താനൂർ: കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പുതിയ ലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു വരികയാണെന്നും അതിനെതിരെ അധ്യാപകരും രക്ഷാകർത്താക്കളും പൊതുജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ അതിഗുരുതരമായ സ്ഥിതിവിശേഷം സംജാതമാകുമെന്നും ലഹരിക്കെതിരേ ജാഗ്രത വേണമെന്നും മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
താനാളൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെംബർ വി.കെ.എം ഷാഫി, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
കൗമാരക്കായ
കുട്ടികൾക്ക്
ബോധവത്കരണം
മഞ്ചേരി: ഐസിഡിഎസ് മലപ്പുറം അർബൻ പ്രൊജക്ടിന്റെ ഭാഗമായി ഏറനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ കൗമാരക്കാരായ കുട്ടികൾക്കു ബോധവത്ക്കരണ ക്ലാസ് നടത്തി. മഞ്ചേരി നഗരസഭയിലെ പയ്യനാട് പ്രദേശത്തെ പത്തു അങ്കണവാടികളുമായി ബന്ധപ്പെട്ട നൂറ്റിമുപ്പതിൽപരം കുട്ടികൾ പങ്കെടുത്തു. വടക്കാങ്ങര എഎംയുപി സ്കൂൾ പ്രധാനാധ്യാപകൻ തോമസ് ജോസ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭാംഗം മരുന്നൻ സാജിദ് ബാബു അധ്യക്ഷത വഹിച്ചു.
’സാമൂഹിക മാധ്യങ്ങൾ - ഉപയോഗവും സുരക്ഷയും’ വിഷയത്തിൽ അഡ്വ.എം.ടി.ഷാക്സ് ക്ലാസെടുത്തു. വി.പി.പ്രിയ, ഇ.പി. പുഷ്പലത, സി.പി.ഹരിശങ്കർ, പി.എൽ.വി.രവീന്ദ്രൻ മംഗലശേരി എന്നിവർ പ്രസംഗിച്ചു. അങ്കണവാടി അധ്യാപകരായ എ.പുഷ്പ, പത്മിനി, സുനിജ, ബിന്ദു, വിജയശ്രീ എന്നിവർ നേതൃത്വം നൽകി. നെല്ലിക്കുത്ത് പ്രദേശത്തെ വെള്ളാരംപാറ അങ്കണവാടിയിൽ കൗമാരക്കാരായ പെണ്കുട്ടികൾക്കുള്ള ബോധവത്ക്കരണ ക്ലാസിന് അഡ്വ.കെ. സഫിയ നേതൃത്വം നൽകി. ടി.കെ.സുധാസിനി, സി. സബ്രിന, കെ.പി. ശോഭന, എം.സി. ഫാത്തിമ, പി.എൽ.വി. രവീന്ദ്രൻ മംഗലശേരി എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ
ബോധവത്കരണം
മഞ്ചേരി: ഒരുമ മഞ്ചേരി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഖദീജ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കരീം അധ്യക്ഷത വഹിച്ചു. മഞ്ചേരി പോലീസ് പിആർഒ സവാദ്, സിവിൽ എക്സൈസ് ഓഫിസർ സുരേഷ് ബാബു എന്നിവർ ക്ലാസെടുത്തു.
ഒരുമ മഞ്ചേരി ഡെപ്യൂട്ടി മാനേജിംഗ് ട്രസ്റ്റി സി.വി.ലിജിമോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജിംഗ് ട്രസ്റ്റി ജംഷി വണ്ടൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്ദീപ് കോലോട്ട്, അഫ്സൽ ബാവ, മനോജ് ആമയൂർ, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. അംഗങ്ങളായ നിസാർ പഞ്ചമി, ഹനീഫ, വിബിൻദാസ്, രാജേശ്വരി, പ്രജിത, റുഖിയ, മുഹമ്മദ് ഷബീർ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ
റാലി നടത്തി
മഞ്ചേരി: പാലക്കുളം മഹല്ലിൽ നടന്നു വരുന്ന ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി പാലക്കുളം നൂറുൽ ഇസ്ലാം മദ്രസയിലെ നൂറുക്കണക്കിന് വിദ്യാർഥികൾ ലഹരി വിരുദ്ധ റാലി നടത്തി. ഏഴാം ക്ലാസ് വിദ്യാർഥി ആല്യത്തൊടി അൻഹൽ പ്രഭാഷണം നടത്തി. എം. ദിൽഷാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർഥികളായ ബാസിം, അസ്മിൽ എന്നിവർ നേതൃത്വം നൽകി. അധ്യാപകരും മഹല്ല് കമ്മറ്റി അംഗങ്ങളും സംബന്ധിച്ചു.
ലഹരിക്കെതിരേ ചർച്ചാ സമ്മേളനം
പെരിന്തൽമണ്ണ: വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് മാരക ലഹരി വസ്തുക്കൾ സുലഭമായ സാഹചര്യത്തിൽ അടിയന്തര സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നു പെരിന്തൽമണ്ണ മൗലാനാ ന്യൂ ഹോപ്പ് ഡി അഡിക്ഷൻ ആൻഡ് കൗണ്സലിംഗ് സെൻറർ സംഘടിപ്പിച്ച ചർച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു.
മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരുന്നു. മുൻ എക്സൈസ് ഓഫീസർ ഹരികുമാർ, ജമാൽ ചെറുവാടി, അൻവർ സാദത്ത്, കാപ്പ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.