Charity
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
Tuesday, May 2, 2017 2:36 AM IST
ദീപിക ഡോട്ട് കോം വായനക്കാരായ സുമനസുകളുടെ സ്നേഹത്തിനും സഹായത്തിനും ഒരായിരം നന്ദി അർപ്പിക്കുകയാണ് സുരേഷ്. വൃക്കരോഗം തളർത്തിയ അകലക്കുന്നം പടന്നമാക്കിൽ പി.എസ്.സുരേഷും കുടുംബവും ദീപിക ഡോട്ട് കോം വഴി വായനക്കാരോട് സഹായം അഭ്യർഥിച്ചിരുന്നു. സുരേഷിന്‍റെ അവസ്ഥയറിഞ്ഞ് നിരവധി പേർ ചെറുതും വലുതുമായ സഹായങ്ങൾ നൽകാൻ തയാറായി.

10 മാസം മുൻപാണ് സുരേഷിനെ വൃക്കരോഗം തളർത്തിയത്. ഭാര്യയും നാല് വയസുകാരിയായ മകളും പ്രായമായ അമ്മയും ഉൾപ്പെട്ട കൊച്ചുകുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സുരേഷ്. അപ്രതീക്ഷിതമായി രോഗം തളർത്തിയതോടെ കുടുംബം ഇരുട്ടിലായി. ചികിത്സയ്ക്കായി മാത്രം പ്രതിമാസം ആറായിരത്തോളം രൂപ സുരേഷിന് ആവശ്യമായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ മാസത്തിൽ രണ്ടു ഡയാലിസിസ് വേണമെന്ന സ്ഥിതിയായി. ഇതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടാൻ സുരേഷും കുടുംബവും നിർബന്ധിതരായത്. ദീപിക ഡോട്ട് കോം വഴി രോഗാവസ്ഥയറിഞ്ഞ് വായനക്കാർ നൽകിയ സഹായം സുരേഷിനും കുടുംബത്തിനും കൈമാറി.

കോട്ടയത്ത് ദീപിക കോർപറേറ്റ് ഓഫീസിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം 34,959 രൂപയുടെ ചെക്ക് സുരേഷിനു കൈമാറി. ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസിസ് ജോസഫ്, ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.