അതിജീവനത്തിന്‍റെ ഓണ്‍ലൈന്‍ പാഠവുമായി ഉണ്ണിമായ
അതിജീവനത്തിന്‍റെ ഓണ്‍ലൈന്‍ പാഠവുമായി ഉണ്ണിമായ
കോവിഡ് കാലം തന്‍റെ ജോലി നഷ്ടപ്പെടുത്തിയെങ്കിലും അതിജീവനത്തിന്‍റെ ഓണ്‍ലൈന്‍ പാഠവുമായി ഗസ്റ്റ് ലക്ചററായിരുന്ന ഉണ്ണിമായ നാലപ്പാടം മുന്നേറുകയാണ്. ലേണേഴ്‌സ് ഫ്രണ്ട്‌ലി എന്ന ഓണ്‍ലൈന്‍ കോച്ചിംഗ് സെന്‍ററിലൂടെ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ളവര്‍ക്ക് അധ്യാപക യോഗ്യത പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) എഴുതാനുള്ള ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന സംരംഭമാണ് ഉണ്ണിമായ തുടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ആറുപേര്‍ക്ക് ജോലി കൊടുക്കാനും ഉണ്ണിമായയ്ക്കു കഴിഞ്ഞു. ആ വിശേഷങ്ങളിലേക്ക്...

തുടക്കം യുട്യൂബിലൂടെ

കാഞ്ഞങ്ങാട് പാക്കം ജിഎച്ച്എസ്എസ്‌സിലെ ഗസ്റ്റ് ലക്ചററായിരുന്നു ഉണ്ണിമായ. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാതെയായതോടെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ നവംബര്‍ വരെ ജോലി ഇല്ലാതായി. തുടര്‍ന്ന് നവംബര്‍ ഒമ്പതിന് ഉണ്ണിമായ യുട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സെറ്റ് പരീക്ഷ എഴുതാനുള്ള ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്നതായിരുന്നു ആ പോസ്റ്റ്. മികച്ച പ്രതികരണമാണ് ആ പോസ്റ്റിനു ലഭിച്ചത്. 12ന് ക്ലാസ് തുടങ്ങി. ആദ്യ ബാച്ചില്‍ 100 പേര്‍ ജോയിന്‍ ചെയ്തു. ഏഴു ബാച്ചുകളിലായിരുന്നു ക്ലാസ്.


ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയ പരിശീലനം വിജയമാണെന്നു കണ്ട് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തു. ആദ്യം ജനറല്‍ പേപ്പറിലായിരുന്നു പരിശീലനം. ആ പേപ്പറിന് പരിശീലനം തേടിയ എല്ലാവരും വിജയിച്ചു. അത് ഉണ്ണിമായയ്ക്ക് ആവിശ്വാസമേകി. ഇപ്പോള്‍ പത്ത് വിഷയങ്ങള്‍ കൂിച്ചേര്‍ത്തു. അതില്‍ പരിശീലനം നല്‍കാന്‍ ആറു പേര്‍ക്ക് ജോലി നല്‍കി. 500ലധികം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പരിശീലനക്ലാസിലുള്ളത്. ഇന്‍സ്റ്റാള്‍മെന്‍റ് രീതിയില്‍ ഫീസ് അടയ്ക്കാം.

2019ല്‍ ഇംഗ്ലീഷ് ബിഎഡ് പാസായ ഉണ്ണിമായ ആ വര്‍ഷം തന്നെ സെറ്റ് യോഗ്യത നേടി. തുടര്‍ന്ന് പാക്കം സ്‌കൂളില്‍ ഗസ്റ്റ് ലക്ചററായി. കോവിഡ് മൂലം സ്‌കൂള്‍ തുറക്കാതെ വന്നപ്പോള്‍ ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കിയതോടെയാണ് ജോലി നഷ്ടമായത്. ഒരു നിക്ഷേപവുമില്ലാതെ തുടങ്ങിയ ഈ സംരംഭത്തിലൂടെ നല്ലൊരു വരുമാനം ഉണ്ണിമായ നേടുന്നുണ്ട്.

സാഹിത്യകാരന്‍ നാലപ്പാടം പദ്മനാഭന്‍റേയും മുന്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലജ മഠത്തില്‍ വളപ്പിലിന്‍റേയും മകളാണ്. ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രമായ സ്റ്റേറ്റ് ബസിലും അഭിനയിച്ചിുണ്ട്.

-സീമ മോഹന്‍ലാല്‍