ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്യുവി കോന ഹ്യുണ്ടായ് മോട്ടോഴ്സ് വിപണിയിൽ അവതരിപ്പിച്ചു. ഒരു തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന വാഹനം ഡിസി ക്വിക് ചാർജർ ഉപയോഗിച്ചാൽ അതിവേഗം ചാർജ് ചെയ്യാം. 80 ശതമാനം ചാർജ് ചെയ്യാൻ 57 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഹ്യുണ്ടായ് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ ചാർജിംഗ് സംവിധാനം ഉണ്ടായിരിക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച് പൊതുജനങ്ങൾക്കായുള്ള ചാർജിംഗ് കേന്ദ്രങ്ങളും ഹ്യുണ്ടായ് ഒരുക്കുന്നുണ്ട്.
7.2 കിലോവാട്ട് ലെവൽ-2 എസി വാൾബോക്സ് ചാർജർ വീട്ടിലോ ഓഫീസിലോ സ്ഥാപിക്കാൻ കഴിയും. ഈ രീതിയിലുള്ള ചാർജിംഗ് പോർട്ട് ഉപയോഗിക്കുന്പോൾ പൂർണമായും ചാർജ് ആകാൻ ആറു മണിക്കൂറിലധികം സമയം വേണം. സാധാരണ ഇലക്ട്രിക് സംവിധാനത്തിലും ചാർജ് ചെയ്യാമെങ്കിലും പൂർണമായും ചാർജ് ആകാൻ 19 മണിക്കൂർ വേണം.
സ്പോർട്ടി രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിൽ മുൻ ഗ്രില്ലിലാണ് ചാർജിംഗ് പോർട്ട് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്പ്ലിറ്റ് ടൈപ്പ് ഹെഡ് ലാന്പുകളും ഡിആർഎലുകളും, റൂഫ് റെയിലുകളും സ്മാർട്ട് ഇലക്ട്രിക് റൂഫും വാഹനത്തിന്റെ അഴക് വർധിപ്പിക്കുന്നുണ്ട്.
ബ്രിഡ്ജ് ടൈപ് സെൻട്രൽ കണ്‍സോൾ, ലെതറിൽ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും സീറ്റുകളും, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ് എന്നിവ ഉള്ളിൽ നല്കിയിരിക്കുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമേയുള്ളൂവെങ്കിൽ ഡ്രൈവർ ഒൻലി എയർ കണ്ടീഷനിംഗ് സിസ്റ്റം തെരഞ്ഞെടുക്കാം. 10 വിധത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ ഡ്രൈവർ സീറ്റാണ് മറ്റൊരു പ്രത്യേകത.
അഞ്ചു നിറങ്ങളിൽ (ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, മരീന ബ്ലൂ, ടൈഫൂണ്‍ സിൽവർ, പോളാർ വൈറ്റ്-ബ്ലാക്ക് റൂഫ്) എത്തുന്ന കോനയുടെ 100 കിലോവാട്ട് എൻജിൻ 136 പിഎസ് പവറിൽ 395 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 9.7 സെക്കൻഡ് മാത്രം മതി. 39.2 ലിഥിയം പോളിമർ ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. നാല് ഡ്രൈവിംഗ് മോഡുകളും (എക്കോ, എക്കോ പ്ലസ്, കംഫർട്ട്, സ്പോർട്സ്) വാഹനത്തിലുണ്ട്.
അപകടങ്ങളുടെ ആഘാതം കാബിനിലേക്കെത്തുന്നത് കുറയ്ക്കുന്ന വിധത്തിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കന്പനി അവകാശപ്പെടുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ അസിസ്റ്റ് കണ്ട്രോൾ, ഐസോഫിക്സ്, കൃത്രിമ എൻജിൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സ്റ്റാൻഡാർഡ് മോഡൽ മുതലുണ്ട്.
മൂന്നു വർഷം വാറന്റിയും 24X7 റോഡ് സൈഡ് അസിസ്റ്റൻസും കന്പനി വാഗ്ദാനം ചെയ്യുന്ന കോന ഇലക്ട്രിക്കിന് 25.3 ലക്ഷം രൂപയാണ് വില. ഡുവൽ ടോൺ ഓപ്ഷന് 20,000 രൂപ അധികം നല്‍കണം.
നിലവിൽ കോന ഇലക്ട്രിക് രണ്ട് എൻജിൻ ഓപ്ഷനുകളിൽ (100 കിലോവാട്ട്, 150 കിലോവാട്ട്) ആഗോള മാർക്കറ്റിൽ ലഭ്യമാണ്. 2018 ജനീവ മോട്ടോർഷോയിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്.