ജലക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
1431328
Monday, June 24, 2024 6:49 AM IST
നേമം: വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നടപ്പിലാക്കി ആഗോള ശ്രദ്ധ നേടിയ കാട്ടാക്കട നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജലക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലതല ഉദ്ഘാടനം നേമം ഗവ. യുപിഎസിൽ ഐ.ബി.സതീഷ് എംഎൽഎ ക്ലബംഗങ്ങൾക്ക് മൺകൂജ നൽകി നിർവഹിച്ചു.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ അധ്യക്ഷനായി. കുട്ടികൾ നേതൃത്വം നൽകുന്ന ജലക്ലബ്ബിൽ അധ്യയന വർഷം വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ഇതിനായി കർമപദ്ധതിയും ജല കലണ്ടറും സ്കൂൾ തലത്തിൽ തയാറാക്കും. സ്കൂളുകളിലെ കിണറുകളിലെ ജല ഗുണമേന്മാ പരിശോധന , ജലസർവേ , ജലവിഭവ വിനിയോഗത്തിലെ സോഷ്യൽ ആഡിറ്റിംഗ്, സെമിനാറുകൾ, വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കും.
57 വിദ്യാലയങ്ങളിലെ കുട്ടികളുടെയും മഴക്കുഴി നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഐ.ബി.സതീഷ് എംഎൽഎ പറഞ്ഞു. ക്ലബംഗങ്ങൾക്ക് ഐ.ബി.സതീഷ് എംഎൽഎ , എം.സോമശേഖരൻ നായർ എന്നിവ ചേർന്ന് മൺകൂജ സമ്മാനിച്ചു.
യോഗത്തിൽ ഹെഡ് മാസ്റ്റർ എ.എസ്.മൻസൂർ, എസ്എംസി ചെയർമാൻ എസ്..പ്രേംകുമാർ, എംപിടിഎ ചെയർപേഴ്സൺ ആരതി, എ.സി. അശ്വതി, എ.അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു.