തിരുവനന്തപുരം: കോവളം - ബേക്കൽ ജലപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കനാൽ വികസനത്തിന്റെ ഭാഗമായി കനാൽ പുറംമ്പോക്കിൽ താമസിച്ചവർക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം വി. ശശി എംഎൽഎ നിർവഹിച്ചു. ഈ വർഷം ഡിസംബറിന് മുമ്പായി തീരദേശ ജലപാത യാഥാർഥ്യമാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. കഠിനംകുളം, ചാന്നാങ്കര ഭാഗത്ത് രണ്ട് ബോട്ടുജെട്ടികൾ ഡിസംബറിൽ പ്രവർത്തന സജ്ജമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.സർക്കാരിന്റെമുൻഗണനാ പട്ടികയിലുള്ള 616 കിലോമീറ്റർ ദൈർഘ്യം വരുന്ന പശ്ചിമതീര ജല പാതയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.1283 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഠിനംകുളം പഞ്ചായത്തിലെ മേനംകുളം, കഠിനംകുളം വില്ലേജുകളിലായി ടിഎസ് കനാലിന്റെ ഇരുകരകളിലുമായി 11 വാർഡുകളിലുള്ള 194 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നത്.പ്രാഥമികഘട്ടത്തിൽ രേഖകൾ ലഭ്യമാക്കിയ 27 കുടുംബങ്ങൾക്ക് കഠിനംകുളം പഞ്ചായത്ത് ഹാളിൽ വച്ച് 11 ലക്ഷം രൂപ വിതരണം ചെയ്തു. അതോടൊപ്പം വീടുകളുടെ വില കൂടി നിർണയിച്ചുള്ള തുക നൽകാനും തീരുമാനമായി. ബാക്കിയുള്ള കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷനായിരുന്നു. ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ അരുൺ. കെ. ജേക്കബ് എന്നിവർ പങ്കെടുത്തു.