Jeevithavijayam
4/15/2021
    
പത്തു ശംബരന്മാരുടെ ശക്തിക്കു മേല്‍
മഹാമായാവിയായിരുന്നു ശംബരന്‍ എന്ന അസുരന്‍. ആയിരക്കണക്കിനു വര്‍ഷം നീണ്ടുനിന്ന ദേവാസുര യുദ്ധത്തില്‍ ശംബരന്‍ ദേവന്മാരെ അമ്പേ പരാജയപ്പെടുത്തി. അപ്പോള്‍ ജീവനുംകൊണ്ട് ഓടിയൊളിക്കുകയേ ദേവന്മാര്‍ക്കു വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ, എത്രകാലം ഒളിച്ചു ജീവിക്കാന്‍ സാധിക്കും? എങ്ങനെയെങ്കിലും ദേവലോകം തിരിച്ചുപിടിച്ചേ മതിയാകൂ. ദേവന്മാര്‍ തലപുകഞ്ഞാലോചിച്ചു. അവസാനം ബ്രഹ്മാവിനെത്തന്നെ അവര്‍ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. അസുരന്മാരോടു യുദ്ധത്തില്‍ തോറ്റ ദേവന്മാരോട് ബ്രഹ്മാവിനു ദയതോന്നി. അദ്ദേഹം പറഞ്ഞു: ''ശംബരനെ ജയിക്കുക എളുപ്പമല്ല. അയാള്‍ വലിയ മായാവിദ്യക്കാരനാണ്. മായാവിദ്യക്കാരനെ മായാപ്രയോഗംകൊണ്ടു ജയിക്കാമെന്നു വിചാരിച്ചാല്‍ അതു നടപ്പില്ല.''

''അപ്പോള്‍ ഞങ്ങള്‍ എന്തുചെയ്യും?'' ദേവന്മാര്‍ ഉത്കണ്ഠയോടെ ചോദിച്ചു. ''ഈ മായാവിദ്യക്കാരന്റെ മായയെ നശിപ്പിക്കാന്‍ ശക്തിയുള്ള ഒരാളെക്കൊണ്ട് അയാളെ നേരിടണം,'' ബ്രഹ്മാവ് പറഞ്ഞു. ''അതിനുള്ള ശക്തി ആര്‍ക്കുണ്ട്?'' ദേവന്മാര്‍ ചോദിച്ചു.

''അയോധ്യയിലെ രാജാവായ നേമിക്ക് അതിനുള്ള ശക്തിയുണ്ട്,'' ബ്രഹ്മാവ് പറഞ്ഞു. ''നിങ്ങള്‍ വേഗം പോയി അദ്ദേഹത്തിന്റെ സഹായം തേടൂ.'' ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്‍ നേരേ അയോധ്യയിലേക്കോടി. ഭാര്യയായ കൈകേയിയോടൊപ്പം കൊട്ടാരത്തില്‍ സസുഖം വസിക്കുകയായിരുന്നു നേമി അപ്പോള്‍. കൊട്ടാരത്തിലെത്തിയ ദേവേന്ദ്രന്‍ നേമിയുടെ കാലുപിടിച്ചു സഹായം തേടി. ആശ്രിതവത്സലനായ നേമി ഭാര്യയോടൊപ്പം ദേവലോകത്തേക്കു പോയി. ദേവന്മാരെ അസുരന്മാരുടെ പിടിയില്‍നിന്ന് എങ്ങനെയെങ്കിലും മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

വില്ലാളിവീരനായിരുന്നു നേമി. ദേവന്മാര്‍ തയാറാക്കിയ ദിവ്യരഥത്തില്‍ കൈകേയിയോടൊപ്പം നേമി അസുരന്മാരുടെ സൈന്യത്തെ ലക്ഷ്യമാക്കി പാഞ്ഞു. നേമിയെക്കണ്ട ശംബരന്‍ ആര്‍ത്തട്ടഹസിച്ചു. തന്നോടു യുദ്ധംചെയ്യാന്‍ നേമി ആര് എന്നായിരുന്നു ശംബരന്റെ ചിന്ത. എന്നാല്‍, ശംബരനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നേമി അസ്ത്രപ്രയോഗം തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള അസ്ത്രപ്രയോഗത്തില്‍ അസുരപ്പട നടുങ്ങി. ഏറെനേരം പിടിച്ചുനില്ക്കാന്‍ സാധിക്കാതെ അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി.

അപ്പോള്‍ ശംബരന്‍ കോപംകൊണ്ടു വിറച്ചു. അയാള്‍ തന്റെ മായാവിദ്യ പ്രയോഗിച്ച് ഒരേസമയം പത്തു ശംബരന്മാരായി നേമിയുടെ ദിവ്യരഥത്തിനു ചുറ്റും അണിനിരന്നു. എവിടേക്കു നോക്കിയാലും തന്നെ കടന്നാക്രമിക്കാന്‍ കാത്തുനില്ക്കുന്ന പത്തു ശംബരന്മാര്‍! പക്ഷേ, ശംബരന്റെ ഈ മായാവിദ്യ കണ്ടിട്ട് നേമി പതറിയില്ല. അദ്ദേഹം ശംബരന്മാര്‍ക്കു നേരേ അസ്ത്രപ്രയോഗം നടത്തി. തന്റെ ചുറ്റിലും നിലയുറപ്പിച്ചിരുന്ന ശംബരന്മാരെ നേരിടുന്നതിന് ദിവ്യരഥത്തെ അതിവേഗം കറക്കിയാണ് നേമി യുദ്ധംചെയ്തത്. അധികം വൈകാതെ, നേമിയുടെ അസ്ത്രപ്രയോഗംകൊണ്ടു പത്തു ശംബരന്മാരും പരാജയം സമ്മതിച്ചു പിന്തിരിഞ്ഞോടി. അങ്ങനെ ദേവലോകം ദേവന്മാര്‍ക്കു തിരികെ ലഭിക്കുകയും ചെയ്തു. ദേവന്മാരെ വിസ്മയിപ്പിച്ചുകൊണ്ട് അസുരന്മാര്‍ക്കെതിരെ ഏകനായി യുദ്ധംചെയ്ത് അവരെ തോല്പിച്ച ഈ നേമി ആരാണെന്നോ? സാക്ഷാല്‍ ശ്രീരാമന്റെ പിതാവായിരുന്നു ദശരഥന്‍ എന്ന മഹാരാജാവ്!


ഒരേസമയം പത്തു രഥത്തിലെന്നതുപോലെ പത്തു ദിശകളിലേക്ക് അസ്ത്രപ്രയോഗം നടത്തി യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ ബ്രഹ്മാവാണ് നേമിക്ക് ദശരഥന്‍ എന്ന പേരു നല്കിയത്. സാന്ദര്‍ഭികമായി പറയട്ടെ, ശംബരനുമായുള്ള ഈ യുദ്ധത്തിലാണ് ദിവ്യരഥത്തിന്റെ ഒരു ചക്രത്തിന്റെ ചാവി ഊരിപ്പോയപ്പോള്‍ കൈകേയി തന്റെ ചൂണ്ടാണിവിരല്‍ ചാവി ദ്വാരത്തിലിട്ട് ചക്രം ഊരിപ്പോകാതെ ദശരഥനെ രക്ഷിച്ചത്. തിന്മയുടെ പര്യായമായിരുന്നു ശംബാരാസുരന്‍. മായാവിദ്യ ഉപയോഗിച്ച് ഒരേസമയം പത്തു ദിശകളില്‍ നിന്നുകൊണ്ട് അയാള്‍ ദശരഥനോടേറ്റുമുട്ടി. എന്നാല്‍, മായാവിദ്യയ്ക്കു പകരം മായാവിദ്യ ഉപയോഗിക്കാതെ, താന്‍ ആര്‍ജിച്ച ശക്തിയും വൈഭവവുംകൊണ്ട് അദ്ദേഹം ശംബരനെ പരാജയപ്പെടുത്തി. തിന്മയുടെമേലുള്ള നന്മയുടെ വിജയമായിരുന്നു അത്.

നമ്മുടെ ചുറ്റും നിന്ന് തിന്മ തീതുപ്പുമ്പോള്‍ ആ തിന്മയെ നാം എങ്ങനെയാണു നേരിടുന്നത്? തിന്മകൊണ്ടുതന്നെയോ? എങ്കില്‍ നമുക്കു തെറ്റി. തിന്മകൊണ്ട് ഒരിക്കലും തിന്മയെ നേരിട്ട് ശരിയായി വിജയംവരിക്കാന്‍ സാധ്യമില്ല. തിന്മയെ നന്മകൊണ്ടു നേരിട്ട് വിജയംനേടുമ്പോള്‍ മാത്രമേ നമ്മുടെ വിജയം യഥാര്‍ഥമാകൂ. നമ്മുടെ ചുറ്റിലും എന്തെല്ലാം പ്രലോഭനങ്ങളാണ് നമ്മെ കീഴടക്കാന്‍ കാത്തുനില്ക്കുന്നത്! പലപ്പോഴും ആ മായാജാലങ്ങളുടെ പ്രലോഭനത്തില്‍ നാം മയങ്ങിവീണെന്നു വരാം. പക്ഷേ, അപ്പോള്‍ നാം വേഗം സടകുടഞ്ഞെണീറ്റ് ഈ മായാജാലത്തെ സധൈര്യം നേരിട്ടേ മതിയാകൂ.

ശംബരന്റെ മായാവിദ്യയെ സ്വന്തം ബലത്താല്‍ നേരിടാനും അതു നശിപ്പിക്കാനുമുള്ള ശക്തി പുരാണ കഥാപാത്രമായ ദശരഥനുണ്ടായിരുന്നു. എന്നാല്‍, നമ്മുടെ കാര്യം അങ്ങനെയല്ല. ഉന്നതങ്ങളില്‍നിന്നു ശക്തി കിട്ടിയെങ്കില്‍ മാത്രമേ നമ്മെ ഭ്രമിപ്പിക്കുന്ന മായാജാലത്തിന്റെ പിടിയില്‍നിന്നു നമുക്കു പുറത്തുകടക്കാനാവൂ. ആ ശക്തിയാണെങ്കില്‍ നമുക്കെപ്പോഴും നല്കാന്‍ ദൈവം സന്നദ്ധനാണുതാനും. അതുകൊണ്ട്, ചുറ്റും തിന്മയുടെ ശക്തികള്‍ ആഞ്ഞടിക്കുമ്പോള്‍ നാം നിരാശരാകേണ്ട; ഭയപ്പെടുകയും വേണ്ട. മനസ്സും ഹൃദയവും ദൈവത്തിലേക്കുയര്‍ത്തി അവിടുത്തെ സഹായം യാചിച്ചാല്‍ മതിയാവും. അപ്പോള്‍ അവിടുത്തെ ശക്തി നമുക്കു ലഭ്യമാകും. നാം തിന്മയുടെ നീരാളിപ്പിടുത്തത്തില്‍നിന്നു മോചിതരാകുകയും ചെയ്യും.
    
To send your comments, please clickhere