ഒരു സമരം ഉണ്ടാക്കുന്ന വിധം!
Friday, July 1, 2022 2:44 AM IST
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മുടെ വിദ്യാർഥിസഖാക്കളുടെ കാര്യം വലിയ കഷ്ടമാണ്. ഇങ്ങനെ പോയാൽ നമ്മൾ ബോറടിച്ചു രക്തസാക്ഷിയാകും. എത്ര നാളായി നല്ലൊരു സമരം നടത്തിയിട്ട്. കല്ലേറും കൈയാങ്കളിയും തല്ലിപ്പൊളിക്കലുമൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു.
വഴിയിലൂടെ കെഎസ്ആർടിസി ബസ് പോകുന്നതു കാണുന്പോൾ കൊതിയാവുകയാണ്, എത്ര കാലമായി രണ്ടു ബസിനു കല്ലെറിഞ്ഞിട്ട്. കാക്കിയിട്ടവരെ കാണുന്പോൾ കൈ തരിക്കുന്നുണ്ട്, പക്ഷേ, തരിക്കാനല്ലേ പറ്റൂ, ഇപ്പോൾ അവരെ പൊരിക്കാൻ പറ്റില്ലല്ലോ. ഏറെക്കാലം ഭരണപക്ഷത്ത് ഇരുന്നാൽ ഇങ്ങനെ ചില കുഴപ്പങ്ങളൊക്കെയുണ്ട്.
വലിയ സഖാക്കൾക്കു ഭരണക്കാരായി കെട്ടിയൊരുങ്ങി നടക്കാം, എന്നാൽ, ഞമ്മളെപ്പോലുള്ള കുട്ടിസഖാക്കൾ എന്തു ചെയ്യും ? പോലീസിനെ കല്ലെറിയാൻ പറ്റില്ല, ആനവണ്ടിയുടെ കാറ്റഴിച്ചുവിടാൻ പറ്റില്ല, സെക്രട്ടേറിയറ്റിൽ തള്ളിക്കയറാൻ പറ്റില്ല, വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിക്കാൻ പറ്റില്ല. മന്ത്രിമാരെ വെല്ലുവിളിയും ചീത്തവിളിയും ചിന്തിക്കാനേ പറ്റില്ല. രണ്ടു നല്ല മുദ്രാവാക്യം വിളിച്ചിട്ട് എത്രയോ കാലമായി... ഇങ്ങനെ പോയാൽ നമ്മുടെ കുട്ടിസഖാക്കൾ സമരവീര്യം ചോർന്നു പാലില്ലാത്ത മിൽമാ കവർ പോലെയാകും.
മൂത്ത സഖാവ്:
സഖാവ് പറഞ്ഞതിൽ കാര്യമുണ്ട്. ഇങ്ങനെ നിഷ്ക്രിയരായി ഇരിക്കേണ്ടവരല്ല നമ്മുടെ വിദ്യാർഥിസഖാക്കൾ. ഇന്നത്തെ തീപ്പൊരിയാണ് നാളത്തെ തീക്കാറ്റായി മാറുന്നത്. കനൽ ഒരു തരിമതിയെന്നു നമ്മുടെ സഖാക്കൾ ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും അത് ഊതിക്കത്തിച്ചുകൊണ്ടിരുന്നാൽ മാത്രമേ കത്തി നിൽക്കൂ. വിദ്യാർഥി സഖാക്കളുടെ സമരവീര്യം ഊതിക്കത്തിക്കണം. സമരം നടത്താൻ നിങ്ങൾക്കു വിലക്കില്ല, പക്ഷേ, നമ്മുടെ സർക്കാരിനെ ചൊറിയരുതെന്നു മാത്രം.
എന്തൊക്കെ വിഷയങ്ങളാണ് ഈ നാട്ടിൽ ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നത്... ഓസോണ്‍ പാളിയിലെ വിള്ളൽ ഇനിയും അടഞ്ഞിട്ടുണ്ടോ? ചക്രവാതച്ചുഴിയെ ആരെങ്കിലും എതിർക്കുന്നുണ്ടോ? അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിനെതിരേ നമ്മൾ ഇനിയെങ്കിലും പ്രതിഷേധിക്കേണ്ടേ? ചൈനയുടെ വൻമതിൽ പോലെ ഒരു മതിലോ വേലിയോ നമ്മുടെ നാട്ടിലുണ്ടോ?... ഇങ്ങനെ സമരം നടത്താനാണേൽ വിഷയങ്ങളേയുള്ളൂ.
കുട്ടിസഖാവ്:
സഖാവേ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ഇതൊക്കെ ഈ നാട്ടിലെ വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളല്ലല്ലോ. സമരമെന്നു പറഞ്ഞാൽ രണ്ടു കല്ലേറും തല്ലിപ്പൊളിയും ഇല്ലാതെ എങ്ങനെയാ? ഇതിപ്പം ചക്രവാതച്ചുഴിക്കെതിരേ സമരം നടത്തിയിട്ട് ആകാശത്തേക്കു കല്ലെറിയാൻ പറ്റുമോ?
മൂത്ത സഖാവ്:
പ്രത്യയശാസ്ത്രപരമായി സഖാവ് പറഞ്ഞതു ശരിയാണ്. എങ്കിലും ഞാനിപ്പോൾ ആലോചിച്ചിട്ട് നമ്മുടെ സർക്കാരിനു പരിക്കുപറ്റാത്ത വിഷയങ്ങൾ ഇതൊക്കെയേയുള്ളൂ. ഇനി നിങ്ങൾക്കു സമരം നടത്തണമെന്നു നിർബന്ധമാണെങ്കിൽ നിങ്ങൾതന്നെ ഒരു വിഷയം കണ്ടുപിടിക്കൂ.
കുട്ടിസഖാവ്:
സഖാവേ ബഫർ സോണ്‍ ആയാലോ? അതാകുന്പോൾ ആർക്കും വലിയ പ്രശ്നമില്ല. സംഭവം ഡെയ്ഞ്ചർ സോണ്‍ ആക്കിയേക്കാം. വേണമെങ്കിൽ നമ്മുടെ രാഹുൽ ഗാന്ധിയെയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും രണ്ടു ചീത്തയും വിളിച്ചേക്കാം.
മൂത്ത സഖാവ്:
കൊള്ളാം സഖാവിന്റെ ചിന്തകൾ വിപ്ലവം ജ്വലിക്കുന്നവയാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചോണം. സമരത്തിനു വരുന്ന പിള്ളേർക്കു ഇത്തവണ ബിരിയാണിയും കുഴിമന്തിയുമൊന്നും വാങ്ങിക്കൊടുക്കണ്ട. ബിരിയാണി നമുക്കു രാഷ്ട്രീയമായി ക്ഷീണം ചെയ്യും. വല്ല നാരങ്ങാവെള്ളമോ പരിപ്പുവടയോ ഒക്കെ മതി. ബിരിയാണി മേടിച്ചു കൊടുത്തെന്നെങ്ങാനും പ്രതിപക്ഷം അറിഞ്ഞാൽ പിന്നെ അവരുടെ മുന്പിൽ ചെന്പും തലയിൽ കമിഴ്ത്തി നടക്കേണ്ടി വരും.
മിസ്ഡ് കോൾ
= അമ്മ സംഘടന ക്ലബ് ആണെന്നു ഇടവേള ബാബു. ക്ലബ് ആണെങ്കിൽ താനില്ലെന്നു ഗണേഷ്കുമാർ.
- വാർത്ത
= തിരക്കഥ റെഡി, ആരെങ്കിലും ക്ലാപ്പടിക്കൂ.
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്