വീട്ടിലിരിക്കാതെ വഴിയിലിറങ്ങിയവർക്ക് പോലീസിന്റെ റോസപ്പൂ
Sunday, March 22, 2020 12:30 PM IST
കൊറോണ വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയവർക്ക് റോസപ്പൂ. ഡൽഹിയിലെ പോലീസാണ് വേറിട്ട രീതിയിൽ ജനങ്ങളെ പുറത്തിറങ്ങുന്നതിൽനിന്ന് വിലക്കുന്നത്.
ജനതാ കർഫ്യൂവിന്റെ ഭാഗമായി ഡൽഹിയിലെ നിരത്തുകളെല്ലാം ശൂന്യമാണെങ്കിലും ഒറ്റതിരിഞ്ഞ് ചിലവാഹനങ്ങൾ നിരത്തിലിറങ്ങി. ഇത്തരം ആളുകളെയാണ് പോലീസ് അത്യാവശ്യ കാര്യങ്ങൾക്കല്ലെങ്കിൽ വീടുകളിലേക്ക് മടക്കിയയച്ചത്. കൊറോണ പ്രതിരോധത്തിന്റെ പ്രാധാന്യം പറഞ്ഞു നൽകിയാണ് നിരത്തിലിറങ്ങിയവർക്ക് റോസപ്പൂ നൽകിയത്.
ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതു വരെയാണ് കർഫ്യൂ. ജനം കഴിയുന്നത്ര വീട്ടിൽതന്നെ കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിന് എല്ലാ മേഖലയിൽനിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ബസ്, ടാക്സി, മെട്രോ തുടങ്ങി പൊതുഗതാഗത സംവിധാനം നിശ്ചലമാണ്.