രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തൺ സെപ്റ്റംബർ 29ന്
1431045
Sunday, June 23, 2024 6:18 AM IST
തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തൺ സെപ്റ്റംബർ 29ന്. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് ഈ വർഷത്തെ മുഖ്യ ആകർഷണം.
21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
പതിനെട്ട് വയസു മുതലുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും മാരത്തണിൽ പങ്കെടുക്കുവാൻ കഴിയും.
രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണിൽ പങ്കെടുക്കുവാൻ വേണ്ടിയുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. https://kovalam mara thon.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ 1500 പേരാണ് പങ്കെടുത്തത്.
ഇക്കുറി മൂവായിരത്തോളം താരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കും.
യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തണിന്റെ മുഖ്യസംഘാടകർ. കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കേരള പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്.