Charity
സാജനും കുടുംബത്തിനും വായനക്കാരുടെ സ്നേഹസമ്മാനം
സാജനും കുടുംബത്തിനും വായനക്കാരുടെ സ്നേഹസമ്മാനം
Thursday, June 14, 2018 7:06 PM IST
ഭാര്യയും പറക്കമുറ്റാത്ത രണ്ടു മക്കളും അപൂർവ രോഗത്തിന്‍റെ പിടിയിലായതോടെ തളർന്നുപോയ സാജൻ ചാക്കോയെ സഹായഹസ്തം നൽകി ദീപിക ഡോട്ട്കോം വായനക്കാർ താങ്ങിനിർത്തി. സാജന്‍റെയും കുടുംബത്തിന്‍റെയും ദുരവസ്ഥ വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് ചൊരിഞ്ഞത്. വായനക്കാർ നൽകിയ സമ്മാനമായ 4,20,600 രൂപ ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ സാജന് കൈമാറി. ദീപിക ഫ്രണ്ട്സ് ക്ലബ് ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിലും ചടങ്ങിൽ സന്നിഹിതനായി.

ന്യൂറോ ഡി ജനറേറ്റീവ് ഡിസീസ് എന്ന ചികിത്സയില്ലാത്ത രോഗത്തിന്‍റെ പിടിയിൽ ഭാര്യ ജാൻസിയും മക്കളായ അലൻ (13), സെമിൽ (11) എന്നിവരും വീണതോടെയാണ് സാജൻ തളർന്നുപോയത്. കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ 28ാം മൈൽ സ്വദേശിയാണ് മുതുകാട്ടിൻപുറത്ത് വീട്ടിൽ സാജൻ.

മൂന്നാം വയസിൽ മൂത്തമകൻ സെമിലിനാണ് ആദ്യം രോഗബാധയുണ്ടാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം അലനും ഇതേരോഗത്തിന്‍റെ പിടിയിലായി. രോഗം കണ്ടുപിടിക്കുന്നതിന് മുൻപ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ നിരവധി സ്ഥലങ്ങളിൽ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു.

സാജനും ജാൻസിയും മക്കളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഭർത്താവിന് താങ്ങും തണലുമായിരുന്ന ജാൻസിയും ഇതേ രോഗത്തിന്‍റെ പിടിയിലായത്. ഇതോടെ ഓടിത്തളർന്ന സാജൻ എന്തു ചെയ്യണമെന്ന് അറിയാതെ വിധിയുടെ മുന്നിൽ പകച്ചുപോയി.

മൂന്ന് പേർക്കും കൂടി മരുന്നിനും മറ്റാവശ്യങ്ങൾക്കുമായി പണം ഒരുപാട് കണ്ടെത്തേണ്ടി വന്നതോടെ കൂലിപ്പണിക്കാരനായ സാജൻ നിസഹായതയിലായി. സർക്കാർ വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കുഞ്ഞുമക്കളും ഭാര്യയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ സാജൻ ദീപിക വായനക്കാരോട് സഹായം അഭ്യർഥിച്ചത്.

തങ്ങളുടെ ദുരവസ്ഥയറിഞ്ഞ് വായനക്കാർ നൽകിയ അകമഴിഞ്ഞ സഹായത്തിന് സാജനും കുടുംബവും നിറഞ്ഞ നന്ദി രേഖപ്പെടുത്തി.