ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
Friday, March 10, 2023 9:59 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ... ഹലോ മൈക്ക് ടെസ്റ്റിംഗ്... ഹലോ... നാട്ടിനിർത്തിയ മൈക്കിന്റെ കഴുത്തിനു കുത്തിപ്പിടിച്ചിട്ട് മൈക്ക് ഓപ്പറേറ്റർ ഈ സെയിം ഡയലോഗ് പറയാൻ തുടങ്ങിയിട്ടു നേരം കുറെയായി. നോബുകളിൽ ഒന്നുകൂടി തിരിച്ചിട്ട് ഓപ്പറേറ്റർ വീണ്ടും നിലവിളിച്ചു: മൈക്ക് ടെസ്റ്റിംഗ് ഹലോ മൈക്ക് ടെസ്റ്റിംഗ്! ഇതു കേട്ടതും സമീപത്ത് അണികൾക്കു പരിപാടിയുടെ ക്യാപ്സൂളുകൾ വിതരണം ചെയ്തുകൊണ്ടിരുന്ന ലോക്കൽ സഖാവ് സ്റ്റേജിലേക്കു കയറിവന്നു. “താൻ എന്താടോ ഇതു കാണാതെ പഠിക്കുവാണോ? കുറെ നേരമായല്ലോ മൈക്ക് ടേസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട്. ഇതുവരെ ടേസ്റ്റ് കിട്ടിയില്ലേ?”
“എന്റെ പൊന്നുസഖാവേ, ഈ മൈക്ക് എന്നു പറയുന്ന സാധനവും നിങ്ങളുടെ യൂണിയനും ഒരുപോലെയാണ്. എപ്പോഴാണ് പണിമുടക്കുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല. ചിലപ്പോൾ ഒരു കാരണവുമില്ലാതെ പണിമുടക്കിക്കളയും. യൂണിയൻകാർക്കു പണിമുടക്കിയാലും നോക്കുകൂലി കിട്ടും, പക്ഷേ, നമുക്ക് വണ്ടിക്കൂലി പോലും കിട്ടത്തില്ല.”
“അതിനിങ്ങനെ മൈക്കിനു മുന്നിൽനിന്നു വിളിച്ചുകൂവേണ്ട കാര്യമുണ്ടോ? ദേ ഇങ്ങനെ രണ്ടു തട്ടുതട്ടിയാൽ പോരേ...” ഇതും പറഞ്ഞു സഖാവ് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ മൈക്കിന്റെ മൂക്കുനോക്കി രണ്ടിടി. ബോക്സിൽനിന്ന് ഉയർന്ന വെടിക്കെട്ട് കേട്ടപ്പോൾ അതു തന്റെ നെഞ്ചിടിപ്പാണോയെന്ന് ഓപ്പറേറ്റർക്കു തോന്നിപ്പോയി.
“സഖാവേ, പാർട്ടിശത്രുക്കളെ കൈകാര്യംചെയ്യുന്നതുപോലെ ഇത്രയും ക്രൂരമായി മൈക്കിനോടു പെരുമാറരുത്. അതിന്റെ ഡയഫ്രം അടിച്ചുപോകും.”
“അതു പറഞ്ഞിട്ടു കാര്യമില്ല. ഞാനിപ്പോൾ ഇതു ചെയ്തുനോക്കിയില്ലെങ്കിൽ പരിപാടി കഴിയുന്പോൾ മൈക്കിന്റെ മാത്രമല്ല, നിന്റെ ഡയഫ്രവും കാണത്തില്ല, പറഞ്ഞേക്കാം.”
“സഖാവ് എന്താണ് പറഞ്ഞുവരുന്നത്?”-ഓപ്പറേറ്റർക്ക് അത്രയ്ക്കങ്ങോട്ടു പിടികിട്ടിയില്ലെന്നു തോന്നുന്നു.
“ഞങ്ങളുടെ വലിയ സഖാവ് റാലി നടത്തിവരുന്പോൾ പ്രസംഗിക്കാനുള്ള മൈക്കാണിതെന്ന് ഓർമ വേണം. പരിപാടിക്കിടെ ഇതെങ്ങാനും പണിമുടക്കിയാൽ പുള്ളി എന്നെയും നിന്നെയും ഇവിടെനിർത്തി തൊലി പൊളിക്കും. പരിപാടിക്ക് ആളു കുറഞ്ഞാലും കുഴപ്പമില്ല പക്ഷേ, മൈക്ക് കുറഞ്ഞാൽ ആളു മാഷായി മാറിക്കളയും. പിന്നെ നിന്നെ ഇവിടെയിരുത്തി മൈക്കിന്റെ തിയറി മുതൽ ടെക്നോളജിവരെ പഠിപ്പിച്ചിട്ടേ വിടൂ.”
“യന്ത്രം കൊണ്ടുനടന്നാൽ പോരാ, അതോടിക്കാനുള്ള തന്ത്രംകൂടി പഠിച്ചിരിക്കേണ്ടേ. പ്രത്യയശാസ്ത്രപരമായി നോക്കിയാൽ മൈക്ക് എന്നു പറയുന്നത് അടിച്ചമർത്തപ്പെട്ടവന്റെ അന്തരാളങ്ങളിൽനിന്ന് ഉയരുന്ന സ്വാതന്ത്ര്യദാഹത്തിന്റെ പ്രതീകമാണ്. ഈ ആശയം തലച്ചോറിലേക്കു കയറുകയും അതിനൊരു സാമൂഹികമാനം കിട്ടുകയും ചെയ്താൽ... എന്നിങ്ങനെ മാഷ് തത്സമയം നിന്നെയും എന്നെയും പഠിപ്പിച്ചുകളയും. അതായത് ഈ ട്രാഫിക് നിയമം ലംഘിക്കുന്നവരെ മോട്ടോർ വാഹനവകുപ്പുകാർ വിളിച്ചിരുത്തി ക്ലാസെടുത്തു കൊല്ലുന്നതായി കേട്ടിട്ടില്ലേ. ഏതാണ്ട് അതിനേക്കാൾ ഇത്തിരികൂടി ഡോസ് കൂടിയതാണെന്നു കരുതിക്കോ.”
പറഞ്ഞുനിർത്തിയിട്ട് ലോക്കൽ നേതാവ് മൈക്ക് ഓപ്പറേറ്ററെ നോക്കിയപ്പോൾ ഇതെല്ലാം കേട്ട് കറന്റ് കട്ടായ ഹൈമാസ്റ്റ് ലൈറ്റ് പോലെ കണ്ണുംതള്ളി നിൽക്കുകയാണവൻ. സഖാവ് ഒന്നു തട്ടിവിളിച്ചതോടെ അവനു സൗണ്ട് തിരിച്ചുകിട്ടി. അവൻ ഒരു വിറയലോടെ ലോക്കൽ നേതാവിനോടു ചോദിച്ചു: “സഖാവേ, അപ്പോൾ നിങ്ങളുടെ സെക്രട്ടറി ശരിക്കും ഒരു സൗണ്ട് എൻജിനിയറാണല്ലേ?”
മിസ്ഡ് കോൾ
= പുകഞ്ഞുകൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രിമാർ സന്ദർശിച്ചു.
- വാർത്ത
= പുക കണ്ടേ അടങ്ങൂ!