Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
July 14, 2020
 
 
    
 
Print this page
 

ആത്മവിശ്വാസത്തിന്റെ ഉറവിടം

ഒരിക്കല്‍ ഒരു വലിയ കമ്പനിയുടെ ഉടമ ഒരു വന്‍ കടക്കെണിയില്‍ വീണു. ലക്ഷക്കണക്കിനു ഡോളര്‍ പലര്‍ക്കും കൊടുക്കാനുള്ള അവസ്ഥ. കമ്പനിക്കു പല ബിസിനസ് സംരംഭങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നുംതന്നെ വിജയത്തിലല്ലായിരുന്നു. എവിടെനിന്നെങ്കിലും വലിയ തുക ലഭിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടുമെന്ന അവസ്ഥയിലായി.

കമ്പനി അടച്ചുപൂട്ടാതിരിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കമ്പനിയുടമ അല്പം ആശ്വാസം ലഭിക്കാന്‍ അടുത്തുള്ള പാര്‍ക്കിലേക്കു പോയി. അവിടെ ഒരു തണല്‍മരത്തിനടിയിലുള്ള ബഞ്ചിലിരുന്ന് അയാള്‍ ആലോചിക്കാന്‍ തുടങ്ങി. അപ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച ഒരു വൃദ്ധന്‍ അയാളുടെ മുന്നിലെത്തി.

അല്പസമയം കമ്പനി ഉടമയെ സൂക്ഷിച്ചുനോക്കിയശേഷം സാന്ത്വനം സ്ഫുരിക്കുന്ന സ്വരത്തില്‍ വൃദ്ധന്‍ ചോദിച്ചു: നിങ്ങള്‍ക്ക് എന്തുപറ്റി? എന്തോ കാര്യം നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതായി തോന്നുന്നല്ലോ?

അപ്പോള്‍ പ്രത്യേകിച്ചൊന്നും ആലോചിക്കാതെ കമ്പനി ഉടമ തന്റെ കദനകഥ പറഞ്ഞു. എവിടെനിന്നെങ്കിലും കുറെ പണം ലഭിക്കാതെ താന്‍ രക്ഷപ്പെടില്ല എന്നുവരെ അയാള്‍ പറഞ്ഞു. അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു: എനിക്കു നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്നു തോന്നുന്നു. എന്താണ് നിങ്ങളുടെ പേര്?

ഉടനെ കമ്പനി ഉടമ തന്റെ പേരു പറഞ്ഞു. അപ്പോള്‍ വൃദ്ധന്‍ പോക്കറ്റില്‍നിന്നു തന്റെ ചെക്ക് ബുക്ക് എടുത്ത് അയാളുടെ പേരില്‍ ഒരു ചെക്ക് എഴുതി. ആ ചെക്ക് അയാള്‍ക്കു കൊടുത്തുകൊണ്ടു വൃദ്ധന്‍ പറഞ്ഞു: നിങ്ങള്‍ ഈ ചെക്ക് സ്വീകരിക്കൂ. എന്നിട്ട് നിങ്ങളുടെ കടം വീട്ടി ബിസിനസ് മെച്ചപ്പെടുത്തൂ. കൃത്യം ഒരു വര്‍ഷത്തിനുശേഷം നമ്മള്‍ ഇവിടെവച്ചു കാണും. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ പണം മടക്കിത്തരാം.

ഇത്രയും പറഞ്ഞശേഷം വൃദ്ധന്‍ പുറംതിരിഞ്ഞു വന്നവഴിയിലൂടെ വേഗം അപ്രത്യക്ഷനായി. അദ്ദേഹം പോയപ്പോള്‍ കമ്പനി ഉടമ ചെക്കിലേക്കു നോക്കി. അഞ്ചു ലക്ഷം ഡോളറിന്റെ ഒരു ചെക്ക്. അതില്‍ ഒപ്പിട്ടിരിക്കുന്നതാകട്ടെ ആ കാലഘട്ടത്തിലെ വലിയ കോടീശ്വരന്മാരിലൊരാളായിരുന്ന ജോണ്‍ റോക്ക് ഫെല്ലറും.

എന്റെ പ്രശ്‌നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചിരിക്കുന്നു. അയാള്‍ സ്വയം പറഞ്ഞു. എന്നിട്ട് അയാള്‍ നേരേ തന്റെ ഓഫീസിലേക്കു പോയി. അപ്പോഴേക്കും അയാളുടെ ആത്മവിശ്വാസം പത്തിരട്ടിയായി വര്‍ധിച്ചിരുന്നു. അയാള്‍ തന്റെ കമ്പനിയുടെ പ്രശ്‌നങ്ങളെക്കുറിച്ചു വീണ്ടും ചിന്തിച്ചു. ഉടനെ അയാള്‍ ഒരു തീരുമാനത്തിലെത്തി. തനിക്കു വായ്പയായി ലഭിച്ച ചെക്ക് തത്കാലം ബാങ്കില്‍ നിക്ഷേപിക്കുന്നതിനു പകരം സുരക്ഷിതമായി തന്റെ സെയ്ഫില്‍ സൂക്ഷിക്കാനായിരുന്നു അയാളുടെ തീരുമാനം.

തന്റെ കൈവശം അഞ്ചുലക്ഷം ഡോളര്‍ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തില്‍ അയാള്‍ ചില പുതിയ ബിസിനസ് നടത്തി. അവയെല്ലാം വന്‍ വിജയങ്ങളായി മാറി. അങ്ങനെ അയാള്‍ കടക്കെണിയില്‍നിന്നുപുറത്തുവന്നു. എന്നു മാത്രമല്ല, അയാള്‍ കമ്പനിയെ വീണ്ടും ലാഭത്തിലെത്തിച്ചു.

വര്‍ഷമൊന്നു കഴിഞ്ഞപ്പോള്‍ അയാള്‍ സെയ്ഫില്‍ സൂക്ഷിച്ചിരുന്ന ചെക്കുമെടുത്തു മുന്‍പു പോയ പാര്‍ക്കില്‍ വീണ്ടുമെത്തി. അല്പം കഴിഞ്ഞപ്പോള്‍ മുന്‍പ് ചെക്ക് നല്‍കിയ വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ വൃദ്ധനോടു തന്റെ വിജയകഥ പറയാന്‍ തുടങ്ങുമ്പോള്‍ അടുത്തുള്ള ഒരു നഴ്‌സിംഗ് ഹോമില്‍നിന്ന് ഒരു നഴ്‌സ് ഓടിയെത്തി അയാളോടു പറഞ്ഞു: ക്ഷമിക്കണേ, ഇദ്ദേഹം നിങ്ങളെ ശല്യപ്പെടുത്തിയില്ലെന്നു കരുതുന്നു. ഇദ്ദേഹം വിചാരിക്കുന്നതു താന്‍ റോക്ക്‌ഫെല്ലര്‍ ആണെന്നാണ്. അങ്ങനെയാണ് എല്ലാവരോടും പറയുന്നത്.

അപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ തന്റെ ബിസിനസ് വളര്‍ത്തിയതു തന്റെ സെയ്ഫില്‍ അഞ്ചുലക്ഷം ഡോളറിന്റെ ഒരു ചെക്ക് ഇരിപ്പുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലായിരുന്നല്ലോ എന്ന് അയാള്‍ ഓര്‍ത്തു. അപ്പോള്‍ ഒരു കാര്യം അയാള്‍ക്കു വ്യക്തമായി. അതായത് തന്റെ കമ്പനിയെ രക്ഷിച്ചതു യഥാര്‍ഥത്തില്‍ പണമായിരുന്നില്ല. പ്രത്യുത തന്റെ പുതിയ ആത്മവിശ്വാസം ആയിരുന്നു എന്ന കാര്യം.

അമേരിക്കന്‍ കോടീശ്വരനായിരുന്ന റോക്ക്‌ഫെല്ലറിനെ ബന്ധപ്പെടുത്തിയുള്ള ഈ കഥ ശരിക്കും സംഭവിച്ചതായിരിക്കാന്‍ സാധ്യതയില്ല. നമ്മുടെ ജീവിതത്തിലെ വിജയത്തിനു നമ്മെ സഹായിക്കുന്നതെന്നു നമ്മെ അനുസ്മരിപ്പിക്കാന്‍ വേണ്ടി ഏതോ ഒരു ഭാവനാശാലി ഈ കഥ മെനഞ്ഞെടുത്തതാകാനാണു സാധ്യത.

ജീവിതവിജയത്തിനു നമുക്ക് ആത്മവിശ്വാസം കൂടിയേ തീരൂ. നമ്മുടെ കഴിവുകളിലും സിദ്ധികളിലുമൊന്നും ആത്മവിശ്വാസമില്ലെങ്കില്‍ ജീവിതത്തില്‍ വജിയപൂര്‍വം മുന്നോട്ടുപോകാന്‍ നമുക്കു സാധിക്കില്ലെന്നതാണു വസ്തുത. പക്ഷേ, എങ്ങനെയാണ് ആത്മവിശ്വാസമുണ്ടാകുക.

നമുക്കു ശരിയായ ആത്മവിശ്വാസം ഉണ്ടാകണമെങ്കില്‍ ശരിയായ വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ വിവിധ കഴിവുകളും സിദ്ധികളും വളര്‍ത്താനും വികസിപ്പിക്കാനും സാധിക്കണം. അതുപോലെ ചെറിയ കാര്യമാണെങ്കിലും വലിയ കാര്യമാണെങ്കിലും അതിന്റെ പൂര്‍ണതയില്‍ ചെയ്യാന്‍ നാം പരിശീലിക്കണം. അപ്പോള്‍ നാം അറിയാതെതന്നെ ആത്മവിശ്വാസം നമ്മില്‍ വളര്‍ന്നുകൊള്ളും.

എന്നാല്‍, ഇവയെക്കാളേറെ പ്രധാനപ്പെട്ടതു ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവുമാണ്. നമ്മുടെ എല്ലാ കാര്യങ്ങളിലും ദൈവം നമ്മോടൊപ്പം ഉണ്ട് എന്ന ബോധ്യം നമുക്കുണെ്ടങ്കില്‍ നമ്മുടെ ആത്മവിശ്വാസത്തിന്റെ തോത് എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കും എന്നു മാത്രമല്ല, ഏതെങ്കിലും കാരണത്താല്‍ ജീവിതത്തില്‍ ഒരു പരാജയം ഉണ്ടായാല്‍തന്നെ നമ്മുടെ ആത്മവിശ്വാസം അപ്പോള്‍ നഷ്ടപ്പെടുകയുമില്ല. തന്മൂലം ദൈവമാണു നമ്മുടെ ആത്മവിശ്വാസത്തിന്റെ യഥാര്‍ഥ ഉറവിടം എന്നതു നമുക്കു മറക്കാതിരിക്കാം.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.