Jeevithavijayam
6/5/2023
    
ഹൃദയങ്ങളുടെ പൂട്ടു തുറക്കുന്ന താക്കോൽ
ക്ലെമന്‍റ് പതിന്നാലാമൻ മാർപാപ്പ (170574) യുടെ കിരീടധാരണ ദിവസം. അന്ന് അദ്ദേഹത്തെ സന്ദർശിക്കാനും ആദരിക്കാനും രാജാക്കന്മാരുൾപ്പെടെ ഒട്ടേറെ വിശിഷ്ടാതിഥികൾ എത്തിയിട്ടുണ്ടായിരുന്നു.

കിരീടധാരണത്തിനുശേഷം വിശിഷ്ടാതിഥികളെല്ലാം മാർപാപ്പയെ കാണുവാൻവേണ്ടി നിരനിരയായി കാത്തുനിന്നു. അവരെ പരിചയപ്പെടുവാനും അവരോടു കുശലാന്വേഷണം നടത്തുവാനുമായി മാർപാപ്പ അവരുടെയിടയിലേക്കു കടന്നുചെന്നു. അപ്പോൾ അവർ ഓരോരുത്തരും മാർപാപ്പയുടെ മുന്പിൽവന്ന് തലകുനിച്ച് ആചാരം ചെയ്ത് അദ്ദേഹത്തെ ബഹുമാനിച്ചു.

ആരൊക്കെ തലകുനിച്ച് തന്നെ ബഹുമാനിച്ചുവോ അവരോടുള്ള ബഹുമാനസൂചകമായി മാർപാപ്പയും തലകുനിക്കുകയുണ്ടായി. ഇതു കാണുവാനിടയായ ഒരു കാർഡിനൽ മാർപാപ്പയെസമീപിച്ചു പറഞ്ഞു: ""അങ്ങ് മാർപാപ്പയാണ്. അങ്ങ് അവരുടെ മുന്പിൽ തലകുനിച്ച് ബഹുമാനം കാണിക്കേണ്ടതില്ല.

ഉടനേ ക്ലെമന്‍റ് മാർപാപ്പ പറഞ്ഞു: ""ക്ഷമിക്കണം. മാന്യമായി പെരുമാറേണ്ടത് എങ്ങനെയാണെന്നു മറക്കുവാൻ മാത്രം കാലം ഞാൻ മാർപാപ്പയായി ഇരുന്നിട്ടില്ലല്ലോ.’’

അധികാരത്തിന്‍റെ ഉന്നത പദവിയിലെത്തിനിന്ന വ്യക്തിയായിരുന്നു ക്ലെമന്‍റ് മാർപാപ്പ. എങ്കിലും അധികാരം മാന്യത നഷ്ടപ്പെടുത്തുവാൻ അദ്ദേഹം ഇടയാക്കിയില്ല. മനുഷ്യരോടു മാന്യമായി പെരുമാറേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

മാന്യമായുള്ള പെരുമാറ്റശൈലിയുടെ ആവശ്യകതയെക്കുറിച്ച് ആരും നമുക്കു പറഞ്ഞുതരേണ്ടതില്ല. കാരണം, അത്രമാത്രം വ്യക്തമാണ് നമ്മുടെ ജീവിതത്തിൽ മാന്യമായ പെരുമാറ്റശൈലിയുടെ പ്രാധാന്യം.

എങ്കിലും നമ്മുടെ പ്രാവർത്തിക ജീവിതത്തിൽ പലപ്പോഴും മാന്യമായി പെരുമാറുവാൻ നാം മറന്നുപോകുന്നുവെന്നതാണ് സത്യം. അധികാരത്തിലിരിക്കുന്ന വ്യക്തികൾ ഇക്കാര്യത്തിൽ കൂടുതൽ കുറ്റക്കാരാണെന്നതിൽ തർക്കമില്ല.

മറ്റു മനുഷ്യരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികൾക്കു മാത്രമേ മറ്റുള്ളവരോടു മാന്യമായി പെരുമാറുവാൻ സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത. നമ്മുടെ ഹൃദയത്തിൽ മറ്റുള്ളവരോട് സ്നേഹവും താത്പര്യവുമില്ലെങ്കിൽ നമുക്കെങ്ങനെ അവരോടു മര്യാദയോടെ പെരുമാറുവാൻ സാധിക്കും?

""ഞാൻ കേമനും നീ മോശക്കാരനുമാണ്’’ എന്ന ചിന്താഗതിയാണ് പലപ്പോഴും നാം അറിയാതെയാണെങ്കിലും നമ്മെ നയിക്കുക. തന്മൂലം നാം മറ്റുള്ളവരിൽനിന്നു മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നതല്ലാതെ മറ്റുള്ളവരോടു മാന്യമായി പെരുമാറുവാൻ പലപ്പോഴും ഓർമിക്കാറില്ല. എന്നാൽ, മറ്റുള്ളവരിൽനിന്നു മാന്യമായ പെരുമാറ്റം നമുക്കു ലഭിക്കണമെങ്കിൽ നാം ആദ്യംതന്നെ അവരോടു മാന്യത കാണിക്കേണ്ടിയിരിക്കുന്നു.

മാന്യമായ പെരുമാറ്റശൈലി മറ്റുള്ളവരുടെ ആദരം നമുക്കു നേടിത്തരും എന്നത് എല്ലാവരും സമ്മതിക്കും. എന്നാൽ, അതുവഴി ജീവിതത്തിൽ ഉന്നത വിജയം നേടുവാൻ സാധിക്കുമെന്ന് എല്ലാവരും സമ്മതിക്കുമോ?

ഇംഗ്ലണ്ടിലെ ഒരു ധനികനായിരുന്നു സഖറിയ ഫോക്സ്. സ്വപരിശ്രമത്താൽ ഒട്ടേറെ പണമുണ്ടാക്കിയ അദ്ദേഹത്തോട് ഒരിക്കൽ ഒരാൾ ചോദിച്ചു: ""അങ്ങ് പണക്കാരനായിത്തീർന്നതിന്‍റെ രഹസ്യം എന്താണ്?’’ അപ്പോൾ അദ്ദേഹം പറഞ്ഞു: ന്ധന്ധമറ്റുള്ളവരെ ആദരിച്ചുകൊണ്ടുള്ള ജീവിതശൈലി. എന്‍റെ ബിസിനസിലും ഈ നയം പുലർത്തിയതുമൂലമാണ് ധാരാളം പണം സന്പാദിക്കുവാൻ എനിക്കു സാധിച്ചത്.


ആരെയും കുത്തിക്കവരാതെ സഖറിയ ഫോക്സ് പണമുണ്ടാക്കി എന്നു പറയുന്പോൾ അതു വിശ്വസിക്കുവാൻ ചിലപ്പോൾ വിഷമം തോന്നിയേക്കും. എന്നാൽ, പണമുണ്ടാക്കുന്നതിനിടയിൽപ്പോലും മാന്യത കൈവെടിയുവാൻ അദ്ദേഹം തയാറായില്ല എന്നതാണ് യാഥാർഥ്യം. എന്നുമാത്രമല്ല, മാന്യമായ പെരുമാറ്റശൈലിയാണു ബിസിനസിൽ വിജയിക്കുവാൻ അദ്ദേഹത്തെ ഏറെ സഹായിച്ചതും.

മാന്യമായ പെരുമാറ്റശൈലിയുടെ ഉടമകളായ വ്യക്തികൾ ജീവിതത്തിൽ വിജയംവരിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. എന്നാൽ, ജീവിതത്തിൽ വിജയം നേടുവാനുള്ള വ്യഗ്രതയ്ക്കിടയിൽ മാന്യമായ പെരുമാറ്റത്തിന്‍റെ പ്രാധാന്യം നാം വിസ്മരിച്ചുപോകുന്നു. പക്ഷേ, അതുവഴി നമുക്കുണ്ടാകുന്ന നഷ്ടം വളരെയേറെയാണെന്നതാണ് വസ്തുത.

മാന്യവും ഹൃദ്യവുമായ പെരുമാറ്റശൈലി മറ്റുള്ളവരെ ശരിക്കും സ്വാധീനിക്കുകതന്നെ ചെയ്യും. മറ്റുള്ളവരുടെ അടച്ചിട്ട ഹൃദയങ്ങളുടെ പൂട്ടുതുറക്കുന്ന ഒരു താക്കോലിനെക്കുറിച്ച് അടുത്തയിടെ വായിച്ചതോർമിക്കുന്നു. എന്താണെന്നറിയാമോ ആ താക്കോൽ? ഇംഗ്ലീഷിലുള്ള പ്ലീസ് എന്ന വാക്കാണത്രേ അത്.

ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകൾ മറ്റുള്ളവരോട് എന്തെങ്കിലും ഒരു സഹായം ചോദിക്കുന്പോൾ സാധാരണയായി “പ്ലീസ്എന്ന വാക്കുകൂടി അവരുടെ അഭ്യർഥനയിൽ ഉണ്ടാകും. ഈ വാക്കിനുള്ള ശക്തി വളരെ വലുതാണ്. കഠിനഹൃദയന്മാരെപ്പോലും സ്വാധീനിക്കുവാൻ ഏറെ ശക്തിയുള്ള ഒരു വാക്കാണിത്.

എന്നാൽ, ഈ വാക്കിനെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഈ വാക്ക് ഏതുരീതിയിൽ ഉപയോഗിക്കുന്നു എന്നുള്ളതും. മാന്യരായ ആളുകൾ ഹൃദ്യമായ രീതിയിൽ ഈ പദം ഉപയോഗിക്കുന്പോൾ അതുണ്ടാക്കുന്ന പ്രതികരണം എപ്പോഴും ക്രിയാത്മകവും ഹൃദ്യവുമായിരിക്കും.

നാം ഉപയോഗിക്കുന്ന ഭാഷയും തെരഞ്ഞെടുക്കുന്ന വാക്കുകളും മാത്രമല്ല നമ്മുടെ പെരുമാറ്റശൈലിയുടെ മാറ്റു വർധിപ്പിക്കുക. നമ്മുടെ ഓരോ വാക്കും നോക്കും പ്രവൃത്തിയുമെല്ലാംകൂടിയാണ് നമ്മുടെ പെരുമാറ്റത്തെ കുറ്റമറ്റതോ കുറവുള്ളതോ ആക്കിത്തീർക്കുന്നത്.

മാന്യമായ പെരുമാറ്റശൈലിയുള്ളവരുടെ വാക്കുകളും ചെയ്തികളും മാന്യമായിരിക്കും. എന്നാൽ, അതിലേറെ അവരുടെ ഹൃദയവികാരങ്ങൾ മാന്യമായിരിക്കും. കാരണം, ഹൃദയത്തിന്‍റെ തികവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത്.

മാന്യവും ഹൃദ്യവുമായ പെരുമാറ്റശൈലിയാണ് നമ്മുടേതെന്നു നമുക്കുറപ്പുവരുത്താം. അപ്പോൾ നമ്മുടെ ജീവിതം ഏറെ ശ്രേഷ്ഠമാകും. അതുവഴി മറ്റുള്ളവരുടെ ജീവിതം കുറേക്കൂടി സന്തോഷപൂർണമാക്കുവാനും നമുക്കു സാധിക്കും.

ഹൃദയങ്ങളുടെ പൂട്ടു തുറക്കുന്ന താക്കോലാണ് മാന്യമായ പെരുമാറ്റം. ആ താക്കോൽ എപ്പോഴും നമ്മുടെ പക്കലുണ്ടായിരിക്കട്ടെ.
    
To send your comments, please clickhere