ആടലോടകം സുഖപ്പെടുത്തുന്നു, കൃഷിയേയും മനുഷ്യനേയും
ആടലോടകം സുഖപ്പെടുത്തുന്നു, കൃഷിയേയും മനുഷ്യനേയും
Friday, July 26, 2019 4:47 PM IST
ഭാരതത്തിലെ ഔഷധ പാരമ്പര്യത്തില്‍ മുഖ്യകണ്ണിയാണ് ആടലോടകം. ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈര്‍പ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളര്‍ത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയില്‍ അഗ്രഗണ്യന്‍ ഇവയില്‍ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിര്‍പ്പിക്കാം. ഇവയുടെ തളിരിലകളില്‍ രോമങ്ങളുണ്ട്. ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങള്‍ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലര്‍ന്ന പച്ചനിറമാണ്. കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നതും വേരില്‍ ധാരാളം ഗ്രന്ഥികളുള്ളതുമായ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍.

മലബാര്‍ നട്ട് എന്ന് ഇംഗ്ലീഷ് നാമമുള്ള ഈ അനുഗ്രഹീത സസ്യത്തിന് സംസ്‌കൃതത്തില്‍ വാസകഃ, വാസഃ, വാജീദന്ത, ആഢരൂക്ഷം, വിഷ്ണു, സിംഹാസ്യം, വംശംഃ എന്നിങ്ങനെ പേരുകള്‍ പലതുണ്ട്. ആക്കാന്‍തേ സിയേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കുറ്റിച്ചെടിയുടെ ശാസ്ത്രീയനാമം 'അഡതോടെ വിസിക്കനീസ്' എന്നാണ്.

ആയുര്‍വേദത്തില്‍ ഇതിന്റെ വേര്, ഇല, പൂവ്, കായ്, എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ഇതിന് തിക്തരസവും ശീതവീര്യവും ലഘുഗുണവും രൂക്ഷവുമാണ്. അലോപ്പതിയില്‍ കഫനിവാരണത്തിനുള്ള ഔഷധ നിര്‍മാണത്തിനും ആടലോടകം ഉപയോഗിക്കുന്നു. അതുപോലെ ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, രക്തപിത്തം, ചുമ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദനമാറ്റാനും ആടലോടകം ഉപയോഗിക്കുന്നു.

ഇതിന്റെ രാസഘടകങ്ങള്‍

ഇതിന്റെ ഇല, വിത്ത്, വേര്, പൂവ്, എന്നിവയിലുള്ള സുഗന്ധതൈലത്തിന് ബാഷ്പീകരണശേഷിയുണ്ട്. ഇതിന്റെ ഇലകളിലും വേരിലും അടങ്ങിയിട്ടുള്ള വാസീസൈന്‍ എന്ന ആല്‍ക്കലോയിഡ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.


ഔഷധപ്രയോഗങ്ങള്‍ (നാട്ടറിവ്)

1. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേന്‍ചേര്‍ത്ത് ഉപയോഗിച്ചാല്‍ രക്തപിത്തവും ചുമയും മാറും.

2. ഇലച്ചാറില്‍ ആട്ടിന്‍പാല്‍ ചേര്‍ത്ത് കാച്ചി കുടിച്ചാല്‍ ശ്വാസം മുട്ടല്‍, ചുമ എന്നിവ മാറും.

3. ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.

4. ആടലോടകത്തിന്റെ വേരു ചതച്ച് പാലില്‍ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛര്‍ദ്ദിച്ചുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയുടെ ശമനത്തിനു നന്ന്.

5. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേര്‍ത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.

6. അമിത ആര്‍ത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശര്‍ക്കരയുമായി ചേര്‍ത്ത് സേവിക്കുന്നത് ഉത്തമം.

7. നാഭിക്ക് കീഴില്‍ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാന്‍ സഹായിക്കും.

8. ആയുര്‍വേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേര്‍ക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാല്‍

ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്.

സുഗന്ധം നല്‍കുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണില്‍ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളില്‍ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.

പ്രഫ. കെ. നസീമ
ഫോണ്‍: 9633552460.