നല്ല കവികൾക്കു മാത്രമേ നല്ല ഗാനരചയിതാക്കളാകാൻ സാധിക്കു: അടൂർ ഗോപാലകൃഷ്ണൻ
1430848
Saturday, June 22, 2024 6:22 AM IST
തിരുവനന്തപുരം: നല്ല കവികൾക്കു മാത്രമേ നല്ല ഗാനരചയിതാക്കൾ ആകുവാൻ സാധിക്കൂ എന്ന് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പൂവച്ചൽ ഖാദർ കവിത്വമുള്ള ഗാനരചയിതാവായിരുന്നു എന്നും അടൂർ പറഞ്ഞു.
പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അടൂർ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് പ്രഫ. എൻ. ജയരാജ് പുരസ്കാരം സമ്മാനിച്ചു.
പൂവച്ചൽ ഖാദർ സിനിമ ദൃഷ്യമാധ്യമ പുരസ്കാരം 2024 ന്റെ ഭാഗമായിട്ടായിരുന്നു പുരസ്കാര വിതരണം. ചലച്ചിത്രങ്ങൾക്കു വേണ്ടി ആയിരക്കണക്കിനു ഗാനങ്ങൾ രചിച്ച പൂവച്ചൽ ഖാദറിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടണം എന്നും അടൂർ പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനവും സിനിമ-ദ്യശ്യ-മാധ്യമ പുരസ്കാ വിതരണവും എൻ. ജയരാജ് നിർവഹിച്ചു.
ഐ.ബി. സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തന്പാൻ, ചലച്ചിത്ര നടൻ സൈജു കുറുപ്പ്, കൾച്ചറൽ ഫോറം പ്രസിഡന്റ് പൂവച്ചർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.