നെല്ലിന് വളപ്രയോഗവും സസ്യസംരക്ഷണവും
നെല്ലിന് വളപ്രയോഗവും സസ്യസംരക്ഷണവും
Wednesday, August 5, 2020 4:40 PM IST
നെല്ല്

മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളില്‍ ഈ മാസം അവസാനത്തോടെ രണ്ടാം മേല്‍വളം നല്‍കുക. കഴിഞ്ഞ മാസം നട്ട പാടങ്ങളില്‍ ചിനപ്പു പൊട്ടുന്ന അവസരത്തില്‍ ആദ്യ മേല്‍വളപ്രയോഗം. വളത്തിന്റെ അളവ് പട്ടികയില്‍ നല്‍കിയിട്ടുണ്ട്. വളം നല്‍കുന്നതിന് ഒരു ദിവസം മുമ്പ് പാടത്തു നിന്നു വെള്ളം വാര്‍ത്തു കളയണം. വളം വിതറിയ ശേഷം കുറഞ്ഞത് 12 മണിക്കൂര്‍ കഴിഞ്ഞു പാടത്ത് വെള്ളം കയറ്റാം. വെള്ളക്കെട്ടുള്ള പാടങ്ങളില്‍ യൂറിയ ലായനിയാക്കി ഇലകളില്‍ തളിച്ചുകൊടുക്കാം. ഇതിനായി 10 ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം പുതിയ യൂറിയ കൊണ്ട് തയാറാക്കിയ ലായനി തളിക്കണം. അതുപോലെ പോളരോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളില്‍ ആകെ നിര്‍ദേശിച്ചിട്ടുള്ളതിന്റെ പകുതി കൂടി പൊട്ടാഷ് ചേര്‍ത്തു കൊടുക്കണം. വളപ്രയോഗത്തിനു മുമ്പ് കളയെടുപ്പു നടത്തിയിരിക്കണം.

കീടരോഗങ്ങള്‍ക്കെതിരേ സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കണം. നട്ട പാടങ്ങളില്‍ പ്രത്യേകിച്ച് വൈകി നട്ട പാടങ്ങളില്‍ ഗാളീച്ചയുടെ ഉപദ്രവം കാണാം. ഞാറ്റടി മുതല്‍ കതിര്‍വരെയുള്ള ഏതു പ്രായത്തിലും ആക്രമണമുണ്ടാകാം. ഞാറിന്റെ പ്രായത്തില്‍ കീടബാധയുണ്ടായാല്‍ ചെടിയുടെ ചുവടുഭാഗം വീര്‍ത്തിരിക്കുന്നതായും കൂടുതല്‍ ചിനപ്പു പൊട്ടുന്നതായും കാണാം. അതു കഴിഞ്ഞാല്‍ നാമ്പിലയ്ക്കു പകരം വെള്ളക്കൂമ്പ് അല്ലെങ്കില്‍ തിരിയുടെ ആകൃതിയില്‍ പൊള്ളയായ കുഴലുകള്‍ കാണും. വയലില്‍ വിളക്കുകെണി സ്ഥാപിക്കുന്നത് ഗാളീച്ചയെ ഒരുപരിധിവരെ ആകര്‍ഷിച്ച് നശിപ്പിക്കും. ഓലചുരുട്ടി, തണ്ടുതുരപ്പന്‍, ശലഭങ്ങള്‍, മുഞ്ഞ, ചാഴി എന്നിവയേയും ഇവ ആകര്‍ഷിച്ചു നശിപ്പിക്കും. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നെങ്കില്‍ വെള്ളം വാര്‍ത്തു കളയണം. വെള്ളം കയറ്റുന്ന തൂമ്പില്‍ അറക്കപ്പൊടിയില്‍ മണ്ണെണ്ണചേര്‍ത്ത് വയ്ക്കുന്നതും ഇതിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരേ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒന്നോ രണ്ടോ ആഴ്ച ഇടവേളയില്‍ ഏക്കറൊന്നിന് രണ്ടു സിസി എന്ന തോതില്‍ കാര്‍ഡു വയ്ക്കുക.

ചിനപ്പു പൊട്ടുന്നതു മുതല്‍ അടിക്കണ പരുവം വരെ പോളരോഗത്തിനും സാധ്യതയുണ്ട്. ഇതിനെതിരേ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.

പൊക്കാളിപ്പാടങ്ങളില്‍ രണ്ടാം വാരത്തോടെ പറിച്ചു നടീല്‍ നടത്തണം. പറിച്ചു നടുന്നതിനു മുമ്പായി ഏക്കറിന് 200 കി.ഗ്രാം കുമ്മായം ചേര്‍ക്കണം. വിതകഴിഞ്ഞ കുട്ടനാടന്‍ പാടങ്ങളില്‍ നെല്ലിന് 14-22 ദിവസം പ്രായമാകുന്നതുവരെ കളനിയന്ത്രണം നിര്‍ബന്ധം. കളനാശിനി പ്രയോഗിക്കുന്ന പാടങ്ങളില്‍ കളയുടെ ഇനമനുസരിച്ച് വിദഗ്ധരുടെ ശിപാര്‍ശയോടെ മാത്രമേ കള നശീകരണം നടത്താവൂ. ജൂണ്‍ അവസാനം വിതകഴിഞ്ഞ പാടങ്ങളില്‍ 10-15 ദിവസത്തിനുശേഷം അടിവളവും ജൂണ്‍ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളില്‍ 30-35 ദിവസത്തിനുശേഷം മേല്‍വളവും പ്രയോഗിക്കണം.

തെങ്ങ്

കഴിഞ്ഞ മാസം വളം ചേര്‍ത്തില്ലെങ്കില്‍ ഈ മാസം വളപ്രയോഗം നടത്തണം. മഴയെ ആശ്രയിച്ച് ശരാശരി നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളില്‍ യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളില്‍ ഇവ യഥാക്രമം 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാമും നല്‍കണം. കൂമ്പുചീയല്‍, ചെന്നീരൊലിപ്പ് രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം. കൂമ്പുചീയല്‍ രോഗം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മഴക്കാലാരംഭത്തില്‍ തന്നെ അന്തര്‍വ്യാപനശേഷിയുള്ള പൊട്ടാസ്യം ഫോസ്ഫണേറ്റ് (അക്കോമിന്‍-40) എന്ന കുമിള്‍നാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കില്‍ ഈ രോഗത്തെ വളരെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിനായി തെങ്ങൊന്നിന് 1.5 മില്ലിലിറ്റര്‍ അക്കോമിന്‍, 300 മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നാമ്പോലയുടെ തൊട്ടടുത്ത ഓലക്കവിളുകളില്‍ മഴയില്ലാത്ത ദിവസങ്ങളില്‍ ഒഴിക്കണം. മേയ്, ജൂണ്‍ മാസത്തില്‍ ആരംഭിച്ച് നവംബര്‍ മാസം വരെ രണ്ടു മാസത്തിലൊരിക്കല്‍ ഈ മരുന്നു പ്രയോഗം നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി 04994 232893 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. കൂമ്പുചീയല്‍ രോഗം വന്നു കഴിഞ്ഞാല്‍ കേടു വന്ന ഭാഗം ചെത്തി മാറ്റി ബോര്‍ഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴ കൊള്ളാതെ സംരക്ഷിക്കണം. ചെന്നീരൊലിപ്പുള്ള തെങ്ങുകളില്‍ തടിയില്‍ നിന്നും ചെറുതായി കടുത്ത തവിട്ടു നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതായി കാണാം. ഇങ്ങനെ കാണുന്ന തെങ്ങുകളില്‍ കറ ഒലിക്കുന്ന ഭാഗം മൂര്‍ച്ചയുള്ള ഉളിയോ കത്തിയോ കൊണ്ട് ചെത്തി മാറ്റിയശേഷം ബോര്‍ഡോ കുഴമ്പോ, അഞ്ചു മില്ലിലിറ്റര്‍ കാലിക്‌സിന്‍ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ തേയ്ക്കുക. രണ്ടുദിവസത്തിനുശേഷം കോള്‍ ടാര്‍ പുരട്ടുക.


കുരുമുളക്

വേരുപിടിപ്പിച്ച കുരുമുളക് വള്ളികള്‍ നടുന്നതു തുടരാം. കഴിഞ്ഞ മാസം നട്ടു വളര്‍ന്നുവരുന്ന വള്ളികള്‍ താങ്ങുകാലിനോടു ചേര്‍ത്തു കെട്ടുകയും പടര്‍ത്തുകയും വേണം. കുരുമുളകു തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. നിലവിലുള്ള കൊടികള്‍ക്ക് രാസവളപ്രയോഗം തുടരാം. പൊള്ളുവണ്ടിനെതിരേ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിക്കണം. അതുപോലെ പൊള്ളു രോഗത്തിനെതിരേ ഒരുശതമാനം ബോര്‍ഡോ മിശ്രിതമോ രണ്ടുശതമാനം സ്യൂഡോമോണസോ തളിക്കുക. തണല്‍ ക്രമീകരണവും നടത്തണം. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിനുള്ള സസ്യസംരക്ഷണമുറകള്‍ തുടരാം. മഴയില്ലാത്തപ്പോള്‍ ഒരു ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചു കൊടുക്കണം. ഗുരുതരമായ രോഗബാധയുള്ള സ്ഥലങ്ങളില്‍ വള്ളികളുടെ ചുവട്ടില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒഴിച്ചു കൊടുക്കണം.


വാഴ

മഴക്കാലവിളയായി നട്ട് ഒരു മാസം കഴിഞ്ഞ നേന്ത്രന് 65 ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 100 ഗ്രാം പൊട്ടാഷ്, രണ്ടു മാസം കഴിഞ്ഞവയ്ക്ക് 65 ഗ്രാം യൂറിയയും, 100 ഗ്രാം പൊട്ടാഷും നല്‍കുക. നട്ട് രണ്ടു മാസമായ പാളയന്‍കോടന് ചുവടൊന്നിന് 110, 500,335 ഗ്രാം വീതം യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കാം. നീര്‍വാര്‍ച്ച ഉറപ്പാക്കണം. കളകള്‍ ചെത്തി ചുവട്ടില്‍കൂടി മണ്ണിട്ടു മൂടണം. ഇല കരിച്ചില്‍ കാണുന്നുണ്ടെങ്കില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം ശ്രദ്ധിക്കുക.

ഇഞ്ചി, മഞ്ഞള്‍

വളപ്രയോഗം, കളയെടുപ്പ്, നീര്‍വാര്‍ച്ചയ്ക്കുള്ള ക്രമീകരണം, വാരം പിടിപ്പിക്കല്‍, പുതയിടല്‍ മുതലായവ ചെയ്യണം. അവസാനത്തെ വളപ്രയോഗം നടത്താനും സമയമായി. ഇഞ്ചിക്ക് സെന്റൊന്നിന് നട്ട് 90 ദിവസം കഴിഞ്ഞ് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും മഞ്ഞളിന് 250 ഗ്രാം യൂറിയയും 500 ഗ്രാം പൊട്ടാഷും നല്‍കണം. ഇഞ്ചിയുടെ മൂടുചീയല്‍ രോഗവും മഞ്ഞളിന്റെ കടചീയല്‍ രോഗവും തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

ഏലം

ഒന്നാം തവാരണയില്‍ നിന്ന് ഏലത്തൈകള്‍ രണ്ടാം തവാരണയിലേക്കു പറിച്ചു നടാം. രണ്ടാം തവാരണയിലെ നഷ്ടപ്പെട്ട തൈകള്‍ക്കു പകരം പുതിയ തൈകള്‍ വയ്ക്കണം. കളയെടുക്കലും പുതയിടലും നടത്തണം. മൂടുചീയല്‍, അഴുകല്‍ രോഗങ്ങള്‍ കാണുന്ന തോട്ടങ്ങളില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

ഗ്രാമ്പൂ, ജാതി

വളപ്രയോഗം തുടരാം. തോട്ടങ്ങളില്‍ നീര്‍വാര്‍ച്ചയും കളനിയന്ത്രണവും ഉറപ്പുവരുത്തുക. കുമിള്‍രോഗം കണ്ടാല്‍ ബോര്‍ഡോ മിശ്രിതം ഉപയോഗിക്കുക.

മാവ്

കഴിഞ്ഞ മാസം നട്ട ഒട്ടു തൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളയ്ക്കുന്ന ചിനപ്പുകള്‍ നീക്കം ചെയ്യണം. ചില്ലയുണക്കം കാണുന്ന മാവുകളുടെ കേടുവന്ന ഭാഗത്തിനു താഴെവച്ച് മുറിച്ച്, മുറിപ്പാടില്‍ ബോര്‍ഡോ കുഴമ്പ് തേക്കുക.

കൈതച്ചക്ക

കളയെടുക്കല്‍ തുടരുക. ഇലകളില്‍ അഴുകല്‍ രോഗം കണ്ടാല്‍ ബോര്‍ഡോ മിശ്രിതം തളിക്കുക. കൃഷി സംബന്ധിച്ച് സംശയങ്ങള്‍ക്ക് വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍-0485 2260832.

കശുമാവ്

ഒട്ടുതൈകളുടെ ഒട്ടു ഭാഗത്തിനു താഴെനിന്നു മുളച്ചുവരുന്ന ചിനപ്പുകള്‍ മുറിച്ചു കളയുക. ചില്ലുണക്കം കണ്ടാല്‍ കൊമ്പില്‍ നിറവ്യത്യാസം വന്നതിന് തൊട്ടു താഴെവച്ച് മുറിക്കുക.

കിഴങ്ങുവര്‍ഗങ്ങള്‍

രണ്ടു മാസം പ്രായമായ മരച്ചീനിക്ക് കളകള്‍ നീക്കി വളം ചേര്‍ത്ത് മണ്ണ് കൂനകളില്‍ കൂട്ടാം. സെന്റിന് 220 ഗ്രാം യൂറിയയും 170 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ചേനയ്ക്ക് നട്ട് 65 ദിവസമാകുമ്പോള്‍ കളകള്‍ നീക്കി സെന്റൊന്നിന് 350 ഗ്രാം യൂറിയയും 340 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുക. മേയില്‍ നട്ട കാച്ചിലിനും ഇപ്രകാരം വളം ചേര്‍ക്കുക. ചേമ്പിന് 350 ഗ്രാം യൂറിയയും 340 ഗ്രാം പൊട്ടാഷും ചേര്‍ക്കുക.

സി.എസ്. അനിത
കൃഷി ഓഫീസര്‍, കൃഷി ഡയറക്ടറേറ്റ്, തിരുവനന്തപുരം.