Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 22, 2019
 
 
    
 
Print this page
 

ദൈവത്തെ അന്വേഷിക്കാം, പ്രാര്‍ഥനയിലൂടെ

പ്രാര്‍ഥനയെക്കുറിച്ച് ഒരു സിനിമ ഇറങ്ങിയാല്‍ വിജയിക്കുമോ? 2015 ഓഗസ്റ്റില്‍ 'വാര്‍ റൂം' എന്ന പേരില്‍ ഒരു സിനിമ ഇറങ്ങിയപ്പോള്‍ പ്രമുഖ സിനിമാ നിരൂപകരില്‍ പലരും ചോദിച്ച ചോദ്യമാണിത്. എന്നാല്‍ അവരുടെയൊക്കെ നാവടപ്പിച്ചുകൊണ്ട് ഈ സിനിമ അദ്ഭുതകരമായ 'ബോക്‌സ് ഓഫീസ്' വിജയം നേടി.

മുപ്പതുലക്ഷം ഡോളറായിരുന്നു ഈ സിനിമയുടെ നിര്‍മാണത്തിനു ചെലവഴിക്കപ്പെട്ടത്. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങി ഏതാനും മാസത്തിനുള്ളില്‍ ഏഴുകോടി ഡോളറാണു നിര്‍മാതാക്കള്‍ക്കു ലഭിച്ചത്. ട്രൈസ്റ്റാര്‍ പിക്‌ചേഴ്‌സ് വിതരണംചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് അലക്‌സ് കെന്‍ഡ്രിക് ആണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടു കെന്‍ഡ്രിക് സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയാണിത്.

പ്രൊട്ടസ്റ്റന്റ് മതപുരോഹിതനായ കെന്‍ഡ്രിക് തന്റെ

സഹോദരനായ സ്റ്റീഫനുമായി പങ്കുചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ജോലിചെയ്യുന്ന എലിസബത്ത് ജോര്‍ഡന്‍ എന്ന ഒരു കുടുംബിനിയാണ്. അവരുടെ ഭര്‍ത്താവായ ടോണി ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സെയില്‍സ്മാനും. അവര്‍ക്കു ദാനിയേല എന്ന

പത്തുവയസുള്ള ഒരു മകളുണ്ട്. അവര്‍ ജീവിക്കുന്നതാകട്ടെ കൊട്ടാരതുല്യമായ ഒരു വീട്ടിലും.

പുറത്തുനിന്നു നോക്കുമ്പോള്‍ അസൂയ ജനിപ്പിക്കുന്ന കുടുംബമാണ് എലിസബത്തിന്റേത്. എന്നാല്‍ അകത്തെ കാര്യങ്ങള്‍ വലിയ പൊട്ടിത്തെറിയുടെ വക്കിലാണ്. എലിസബത്തും ടോണിയും തമ്മില്‍ എപ്പോഴും ശണ്ഠയാണ്. മകളുടെ കാര്യം അന്വേഷിക്കാന്‍ അവര്‍ക്കു സമയവുമില്ല. ഇതിനിടെ ടോണിയുടെ ശ്രദ്ധ സുന്ദരിയായ ഒരു സ്ത്രീയിലേക്കു തിരിയുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ക്ലാര എന്ന ഒരു വൃദ്ധയുടെ വീട് വില്‍ക്കുന്ന കാര്യവുമായി എലിസബത്ത് ബന്ധപ്പെടുന്നത്. എലിസബത്തുമായി സംസാരിച്ച ആദ്യനിമിഷംതന്നെ എലിസബത്ത് സന്തോഷവതിയല്ലെന്നു ക്ലാര മനസിലാക്കി. അതിനുള്ള കാരണം ടോണിയുമായുള്ള വിവാഹബന്ധത്തിലെ തകര്‍ച്ചയാണെന്നും ക്ലാര കണെ്ടത്തി.

ക്ലാരയുടെ വീട് വില്‍ക്കാന്‍വേണ്ടിയുള്ള വിശദാംശങ്ങള്‍ എലിസബത്ത് തിരക്കുമ്പോള്‍ ക്ലാര പെട്ടെന്നു ചോദിച്ചു, 'നീ കര്‍ത്താവിനെ അറിയുമോ?' അപ്രതീക്ഷിത ചോദ്യം കേട്ടു പകച്ചുപോയ എലിസബത്ത് പറഞ്ഞു, 'അറിയാം എന്നു പറയാമെന്ന് എനിക്കു തോന്നുന്നു.' അപ്പോള്‍ വീണ്ടും ക്ലാര ചോദിച്ചു, 'നീ പ്രാര്‍ഥിക്കാറുണേ്ടാ?' ചോദ്യം ഇഷ്ടപ്പെടാതെ എലിസബത്തു പറഞ്ഞു, 'വല്ലപ്പോഴും. പിന്നെ, ഞങ്ങള്‍ ജോലിചെയ്യുന്നവരാണ്. എപ്പോഴും തിരക്കുണ്ട്.'

എലിസബത്ത് പ്രകടിപ്പിച്ച അനിഷ്ടം വകവയ്ക്കാതെ ക്ലാര വീണ്ടും ചോദിച്ചു, 'നീ നിന്റെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ഥിക്കാറുണേ്ടാ?' അപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ എലിസബത്ത് പറഞ്ഞു, 'വളരെ വിരളമായിട്ടു മാത്രം.' ഉടനെ ക്ലാര തന്റെ കഥ പറഞ്ഞു. താന്‍ ഭര്‍ത്താവിനെ നന്നാക്കാന്‍ നോക്കിയ കഥ. അതു ഭര്‍ത്താവുമായി നിരന്തരം യുദ്ധംചെയ്തുകൊണ്ടായിരുന്നില്ല. പ്രത്യുത ഭര്‍ത്താവിനുവേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു.

ക്ലാര, എലിസബത്തിനോടു പറഞ്ഞു, 'ഭര്‍ത്താവിനെ നന്നാക്കുന്ന ജോലി ഞാന്‍ ദൈവത്തിനു വിട്ടുകൊടുത്തു. എന്റെ ജോലി ദൈവത്തെ നിരന്തരം അന്വേഷിക്കുകയും അവിടുത്തെ കണെ്ടത്തുകയുമായിരുന്നു. ദൈവത്തോടു യുദ്ധം ചെയ്യുന്ന എന്റെ പതിവും ഞാന്‍ ഉപേക്ഷിച്ചു. പകരം എന്റെ യുദ്ധമെല്ലാം ഞാന്‍ ദൈവത്തിനു വിട്ടുകൊടുത്തു.'

തന്റെ ജീവിതത്തിലെ യുദ്ധമെല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് താന്‍ നിരന്തരം ദൈവത്തെ തേടിയതുപോലെ എലിസബത്തും തേടാന്‍ ക്ലാര, എലിസബത്തിനെ ഉപദേശിച്ചു. അതുവഴിയായി എലിസബത്തും ആ വഴിയേ തിരിഞ്ഞു. അങ്ങനെ എലിസബത്തും തന്റെ ഭവനത്തില്‍ രഹസ്യമായി ഒരു വാര്‍ റൂം - പ്രാര്‍ഥനാമുറി - സജ്ജമാക്കി. എലിസബത്തിന്റെ നിരന്തരമായ പ്രാര്‍ഥനയുടെയും തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കാനുള്ള സന്നദ്ധതയുടെയും ഫലമെന്നവണ്ണം എലിസബത്തിന്റെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

പ്രാര്‍ഥനയുടെ ഫലമായി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ എന്നു ചിലര്‍ ആ സിനിമ കണ്ടുകഴിയുമ്പോള്‍ ചോദിച്ചേക്കാം. ആ ചോദ്യം സ്വാഭാവികവുമാണ്. പ്രാര്‍ഥനയുടെ ഫലമായി എല്ലാ പ്രശ്‌നങ്ങളും നാം ആഗ്രഹിക്കുന്നതുപോലെ പരിഹരിക്കപ്പെടും എന്ന നാം കരുതേണ്ട. എന്നാല്‍ പ്രാര്‍ഥനയുടെ ഫലമായി നമ്മുടെ ജീവിതത്തെ നിരന്തരം ദൈവത്തിനു വിട്ടുകൊടുക്കാനും അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ജീവിതപ്രശ്‌നങ്ങളെ മനസുമടുക്കാതെ അഭിമുഖീകരിക്കാനും സാധിക്കുമെന്നതാണു യാഥാര്‍ഥ്യം.

നാം ചിലപ്പോള്‍ പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയ്ക്ക് ഉടനെ ഫലം കണെ്ടന്നു വരില്ല. അപ്പോള്‍ നാം മനസുമടുത്ത് പ്രാര്‍ഥനതന്നെ ഉപേക്ഷിച്ചു എന്നിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ക്ലാര ചെയ്ത ഒരു കാര്യമുണ്ട്. അതു ദൈവം ഉത്തരം നല്‍കിയ പ്രാര്‍ഥനകള്‍ എപ്പോഴും നന്ദിയോടെ അനുസ്മരിക്കുക എന്നതാണ്. അതിനുവേണ്ടി ക്ലാര ഉത്തരംകിട്ടിയ പ്രാര്‍ഥനകളുടെ ഒരു ലിസ്റ്റ് മനോഹരമായി എഴുതി അത് ഫ്രെയിം ചെയ്തു ഭിത്തിയില്‍ സൂക്ഷിച്ചു!

നമ്മുടെ ജീവിതത്തിലും നമുക്ക് ഉത്തരം ലഭിച്ച പ്രാര്‍ഥനകള്‍ ധാരാളമുണ്ടായിരിക്കും. അവ ഒരു ലിസ്റ്റിട്ടെഴുതി ഫ്രെയിം ചെയ്തു ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും നമ്മുടെ ഹൃദയഭിത്തിയില്‍ എഴുതി നിരന്തരം സൂക്ഷിക്കുന്നത് ഏറെ നല്ലതാണ്. കാരണം, നമുക്ക് ഉത്തരം ലഭിച്ചില്ലെന്നു നാം കരുതിയ ഒരു പ്രാര്‍ഥനയുടെ പേരില്‍ നമുക്ക് ഉത്തരം ലഭിച്ച അനേകം പ്രാര്‍ഥനകള്‍ നാം വിസ്മരിക്കുന്നത് നന്ദിഹീനതയാണ്.

ക്ലാരയുടെ ജീവിതത്തിനു കരുത്തു പകര്‍ന്നത് അവര്‍ തന്റെ ഭവനത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്നു പറയുന്ന അവരുടെ പ്രാര്‍ഥനാമുറിയാണ്. ക്ലാരയെപ്പോലെ എലിസബത്തും ഒരു പ്രാര്‍ഥനാമുറിക്ക് രൂപം നല്‍കി അത് തന്റെ ഭവനത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റി. ആ സ്ഥലത്ത് ധാരാളം സമയം ചെലവഴിച്ചുകൊണ്ടാണ് എലിസബത്ത് തന്റെ ജീവിതപ്രശ്‌നങ്ങള്‍ക്കിടയില്‍ പ്രാര്‍ഥനയിലൂടെ വലിയ ഊര്‍ജം കണെ്ടത്തിയത്.

നമുക്കൊരുപക്ഷേ പ്രാര്‍ഥനാമുറിയുടെ അഭാവം ഉണ്ടാവില്ല. അഭാവം പ്രാര്‍ഥനയായിരിക്കും. ആത്മാര്‍ഥമായി ദൈവത്തെ തേടുന്ന, പ്രാര്‍ഥനയുടെ അഭാവം. അങ്ങനെയെങ്കില്‍ നിരന്തരമായി പ്രാര്‍ഥനയിലൂടെ അവിടുത്തെ നമുക്ക് അന്വേഷിക്കാം. അപ്പോള്‍ നമ്മുടെ ജീവിതയുദ്ധങ്ങള്‍ വിജയിക്കുന്നതിന് അവിടുന്ന് തീര്‍ച്ചയായും നമുക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.