പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) വൈകാതെ അപേക്ഷ ക്ഷണിക്കും. ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. ഡിസംബർ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ. പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബിരുദധാരികൾക്കാണ് അവസരം.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുക. മൊത്തം ഏഴായിര ത്തിലധികം ഒഴിവുകളാണ് കണ ക്കാക്കുന്നത്.
തെരഞ്ഞെടുപ്പ്: ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ക്ലാർക്ക് തസ്തികയിലെ നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പ്രായം: 20-28 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം. ടോട്ടൽ വെയിറ്റേജ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിനു ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
പട്ടികവിഭാഗം, വിമുക്തഭടൻമാർ, ന്യൂനപക്ഷവിഭാഗം, വികലാംഗർ എന്നിവർക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നതാണ്.
അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 100 രൂപ മതി. ഓണ്‍ലൈനായി ഫീസടയ്ക്കുന്പോൾ അതിനുള്ള നിർദേശങ്ങൾ സ്ക്രീനിൽ ലഭിക്കും. ട്രാൻസാക്ഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇ-രസീതിന്റെ പ്രിന്റെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ibps.in