വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി
Tuesday, October 15, 2024 10:33 AM IST
തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചുവന്ന കൊന്പയ്യ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് തുടക്കമായി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകൻ. ശ്രീ വന്ദ് ക്രിയേഷൻസാണ് ഈ ചിത്രം നിർമിക്കുന്നത്.
ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഞായറാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ചുനടന്നു. സംവിധായകൻ കൊമ്പയ്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
തുടർന്ന് നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺകർമ്മവും നിർവഹിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനും, നായിക അഷികാ അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിച്ചു. സമ്പന്നനായ ഒരു യുവാവിന്റെ ജീവിതവും, വെറും സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതവുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സമ്പന്നനെ വിഷ്ണു ഉണ്ണി കൃഷ്ണനും സാധാരണക്കാരനായ യുവാവിനെ പുതുമുഖം ശിവാനന്ദും അവതരിപ്പിക്കുന്നു. പാഷാണം ഷാജിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റഭിനേതാക്കളുടെ നിർണയം പൂർത്തിയായി വരുന്നു. തിരക്കഥ - കൊമ്പയ്യ. സംഭാഷണം - ശ്യാം. പി.വി.
ഛായാഗ്രഹണം -ഷെന്റോ വി. ആന്റോ, പ്രൊഡക്ഷൻ കൺട്രോളർ -ശശികുമാർ ഒറ്റപ്പാലം, നവംബർ ആദ്യവാരത്തിൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.