എച്ച് വരച്ചു വരച്ച് എട്ടായവർ!
Friday, January 12, 2024 11:42 PM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അതെ.”
“ആശാനെ ഒന്നു കിട്ടുമോ?”
“ആശാന് ടെസ്റ്റിനു പോയിരിക്കുവാണല്ലോ..”
“അയ്യോ ആശാനെന്തു പറ്റി..? ഇന്നലെകൂടി കണ്ടപ്പോള് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ. ഇനി ഷുഗർ കൂടിയോ? ഏതു ലാബിലാ പരിശോധനയ്ക്കു പോയിരിക്കുന്നത്?”
“ആശാന് ലാബിലും ആശുപത്രിയിലുമൊന്നും പോയതല്ല. ഡ്രൈവിംഗ് ടെസ്റ്റിനു പിള്ളേരുമായി ഗ്രൗണ്ടില് പോയെന്നാണ് പറഞ്ഞത്. ആരാ വിളിക്കുന്നേ...?”
“ഞാൻ ഇവിടെ അടുത്തുനിന്നാ... എനിക്കു കാറിന്റെ ലൈസൻസ് എടുത്താൽ കൊള്ളാമെന്നുണ്ട്. ആശാന്റെ സ്കൂളിലാണെങ്കിൽ പെട്ടെന്നു കിട്ടുമെന്നു ചിലരൊക്കെ പറഞ്ഞു.”
“ഇയാൾക്കു വണ്ടിയോടിക്കാൻ അറിയാമോ...?”
“വണ്ടിയോടിക്കാൻ അറിയത്തില്ല, അതിനാണല്ലോ ആശാനെ അന്വേഷിക്കുന്നത്.”
“വണ്ടിയോടിക്കാൻ അറിയില്ലേൽ പെട്ടെന്നെങ്ങനെയാ ലൈസൻസ് കിട്ടുന്നത്. ഡ്രൈവിംഗ് പഠിച്ചു ടെസ്റ്റിലൊക്കെ പാസാകണ്ടേ.”
“പഠിക്കുന്ന കാലത്ത് ഞാൻ ക്ലാസിൽ എന്നും ഫസ്റ്റ് ആയിരുന്നു. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം എനിക്കു വീട്ടിൽ കൊച്ചുമക്കളെ നോക്കണം. അതുകൊണ്ട് എല്ലാ ദിവസവും നേരിട്ടു വന്നു പഠിക്കാൻ ബുദ്ധിമുട്ടുണ്ട്. ആശാൻ ഒാൺലൈൻ ക്ലാസ് നടത്തുന്നുണ്ടോ? അതുണ്ടെങ്കിൽ സൗകര്യമായിരുന്നു.”
“ഡ്രൈവിംഗിന് ഒാൺലൈൻ ക്ലാസോ...?”
“ആശാനു പേരും പെരുമയും ഉണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല കേട്ടോ. നിങ്ങളുടെയൊക്കെ സ്കൂൾ കാലത്തിനനുസരിച്ചു മാറണം. പാചകവും ഡാൻസും നീന്തലും അടക്കം ഇപ്പോൾ സർവതും ഒാൺലൈനിൽ പഠിപ്പിക്കുന്നുണ്ട്. എന്റെ കൊച്ചുമക്കൾ ഒാൺലൈനിൽ ചിത്രരചന പഠിക്കുന്നുണ്ട്. എന്നിട്ടും നിങ്ങളൊന്നും ഇതുവരെ ഒാൺലൈൻ കോഴ്സ് തുടങ്ങിയില്ലല്ലേ...?”
“സാറേ ഒാൺലൈനിൽ ഡ്രൈവിംഗ് പഠിച്ചിട്ട് എച്ച് വരയ്ക്കാൻ പോയാൽ എതിരേ വരുന്നവന്റെ പള്ളയ്ക്കും സാറിന്റെ നെഞ്ചത്തും സ്റ്റിച്ച് ഇടേണ്ടിവരും.”
“എച്ച് വരയ്ക്കാതെ ഒരു രക്ഷയുമില്ലല്ലേ.. ആശാന്റെ വണ്ടിയിലൊന്നു കയറിയിരുന്നാൽ മതി. അതു തനിയെ എച്ച് വരച്ചോളുമെന്നു ചിലരൊക്കെ പറയുന്നുണ്ട്. ശരിയാണോ?”
“സാറേ ഇതൊക്കെ നാട്ടുകാർ ചുമ്മാ പറയുന്നതല്ലേ. എച്ച് വരച്ചൊപ്പിക്കാൻ പറ്റിയ രീതിയിൽ വണ്ടിയുടെ ക്ലച്ചും ആക്സിലേറ്ററുമൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്തു വയ്ക്കാറുണ്ട്. അല്ലാതെ ആളു കയറിയിരുന്നാൽ വണ്ടി തനിയെ എച്ച് വരയ്ക്കത്തില്ല. വരയും കുറിയുമൊക്കെ നമ്മൾത്തന്നെ നടത്തണം. തെറി ആശാൻ വക ഫ്രീം...?”
“ഞാൻ യു ട്യൂബിൽ കുറെ നോക്കി. എച്ച് വരയ്ക്കാൻ അത്ര വലിയ പാടൊന്നുമില്ല. കളത്തിൽ കന്പി നാട്ടി വയ്ക്കുന്നതാണ് പ്രശ്നം. എന്തിനാണ് വെറുതെ ഈ കന്പിയെല്ലാം നാട്ടിവയ്ക്കുന്നതെന്നാ മനസിലാകാത്തത്. സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഈ കന്പികൾ ഒഴിവാക്കുകയാണെങ്കിൽ അത്രയും ചെലവ് കുറയത്തില്ലേ...?”
“സാറേ ആ കന്പിയാണ് പ്രധാനം. അതിന്റെ ഇടയിലൂടെ എച്ച് വരയ്ക്കുന്നവരാ ജയിക്കുന്നത്. അവർക്കാണ് ലൈസൻസ് കിട്ടുന്നത്.”
“എന്റെ അഭിപ്രായത്തിൽ ടെസ്റ്റിംഗ് പരിപാടിതന്നെ ശരിയല്ല. ഇതു കണ്ടാൽ തോന്നും നമ്മുടെ നാട്ടിൽ മുഴുവൻ റോഡിൽ കന്പി നാട്ടിയിരിക്കുകയാണെന്ന്. ശരിക്കും കന്പി നാട്ടിയല്ല, ഗട്ടർ വെട്ടിച്ച് ഒാടിക്കാനുള്ള ടെസ്റ്റാണ് നടത്തേണ്ടത്. ഇതൊക്കെ കാലോചിതമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.”- കസ്റ്റമറുടെ ധാർമികരോഷമുണർന്നു.
“അപ്പോൾ സാറിതൊന്നും അറിഞ്ഞില്ലേ.. ഇനി എച്ച് വരച്ചതുകൊണ്ടും കാര്യമില്ല. എച്ച് വരച്ചതിന്റെ പേരിൽ ഒരുത്തനും ലൈസൻസ് കൊടുക്കേണ്ടെന്നാ പുതിയ മന്ത്രിയുടെ ഉത്തരവ്.”
“അതു ടിവിയിലെവിടെയോ പറയുന്നതു കേട്ടു. ഡ്രൈവിംഗ് ടെസ്റ്റ് പാർക്കിലേക്കോ മറ്റോ മാറ്റാൻ പോവുകയാണെന്ന്.
അതുകൊണ്ടെന്തു കാര്യം. ടെസ്റ്റിനു വരുന്നവർ ഇത്തിരി കാറ്റു കൊണ്ടോട്ടെയെന്നു മന്ത്രി കരുതിയിട്ടാണോയെന്തോ?”
“അയ്യോ സാറേ, ടെസ്റ്റ് പാർക്കിൽ നടത്തുന്ന കാര്യമല്ല മന്ത്രി പറഞ്ഞത്. ഇനി ടെസ്റ്റിനു വന്നാൽ എച്ച് വരച്ചു രക്ഷപ്പെടാൻ പറ്റില്ല, വണ്ടി ഇനി പാർക്ക് ചെയ്തു കാണിക്കണമത്രേ.”
“അതെന്തു പരിഷ്കാരം...? വണ്ടി പാർക്ക് ചെയ്യാൻ ഇത്രയ്ക്കു പാടാണോ?”
“നമുക്കു പാടായിട്ടല്ല. പലരും പാർക്ക് ചെയ്തിട്ടു പോയാൽ നാട്ടുകാർക്ക് അതൊരു കഷ്ടപ്പാടായിട്ടാ. വെറുതെ പാർക്ക് ചെയ്തിട്ടാൽ പോരാ. ബോക്സോ ചട്ടമോ ഒക്കെ കാണും. അതിൽ കൃത്യമായി പാർക്ക് ചെയ്തു കാണിച്ചാലേ ലൈസൻസ് കിട്ടൂ. തീർന്നില്ല, കയറ്റത്തിൽ നിർത്തിയിട്ട് വണ്ടി എടുക്കാനും കഴിയണം... ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നവർക്കു മാത്രം ലൈസൻസ് കൊടുത്താൽ മതിയെന്നാ മന്ത്രി പറഞ്ഞിരിക്കുന്നത്.”
കേട്ടിട്ട് ഇത് ഉദ്യോഗസ്ഥർക്കുള്ള ‘ടെസ്റ്റ്’ ആണല്ലോ! എന്തായാലും ഉദ്യോഗസ്ഥരുടെ മുട്ടു വിറയ്ക്കുമോ അതോ മന്ത്രി എട്ടായിട്ടു വരച്ചു പോക്കറ്റിലിടുമോയെന്നു വൈകാതെ അറിയാം. അതുവരെ നമുക്ക് യു ട്യൂബിൽ എച്ച് വരച്ചു പഠിക്കാം!
മിസ്ഡ് കോൾ
എംടിയുടെ വിമർശനം മോദിക്കെതിരേയെന്ന് ഇ.പി. ജയരാജൻ, പിണറായിക്കെതിരേയെന്നു കെ. മുരളീധരൻ.
- വാർത്ത
ഏതെടുത്താലും പത്തു രൂപ!