വ്യാപാര ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം: രാജു അപ്സര
1431062
Sunday, June 23, 2024 6:23 AM IST
തിരുവനന്തപുരം: വ്യാപാരി ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹരിത കര്‍മസേനയുടെ സേവനം ആവശ്യമുള്ള വ്യാപാരികളില്‍ നിന്ന് മാത്രം യൂസര്‍ ഫീ ഈടാക്കുക, ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രയാസങ്ങള്‍ പരിഹരിക്കുക, കെട്ടിടനികുതി അടയ്ക്കുന്ന ഉത്തരവാദിത്തം വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കരുത്, വര്‍ദ്ധിപ്പിച്ച വ്യാപാരി ലൈസന്‍സ് വെട്ടി കുറയ്ക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി എം.പി. രാജേഷിന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ നല്കുകയുണ്ടായി.
വ്യാപാരികളുടെ പ്രശ്നങ്ങള്‍ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ചര്‍ച്ചയും നടന്നില്ല പരിഹാരവും ഉണ്ടായില്ലെന്നും ഉടന്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏകോപന സമിതി കമ്മിറ്റി കൂടി പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.