അനന്തരം അയാൾ സർജറിക്കായി കയറി!
ഒൗട്ട് ഒാഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
Friday, May 24, 2024 3:23 AM IST
"ഹലോ... മെഡിക്കല്‍ കോളജ് ആശുപത്രിയല്ലേ. ഡോക്ടറാണോ സംസാരിക്കുന്നത്?'
"അല്ല. കമ്പോണ്ടറാ. ഡോക്ടര്‍ തിയറ്ററിലാണല്ലോ'.
"ആവേശമാണോ അതോ അമ്പലനടയിലാണോ?'.
"എടോ ആവേശവും പരവേശവുമൊന്നുമല്ല. ഓപ്പറേഷന് തിയറ്ററിലാണന്നാ പറഞ്ഞത്.'
"ശരിശരി ഞാന്‍ വിചാരിച്ചു ആവേശമോ ഗുരുവായൂര്‍ അമ്പലനടയിലോ മറ്റോ കാണാന്‍ പോയതായിരിക്കുമെന്ന്.'
"തന്റെ വര്‍ത്തമാനം കേട്ടിട്ട് ഒരു നടയ്ക്കു പോകുമെന്നു തോന്നുന്നില്ലല്ലോ. തനിക്ക് ഇപ്പോ എന്താ വേണ്ടത്?'
"കമ്പോണ്ടര്‍ സാറെ, എനിക്ക് നാളെ അവിടെയൊരു സര്‍ജറി പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ കാര്യം ഒന്നുറപ്പാക്കാന് വിളിച്ചതാ.'
"അതിനു പ്രത്യേകം വിളിക്കേണ്ട കാര്യമില്ലല്ലോ. തനിക്കു ഡേറ്റ് കുറിച്ചു തന്നിട്ടുണ്ടേല്‍ ആ ദിവസം ഇങ്ങു വന്നാല്‍ പോരേ?'
"അതല്ല സാറേ, കഴിഞ്ഞ ദിവസത്തെ വാര്‍ത്തയൊക്കെ കണ്ടപ്പോള്‍ ആകെയൊരു ടെന്‍ഷന്‍. ആട്ടെ, നമ്മുടെ ഡോക്ടര്‍ ഏതു പാര്‍ട്ടിക്കാരനാണെന്ന് അറിയാമോ? ഇടതനാണോ വലതനാണോ?'
"താന്‍ വോട്ടു പിടിക്കാൻ വിളിച്ചതാണോ... അതോ സര്‍ജറിയുടെ കാര്യം ചോദിക്കാന്‍ വിളിച്ചതാണോ?'
"സാറേ, ടെന്‍ഷന്‍ കാരണം വിളിച്ചതാ. എനിക്കു വലതു കൈയാണ് സര്‍ജറി ചെയ്യേണ്ടത്. ഡോക്ടര്‍ ഇടതനോ മറ്റോ ആണെങ്കില്‍ ഇനി അതെങ്ങാനും കയറി സര്‍ജറി ചെയ്താല്‍ തീര്‍ന്നില്ലേ?'.
"എടോ തനിക്കു സര്‍ജറി ഏതു കൈക്കാണു വേണ്ടതെന്നു ഫയലില്‍ എഴുതിവച്ചിട്ടില്ലേ. ഫയല്‍ നോക്കി ഡോക്ടര്‍ ചെയ്തോളൂം.'
"ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടു പോലും ഒരു മേശയില്‍നിന്ന് അടുത്ത മേശയിലേക്ക് ഫയൽ നീങ്ങുന്നില്ല. ഓപ്പറേഷന് തിയറ്ററില്‍ ഞാന്‍ കിടക്കുന്ന ടേബിളിലേക്കു സമയത്തു ഫയല്‍ എത്തുമെന്ന് വല്ല ഉറപ്പുമുണ്ടോ? ലൈഫ് പോയിക്കഴിഞ്ഞ് ഫയല്‍ എത്തിയിട്ടു വല്ല കാര്യവുമുണ്ടോ?'
"എങ്കില്‍ പിന്നെ സര്‍ജറിക്കു കയറ്റുന്ന സമയത്ത് എന്റെ വലതുകൈക്കാണ് സര്‍ജറി വേണ്ടതെന്ന് ഒന്നുകൂടി ഡോക്ടറെ ഓര്മിപ്പിച്ചാല് പോരേ?'
"സാറേ, ഈ ശസ്ത്രക്രിയയ്ക്കു പോവുകയെന്നു പറഞ്ഞാല്‍ ഏതാണ്ട് വോട്ടു ചെയ്യാന്‍ പോകുന്നതു പോലെയാ. നമുക്കൊരു അര്ധബോധമേ കാണൂ. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നു പെട്ടെന്നങ്ങോട്ടു പിടികിട്ടില്ല. എല്ലാം കഴിഞ്ഞ് അതിന്റെ വരുംവരായ്കകള്‍ അനുഭവിച്ചു തുടങ്ങുമ്പോഴാണ് സംഗതി പാളിപ്പോയി എന്നു വോട്ടര്‍ക്കു തോന്നുക. അതുപോലെ തന്നെയാണ് ഇതും. വലതിനു പകരം ഇടതു കുത്തിക്കീറി തുന്നിക്കെട്ടിയിട്ട് ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നു പറഞ്ഞതുകൊണ്ടു വല്ല കാര്യമുണ്ടോ? അതിരിക്കട്ടെ, ഡോക്ടര്‍ക്കു നാളെ ഒത്തിരി തിരക്കുള്ള ദിവസമാണോ?'.
"തിരക്കുണ്ടോയെന്നു ചോദിച്ചാല്‍ 15 സര്‍ജറി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. കൂടെ പത്തു സോഷ്യല്‍ മീഡിയ പോസ്റ്റും കാണും. സര്‍ജറിക്കു ശേഷം ഡോക്ടര്‍ക്ക് ഒരു മണിക്കു ഫ്ളൈറ്റ് ഉണ്ടെന്നു പറയുന്നതു കേട്ടു.
മുംബൈക്കോ മറ്റോ പോവുകയാണത്രേ.'
"അയ്യോ, ഡോക്ടര്‍തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് എന്റെ സര്‍ജറിക്ക് ഇത്തിരി സമയം കൂടുതല്‍ എടുക്കുന്നതാണെന്നാ. എനിക്കാണെങ്കില്‍ പതിനഞ്ചാമത്തെ ഊഴവും. ഇതിനുവേണ്ടി അവധിയെടുത്താ ഞാന്‍ വന്നിരിക്കുന്നത്. ഇനി നാളെ സമയം തികഞ്ഞില്ലേല് സര്‍ജറി വീണ്ടും മാറ്റിവയ്ക്കുമോ?'
"അതു താന്‍ പേടിക്കേണ്ട. എത്ര തിരക്കുണ്ടെങ്കിലും സര്‍ജറി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു നടത്തിയിട്ടേ ഡോക്ടര്‍ പോകൂ. സമയത്തിനനുസരിച്ചു സാര്‍ അഡ്ജസ്റ്റ് ചെയ്തോളും.'
"ഈ അഡ്ജസ്റ്റ് ചെയ്യുമെന്നൊക്കെ പറഞ്ഞാല്‍ എന്താ ഉദ്ദേശിച്ചത്?'
"തന്റെ ആവശ്യം നാളെ സര്‍ജറി നടക്കുകയെന്നതല്ലേ. സമയം വൈകി തന്റെ കൈയുടെ സര്‍ജറി തീരില്ലെന്നു തോന്നിയാല്‍ നാളത്തേക്കു തത്കാലം നാക്കോ മൂക്കോ മുറിച്ചു ഡോക്ടര്‍ കെട്ടിക്കോളും. തന്റെ അവധിയും വെറുതെയാവില്ല. കൈക്കു വേണമെങ്കില്‍ സമയം പോലെ പിന്നീടൊരെണ്ണം ചെയ്തോളും. താന്‍ ധൈര്യമായി സര്‍ജറിയുടെ കാര്യം അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോ!'
മിസ്ഡ് കോൾ
=താരപ്രചാരകരെ നിയന്ത്രിക്കണമെന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത.
=സോംനാംബുലിസം!