Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
February 27, 2020
 
 
    
 
Print this page
 

ഭയപ്പെടാതിരിക്കുവാനും ധൈര്യം നേടുവാനും

ബോധോദയം ലഭിച്ച ഒരു ഗുരുവായിരുന്നു ആ സെന്‍ ആശ്രമത്തിലേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു ധാരാളം ശിഷ്യരുണ്ടായിരുന്നു. അവരെല്ലാവരും ഗുരുവിനോടൊപ്പം ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്.

പഠനവും ആശ്രമത്തിലെ ദിനചര്യകളുമായി അവര്‍ അങ്ങനെ കഴിയുന്നകാലം. അങ്ങനെയിരിക്കേ ഒരു ഭൂകമ്പമുണ്ടായി. ഭൂകമ്പം മൂലം ആശ്രമത്തിന്റെ പലഭാഗങ്ങളും തകര്‍ന്നു വീണു. ആശ്രമത്തിലെ പ്രാര്‍ത്ഥനാലയം നിലംപരിശായി. ആശ്രമാംഗങ്ങള്‍ എല്ലാവരും രക്ഷപ്പെട്ടെങ്കിലും അവരെല്ലാവരും ഏറെ ഭയപ്പെട്ടുപോയി.

ഭൂകമ്പം ശമിച്ചപ്പോള്‍ ആശ്രമാധിപനായ ഗുരു ശിഷ്യരോടു പറഞ്ഞു: ''സെന്‍ ധ്യാനരീതിയില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഒരാള്‍ ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ എങ്ങനെ പെരുമാറുമെന്നു നിങ്ങള്‍ക്കിപ്പോള്‍ മനസിലായിക്കാണുമല്ലോ. ഭൂകമ്പമുണ്ടായപ്പോള്‍ ഞാന്‍ പതറിപ്പോയില്ലെന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.''

ശിഷ്യന്മാര്‍ ശ്രദ്ധാപൂര്‍വം അങ്ങനെ നില്ക്കുമ്പോള്‍ ഗുരു തുടര്‍ന്നു: ''എന്താണു സംഭവിക്കുന്നതെന്നും ഞാന്‍ എന്താണു ചെയ്യേണ്ടതെന്നും എനിക്കപ്പോള്‍ നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണു നമ്മുടെ ആശ്രമത്തിന്റെ ഏറ്റവും ഉറപ്പുള്ള ഭാഗമായ അടുക്കളയിലേക്കു നിങ്ങളെ കൊണ്ടുപോയത്. ''അതൊരു നല്ല തീരുമാനമായിരുന്നു എന്നു വ്യക്തമാണല്ലോ. കാരണം, നാമെല്ലാവരും പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. പ്രതിസന്ധിയുണ്ടായപ്പോള്‍ ഞാന്‍ പതറുകയോ എന്റെ മാനസികാവസ്ഥയ്ക്കു വലിയ മാറ്റം വരുകയോ ചെയ്തില്ല. എന്നിരുന്നാലും എനിക്കല്പം പിരിമുറുക്കം ഉണ്ടായി എന്നു ഞാന്‍ സമ്മതിക്കുന്നു. പ്രതിസന്ധിക്കിടയില്‍ ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചതില്‍ നിന്നു നിങ്ങള്‍ അത് അനുമാനിച്ചുകാണുമല്ലോ.''

ഗുരുവിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ശിഷ്യരിലൊരാള്‍ ഊറിച്ചിരിച്ചു. എങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല. ഉടനേ ഗുരു അയാളോടു ചോദിച്ചു: ''താന്‍ എന്തിനെക്കുറിച്ചാണ് കളിയാക്കിച്ചിരിക്കുന്നത്?'' അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ''അങ്ങു കുടിച്ചതു വെള്ളം അല്ലായിരുന്നു. അത് വലിയൊരു ഗ്ലാസ് വിനാഗിരി ആയിരുന്നു!'

ഭൂകമ്പത്തിനിടയില്‍ ഭയപ്പെട്ടില്ലെന്നവകാശപ്പെട്ട ആ ഗുരു വാസ്തവത്തില്‍ അത്യധികം ഭയപ്പെട്ടുപോയിരുന്നു. വെറുതെയല്ല വെള്ളം ആണെന്നു കരുതി വലിയൊരു ഗ്ലാസ് നിറയെ വിനാഗിരി അകത്താക്കിയത്. ഭയപ്പെട്ട് ടെന്‍ഷന് അടിപ്പെട്ടു പോയില്ലായിരുന്നുവെങ്കില്‍ വിനാഗിരി രുചിച്ചപ്പോള്‍ത്തന്നെ അയാള്‍ അക്കാര്യം മനസിലാക്കുമായിരുന്നു.

നാം എത്രമാത്രം ധൈര്യശാലികളാണെന്ന് അവകാശപ്പെട്ടാലും പല മാതിരിയുള്ള ഭയങ്ങള്‍ക്കു നാം അടിമകളാണെന്നതാണ് വാസ്തവം. നമ്മില്‍ പലരും പലപ്പോഴും പറയാറുള്ളതു പോലെ, ഭൂതപ്രേതാദികളെയൊന്നും നമുക്കു ഭയമില്ലായിരിക്കാം. എന്നാല്‍, സ്വന്തം ജീവിതത്തെക്കുറിച്ച് എന്തെങ്കിലും ഭയപ്പാടില്ലാത്തവര്‍ ആരെങ്കിലും കാണുമോ? ആരെയും ഒന്നിനെയും ഭയമില്ലെന്നു പറയുമ്പോഴും നമ്മുടെ ഭാവി എങ്ങനെയുള്ളതായിരിക്കും എന്നതിനെക്കുറിച്ചുള്ള ആശങ്കകളായിരിക്കുയില്ലേ നമ്മുടെ മനസില്‍? അതുപോലെ, നമ്മുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളും നമ്മില്‍ ആശങ്കകള്‍ ഉണര്‍ത്താറില്ലേ?

നമ്മെക്കുറിച്ചു മാത്രമല്ല, നമ്മോട് അടുത്തു ബന്ധപ്പെട്ട എല്ലാവരെക്കുറിച്ചും, പ്രത്യേകിച്ച് നമ്മുടെ കുടുംബാംഗങ്ങളെക്കുറിച്ച്, നമുക്കു ഭയാശങ്കകള്‍ ഉണ്ടാവുക സ്വാഭാവികമല്ലേ? അപ്പോള്‍ പിന്നെ, നമുക്കു ഭയമില്ല എന്നു പറയുവാന്‍ എങ്ങനെയാണ് സാധിക്കുക? ബോധോദയം ലഭിച്ചു എന്നു പറഞ്ഞ സെന്‍ ഗുരുവിനു ഭയമുണ്ടായാല്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയണോ?

ഓരോരോ കാര്യങ്ങളെക്കുറിച്ചുള്ള ഭയം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍, നാം എപ്പോഴും അങ്ങനെ ഭയപ്പെട്ടു കഴിയേണ്ടതില്ല എന്നതാണു വാസ്തവം. ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന ഉറച്ച ബോധ്യവും അവിടുത്തെ സ്‌നേഹപരിപാലനത്തില്‍ ആഴമായ വിശ്വാസവും നമുക്കുണെ്ടങ്കില്‍ നാം അനാവശ്യമായി ഭയപ്പെടുകയില്ല.

ഏശയ്യാ പ്രവാചകനില്‍ക്കൂടി ദൈവം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: ''നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും... നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും'' (41:10-14).

ദൈവം ജറമിയ പ്രവാചകനില്‍ക്കൂടി വീണ്ടും അരുളിച്ചെയ്യുന്നു: ''നീ ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്'' (ജറമിയ 1:8). നിയമാവര്‍ത്തന പുസ്തകത്തില്‍ അവിടുന്ന് ഇപ്രകാരം നമ്മെ ഓര്‍മപ്പെടുത്തുന്നു: ''നിങ്ങള്‍ ശക്തരും ധീരരുമായിരിക്കുവിന്‍. നിങ്ങള്‍ ഭയപ്പെടേണ്ട' (31:6).

ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നത്, തന്മൂലം നമുക്കു ഭയപ്പെടേണ്ടതായി ഒന്നുമില്ല. അവിടുത്തെ കരം ഗ്രഹിച്ച് നാം മുന്നോട്ടു പോവുക മാത്രം ചെയ്താല്‍ മതിയാവും. അപ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ എല്ലാ ഭയങ്ങളും സ്വാഭാവികമായി അപ്രത്യക്ഷമായിക്കൊള്ളും. എന്നുമാത്രമല്ല, അപ്പോള്‍ നാം യഥാര്‍ഥ ധൈര്യശാലികളെപ്പോലെ ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുകയും ചെയ്യും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.