Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
November 18, 2019
 
 
    
 
Print this page
 

മകള്‍ക്കു സമ്മാനിക്കാന്‍ ഒരു ചിത്രം

ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്ത്രീ ഒരു ചിത്രകാരനെത്തേടി പുറപ്പെട്ടു. തന്റെ മനോഹരമായ ഒരു ഛായാചിത്രം വരപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആര്‍ട്ടിസ്റ്റിനെ കണെ്ടത്തിയപ്പോള്‍ ആ സ്ത്രീ അയാളോടു പറഞ്ഞു: ''എനിക്കു പ്രായമായി. ഞാനിപ്പോള്‍ അത്ര സുന്ദരിയൊന്നുമല്ല. എങ്കിലും ഞാന്‍ സുന്ദരിയാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ എന്റെ ഛായാചിത്രം വരയ്ക്കണം.''

ആര്‍ട്ടിസ്റ്റിനു സ്വീകാര്യമായിരുന്നു ആ നിര്‍ദേശം. അയാള്‍ തന്റെ സ്റ്റുഡിയോയിലിരുന്ന് ആ സ്ത്രീയുടെ മുഖം കാന്‍വാസില്‍ സ്‌കെച്ചു ചെയ്യുവാന്‍ തുടങ്ങി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: ''ചിത്രത്തില്‍ എന്റെ കഴുത്തില്‍ വിലപിടിപ്പുള്ള ഒരു വജ്രമാല ഉണ്ടാകണം.''

ആര്‍ട്ടിസ്റ്റിനു സ്വീകാര്യമായിരുന്നു ഈ നിര്‍ദേശവും.

ആ സ്ത്രീ വീണ്ടും പറഞ്ഞു: ''എന്റെ കാതുകളില്‍ വൈരക്കല്ലു പതിച്ച കമ്മലുകളും ഉണ്ടാകണം. അവയുടെ തിളക്കം ചിത്രത്തില്‍ ശരിക്കും പ്രതിഫലിക്കണം.'' ഈ നിര്‍ദേശവും ആര്‍ട്ടിസ്റ്റ് തലകുലുക്കി സമ്മതിച്ചു.

അപ്പോള്‍ ആവേശപൂര്‍വം ആ സ്ത്രീ പറഞ്ഞു: 'ഇത്രയും മാത്രം പോരാ. വിലയേറിയ ഇന്ദ്രനീലക്കല്ലു പതിപ്പിച്ച ഒരു സൂചിപ്പതക്കം മാറിലണിഞ്ഞിരിക്കുന്നതു പോലെ വേണം ചിത്രം വരയ്ക്കാന്‍. അതു കാണുമ്പോള്‍ ആരും അതിന്റെ വിലയെക്കുറിച്ച് അദ്ഭുതപ്പെടണം.''

''നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ഛായാചിത്രം ഞാന്‍ വരയ്ക്കാം,'' ആര്‍ട്ടിസ്റ്റ് പറഞ്ഞു. ''പക്ഷേ, അതിനുമുന്‍പ് നിങ്ങള്‍ അവ അണിഞ്ഞുകാണിക്കൂ. എങ്കിലല്ലേ അവ ആയിരിക്കുന്നതുപോലെ എനിക്കു വരയ്ക്കാനാവൂ.''

സ്ത്രീ പറഞ്ഞു: ''ഈ ആഭരണങ്ങളൊന്നും എന്റെ കൈവശമില്ല. ഞാന്‍ ഒരിക്കലും അവ വാങ്ങിച്ചിട്ടുമില്ല.''

''അങ്ങനെയെങ്കില്‍ പിന്നെ എന്തിന് ഇല്ലാത്ത ആഭരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഛായാചിത്രം വരയ്ക്കണം?'' ജിജ്ഞാസയോടെ ആര്‍ട്ടിസ്റ്റ് ചോദിച്ചു.

അപ്പോള്‍ ഒരു കള്ളച്ചിരിയോടെ ആ സ്ത്രീ പറഞ്ഞു: ''ഈ ഛായാചിത്രം വരയ്ക്കുന്നത് എന്റെ ഏക മകള്‍ക്കു സമ്മാനമായി നല്‍കുവാനാണ്!'' ആ സ്ത്രീ പറയുന്നതിന്റെ അര്‍ഥം എന്താണെന്നറിയാതെ ഒരു വിശദീകരണത്തിനായി അയാള്‍ കാത്തുനില്ക്കുമ്പോള്‍ സ്ത്രീ തുടര്‍ന്നു: ''എന്റെ വയസുകാലത്ത് എന്നെ അന്വേഷിക്കാത്ത മകളാണ് എനിക്കുള്ളത്. എന്നാല്‍, ഞാന്‍ വിലയേറിയ ആഭരണങ്ങള്‍ അണിഞ്ഞുള്ള ഒരു ഛായാചിത്രം കാണാനിടയായാല്‍ അവള്‍ എന്റെ ആഭരണങ്ങള്‍ കിട്ടുന്നതുവരെ എന്റെ കാര്യം അന്വേഷിക്കുമെന്നു തീര്‍ച്ചയാണ്!''

മക്കളും മാതാപിതാക്കളും തമ്മില്‍ ഇത്രമാത്രമേ ബന്ധമുള്ളോ എന്ന് ഈ കഥ വായിക്കുമ്പോള്‍ നമുക്കു തോന്നിയേക്കാം. തീര്‍ച്ചയായും മാതാപിതാക്കളെ സ്‌നേഹപൂര്‍വം അന്വേഷിക്കുന്ന മക്കളാണു ഭൂരിഭാഗവും നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍, മാതാപിതാക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരെ മറക്കുന്ന മക്കളുണ്ട് എന്നു സമ്മതിക്കാതെ വയ്യ.

മാതാപിതാക്കള്‍ക്കു പണമുണെ്ടങ്കില്‍ മക്കള്‍ അവരുടെ പിന്നാലെയുണ്ടാകും എന്നതാണ് ഒരു വസ്തുത. അതുകൊണ്ടാണല്ലോ മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ സ്ത്രീ തനിക്കു പണമുണെ്ടന്ന ധാരണ മകള്‍ക്കു കൊടുക്കുവാന്‍ തീരുമാനിച്ചത്. കുടുംബബന്ധങ്ങള്‍ പോലും പലപ്പോഴും നിലകൊള്ളുന്നത് പണത്തെ ആശ്രയിച്ചാണെന്നു ചുരുക്കം.

മക്കള്‍ മാതാപിതാക്കളുടെ കാര്യം തീര്‍ച്ചയായും അന്വേഷിക്കണം. എന്നാല്‍, പ്രായപൂര്‍ത്തിയായ മക്കള്‍ സ്വന്തം കാര്യം അന്വേഷിച്ചു പുറപ്പെട്ടാല്‍ അതു മാതാപിതാക്കളോടു നന്ദിഹീനത കാണിക്കുന്നതായിട്ടു കരുതിയാല്‍ അതു മുഴുവനും ശരിയായിരിക്കണമെന്നില്ല. കാരണം, അവര്‍ക്കും അവരുടെ കുടുംബകാര്യങ്ങളും ജോലിക്കാര്യങ്ങളുമൊക്കെ നോക്കണമല്ലോ. തന്മൂലം മക്കള്‍ എപ്പോഴും മാതാപിതാക്കളുടെ കാര്യം നോക്കാന്‍ കൂടെയുണ്ടാകണമെന്നു ശാഠ്യം പിടിക്കാതിരിക്കുന്നതാണു നല്ലത്.

മക്കളെ ശരിക്കും സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ മക്കളുടെ നന്മയായിരിക്കും മറ്റെന്തിനെയുംകാള്‍ ആഗ്രഹിക്കുക. അങ്ങനെയുള്ള മാതാപിതാക്കളെ മക്കള്‍ നോക്കിയില്ലെങ്കില്‍പ്പോലും അവര്‍ കുണ്ഠിതപ്പെടുകയില്ല. കാരണം, അവരുടെ ശ്രദ്ധ എപ്പോഴും തങ്ങളുടെ മക്കളുടെ നന്മയിലും സന്തോഷത്തിലുമാണ്.

മക്കളെ നിസ്വാര്‍ഥമായി സ്‌നേഹിക്കുന്ന മാതാപിതാക്കളെ അവരുടെ മക്കള്‍ വിസ്മരിക്കുക അത്ര എളുപ്പമല്ല. തന്മൂലം മക്കള്‍ മാതാപിതാക്കളെ വിസ്മരിക്കുന്നെങ്കില്‍ അതിന് ഒരുപരിധിവരെയെങ്കിലും കുറ്റക്കാര്‍ മാതാപിതാക്കള്‍ തന്നെയാകാം.

മക്കളാണെങ്കിലും മാതാപിതാക്കളാണെങ്കിലും സ്വന്തം സുഖത്തെക്കാളും നന്മയെക്കാളുമേറെ തങ്ങളുടെ മാതാപിതാക്കളുടെ അല്ലെങ്കില്‍ മക്കളുടെ സുഖവും സന്തോഷവും ഉറപ്പുവരുത്താനാണു ശ്രദ്ധിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ മാതാപിതാക്കള്‍ മക്കളെയോ മക്കള്‍ മാതാപിതാക്കളെയോ മറക്കുകയില്ല എന്നു തീര്‍ച്ചയാണ്.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.