Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 10, 2018
 
 
    
 
Print this page
 

സന്തോഷത്തിന്റെ ഉറവിടം

വലിയ കോടീശ്വരനായിരുന്നു അമേരിക്കക്കാരനായ ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ (1839-1937). എണ്ണഖനനത്തിലൂടെ വന്‍തുക സമ്പാദിച്ച അദ്ദേഹം പ്രായം ചെന്നപ്പോള്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു:

''ഞാന്‍ ദശലക്ഷക്കണക്കിനു ഡോളര്‍ സമ്പാദിച്ചിട്ടുണ്ട്. പക്ഷേ, ആ പണംവഴി എനിക്ക് ഒരു സന്തോഷവും ലഭിച്ചിട്ടില്ല. ഞാന്‍ പണ്ടു ചെറുപ്പമായിരുന്നപ്പോള്‍ എനിക്ക് ആഴ്ചയില്‍ മൂന്നു ഡോളറായിരുന്നു ശമ്പളം കിട്ടിയിരുന്നത്. എന്നാല്‍ അന്നത്തെപ്പോലെയുള്ള സന്തോഷം എനിക്ക് പിന്നീടൊരിക്കലും ലഭിച്ചിട്ടില്ല.''

അമേരിക്കയില്‍ റെയില്‍ റോഡ് കമ്പനി സ്ഥാപിച്ചു പണം വാരിക്കൂട്ടിയ കൊര്‍ണേലിയസ് വാന്‍ഡര്‍ബില്‍റ്റ് (1794-1877) ഒരിക്കല്‍ എഴുതി: ''എനിക്കുള്ള ഇരുപതുകോടി ഡോളറിന്റെ സ്വത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാരമാണ്. ഇത്രയും ധനികനായിരിക്കുന്നതില്‍ എനിക്ക് അല്പംപോലും സന്തോഷമില്ല.''

അമേരിക്കയിലെ മറ്റൊരു പണക്കാരനായിരുന്ന ആന്‍ഡ്രൂ കാര്‍ണെജി ഒരിക്കല്‍ പറഞ്ഞു: ''കോടീശ്വരന്മാര്‍ക്കു ചിരിക്കാന്‍ സാധിക്കില്ല.''

അമേരിക്കയിലെ തന്നെ വേറൊരു കോടീശ്വരനായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്റര്‍ (1763-1848) പറഞ്ഞു: ''ഈ ഭൂമിയിലെ ഏറ്റവും നിര്‍ഭാഗ്യനായ മനുഷ്യന്‍ ഞാനാകുന്നു.''

ആവശ്യത്തിലേറെ പണമുണ്ടായിരുന്നവരായിരുന്നു റോക്ക് ഫെല്ലറും വാന്‍ഡര്‍ബില്‍റ്റും കാര്‍ണെജിയും ആസ്റ്ററുമൊക്കെ. എന്നാല്‍ അവര്‍ക്കാര്‍ക്കും പണം സന്തോഷം നല്‍കിയില്ല. എന്നുമാത്രമല്ല, അവരെ സംബന്ധിച്ചിടത്തോളം പണം ദുഃഖകാരണമായിരുന്നു.

പണം സന്തോഷം തരില്ലെന്നു പറഞ്ഞാല്‍ നാമാരെങ്കിലും അതു വിശ്വസിക്കുമോ? പണം കൊടുത്താല്‍ എന്തു സന്തോഷവും വിലയ്ക്കു വാങ്ങാമെന്നല്ലേ നമ്മില്‍ പലരുടെയും വിശ്വാസം? ഒരുപക്ഷേ നമ്മില്‍ പലരും പണത്തിന്റെ പിന്നാലെ പരക്കംപായുന്നതിന്റെ കാരണവും ഇതുതന്നെയല്ലേ?

ജീവിക്കാന്‍ നമുക്കു പണം വേണം. എന്നാല്‍ പണമുണെ്ടങ്കില്‍ ജീവിതത്തില്‍ സന്തോഷമായി എന്നു കരുതിയാല്‍ തെറ്റി.

ഇപ്പോഴത്തെ ടര്‍ക്കി എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന രാജ്യമാണ് ലിഡിയ. ലിഡിയയിലെ അവസാനത്തെ രാജാവായിരുന്ന ക്രോസൂസ് (മരണം: 546 ബി.സി.) വലിയ ധനികനായിരുന്നു.

ആഥന്‍സിലെ പ്രഗത്ഭനായ നിയമസഭാംഗമായിരുന്ന സോളോണ്‍ ഒരിക്കല്‍ ക്രോസൂസിനെ കാണാനെത്തി. ക്രോസൂസ് സോളോണിനെ വളരെ ആഡംബരപൂര്‍വം തന്നെ സ്വീകരിച്ചു. തന്റെ സ്വത്തും പ്രതാപവുമൊക്കെ കാണുമ്പോള്‍ സോളോണ്‍ അന്തംവിട്ടുപോകുമെന്നാണ് ക്രോസൂസ് കരുതിയത്. എന്നാല്‍, സോളോണ്‍ അവയൊന്നും കണ്ടഭാവംപോലും നടിച്ചില്ല.

അപ്പോള്‍ തന്റെ രത്‌നങ്ങളുടെയും സ്വര്‍ണാഭരണങ്ങളുടെയുമൊക്കെ ശേഖരം സോളോണിനെ കാണിച്ചുകൊടുക്കാന്‍ ക്രോസൂസ് സേവകരോടു പറഞ്ഞു. എന്നാല്‍, അവയൊക്കെ കണ്ടിട്ടും സോളോണിന് ഒരു ഭാവവ്യത്യാസവും വന്നില്ല.

ക്രോസൂസ് സോളോണിനോടു ചോദിച്ചു: ''എന്നെക്കാള്‍ സന്തോഷവാനായ ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണേ്ടാ?'' അപ്പോള്‍ സോളോണ്‍ പറഞ്ഞു: ''ഉണ്ട്, ആഥന്‍സിലെ ടെല്ലസ് എന്ന സാധാരണക്കാരനായ ഒരു മനുഷ്യന്‍. അധ്വാനിയായിരുന്നു അയാള്‍. മക്കളെയെല്ലാം അയാള്‍ നന്നായി വളര്‍ത്തി. അവസാനം രാജ്യത്തിനുവേണ്ടി പോരാടി അയാള്‍ ധീരമരണം വരിച്ചു.''

അപ്പോള്‍ ക്രോസൂസ് ചോദിച്ചു: ''ടെല്ലസ് കഴിഞ്ഞാല്‍ പിന്നെ ആരാണ് ഏറ്റവും സന്തോഷവാനായ മനുഷ്യന്‍?'' സോളോണ്‍ ഒരു അമ്മയുടെയും രണ്ടു മക്കളുടെയും കഥ പറഞ്ഞു. എല്ലാ നല്ല ഗുണങ്ങളുടെയും വിളനിലമായിരുന്ന രണ്ടു മക്കളാണ് ആ അമ്മയ്ക്കുണ്ടായിരുന്നത്. തന്മൂലം സോളോണിന്റെ അഭിപ്രായത്തില്‍ ആ അമ്മയായിരുന്നു ടെല്ലസ് കഴിഞ്ഞാല്‍ ഏറ്റവും സന്തോഷമുള്ളയാള്‍.

ക്രോസൂസ് ചോദിച്ചു: ''ഇത്രയും സമ്പത്തുള്ള എന്നെ സന്തോഷവാന്മാരുടെ ഗണത്തില്‍പ്പെടുത്തുന്നില്ലേ?'' അപ്പോള്‍ സോളോണ്‍ പറഞ്ഞു: ''ഇന്ന് അങ്ങ് അനുഭവിക്കുന്ന പണം എത്രകാലം നീണ്ടുനില്‍ക്കും? ഒരുപക്ഷേ നാളെ അവയെല്ലാം നഷ്ടപ്പെട്ടാല്‍ അങ്ങയുടെ സ്ഥിതി എന്തായിരിക്കും? അപ്പോള്‍ അങ്ങ് സന്തോഷവാനായിരിക്കുമോ? ദൈവം ആര്‍ക്കു സന്തോഷം നല്‍കുന്നുവോ അവര്‍ മാത്രമേ യഥാര്‍ഥത്തില്‍ സന്തോഷമുള്ളവരായിരിക്കൂ.''

ഈ സംഭാഷണത്തിനുശേഷം അധികനാള്‍ കഴിയുന്നതിനുമുമ്പ് പേര്‍ഷ്യയിലെ രാജാവായിരുന്ന സൈറസ്, ക്രോസൂസിനെ യുദ്ധത്തില്‍ തോല്പിച്ചു തടവുകാരനാക്കി. ക്രോസൂസിനെ ജീവനോടെ അഗ്‌നിയില്‍ ദഹിപ്പിക്കാനായിരുന്നു സൈറസിന്റെ തീരുമാനം.

ഈ തീരുമാനമറിഞ്ഞപ്പോള്‍ ക്രോസൂസ് നീട്ടിവിളിച്ചു: ''ഓ, സോളോണ്‍, സോളോണ്‍, സോളോണ്‍! താങ്കള്‍ പറഞ്ഞത് എത്ര ശരിയായിരുന്നു!''

തന്റെ സ്വത്തും സമ്പാദ്യവുമൊക്കെ തനിക്കെന്നും സന്തോഷത്തിനു കാരണമാകുമെന്നാണ് ക്രോസൂസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ക്രോസൂസിന്റെ സ്വത്തുക്കള്‍തന്നെ അദ്ദേഹത്തിന്റെ നാശത്തിനു വഴിതെളിക്കുകയാണു ചെയ്തത്. സൈറസ് ക്രോസൂസിനെ ആക്രമിച്ചതുതന്നെ ക്രോസൂസിനെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

സ്വത്തുണെ്ടങ്കില്‍ അതെപ്പോഴും നമുക്കു സന്തോഷം പകരുമെന്നല്ലേ നമ്മില്‍ പലരുടെയും വിശ്വാസം? എന്നാല്‍ ദൈവം നമുക്കു സന്തോഷം നല്‍കാതെ നമ്മില്‍ യഥാര്‍ഥ സന്തോഷമുണ്ടാകുന്നത് എങ്ങനെയാണ്? ഇന്നു നമുക്കുള്ള സ്വത്ത് നാളെ നമ്മുടെ സന്തോഷത്തെക്കാളേറെ നമ്മുടെ ദുഃഖത്തിനു കാരണമാകുകയില്ലെന്ന് ആര്‍ക്കു പറയാന്‍ സാധിക്കും?

ക്രോസൂസ് ഒരുരീതിയില്‍ ഭാഗ്യവാനായിരുന്നു. അദ്ദേഹം സോളോണിനെ നീട്ടിവിളിച്ചതു കേള്‍ക്കാനിടയായ സൈറസ് രാജാവ് കാര്യമെന്താണെന്നു തിരക്കി. അപ്പോള്‍ ക്രോസൂസ്, സോളോണ്‍ പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു. കഥ കേട്ടതിനെത്തുടര്‍ന്നു സൈറസ് രാജാവ് ക്രോസൂസിനെ മോചിപ്പിക്കുകയും ബഹുമാനപൂര്‍വം അദ്ദേഹത്തോടു പെരുമാറുകയും ചെയ്തു.

ധനമല്ല, പ്രത്യുത ദൈവമാണു യഥാര്‍ഥത്തില്‍ സന്തോഷത്തിന്റെ ഉറവിടം എന്നു ക്രോസൂസിന് അന്നു ബോധ്യമായി. നമുക്കും ഇതേ ബോധ്യമുണ്ടായാല്‍ നാമും ഭാഗ്യമുള്ളവരുടെ ഗണത്തില്‍പ്പെടുമെന്നു തീര്‍ച്ചയാണ്.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.