി മൗണ്ട് സ്കൂള്‍, കാരിച്ചാല്‍ സെന്റ് ജോര്‍ജ് പള്ളി കൂടാതെ യുകെ, അമേരിക്ക, ബഹറിൻ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ സിബിയുടെ ചിത്രങ്ങള്‍ ആളുകളെ ആകർഷിക്കുന്നു. വിശുദ്ധരുടെ ഐക്കണുകളും ക്രൈസ്തവ മ്യൂറല്‍ പെയിന്റിംഗുകളും ശ്രദ്ധേയം.
പോർട്രേറ്റുകള്‍
പോർട്രേറ്റുകള്‍ ചെയ്യുന്നതിൽ സിബിയുടെ പ്രാവീണ്യം എടുത്തുപറയണം. വിശുദ്ധ ചാവറയച്ചന്, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മദര്‍ തെരേസ, ബെനഡിക്ട് 16ാമന്‍ പാപ്പ, ഫ്രാന്‍സിസ് മാര്‍പാപ്പ, പരിശുദ്ധ പരുമല തിരുമേനി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, റവ.ഡോ.പ്ലാസിഡ് ജെ.പൊടിപാറ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, ഡോ.എസ്. രാധാകൃഷ്ണന് തുടങ്ങിയ ചിത്രങ്ങളും ആകർഷണീയം. കെസിബിസി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ചിത്രകാരികൂടിയായ ആനിക്കാട് പിച്ചളക്കാട്ട് മോളിയാണ് ഭാര്യ. ആസാമില്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ ചിത്രകലാ അധ്യാപികയായിരുന്നു. മക്കള്‍: ആന്‍സ്, അല്ഫ.
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം. കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും.
തേങ്ങായിടണോ നെല്ല് വിതയ്ക്കണോ പുല്ലുവെട്ടണോ, കപ്പ നടണോ... ഒറ്റക്കോൾ മതി, തിരുമാറാടിയിലെ വനിതാ ഹരിതസേന റെഡി. പണിക്കാരില്ലാത്തതിനാൽ കൃഷി എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയാണ് വനിതാ ഗ്രീൻ ആർമി. മരം കയറും, ട്രാക്ടർ ഓടിക്കും, കാർഷിക യന്ത്രങ്ങൾ നന്നാക്കും. എന്തു കൃഷിജോലിയും ഇവരുടെ കൈയിൽ ഭദ്രം. കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ നാലും അഞ്ചും ലക്ഷം തൈകൾ ഉത്പാദിപ്പിച്ച് ഹരിതസേന വിൽക്കുന്നു. കൂടാതെ കൃഷി വകുപ്പിനും ത്രിതല പഞ്ചായത്തുകൾക്കും തൈകൾ കൊടുക്കുന്നു. മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് തൈകളും ഇവിടെ തയാർ. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് തുടങ്ങിയ നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
ഈസിയായി തെങ്ങിൻ മുകളിൽ
യന്ത്രവുമായി പുല്ലുവെട്ട്, തെങ്ങിന് തടമെടുക്കൽ, തേങ്ങയിടൽ തുടങ്ങിയവയൊക്കെ ഇവർക്കു നിസാരം. എത്ര ഉയരമുള്ള തെങ്ങിനു മുകളിലും സെക്കൻഡുകൾക്കുള്ളിൽ ഇവർ കയറും. തേങ്ങയിട്ട്, തലപ്പ് വൃത്തിയാക്കി, മരുന്നുതളിയും കഴിഞ്ഞാണ് തിരിച്ചിറങ്ങുക. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്. തേങ്ങയിടാൻ തെങ്ങൊന്നിന് 65 രൂപയും തലപ്പ് വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി. കൃഷിപ്പണിക്ക് കാർഷിക സേവന കേന്ദ്രത്തിനു വേണ്ടുവോളം യന്ത്രങ്ങളുണ്ട്. ഇവ പ്രവർത്തിപ്പിക്കാൻ മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലും കാർഷിക യന്ത്രവത്കരണ മിഷൻ ആസ്ഥാനത്തും പരിശീലനം നൽകി. പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി കർഷകരിലെത്തിക്കുന്നുണ്ട്. 12 വർഷം മുൻപ് ആരംഭിച്ച പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ്‍ ഓവർ നേടിയതായി ഹരിത സേവനകേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു. സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്.
ഏല്പിച്ചോളൂ, വിളവ് തരാം
കൃഷിയിടത്തിന്റെ ഉടമ നാട്ടിലില്ലെങ്കിൽ ഹരിതസേനയെ ഏൽപ്പിച്ചാൽ മതിയാകും. നൂറു മേനി വിളവെടുത്തു തരും. അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്കു ഗ്രോ ബാഗിലും ചട്ടിയിലും കിളിർപ്പിച്ച പച്ചക്കറിത്തൈകളെത്തിക്കും. എറണാകുളത്തും തൃശൂരിലും മൂവാറ്റുപുഴയിലുമൊക്കെ ഫ്ളാറ്റുകളിൽ ഇവർ നട്ടുകൊടുക്കുന്ന ചെടികളിൽനിന്നു വിളവെടുക്കുന്നവർ നിരവധി. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും സ്പെയർ പാർട്സ് വാങ്ങലും ഭാരിച്ച ചെലവാണ്. ഇതിനു സർക്കാർ സഹായം നൽകണമെന്നാണ് ഗ്രീൻ ആർമിയുടെ അഭ്യർഥന. സേനയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയും വേണം. ഗ്രീൻ ആർമിയുടെ പ്രവർത്തനം പഠിക്കാൻ ലോകബാങ്ക് പ്രതിനിധികളും കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗങ്ങളും പാന്പാക്കുടയിൽ എത്തിയിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാരും കർഷകരെ അയച്ചിരുന്നു.
തരിശിലെ വിസ്മയം
കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ തരിശുകിടന്ന 60 ഹെക്ടറിലേറെ പാടമാണ് പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്. നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപെടും. കാടുപിടിച്ചിരുന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ടനാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കു ശേഷം വിതയും കൊയ്ത്തും നടത്തിയത് ഈ കൂട്ടായ്മ തന്നെ. 25 വർഷത്തിലധികം തരിശു കിടന്ന ഇടയാർ പാടശേഖരത്തിലെ അഞ്ച് ഏക്കറിൽ രണ്ടു നെല്ലും മൂന്നാം വിളയായി പച്ചക്കറി, എള്ള് എന്നിവയും കൃഷി ചെയ്യുന്നു. നെല്ല് സീഡ് അഥോറിട്ടിക്കും സപ്ലൈകോയ്ക്കും വിൽക്കുന്നു. ഒരേക്കറിൽ ഞാറു നട്ടു കൊടുക്കാൻ പാന്പാക്കുട ബ്ലോക്ക് പരിധിയിൽ നാലായിരം രൂപയും പുറത്ത് 4,500 രൂപയുമാണ് നിരക്ക്. പോളി ഹൗസുകളിൽ എല്ലാ സീസണിലും പച്ചക്കറി വിളവെടുപ്പുണ്ട്. മഴക്കാലത്തും ഓണം വിഷു സീസണിലും കൂടുതൽ ഉത്പാദിപ്പിക്കും. കൂത്താട്ടുകുളത്തും ബ്ലോക്ക് കാന്പസിലും പാന്പാക്കുടയിലുമുള്ള നഴ്സറികളിൽ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കു പതിനായിരം ഗ്രോ ബാഗുകളും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് അര ലക്ഷം തൈകളും ഒരുങ്ങുന്നു. പയർ, വെണ്ട വിത്തുകൾ നേര്യമംഗലം കൃഷിഫാമിൽനിന്നും മറ്റു വിത്തുകൾ തൃശൂരിലെ നഴ്സറികളിൽനിന്നും വാങ്ങും. സമീപത്തെ 51 കുടുംബങ്ങളിൽ സൗജന്യമായി ഫലവൃക്ഷത്തൈകൾ നൽകി പരിപാലിക്കുന്നുണ്ട്.
പത്തു കോടി നേട്ടം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം. കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും. ജോലിയില്ലാതെ വരുന്ന ദിവസങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ തയാറാക്കി അഗ്രോ സർവീസ് സെന്ററിന്റെ ഒൗട്ട് ലെറ്റുകൾ വഴിയാണ് വില്പന. തിരിനനയ്ക്കുള്ള ഗ്ലാസ് വൂൾ വിക്ക് നിർമാണവുമുണ്ട്. സംഘകൃഷിയിൽ സംസ്ഥാന കൃഷിവകുപ്പിൽനിന്നു ലഭിച്ച ഒന്നാം സ്ഥാനം ഉൾപ്പെടെ അംഗീകാരങ്ങൾ നിരവധി. ഈ സംഘത്തിലെ ടെക്നീഷ്യൻ ആശാ ഷാജൻ സംസ്ഥാനത്തെ മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാർഡിനും അർഹയായി. പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭാ രാജും തിരുമാറാടി കൃഷി ഓഫീസർ സി.ഡി. സന്തോഷും സേനയ്ക്കു കരുതലായി ഒപ്പമുണ്ട്.
യന്ത്രശാലയിലെ താരങ്ങൾ
പച്ചപ്പാടങ്ങളുടെയും കാളവയലിന്റെയും കാളയോട്ടത്തിന്റെയും പെരുമയുള്ള പിറവം കാക്കൂരിലെ മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ ഭിത്തിയിലെ കുറിപ്പ്. "കൃഷി ഒരു സന്യാസമാണ്. നിങ്ങൾ അതിന്റെ പ്രവാചകരും പരിപോഷകരും മാറ്റക്കാരുമാകാൻ ശ്രമിക്കുക. സ്നേഹം ശീലമാകട്ടെ. സേവനം അനുഷ്ഠാനവും.'' തിരുമാറാടി പഞ്ചായത്തു നൽകിയ സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം. തുടക്കത്തിൽ 25 ലക്ഷം രൂപയുടെ യന്ത്രങ്ങൾ സർക്കാർ നൽകി. യാർഡ്, ഓഫീസ് എന്നിവയ്ക്കും മൂന്നു ലക്ഷം റിവോൾവിംഗ് ഫണ്ടും ലഭിച്ചു. മികച്ച പ്രവർത്തനം പരിഗണിച്ച് സർക്കാരിൽനിന്ന് 15 ലക്ഷത്തിന്റെ യന്ത്രങ്ങൾകൂടി ലഭിച്ചു. യന്ത്രങ്ങളിൽനിന്ന് ഇതിനകം രണ്ടു കോടി വരുമാനം. ഞാറുനടീൽയന്ത്രം മാത്രം അഞ്ചു ലക്ഷത്തിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ് കട്ടറുകളിൽനിന്നു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽനിന്നു ഒരു മാസംകൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടി. ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, കോക്കനട്ട് ബേസിൻ ഡിഗർ, പാടത്തെ മണ്ണുടയ്ക്കും റോട്ടവേറ്റർ, കൾട്ടിവേറ്റർ, പവർ സ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറു നടാൻ ട്രാൻസ്പ്ലാന്റർ, നെല്ലു മെതിക്കാൻ ത്രഷർ, കോക്കനട്ട് ക്ലൈംബർ, ബ്രഷ് കട്ടർ, ചെയിൻ സോ, പ്രഷർ വാഷർ ഇങ്ങനെ നീളുന്നു യന്ത്രപ്പുരയിലെ കരുതൽ. കൂടാതെ ജനറേറ്റർ, പവർ സ്പ്രെയർ, വീൽബാരോ, പന്പുസെറ്റ്, ചെയിൻ സെറ്റ് എന്നിവ വാടകയ്ക്കു കൊടുക്കുന്നുമുണ്ട്. ഹരിതസേന ഫോണ്‍: 9447820532, 0485 2875085.
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായും ലൈറ്റ് ഹൗസായുമൊക്കെ രൂപം മാറിയിരിക്കുന്നു. അതിന്റെ പിന്നിലെ ശില്പി ഒരു തൊണ്ണൂറ്റെട്ടുകാരനാണെന്ന് അറിയുന്പോഴാണ് കൗതുകം അദ്ഭുതത്തിനു വഴിമാറുന്നത്.
തേർത്തല്ലി: പ്രായത്തിൽ സെഞ്ചുറി അടിക്കാൻ രണ്ടു വർഷം മാത്രം. തൊണ്ണൂറ്റിയെട്ടാം വയസിലും ഇവിടൊരാൾ കരകൗശല നിർമാണത്തിന്റെ ക്രീസിൽ ബാറ്റുമേന്തി നിൽക്കുന്നു.കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ ഇപ്പോഴും പതിനെട്ടിന്റെ ആവേശത്തിലാണ് കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലി ആനത്താംവളപ്പിലെ പുല്ലാട്ട് തോമസ്. കൈയിൽ കിട്ടുന്നതെന്താണെങ്കിലും അതിലൊരു കലയുണ്ടെന്നാണ് തോമസിന്റെ പക്ഷം. ചിരട്ടയും ഈർക്കിലിയുമൊക്കെ തോമസു ചേട്ടന്റെ കൈകളിലൂടെ കയറിയിറങ്ങുന്പോൾ നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപം. ആധുനിക പണിസാധനങ്ങൾ ഒന്നുമില്ല, ഒരു ചെറിയ കത്തിയും ആക്സോബ്ലേഡും ഫെവിക്കോൾ പശയും ചെറിയ അരവുമാണ് ആകെയുള്ള ആയുധങ്ങൾ. ആഴ്ചകളും മാസങ്ങളുമെടുത്താണ് ചിലതൊക്കെ രൂപപ്പെടുത്തുന്നത്.
മഴ വെള്ളത്തിലെ ചിരട്ട
2008 ജൂണിൽ മുറ്റത്തെ മഴ കണ്ടിരിക്കുന്പോഴാണ് തോമസ് ചേട്ടന്റെ കണ്ണുകൾ മുറ്റത്തു കെട്ടിനിന്ന വെള്ളത്തിൽ ഒരു ചിരട്ട മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതു കണ്ടത്. ഒറ്റ നോട്ടത്തിൽ ഒരു മീൻ ആണെന്നു തോന്നും. എങ്കിൽപിന്നെ അതിനെ ഒരു മീൻ ആയി രൂപപ്പെടുത്തിയാലോ എന്നായി ചിന്ത. അങ്ങനെ ചിരട്ടയിൽ മീൻ വിരിഞ്ഞു. പിന്നീട് ചിരട്ട കാണുന്പോൾത്തന്നെ ഇതിന് ഇന്ന രൂപം നൽകണമെന്ന തോന്നലുണ്ടാകും. അങ്ങനെ മത്സ്യത്തിനു ശേഷം ആമ, മണ്ണെണ്ണ വിളക്ക്, നിലവിളക്ക്, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസിൽ ആളുകൾ കയറുന്നത്, കൂജ, ആമാടപ്പെട്ടി, മെഴുകുതിരി സ്റ്റാൻഡ്, സ്പൂൺ, പക്ഷികൾ, പക്ഷിയും കൂടും അതിൽ പക്ഷിമുട്ടയും, കൈപ്പിടി, കപ്പ്, ഹോട്ടലുകളിലെ തൂക്ക്, ആനക്കൊമ്പ്, വിവിധ തരത്തിലുള്ള പൂക്കൾ, ഫ്ലവർവേസ്, ലോക്കറ്റുകൾ ഇങ്ങനെ നൂറോളം വ്യത്യസ്ത സാധനങ്ങൾ ചിരട്ടയിൽ രൂപപ്പെടുത്തി. വസ്തുക്കൾക്കു വെള്ള നിറം വേണമെങ്കിൽ കരിക്കിന്റെ ചിരട്ടയാണ് ഉപയോഗിക്കുക. പുല്ലാട്ട് തോമസ് ഉപയോഗിക്കുന്ന മൂന്നു ഊന്നുവടികളും സ്വന്തമായി നിർമിച്ചതാണ്. ചിരട്ടയോടൊപ്പം ഈർക്കിലികളും ഇതിനായി ഉപയോഗിച്ചു. നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന വിധം ഒന്നര വർഷംകൊണ്ടാണ് ഇതു പൂർത്തിയാക്കിയത്. പിതാവിന്റെ വഴിയേ ഇത്തരം കരകൗശല പരിപാടികളിൽ മകൻ ജോസും തത്പരനാണ്.തോമസു ചേട്ടനു സ്കൂളിൽ പോയി പഠിക്കാനുള്ള സാഹചര്യം ലഭിച്ചില്ലെങ്കിലും വൈദികർ കോഴിക്കോടുള്ള ഒരു ഐടിസിയിൽ കൊണ്ടുപോയി ആക്കി. അവിടെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഫസ്റ്റ് റാങ്കോടെ പാസായി. എങ്കിലും അന്നത്തെ വീട്ടിലെ സാഹചര്യംകൊണ്ട് ആ മേഖലയിൽ ജോലി തേടിപ്പോകാൻ സാധിച്ചില്ല. ആലക്കോട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ഇദ്ദേഹം നിർമിച്ച വസ്തുക്കൾ ആലക്കോട്, തേർത്തല്ലി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നൽകിയിരുന്നു. താൻ നിർമിച്ചവയിൽ ഒന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർക്കു നൽകണമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. നേരിട്ടല്ലെങ്കിലും അതിനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം.
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്ടുകൾ തേടി ആളുകൾ ഇവിടേക്ക് എത്തുന്നു. താമരപ്പൂവിനു ചുറ്റുമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും ജീവിതം... തിരുന്നാവായയിലെ പൂക്കടക്കാരൻ ശ്രീരാഗ് താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണ്! ആദ്യം പ്ലാസ്റ്റിക് കുപ്പിയിൽനിന്നു സ്വർണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോൺ നൂലിൽ കൊരുക്കുന്നു. തുടർന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിന്റെ അടിവശത്തുകൂടെ സൂചി കടത്തി പുഷ്പത്തെ ഏറെ സൂക്ഷ്മതയിൽ നൂലിന്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോർത്താൽ മാലയുടെ ഒരു വശമായി. മറു വശത്തേയ്ക്കു വേണ്ടി 18 മൊട്ടുകൾകൂടി മറ്റൊരു നൂൽക്കഷണത്തിൽ കൊരുത്തെടുത്താൽ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു! "പൂക്കളുടെ മേൽഭാഗം മേലോട്ടാക്കികൊണ്ടു താമര കോർക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകൾ, മേൽഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലർ സൂചിപ്പിക്കാറുണ്ട്," മാലകെട്ടു കലാകാരൻ ഓർക്കുന്നു. ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോർക്കണമെന്നു ഇടക്കെത്തുന്ന ചിലർ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. പാശ്ചാത്യ സംസ്കൃതിയനുസരിച്ചു, പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ത്യാഗശീലത്തിന്റെയുമെല്ലാം പ്രതീകമാണു ചുവന്ന പനിനീർപ്പൂ. അടുപ്പം, ഉപാസന, ആത്മാർഥത മുതലായ മൃദുല വികാരങ്ങൾക്കൊന്നും വൻകരകൾ അതിർത്തിരേഖകൾ വരയ്ക്കുന്നില്ലല്ലോ. ശുദ്ധജലത്തിലും ശുദ്ധവായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങൾ വളരെ മൃദുവായതിനാൽ മാല നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിർബന്ധം. തലേന്നു രാത്രി തയാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാർ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങൾക്കു പോറലേൽക്കാതെ നിലകൊള്ളണം. "ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലാണ്. ഫ്ലവർ മാർട്ടിൽ വന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്," കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന ശ്രീരാഗ് വെളിപ്പെടുത്തി.
രീതികളും മാറുന്നു
ഒരു നാടൻ താമരപ്പൂവിനു അമ്പതു ദളങ്ങൾ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അൽപം കലർന്ന കുറേ പാളികൾ അടർത്തിക്കളഞ്ഞ ശേഷം, ശരിക്കുമൊരു ചെങ്കമലത്തിന്റെ ബാഹ്യരൂപത്തിലേക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്. കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തിൽ മൊട്ടുകൾ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാൽ മാലയിൽ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം. താമരമൊട്ടിന്റെ ദളശിഖരങ്ങൾ സുന്ദരമായി ഉൾവശത്തേക്കു ഡയമൺഡ് ഫോൾഡ് ചെയ്തും മറ്റു പുഷ്പങ്ങൾ ഇടകലർത്തിയും ഹാരങ്ങൾ നിർമിക്കാറുണ്ട്. സുന്ദരമായും പൂക്കളെ മാനിച്ചുകൊണ്ടുമുള്ള എല്ലാ സ്റ്റൈലുകളിലും മാലകൾ നിർമിച്ചു കൊടുക്കാൻ താൻ തയാറാണെന്ന് ചെറു ചിരിയോടെ ശ്രീരാഗ് പറയുന്നു. കാലം മാറുകയല്ലേ, കലാകാരൻ ചേർത്തു പറഞ്ഞു. സാങ്കേതിക മേന്മ കൂടുതൽ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചർ നിർമാണം. ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിർത്താനുള്ള ചെറു കൂടയും താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ സിന്തറ്റിക് നിർമിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്. ബൊക്കെ ഫ്രെയിം നിർമിതിയിൽ സംഭവിക്കാവുന്നൊരു ചെറിയ പിഴവു പോലും ബൊക്കെയുടെ ചേലു കുറയ്ക്കും. വെളിഭാഗത്തുള്ള താമര ദളങ്ങങ്ങൾ ഡയമൺഡ് രൂപത്തിൽ മടക്കി മനോഹാരിത കൂട്ടുന്നതും അടിയിലുള്ള നേർത്ത പച്ചിലചില്ലകളുടെ ക്രമീകരണവും വരെ ഭംഗിയിൽ ചെയ്തവസാനിപ്പിക്കണം. ഇന്ദീവര ഹാരങ്ങൾ വിവാഹങ്ങൾക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും കോർക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു. എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങൾ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിന്റെ പൗരാണികവും സാംസ്കാരികവും ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളിൽ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സീസൺ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതൽ മുപ്പതു രൂപ വരെ വില വരും. അമ്പാടിയിൽനിന്നു നിവേദ്യ വിൽപനക്കാർ കൂടുതൽ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോൾ അവർക്കു ചെറിയ വിലക്കിഴിവ് ലഭിക്കും.
താമര വിരിയും കാലം
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് പൊതുവേ ഏറ്റവും കൂടുതൽ താമര വിരിയുന്നത്. രണ്ടു മാലകളും രണ്ടു ബൊക്കെകളും ചേർന്ന ഒരു സെറ്റിനു 3,500 രൂപ മുതൽ 4,500 രൂപ വരെ വില ലഭിക്കും. കൃത്യവില നിശ്ചയിക്കുന്നത്, താമര എത്രത്തോളം ഫ്രഷാണ്, ചുവപ്പാണ്, മാലയിലും ബൊക്കെയിലും ഏതു തരം പണിയാണ് ചെയ്തിരിക്കുന്നത്, മൊത്തം എത്ര പുഷ്പങ്ങൾ ഉപയോഗിച്ചു മുതലായ ഘടകങ്ങളെ ആശ്രയിച്ചാണ്- ശ്രീരാഗ് താമരമാലയുടെ വാണിജ്യശാസ്ത്രം വിവരിച്ചു. "താമരപ്പാടത്തുനിന്നു ചാക്കുകളിലോ പെട്ടികളിലോ നിറച്ചാണ് കൃഷിക്കാർ എത്തിക്കുന്നത്. കൃഷിക്കാരനു ഞങ്ങൾ നൽകുന്നതും സീസൺ ആയതിനാൽ ആനുപാതികമായി കുറഞ്ഞ വിലയാണ്. മൊട്ടുകളുടെ ഗുണം പരിശോധിച്ച്, എണ്ണിനോക്കി പണം നൽകും," അഞ്ചെട്ടു വർഷമായി താമരമാലകെട്ടു വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ കൂട്ടിച്ചേർത്തു.
ഒരു കളിയും നടക്കില്ല
ദിവസം പത്തു മാലകൾക്കെങ്കിലും ഓർഡർ ഉണ്ടാകും. ചില ദിവസങ്ങളിൽ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയാറാക്കാൻ കഴിയൂ. നേരം പുലരുന്പോഴേ ആളുകളെത്തും. ഒരു ഒാർഡർ എടുക്കുന്പോൾ ആദ്യത്തെ സമ്മർദം ആവശ്യത്തിനനുസരിച്ചു താമരപ്പൂ കിട്ടുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണല്ലോ ഓർഡർ എടുക്കുന്നത്. സ്റ്റോക്കുചെയ്തു സൂക്ഷിക്കാൻ കഴിയുന്ന സാധനമല്ലല്ലോ. കൃഷിക്കാരെ കൃത്യമായി ഫോളോഅപ് ചെയ്തു പൂവിന്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാർഗമൊന്നുമില്ല- മേഖലയിലെ പ്രധാന ഉത്കണ്ഠ ശ്രീരാഗ് പങ്കുവച്ചു.വേനൽക്കാലത്തു കൃഷി ചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്. നാടൻ താമരകളാണ് ഗ്രാമീണ കർഷകരിൽ പലരും വളർത്തുന്നതെങ്കിലും ഹൈബ്രിഡ് ഇനങ്ങൾക്കാണ് ശോഭയും വലിപ്പവും കൂടുതൽ. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ആപ്പിൾ, ബുച്ച മുതലായ സ്പീഷീസുകൾ കേരളത്തിൽ നന്നായി വളരുന്ന ഇനങ്ങളാണ്.
നാടൻ വാടില്ല
തൃപ്പൂണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാർ അനന്തകൃഷ്ണൻ വികസിപ്പിച്ചെടുത്ത മിറാക്ക്ൾ, ആമണ്ട് സൺഷൈൻ, ലിറ്റ്ൽ റൈൻ മുതലായവയും പഴയ സസ്യങ്ങളായ ഷിരോമണും പിയോണി വറൈറ്റികൾക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നാടൻ വർഗത്തിൽപെട്ട താമരകൾക്കു വർണവും വലിപ്പവും ഇത്തിരി കുറവാണെങ്കിലും കൂടുതൽ സമയം അവ വാടാതെ നിൽക്കും- ശ്രീരാഗ് നിരീക്ഷിച്ചു. ഭാരതപ്പുഴയുടെ വടക്കൻ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കൽ, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾ. മലപ്പുറം ജില്ലയിലെതന്നെ ഇടപ്പാൾ മേഖലയിലെ നെയ്തല്ലൂർ, കാലടി, കുണ്ടയാർ മുതലായ ഇടങ്ങളിലും ചെറിയ തോതിൽ താമരകൃഷിയുണ്ട്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു താമരയെത്തുന്നുണ്ട്.
കൂടിയാലും കുറഞ്ഞാലും
രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങൾ. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളർച്ചയെ ബാധിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര. നിലംബൊ നൂസിഫെറ ഗയർടിൻ എന്ന വിഭാഗത്തിൽപെട്ടതാണ് ഇന്ത്യയിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ താമരകളുമെന്നാണ് ലക്നോയിൽ പ്രവർത്തിക്കുന്ന നേഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. അതല്ല, കേരളത്തിൽ വളരുന്ന ചിലയിനം പത്മങ്ങൾ നിലംബൊ ലൂട്ടിയ വർഗത്തിലേതാണെന്നു മറ്റൊരു പഠനവുമുണ്ട്. ഏതു വർഗത്തിൽ പെട്ടതായാലും ശരി, ഹൃദ്യമായ ജലപുഷ്പങ്ങളെ അതിലും ഹൃദ്യമായ ഹാരങ്ങളും പൂച്ചെണ്ടുകളുമാക്കി മാറ്റുകയെന്നതു മാത്രമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും പാഷൻ! മഹനീയമായ കർമത്തിനു താമരപ്പൂവിനാൽ ഹൃദ്യമായൊരു കൈയൊപ്പ്.
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു.
പൊതുപ്രവർത്തനത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട കരുത്ത്. ഗാന്ധിയൻ ആദർശങ്ങളുടെ പിൻബലം, അടിയുറച്ച കാർഷിക പാരന്പര്യം, അതിർത്തികളില്ലാത്ത സൗഹൃദവലയം, യുവത്വം ചോരാത്ത കലാഹൃദയം ഇതൊക്കെയാണ് പി.ജെ. ജോസഫ് എന്ന ജനകീയ നേതാവിന്റെ ഈട്. അനുയായികൾക്കും പ്രിയപ്പെട്ടവർക്കും ഇദ്ദേഹം തനി നാട്ടിൻ പുറത്തുകാരനാണ്. ജൂണ്‍ 28നു 84 വയസ് പൂര്‍ത്തിയാക്കി ശതാഭിഷേക നിറവിലെത്തുന്ന പി.ജെ. ജോസഫ് സൺഡേ ദീപികയ്ക്കു നൽകിയ അഭിമുഖം.
രാഷ്ട്രീയക്കാരനാകുമെന്നു കരുതിയിരുന്നോ?
അങ്ങനെയൊരു സ്വപ്നം ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്ന് എംഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലിക്കു ശ്രമിച്ചു. അതിനിടയിലാണ് കേരള കോൺഗ്രസ് സ്ഥാപകനായ കെ.എം. ജോർജ് അപ്രതീക്ഷിതമായി എന്നെ നിയമസഭയിലേക്കു മത്സരിപ്പിക്കണമെന്ന് എന്റെ പിതാവിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി. അങ്ങനെ ഞാനും രാഷ്ട്രീയക്കാരനായി. തൊടുപുഴയും കൂത്താട്ടുകുളം, ഇലഞ്ഞി, വാഴക്കുളം, കല്ലൂര്‍ക്കാട് തുടങ്ങിയ മേഖലകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കു മതസരിച്ചാണ് 1,635 വോട്ടുകള്‍ക്കു വിജയിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധിച്ചത്?
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു. 1978ല്‍ പ്രത്യേക സാഹചര്യത്തില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയാകാനും അവസരം കിട്ടി. അന്നു റൂള്‍ ഓഫ് ലോ നടപ്പാക്കുക എന്നതായിരുന്നു നിലപാട്. അതില്‍ നന്നായി വിജയിച്ചു.
തിരക്കിനിടയിലും കൃഷി വിട്ടില്ലല്ലോ?
കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എനിക്കും കൃഷിക്കും തമ്മിൽ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധമാണുള്ളത്. ഗാന്ധിയന്‍ ആശയങ്ങളോടു ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. അതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കാണ് 1980ല്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചത്. ഗ്രാമസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ഷിക മേളയ്ക്കു തുടക്കം കുറിച്ചു. കോട്ടയത്തായിരുന്നു ആദ്യത്തെ കാര്‍ഷികമേള. അഞ്ചു ദിവസത്തെ മേള വന്‍ വിജയമായിരുന്നു. അന്ന് എംജി സര്‍വകലാശാല വിസി ആയിരുന്ന യു.ആര്. അനന്തമൂര്‍ത്തി മേളയ്ക്ക് എത്തിയപ്പോൾ നൽകിയ ഉപദേശത്തെത്തുടർന്നാണ് ഇതു തൊടുപുഴയിലേക്കു മാറ്റിയത്.
കാര്‍ഷിക മേള വലിയ ശ്രദ്ധ നേടിയതിനു പിന്നിൽ?
കാര്‍ഷിക മേളകള്‍ വലിയ ജനശ്രദ്ധ നേടി. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രഗല്‍ഭരൊക്കെ മേളയിലെത്തിയത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കി. 25 വര്‍ഷം നടത്തിയ കാര്‍ഷിക മേളയിലൂടെ ജൈവകൃഷി, നൂതനകൃഷി സമ്പ്രദായങ്ങള്‍, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കല്‍, ക്ഷീരമേഖലയുടെ വികസനം എന്നിവയ്ക്കെല്ലാം ഉണര്‍വും ഉത്തേജനവും നല്‍കാനായി. കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിയെ കൂടുതൽ ജനകീയമാക്കി. കാര്‍ഷിക മേളയിലെ ആശയമായ ജൈവകൃഷി പ്രോത്സാഹനം കേന്ദ്രസര്‍ക്കാര്‍ പിന്നീടു സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചു.
മുൻ മന്ത്രിയെന്ന നിലയിൽ തിരിഞ്ഞുനോക്കുന്പോൾ?
ഭവനനിര്‍മാണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന 1982-87 കാലയളവില്‍ ഭവനരഹിതര്‍ക്ക് ഒരു ലക്ഷം വീടുകളും 1996ല്‍ മൈത്രി ഭവനനിര്‍മാണ പദ്ധതിയില്‍ നാലു ലക്ഷം വീടുകളും നിര്‍മിച്ചത് വലിയ നേട്ടമായി കരുതുന്നു. കേന്ദ്രസര്‍ക്കാരിനു പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിപ്രകാരമാണ് ഇതിനു പണം കിട്ടിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്രയും വീടുകള്‍ നിര്‍മിച്ചു നൽകിയത്. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആദ്യമായി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നിര്‍മാണത്തിനു തുടക്കം കുറിച്ചു. ഇതിനായി കെഎസ്ടിപി രൂപീകരിച്ചു. ലോകബാങ്ക് സഹായത്തോടെയാണ് ഇത്തരം റോഡുകള്‍ നിര്‍മിച്ചത്. ഗുണനിലവാരമുള്ള റോഡുകളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റത്തിന് ഇതോടെ തുടക്കമായി. ജലവിഭവ മന്ത്രിയായിരിക്കെ പൈപ്പ് പോളിസി നടപ്പാക്കി. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകരുന്നതും പതിവായിരുന്നു. പൈപ്പ് സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്ന മൂലം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് കാരണമെന്നു കണ്ടെത്തി. പരിഹാരമായി ക്വാളിറ്റി കണ്ട്രോള് ഏര്‍പ്പെടുത്തി. സ്കൂളുകളില്‍ പ്ലസ് ടു ആരംഭിക്കാനായത് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വഴിതെളിച്ചു.
നടക്കാതെ പോയ സ്വപ്നം ?
സംസ്ഥാനത്ത് നോര്‍ത്ത്- സൗത്ത് എക്സ്പ്രസ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. 1998ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഈ ആശയം മുന്നോട്ടുവച്ചു രൂപരേഖ തയാറാക്കി. എന്നാല്‍, പാത സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തുമെന്ന വാദത്തെത്തുടര്‍ന്നു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ചെറു നഗരങ്ങളെല്ലാം വികസിച്ചതോടെ കേരളത്തിൽ യാത്ര ദുഷ്കരമാണ്. ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കിലാകുന്നു. നോര്‍ത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേ കേരളത്തിന് അനിവാര്യമാണെന്ന് ഇപ്പോഴും കരുതുന്നു. അതുപോലെ ഹയര്‍ എഡ്യൂക്കേഷന്‍ സംവിധാനം പൊളിച്ചെഴുതണം. ലോക നിലവാരത്തിലേക്ക് എത്തിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയുള്ള കോഴ്സുകള്‍ കൂടുതൽ തുടങ്ങണം.
തൊടുപുഴയുടെ മുഖം മാറ്റിയതിൽ?
ശരിയായ പ്ലാനിംഗ് ഉണ്ടെങ്കില്‍ വികസനം സാധ്യമാണെന്നതിന് ഉദാഹരണമാണ് തൊടുപുഴ. തൊടുപുഴയുടെ വികസനം സംബന്ധിച്ച എന്റെ ആശയങ്ങള്‍ റൈറ്റ്സുമായി പങ്കുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് നിരവധി ബൈപാസ് റോഡുകള്‍ യാഥാര്‍ഥ്യമായത്. മലങ്കരയില്‍ 1,000 ഏക്കര്‍ സ്ഥലമെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമായിട്ടില്ല. നൂറുകണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന തരത്തില്‍ ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം.
രാഷ്ട്രീയ, കൃഷി, സംഗീത സമന്വയം എങ്ങനെ ?
ആധ്യാത്മികരംഗത്ത് ക്രിസ്തുവും പൊതുപ്രവര്‍ത്തനത്തില്‍ ഗാന്ധിജിയുമാണ് റോള്‍ മോഡല്‍. ഏതു കാര്യത്തിന് ഇറങ്ങുന്പോഴും ഇവര്‍ മനസില്‍ തെളിഞ്ഞുനില്ക്കും. ബൈബിള്‍ വായിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തും. ഇതോടൊപ്പം സംഗീതവും ആസ്വദിക്കും. സുജാത എന്ന സിനിമയിലെ എസ്ഡി ബര്മന് എഴുതിയ "ജല്‍ത്തെ ഹെ..... ജിസ്കെലിയെ'''' എന്ന ഗാനമാണ് പ്രിയപ്പെട്ടത്. ഭാര്യ ശാന്തയ്ക്കും ഈ പാട്ട് ഏറെ ഇഷ്ടമായിരുന്നു. ചാനലില്‍ ദിവസവും രാവിലെ സംഗീത പരിപാടി കാണാറുണ്ട്. പഴയഗാനങ്ങളും ഗായകരെ സംബന്ധിച്ച വിലയിരുത്തലുകളും ഇഷ്ടമാണ്. ഇതോടൊപ്പം ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും വിശുദ്ധ കുര്‍ബാന കാണാനും സമയം നീക്കിവയ്ക്കാറുണ്ട്. പതിറ്റാണ്ടുകളായി വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പശുക്കളെ പരിപാലിച്ചുവരുന്നു. കാലിത്തൊഴുത്തിലും കൃഷിയിടത്തിലുമെത്തിയാല് മനസിനു വലിയ സന്തോഷം തോന്നും.
പ്രിയതമയുടെ വേര്‍പാട് ...
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഭാര്യ ഡോ. ശാന്തയുടെ സൗമ്യ സാന്നിധ്യമുണ്ടായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും തീരുമാനങ്ങളില്‍ ഇടപെട്ടിരുന്നില്ല. സാധാരണക്കാരോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്നപ്പോഴെല്ലാം സമയം നോക്കാതെ ആളുകളുടെ ആവശ്യത്തിന് ഓടിയെത്തിയിരുന്നു. മേശപ്പുറത്തു ഫ്രെയിം ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അല്പനേരം മൗനം പാലിച്ച ശേഷം ശാന്തയുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത ഇപ്പോഴും ജീവിതത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജീവിതത്തില്‍ ശത്രുക്കളുണ്ടോ ?
ഏഴേഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന ബൈബിള്‍ വചനമാണ് മനസിലുള്ളത്. മനസ് എപ്പോഴും ശാന്തമായിരിക്കണമെന്നും പുഞ്ചിരിക്കുന്ന മുഖമാണ് വേണ്ടതെന്നും ഡോ. ശാന്ത പറയുമായിരുന്നു. ഇതു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്ത് നല്‍കും. ദിവസത്തില്‍ ഒരു നന്മയെങ്കിലും ചെയ്യാതെ കടന്നുപോകരുതെന്നാണ്ആഗ്രഹം. എങ്കിലേ ജീവിതം അര്‍ഥപൂര്‍ണമാകൂ എന്നാണ് വിശ്വാസം. പിതാവിന്റെ രാഷ്ട്രീയ പാരന്പര്യം പിന്തുടർന്ന് മകൻ അപു ജോൺ ജോസഫ് ഇപ്പോൾ സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. ഡോ. അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോൻ എന്നിവരാണ് മറ്റു മക്കൾ.
ജെയിസ് വാട്ടപ്പിള്ളില്‍
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആവേശംകൂടി ഒത്തുചേരുന്ന അർമാദം- അതായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഓർമകൾ ബാക്കിയാക്കി, പാതി പാടിനിർത്തി ജോയ് പീറ്റർ മടങ്ങിയിട്ട് ഏഴു വർഷം...
വർഷങ്ങൾക്കു മുന്‍പാണ്. തമിഴ് പാട്ടുകൾ എവിടെ കേട്ടാലും എല്ലാംമറന്നു കാതോർത്തിരുന്ന ഒരു ബാലനുണ്ടായിരുന്നു തലശേരിയിൽ. ഒരു തവണ കേട്ടാൽ ഈണം അവന്റെ ഹൃദയത്തിൽ കൂടൊരുക്കും. ക്ലാസ് മുറിയിൽ ബെഞ്ചിൽ താളംകൊട്ടി അവൻ പാടിയപ്പോൾ കൂട്ടുകാർ കൈയടിച്ചു. മെല്ലെ യുവജനോത്സവങ്ങളിലേക്കെത്തി. കൈനിറയെ സമ്മാനങ്ങൾ നേടി. സന്തോഷമെന്നായിരുന്നു അവന്റെ പേരിനർഥം- ജോയ്... ജോയ് പീറ്റർ! എണ്‍പതുകളുടെ തുടക്കത്തിൽ നാട്ടിലെ ചെറുപ്പക്കാർ ചേർന്നുണ്ടാക്കിയ സംഗീതസംഘം നടത്തിയ പരിപാടിയിൽ അവനു പാടാൻ അവസരംകിട്ടി. പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലെ എസ്.പി.ബിയുടെ ഏ ആത്താ എന്ന പാട്ടാണ് അവൻ പാടിത്തകർത്തത്. സ്വന്തം നാട്ടുകാരുടെ പ്രോത്സാഹനത്തേക്കാൾ വലിയ സമ്മാനമെന്ത്. കൂടുതൽ സ്റ്റേജുകളിൽ പാടണമെന്ന ആഗ്രഹം അന്നുദിച്ചതാണ്. കാലം മുന്നോട്ടൊഴുകിയപ്പോൾ സ്റ്റേജിൽ ജോയേട്ടൻ എന്ന ജോയ് പീറ്റർ ഉണ്ടാകണമെന്ന ആഗ്രഹം പാട്ടുപ്രേമികളുടേതായി മാറി!
പഠിക്കാതെ, പഠിച്ച്!
നന്നായി പാടുന്നവരോട് ആളുകൾ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- സംഗീതം പഠിച്ചിട്ടുണ്ടോ? അന്നത്തെക്കാലത്ത് ജോയ് പീറ്ററിനെപ്പോലൊരാൾക്കു ശാസ്ത്രീയസംഗീതം പഠിക്കാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. വീട്ടിലെ സാന്പത്തിക സ്ഥിതി അതിനനുവദിക്കുകയും ചെയ്തില്ല. അതുകൊണ്ടുതന്നെ ജോയ് പഠിച്ചത് കാസറ്റുകൾ കേട്ടാണ്. തമിഴും ഹിന്ദിയുമടക്കം ഒരുതവണ കേട്ടാൽമതി. വരികൾ എഴുതിയെടുക്കുക, ഒരു റിഹേഴ്സൽ, പിന്നെ പാടുക- അതായിരുന്നു രീതി. എല്ലാവരും ഇഷ്ടപ്പെടുന്ന ഫാസ്റ്റ് നന്പറുകളായിരുന്നു ജോയിയുടെ സ്പെഷൽ. പാടുന്പോൾ സ്റ്റേജിൽ ഒരു നിമിഷംപോലും വെറുതെ നിൽക്കില്ല. സ്വാഭാവികമായി പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കും. പാട്ടുപ്രേമികൾ അതേറ്റെടുത്തു. കാണികൾ ഒന്നടങ്കം ഡാൻസ് ചെയ്യുന്ന ഗാനമേളവേദികൾ മലബാറിൽ പതിവായി. ഗാനമേളയുടെ പോസ്റ്ററുകളിൽ പ്രിയപ്പെട്ട ജോയേട്ടന്റെ പടമുണ്ടെങ്കിൽ ജീപ്പുപിടിച്ചും കാണികൾ വന്നുതുടങ്ങി. ഗാനമേളയുണ്ടെങ്കിൽ അവരുടെ ആദ്യത്തെ അന്വേഷണം ജോയേട്ടൻ പാടുന്നില്ലേ എന്നായി. ജോയ് അവരിലേക്ക് ആഹ്ലാദവും ആവേശവും പകർന്നു. കണ്ണൂർ ജില്ലയിലെ അന്നത്തെ ഒട്ടുമിക്ക ട്രൂപ്പുകളിലും ജോയ് പീറ്റർ പാടിയിരുന്നു. ഓർക്കസ്ട്രയ്ക്കു പേരുകേട്ട തലശേരി മെലഡി മേക്കേഴ്സിൽ സ്ഥിരം ഗായകനായി പത്തുവർഷത്തിലേറെക്കാലം. ഇളയരാജ മുതൽ എ.ആർ. റഹ്്മാൻ വരെയുള്ളവരുടെ അടിപൊളി പാട്ടുകൾ. കൈനിറയെ പ്രോഗ്രാമുകൾ വന്നു. എസ്.പി.ബിയും ശങ്കർ മഹാദേവനുമടക്കം പ്രമുഖ ഗായകർക്കൊപ്പം വിദേശ പരിപാടികളിലും പാടാൻ അവസരമെത്തി. ഒരോ പരിപാടികളും കേൾവിക്കാർ ആഘോഷമാക്കി.
ആ സുന്ദര യുഗ്മഗാനം
മെലഡി മേക്കേഴ്സിനു വേണ്ടി പാടാൻ ഗായികയെ തേടിയാണ് ജോയ് പീറ്റർ ഉറ്റ സുഹൃത്തും ട്രൂപ്പിന്റെ കീബോർഡിസ്റ്റുമായ ഡൊമിനിക് മാർട്ടിനൊപ്പം വയനാട്ടിലെത്തിയത്. വർഷം 1989. അന്നു കണ്ടെത്തി ഒപ്പം പാടിത്തുടങ്ങിയ റാണിയെന്ന ഗായിക പിന്നീട് ജോയിയുടെ ജീവിതത്തിലെയും റാണിയായി. 1993 മാർച്ച് 15നായിരുന്നു വിവാഹം. തുടർന്ന് ഒട്ടേറെ വേദികളിൽ വിവിധ ട്രൂപ്പുകൾക്കു വേണ്ടി ജോയ് പീറ്ററും റാണിയും ഒരുമിച്ചു പാടി. ജീവിതം സുന്ദരമായ യുഗ്മഗാനമായി. സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ ജോയ് പീറ്റർ കൊണ്ടുവന്ന ട്രെൻഡ് വർഷങ്ങളോളം തുടർന്നു. മെലഡി മേക്കേഴ്സിലെ കലാകാരന്മാർ വർഷങ്ങൾക്കു ശേഷം പലവഴിക്കു പിരിഞ്ഞതോടെ ജോയ് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി- ജോയ് പീറ്റേഴ്സ് ഓർക്കസ്ട്ര. തുടർന്ന് സംഗമം എന്നു പേരുമാറ്റി. പ്രോഗ്രാമുകളില്ലാത്ത സമയത്ത് മറ്റു ജോലികൾ ചെയ്യാനും ജോയ് മടിച്ചില്ല. താരമാകുന്നതിനു മുന്‍പും ചെയ്തിരുന്ന കെട്ടിടനിർമാണത്തൊഴിൽ അഭിമാനത്തോടെ തുടർന്നു- മേസ്തിരിയായും പണിക്കാരനായും. കഠിനാധ്വാനംചെയ്ത് സ്വന്തം വീടുണ്ടാക്കി. പാട്ടുകൾ തുടർന്നു. അവിചാരിതമായാണ് ജോയിയുടെ ജീവിതഗാനത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയത്. മുന്‍പ് വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന മദ്യത്തിന് അദ്ദേഹം ക്രമേണ അടിമയായി. ലഹരി അഡിക്ഷൻ ഒരു കുറ്റമല്ല, രോഗമാണെന്നു റാണി പോലും തിരിച്ചറിഞ്ഞത് പിന്നീടാണ്. 2018 മേയിൽ ജോയ് പീറ്റർ ജീവിതത്തിൽനിന്നു സ്വയം പിൻവാങ്ങി. അന്പത്തിരണ്ടാം വയസിലായിരുന്നു ആ മടങ്ങിപ്പോക്ക്- അർഹിച്ച വലിയ അവസരങ്ങളും അംഗീകാരങ്ങളും കൈയെത്തുംമുന്പ്... തലശേരി കോടിയേരി ഈങ്ങയിൽപീടികയിലെ അനുഗ്രഹ് എന്ന വീട്ടിൽ റാണിയും രണ്ടു മക്കളും ജോയിയുടെ ഓർമകളും മാത്രമായി. സുഹൃത്തുക്കളായ കലാകാരന്മാരുടെ നിറഞ്ഞ പിന്തുണകൊണ്ടാണ് സംഗീതരംഗത്തേക്കു തിരിച്ചുവരാനായതെന്നു റാണി ജോയ് പീറ്റർ പറയുന്നു. സ്റ്റേജ് പ്രോഗ്രാമുകൾ ഒഴിഞ്ഞുപോയ, പ്രളയവും കോവിഡും അടക്കമുള്ള ദുരിതകാലം കടന്ന് റാണി ഇപ്പോൾ പാട്ടുകളുടെ ലോകത്ത് സജീവമാണ്. മൂത്തമകൻ ജിതിൻ ജോയ് കാനഡയിൽ പഠന ശേഷം ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെയാൾ റിതിൻ ജോയ്. ഇരുവരും പാടാൻ മിടുക്കർ. സംഗീതവേദികളിൽ ഇപ്പോഴും മിക്കയാളുകളും ജോയ് പീറ്ററെന്ന അത്ഭുതഗായകനെ ഓർമിക്കും. മെലഡി മേക്കേഴ്സിന്റെ സുവർണകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിടും. ജോയേട്ടനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആരാധകരും നിരവധി. സ്റ്റേജിൽ തമിഴ് ഫാസ്റ്റ് നന്പറുകൾ സഹഗായകർ പാടുന്നതു കേൾക്കുന്പോൾ റാണിയുടെ കണ്ണുകൾ നിറയും...
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala
2
കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ
National
3
മുഖ്യമന്ത്രി ബഹ്റിനിൽ; പ്രവാസി മലയാളി സംഗമം ഇന്ന്
International
4
ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
Business
5
ഇന്ത്യ x ഓസ്ട്രേലിയ ഒന്നാം ഏകദിനം ഞായറാഴ്ച രാവിലെ 9.00ന്
Sports
ADVERTISEMENT
LATEST NEWS
ചേലക്കരയിലെ മോഷണത്തിന് പിന്നാലെ നാടുവിട്ടു; തമിഴ്നാട്ടിൽ നിന്ന് പ്രതികളെ പിടികൂടി പോലീസ്
കുന്നംകുളത്ത് ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം
അനധികൃത സ്വത്ത് സന്പാദനം; പി.എസ്. പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി
കൊല്ലത്ത് മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പണിയില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ ഭീഷണി
ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും; മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD