നൈപുണ്യ വികസനത്തിലൂടെ തൊഴിലവസരങ്ങൾ ലഭ്യമാക്കും: മന്ത്രി വി.ശിവൻകുട്ടി
1431046
Sunday, June 23, 2024 6:18 AM IST
തിരുവനന്തപുരം: തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലകളിൽ ആവശ്യമുള്ള നൈപുണ്യ പരിശീലനം നൽകി കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് സംഘടിപ്പിച്ച ട്രെയിനിംഗ് സർവീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, തൊഴിലാളി – ജനസംഖ്യാ അനുപാതം വർധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും നൈപുണ്യ വികസനത്തിലൂടെ സാധിക്കും.
നൈപുണ്യ പരിശീലന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുകയും നൈപുണ്യ പരിശീലനത്തിനുള്ള അവസരം നഗര ഗ്രാമവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കെഎഎസ്ഇ മാനേജിംഗ് ഡയറക്ടർ വീണാ മാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഇഒ ടി. വി.വിനോദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ.രവി രാമൻ മുഖ്യ പ്രഭാഷണം നടത്തി. കെയ്സ് സ്കിൽ കൺവർജൻസ് മാനേജർ പി.അനൂപ് നന്ദി അറിയിച്ചു.