ടെലിവിഷൻ, വിവരസാങ്കേതികവിദ്യ, എന്നിവ നിത്യ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരേയും, കായികരംഗത്ത് എൻജിനിയറിംഗിന്റെ ഉപയോഗം കളിക്കളങ്ങളുടെ നിർമാണം, കളിയുപകരണങ്ങളുടെ നിർമാണം എന്നിവയിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ ടെലിവിഷനും, വിവരസാങ്കേതികവിദ്യയും കായിക വിനോദങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും അത് സ്പോർട്സ് എൻജിനിയറിംഗ് എന്ന പുത്തൻ ശാഖയുടെ ആരംഭത്തിന് നിമിത്തമാവുകയും ചെയ്തു. കളിയുപകരണങ്ങളുടേയും, കളിക്കളങ്ങളുടേയും രൂപകൽപന, വികാസം, പരിശോധന എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എൻജിനിയറിംഗ് പഠനശാഖയാണ് സ്പോർട്സ് എൻജിനിയറിംഗ്.
* മെറ്റീരിയൽസ് എൻജിനിയർ
വിവിധ മൂലകങ്ങളുടെ പ്രവർത്തനം വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ എങ്ങിനെയാണെന്ന് പഠിക്കുന്നവരാണ് മെറ്റീരിയൽസ് എൻജിനിയർമാർ. ഇവരുടെ ഈ അറിവ് കളിയുപകരണങ്ങളുടേയും, കളിക്കളങ്ങളുടേയും നിർമാണത്തിനുപയോഗിക്കുന്ന പുത്തൻ വസ്തുക്കളെക്കുറിച്ച് തീരുമാനിക്കാൻ സഹായിക്കുന്നു.
* മാനുഫാക്ചറിംഗ് എൻജിനിയർ
ത്രീഡി മോഡലിംഗ്, കംപ്യൂട്ടർ എയ്ഡെഡ് ഡിസൈൻ എന്നീ സാങ്കേതങ്ങളുപയോഗിച്ച് മികച്ച കളിയുപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിനും, നിർമിക്കുന്നതിനാവശ്യമായ ഏറ്റവും മികച്ച സാങ്കേതങ്ങൾ സൃഷ്ടിക്കുകയാണ് മാനുഫാക്ചറിംഗ് എൻജിനിയർമാർ ചെയ്യുന്നത്.
* മോട്ടോർ സ്പോർട്സ് എൻജിനിയർ
വിവിധ തരത്തിലുള്ള മോട്ടോർ ബൈക്കുകളും, കാർ റേസിംഗുകൾക്കുപയോഗിക്കുന്ന വിവിധ കാറുകളും രൂപകൽപന ചെയ്യുക, വികസിപ്പിക്കുക, പരിപാലിക്കുക എന്നിവയാണ് മോട്ടോർ സ്പോർട്സ് എൻജിനിയർമാരുടെ പ്രധാന ദൗത്യം.
* അത്ലറ്റിക് എക്യുപ്മെന്റ് മാനേജർ
ഒരു ടീമിന്റെയോ, കളിക്കാരന്റെയോ, കളിയുപകരണങ്ങളുടെ പരിപാലനമാണ് അത്ലറ്റിക് എക്യുപ്മെന്റ് മാനേജർമാരുടെ ജോലി. കളിക്കാരുടെ വസ്തുക്കൾ, കളിയുപകരണങ്ങൾ, പരിശീലനത്തിനുപയോഗിക്കുന്ന വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ പരിപാലിക്കുക, പുതിയവ ഓർഡർ ചെയ്യുക എന്നിവ ചെയ്യുന്നത് അത്ലറ്റിക് എക്യുപ്മെന്റ് മാനേജർമാരാണ്.
* ക്യുറേറ്റർ
മത്സരങ്ങൾക്കനുയോജ്യമായ വിവിധ തരത്തിലുള്ള കളിക്കളങ്ങൾ നിർമിക്കുന്നതും, പരിപാലിക്കുന്നതും ക്യുറേറ്റർമാരാണ്. ക്രിക്കറ്റ് പിച്ച് നിർമിക്കുന്ന ക്യൂറേറ്റർമാർ നമുക്ക് പരിചിതരാണ് എല്ലാ കളിക്കളങ്ങളിലും ഇത്തരത്തിലുള്ള വിദഗ്ധർ ഉണ്ടാവും. ഇവരാണ് കളിക്കളങ്ങൾ മത്സരത്തിനും, പരിശീലനത്തിനുമെല്ലാം അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നത്.
* ബ്രോഡ്കാസ്റ്റിംഗ് എൻജിനിയർ
വിവിധ കായിക മത്സരങ്ങളുടെ തത്സമയമോ, അല്ലാതെയോ ഉള്ള ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിനാവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ബ്രോഡ്കാസ്റ്റിംഗ് എൻജിനിയർമാരാണ്. കാമറാ, ശബ്ദമിശ്രണം, പരസ്യ സംപ്രേക്ഷണം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കുക എന്ന ജോലിയാണ് ഈ വിദഗ്ധർ ചെയ്യുന്നത്.
ഇതു കൂടാതെ കളിക്കളങ്ങളൊരുക്കുന്നതിനുള്ള ഉപകരണങ്ങൾ, സ്പോർട്സ് അപ്പാരൽസ്, ഫിറ്റ്നസ് ഉപകരണങ്ങൾ, സ്പോർട്സ് ലൈറ്റിംഗ്, സ്പോർട്സ് അക്കൗസ്റ്റിക്സ്, സ്പോർട്സ് ഫ്ളോറിംഗ്, സ്പോർട്സ് ടെക്നോളജി, കളിക്കോപ്പുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സ്പോർട്സ് എൻജിനിയർമാർ പ്രവർത്തിക്കുന്നു.
തയാറാക്കിയത്: ബി.ടി.സിജിൻ