കഴക്കൂട്ടം ട്രഷറിയിലെ തട്ടിപ്പ് : അഞ്ചാം പ്രതി അറസ്റ്റിൽ
1431325
Monday, June 24, 2024 6:40 AM IST
കഴക്കൂട്ടം : കഴക്കൂട്ടം ട്രഷറിയിൽ നിന്നും ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര ചാമവിള കുന്നത്തുകാൽ കാരുണ്യ ഹൗസിൽ ജൂനിയർ അക്കൗണ്ടന്റായ വിജയരാജ് (47) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം ട്രഷറിയിലെ മുൻ ട്രഷററും കരുനാഗപ്പള്ളി സബ് ട്രഷറിയിലെ ഇപ്പോഴത്തെ ട്രഷററുമായ എം.മുജീബാണ് പണം തട്ടലിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് നിഗമനം. പുതിയ ചെക്ക് ബുക്കുകൾ വ്യാജമായി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം തട്ടിയത്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷ്ണർ പറഞ്ഞു.
കൂടുതൽ പേരുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും മരണപ്പെട്ടതായ ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും 6,70000 രൂപയും,
ജമീലാ ബീഗത്തിന്റെ അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയും സുകുമാരന്റെ അക്കൗണ്ടിൽ നിന്നും 2,90000 രൂപയും ഉൾപ്പെടെ 15 ലക്ഷത്തി 10000 രൂപയാണ് ഉദ്വേഗസ്ഥർ തട്ടിയെടുത്തത്.
മുജീബ് ഒളിവിലാണ്. ട്രക്ഷറിയിലെ സിസിടിവി കാമറ ഓഫ് ചെയ്ത ശേഷമാണ് പണം തട്ടൽ നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു.