Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
June 17, 2021
 
 
    
 
Print this page
 

അവര്‍ നല്ലവര്‍; നമ്മളോ?

ലോകം കാണാന്‍ വലിയ ആഗ്രഹമായിരുന്നു ജൂലിയ ബുക്കാറിന്. അതുകൊണ്ടാണു പത്തുമാസം നീളുന്ന ഒരു യാത്രയ്ക്കു കാനഡയില്‍നിന്ന് ഈ ചെറുപ്പക്കാരി തുടക്കംകുറിച്ചത്. യാത്രയ്ക്കിടയില്‍ ആഫ്രിക്കയിലെ മണലാരണ്യങ്ങളും ഏഷ്യയിലെ നിബിഡവനങ്ങളുമൊക്കെ അവള്‍ കണ്ടു. പലപ്പോഴും കാല്‍നടയായും അപൂര്‍വമായി കഴുതപ്പുറത്തും ചിലപ്പോള്‍ റിക്ഷയിലും ബസിലും ട്രെയിനിലുമൊക്കെയാണ് അവള്‍ യാത്ര ചെയ്തത്.

യാത്രയുടെ അവസാനമായപ്പോഴേക്കും ജൂലിയ ജപ്പാനിലായിരുന്നു. ജപ്പാനിലെ കാഴ്ചകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ഭാഷയുടെ കാര്യത്തില്‍ അവള്‍ ശരിക്കും കഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഭാഷയുമായി അല്പംപോലും സാമ്യമില്ലാത്ത ജാപ്പനീസ് ഭാഷ ജപ്പാനില്‍ അവളുടെ യാത്രയ്ക്ക് വല്ലാത്ത തടസം സൃഷ്ടിച്ചു. ജപ്പാനില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കുറവാണെന്നതാണു ജൂലിയയുടെ പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.

ജപ്പാനിലെ നരിതാ എയര്‍പോര്‍ട്ടില്‍നിന്നായിരുന്നു കാനഡയിലേക്കുള്ള ജൂലിയയുടെ മടക്കയാത്ര. വിമാനത്താവളത്തില്‍ പോകാനായി അവള്‍ ഒരു റയില്‍വേ സ്റ്റേഷനിലെത്തി. പക്ഷേ, ഏതു ട്രെയിനാണ് അവിടേക്കു പോകുന്നതെന്നു കണ്ടുപിടിക്കുക ദുഷ്‌കരമായിരുന്നു. ജൂലിയ റെയില്‍വേസ്റ്റേഷനില്‍ അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ ഒരു യുവതി അവളെ സമീപിച്ച് എവിടേക്കാണു പോകേണ്ടതെന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഒരു ജപ്പാന്‍കാരിയെ കാണാനിടയായതില്‍ ജൂലിയ ഏറെ സന്തോഷിച്ചു. എയര്‍പോര്‍ട്ടിലേക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ കുറേ താമസമുണ്ടായിരുന്നു. തന്മൂലം, ജപ്പാന്‍കാരി യുവതി ജൂലിയയെ അടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ അവര്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജപ്പാന്‍കാരി താന്‍ അമേരിക്ക സന്ദര്‍ശിച്ച കാര്യം പരാമര്‍ശിച്ചു. ഏകയായി അമേരിക്കയില്‍ യാത്ര ചെയ്ത ആ യുവതി തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ക്ക് ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ചിരിക്കാന്‍ അവസരമുണ്ടായി.

അവസാനം ജൂലിയയുടെ ട്രെയിന്‍ പുറപ്പെടാനുള്ള സമയമായി. റെസ്റ്ററന്റിലെ ബില്ലു തീര്‍ത്ത് അവര്‍ വേഗം പുറത്തിറങ്ങി. ജപ്പാന്‍കാരിയാണ് ഇരുവരുടെയും ഭക്ഷണത്തിന്റെ പണം നല്‍കിയത്. ജൂലിയ തന്റെ ബാഗ്പായ്ക്ക് എടുത്ത് പ്ലാറ്റ്‌ഫോമിലേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ ജപ്പാന്‍കാരി പെട്ടെന്ന് അപ്രത്യക്ഷയായി. വിദേശിയായ തന്നോട് ഇത്രയേറെ കാരുണ്യം കാണിച്ച ആ യുവതിയോട് ഒരു നന്ദിവാക്കു പറയാന്‍ സാധിച്ചില്ലല്ലോ എന്ന കുണ്ഠിതത്തോടെ ജൂലിയ പ്ലാറ്റ്‌ഫോമിലേക്കു നടന്നു.

എന്നാല്‍, അല്പം കഴിഞ്ഞപ്പോള്‍ ആ യുവതി വീണ്ടും ജൂലിയയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഒരു ഭക്ഷണപ്പായ്ക്കറ്റുമായിട്ടാണ് അവള്‍ ജൂലിയയുടെ മുന്‍പിലെത്തിയത്. വന്നപാടെ ആ യുവതി ചോദിച്ചു: ''നിങ്ങള്‍ വെജിറ്റേറിയന്‍ അല്ലല്ലോ, ആണോ?'' ''അല്ല.'' എന്നു ജൂലിയ മറുപടി പറയുമ്പോഴേക്കും ആ യുവതി ഭക്ഷണപ്പായ്ക്കറ്റ് ജൂലിയയുടെ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ''ഇതു യാത്രയ്ക്കിടയില്‍ കഴിക്കാനാണ്. നല്ല യാത്ര ആശംസിക്കുന്നു. ഗുഡ്‌ബൈ.'' എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്നറിയാതെ ജൂലിയ വിഷമിക്കുമ്പോള്‍ വീണ്ടും 'ബൈ' പറഞ്ഞുകൊണ്ട് ജാപ്പനീസ് യുവതി ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു.

പത്തുമാസം നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ പല തരക്കാരോടും ദേശക്കാരോടും ജൂലിയ ഇടപെടുകയുണ്ടായി. പലരില്‍നിന്നും ഒട്ടേറെ നല്ല അനുഭവം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ജൂലിയയുടെ മനസില്‍ കുളിരുകോരിയിട്ട അനുഭവമായിരുന്നു ആ ജാപ്പനീസ് യുവതി നല്കിയത്. 'ജാപ്പനീസ് ഗുഡ്‌ബൈ' എന്ന പേരില്‍ ജൂലിയ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാരിയായ ഒരു വിദേശടൂറിസ്റ്റായിട്ടായിരുന്നു ജൂലിയ ജപ്പാനില്‍ എത്തിയത്. എന്നാല്‍, അവളോടു സൗഹൃദം പ്രകടിപ്പിക്കാനും വലിയ ചെലവില്ലാത്ത ഒരു സഹായം ചെയ്തുകൊടുക്കാനും ഒരു ജപ്പാന്‍കാരി തയാറായി. ജൂലിയയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമായി അതുമാറി. അതുപോലെ, ആ യുവതിയുടെ സൗഹൃദപൂര്‍ണമായ പെരുമാറ്റം മനുഷ്യനന്മയിലുള്ള ജൂലിയയുടെ വിശ്വാസം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

ജൂലിയയ്ക്കുണ്ടായതുപോലെയുള്ള ഒരനുഭവം ഓര്‍മവരുന്നു. കുറെ വര്‍ഷംമുമ്പ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് സന്ദര്‍ശിക്കാനിടവന്നു. അവിടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രാഗിലെ ഉണ്ണിയീശോയുടെ ദേവാലയം സന്ദര്‍ശിക്കാന്‍ പോയി. സന്ദര്‍ശനമൊക്കെ കഴിഞ്ഞ് തിരികെപ്പോരാനുള്ള ബസിനുവേണ്ടി തിരക്കി. പക്ഷേ എന്തോ കാരണവശാല്‍ അവിടെനിന്നുള്ള സര്‍വീസ് അന്നു നിലച്ചുപോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ സമീപിച്ചു കാര്യം തിരക്കി. ബസ് സര്‍വീസ് നിലച്ച കാര്യമറിഞ്ഞപ്പോള്‍ അയാള്‍ പരിഹാരം നിര്‍ദേശിച്ചു: ''എത്രയും വേഗം സബ്‌വേ ട്രെയിനില്‍ കയറി അടുത്ത സ്റ്റേഷനില്‍ പോവുക. അവിടെച്ചെന്നാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള ബസില്‍ കയറാനാകും.''

പക്ഷേ, ലാസ്റ്റ് ബസ് പുറപ്പെടാന്‍ അധികസമയമില്ലാതിരുന്നതുകൊണ്ട് ബസ് കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. തന്മൂലം, സഹായത്തിനായി ആ ചെറുപ്പക്കാരനും കൂടെപ്പോന്നു. രണ്ടുപേരും ഓടിക്കിതച്ച് ബസ് സ്റ്റാന്‍ഡിലെത്തി. അപ്പോള്‍, അവിടെനിന്ന് നാല്പതു കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ബസ് പുറപ്പെടാന്‍ തുടങ്ങിയിരുന്നു. ആ ചെറുപ്പക്കാരനോടു നന്ദി പറഞ്ഞ് ബസില്‍ കയറുമ്പോള്‍ എത്രനല്ല മനുഷ്യന്‍ എന്ന് മനസു മന്ത്രിച്ചു.

അതെ, ആര്‍ക്കും എപ്പോഴും അവസരോചിതമായ സഹായം ചെയ്തുകൊടുക്കാന്‍ സന്മനസുള്ള നല്ല മനുഷ്യര്‍ ലോകത്തില്‍ ധാരാളമുണ്ട്. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരില്‍ മനുഷ്യര്‍ അന്യോന്യം പടവെട്ടി മരിക്കുന്നതു കാണുമ്പോള്‍ മനുഷ്യരുടെ നന്മയെക്കുറിച്ച് നമുക്കു സംശയം തോന്നാം. എന്നാല്‍, സംശയം വേണ്ട; ഹൃദയത്തിലും ജീവിതത്തിലും നന്മ നിറഞ്ഞുനില്ക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട്. പക്ഷേ, നാം അങ്ങനെയുള്ളവരുടെ ഗണത്തില്‍പെടുന്നവരാണോ എന്നതാണു പ്രസക്തമായ ചോദ്യം.

സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കുമൊക്കെ എന്തു സഹായവും ചെയ്തുകൊടുക്കാന്‍ മിക്കവരും എപ്പോഴും തയാറായിരിക്കും. എന്നാല്‍, അപരിചിതര്‍ക്കോ ആരോരുമില്ലാത്തവര്‍ക്കോ അശരണര്‍ക്കോ മനസറിഞ്ഞ് സഹായം ചെയ്യാന്‍ നാം എപ്പോഴും മുന്നോട്ടുവരുമോ? ഒരു പക്ഷേ, പലപ്പോഴും അവരുടെ അസ്തിത്വംതന്നെ അംഗീകരിക്കാത്ത രീതിയിലുള്ള നിലപാടല്ലേ നാം സ്വീകരിക്കാറുള്ളത്. അവരെക്കണ്ടാലും കണ്ടില്ലെന്നു നടിച്ചല്ലേ നാം പ്രവര്‍ത്തിക്കുക. നമ്മുടെ സഹായം ആവശ്യമുള്ള നിരവധിയാളുകള്‍ നമ്മുടെ ചുറ്റിലും എപ്പോഴുമുണ്ട്. തന്മൂലം എപ്പോഴും അത്തരക്കാരെ സഹായിക്കാന്‍ നമുക്ക് സാധിച്ചില്ലെന്നിരിക്കും. എന്നാല്‍, അക്കാരണംകൊണ്ട് ആരെയും സഹായിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നത് ശരിയാണോ?

നമുക്കു വേണ്ടത് മറ്റുള്ളവരുടെ നന്മയിലും ഉന്നമനത്തിലും ആഗ്രഹമുള്ള മനസാണ്. അങ്ങനെയുള്ള മനസാണ് നമ്മുടേതെങ്കില്‍ മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ ഓടിയെത്താന്‍ നാം സന്നദ്ധരാകും. അപ്പോള്‍, മറ്റുള്ളവര്‍ നമുക്കെന്തുചെയ്തു എന്നു ചോദിക്കാനോ മറ്റെന്തങ്കിലും തരത്തില്‍ വിലപേശാനോ നാം തുനിയില്ല.

മറ്റുള്ളവര്‍ പലപ്പോഴും പലരീതിയിലുള്ള സഹായം നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നുണ്ട്. നമുക്ക് സാധിക്കുന്നതാണെങ്കില്‍ തീര്‍ച്ചയായും അതു നാം ചെയ്തുകൊടുക്കണം. മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളതും എന്നാല്‍ അവര്‍ പ്രതീക്ഷിക്കാത്തതുമായ സഹായം ചെയ്തുകൊടുക്കാന്‍ നമുക്കു സാധിച്ചാല്‍ അതു തീര്‍ച്ചയായും വലിയൊരു കാര്യംതന്നെയായിരിക്കും. അങ്ങനെ ചെയ്യുന്നതുവഴി മനുഷ്യ നന്മയിലുള്ള മറ്റുള്ളവരുടെ വിശ്വാസം ആഴപ്പെടുന്നതില്‍ നാം നമ്മുടെ പങ്ക് നിര്‍വഹിച്ചുവെന്ന് നമുക്ക് ആശ്വസിക്കാനാകും.

 


 
    
 
To send your comments, please click here
 
 Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.