കിംസ് അൽശിഫയുടെ കരുതലിൽ പുതുജീവിതത്തിലേക്ക് ചുവട് വച്ച് നിരവധി പേർ
1278990
Sunday, March 19, 2023 1:07 AM IST
പെരിന്തൽമണ്ണ: ജന്മനാലും അപകടങ്ങളിലും മറ്റും പരിക്കേറ്റ് കാൽ നഷ്ടമായവർക്ക് കിംസ് അൽശിഫയുടെ കരുതലിൽ കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ സൗജന്യ കൃത്രിമ കാൽ (ജയ്പൂർ ഫൂട്ട്) വെച്ചു നൽകി. കിംസ് അൽശിഫ ഹോസ്പ്പിറ്റലിന്റെ 33-ാം വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ’ആശ്രയ’ ആർട്ടിഫിഷ്യൽ ലിന്പ് സ്കീമിന്റെ ഭാഗമായി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് തികച്ചും സൗജന്യമായി പദ്ധതി നടപ്പിലാക്കിയത്.
ഇതിനോടകം രണ്ട് ഘട്ടങ്ങളിലായി കാലില്ലാതെ നടക്കാൻ പ്രയാസപ്പെടുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കമുള്ള 200 ഓളം പേർക്ക് കൃത്രിമ കാൽ നൽകി ജീവിതത്തിന് പുതു പ്രതീക്ഷയേകി.
ക്യാന്പ് പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘടാനം നിർവഹിച്ചു. കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ.പി. ഉണ്ണീൻ അധ്യക്ഷനും തച്ചനാട്ടുകാര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം മാസ്റ്റർ മുഖ്യാഥിതിയുമായിരുന്നു.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.സി. പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, സാന്ത്വനം കോർഡിനേറ്റർ സലിം കീഴിശേരി, സീനിയർ ജനറൽ മാനേജർ സി. സതീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫിസിയാട്രിസ്റ്റ്മാരായ ഡോ. നഈമ, ഡോ. നിത, ഡോ. ഫാത്തിമ ഹനീന എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.