ക്രിസ്തീയ സംസ്കാരത്തിന് പൂർവികർ നൽകിയ സംഭാവനകൾ വലുത് : മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ
1431316
Monday, June 24, 2024 6:40 AM IST
തിരുവനന്തപുരം: ക്രിസ്തീയ സംസ്കാരത്തിന് നമ്മുടെ പൂർവികർ നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ. മാതൃവേദി - പിതൃവേദിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഫൊറാനയിൽ സംഘടിപ്പിച്ച മേഖലാതല കുടുംബ സംഗമം നസ്രത്ത് മീറ്റ് -2024 ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ കാലഘട്ടത്തിൽ പോലും നമ്മുടെ പൂർവികർ പ്രാധാന്യം നൽകിയത് വിശ്വാസപരമായ കാര്യങ്ങൾക്കായിരുന്നു . ഒരു സ്ഥലത്ത് വീട് നിർമിക്കുന്നതിന് മുൻപായി അതിനടുത്ത് പള്ളി ഉണ്ടോ എന്ന് അവർ ശ്രദ്ധിച്ചിരുന്നു. പള്ളി ഇല്ലാത്തിടത്ത് പള്ളി നിർമിക്കുന്നതിനായി ഉള്ളതെല്ലാം നൽകിയ നിരവധി പൂർവികർ നമുക്കുണ്ട്.
വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബങ്ങളും സമൂഹങ്ങളും കെട്ടിപ്പടുക്കണമെന്ന് ഒരു നിഷ്ഠ അവർ എന്നും പാലിച്ചിരുന്നു.അവരുടെ ശ്രമഫലമായാണ് നമുക്ക് ഇത്ര നല്ലൊരു ക്രിസ്തീയ സംസ്കാരം ലഭിച്ചത്.
ഇവിടെ നിന്നും വിദേശത്തേക്ക് പോകുന്നവർ നൽകുന്ന ക്രിസ്തീയ സാക്ഷ്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് ഹാളിൽ സംഘടിപ്പിച്ച മേഖലാതല കുടുംബ സംഗമത്തിന് മാതൃവേദി ഫൊറോനാ പ്രസിഡന്റ് ബിനുമോൾ ബേബി സ്വാഗതം ആശംസിച്ചു .
മാതൃവേദി -പിതൃവേദി തിരുവനന്തപുരം ഫൊറോന ഡയറക്ടർ പ്ലസ് കരിങ്ങണാമറ്റം ആമുഖ സന്ദേശം നൽകി. പിതൃവേദി ഫൊറാന പ്രസിഡന്റ് ടോമി പട്ടശേരി അധ്യക്ഷത വഹിച്ചു. വികാരി മോർളി കൈതപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങിൽ ലൂർദ് മാതാ കെയർ സെന്റർ ഡയറക്ടർ ഫാ. മോബൻ ചൂരവടി, പിതൃവേദി അതിരൂപത പ്രസിഡന്റ് ജിനോദ് എബ്രഹാം, മാതൃവേദി - പിതൃവേദി തിരുവനന്തപുരം ഫൊറോന ആനിമേറ്റർ സിസ്റ്റർ ജയിൻ മേരി, ഫാ. റോബിൻ പുതുപ്പറമ്പിൽ, ഫാ. റ്റോൺ, മാതൃവേദി ലൂർദ് യൂണിറ്റ് സെക്രട്ടറി ജിഷ ടോം തുടങ്ങിയവർ പ്രസംഗിച്ചു.